സ്വവർഗ വിവാഹത്തിന് സുപ്രീം കോടതി കടിഞ്ഞാണിടുമ്പോൾ

ടി.കെ അശ്‌റഫ്

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

ഏറെ ആശങ്കയോടെ കാത്തിരുന്ന സുപ്രീംകോടതി വിധി വന്നിരിക്കുന്നു; സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ ഈ വിധി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ ഭൂരിപക്ഷം അവർക്കായി. ഇതിൽ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. മെയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ചു മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.

മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കുന്ന സ്വവർഗരതിയെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ന്യായം പറഞ്ഞ് നിയമ വിധേയമാക്കുന്നത് ശരിയല്ലെന്ന് ധാർമിക പക്ഷത്തുള്ളവർ ഇത്രയും കാലം വാദിച്ചപ്പോൾ അവരെ അപരിഷ്‌കൃതരായി മുദ്രകുത്തിയവർ ഈ വിധി കണ്ണുതുറന്നു കാണണം. കുടുംബസംവിധാനത്തിന്റെ അലകും പിടിയും തകർക്കുന്നതാണ് സ്വവർഗരതി. ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുന്ന പ്രകൃതിവിരുദ്ധ നടപടിയുമാണിത്.

ആഗോളതലത്തിലുള്ള ജെൻഡർ പൊളിറ്റിക്‌സിന്റെ ഉപോൽപന്നമാണ് സ്വവർഗരതിയെ മിയമവിധേയമാക്കാനുള്ള നിയമ പോരാട്ടങ്ങൾ. ഇതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. നിയമസംവിധാനങ്ങൾ, വിദ്യാഭ്യാസ ഏജൻസികൾ, പൊതുപ്രവർത്തകർ, സെലിബ്രേറ്റികൾ, മാധ്യമ പ്രവർത്തകർ എന്നിവരിലൂടെ പലവിധ സമ്മർദങ്ങളും ചെലുത്തിയാണ് എൽ.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകൾ സ്വവർഗരതിയെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കുള്ള ശക്തമായ തിരിച്ചടി കൂടിയാണ് ഈ വിധി.

ഈ ഘട്ടത്തിൽ, LGBTQ ആക്ടിവിസ്റ്റുകളുടെ സമ്മർദ ഫലമായി കേരളത്തിലെ പാഠ്യപദ്ധതി ചട്ടക്കൂടിൽ സ്വവർഗരതിയെ പ്രമോട്ട് ചെയ്യുന്ന ജെൻഡർ തിയറികൾ കടന്നുവന്നത് പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണം. ഭരണഘടനയിലെ സമത്വമെന്ന അവകാശത്തെ ദുർവ്യാഖ്യാനിച്ചാണ് തലതിരിഞ്ഞ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ ചട്ടക്കൂടിൽ കടത്തിക്കൂട്ടിയത്. സുപ്രീം കോടതി സ്വവർഗരതിയെ തള്ളിയ സാഹചര്യത്തിൽ പാഠ്യപദ്ധതി ചട്ടക്കൂടിൽ നിയമസാധുതയില്ലാത്ത ആശയം നിലനിർത്തുന്നത് ഒട്ടും ശരിയല്ല.

വളർന്നുവരുന്ന തലമുറക്ക് സ്വവർഗരതിയുടെ സാമൂഹികമായും ആരോഗ്യസംബന്ധമായുമുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ മതപരമായ വിധി എന്തെന്നും മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. പതിനെട്ടു വയസ്സായാൽ ഓരോ വ്യക്തിയെയും നിയന്ത്രിക്കേണ്ടത് അവന്റെ പരിമിതമായ ബുദ്ധിയാണെന്ന പൊതുബോധത്തെയാണ് ആദ്യം തിരുത്തേണ്ടത്. 18 വയസ്സിൽ പ്രായപൂർത്തിയായതി നാൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ വ്യക്തിയെ അനുവദിക്കുന്നുവെന്നത് രാജ്യത്തുള്ള നിയമം മാത്രമാണ്. അതിനർഥം, ഇനി ഇത്രയുംകാലം പോറ്റിവളർത്തിയ മാതാപിതാക്കളെയും കുടുംബത്തെയും സമൂഹത്തെയും വെല്ലുവിളിക്കാനുള്ള ലൈസൻസ് ലഭിച്ചു എന്നതല്ല.

ഇസ്‌ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം, എത്ര വയസ്സായാലും അവരുടെ ഇഛയ്ക്ക് അനുസരിച്ച് ജീവിക്കാൻ മതം അനുവാദം നൽകുന്നില്ല. വിശുദ്ധ ക്വുർആനും പ്രവാചക വചനങ്ങളും നിഷ്‌കർശിക്കുന്ന നിയമങ്ങൾ സ്വന്തം മനസ്സിന് അനിഷ്ടകരമായതാണെങ്കിൽ കൂടി അത് പാലിക്കുമ്പോഴാണ് സത്യവിശ്വാസം സ്വീകരിച്ചവരാകുന്നത്.