സംഘപരിവാർ ചരിത്രം പഠിപ്പിക്കുമ്പോൾ

അനസ്. കെ, ആമയൂർ

2023 മെയ് 20 , 1444 ശവ്വാൽ 27

ചരിത്രത്തിൽ ഇടമില്ലാത്തവർ ചരിത്രം പഠിപ്പിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന കാര്യമാണ് ചരിത്രത്തെ വികൃതമാക്കലും തങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള കുത്സിത ശ്രമവും. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയെക്കുറിച്ചുള്ള വാർത്തയും ബഹളവും കേട്ട് സംഘപരിവാറിന്റെ ആദ്യത്തെ ‘ചരിത്രത്തിരുത്ത് സംരംഭ’മാണിത് എന്ന് കരുതുന്നവർ ഏറെയുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ‘പിഎം നരേന്ദ്ര മോദി,’ ‘വീർ സവർക്കർ,’ ‘കാശ്മീർ ഫയൽസ്,’ ‘പുഴ മുതൽ പുഴവരെ,’ പുറത്തിറങ്ങാൻ പോകുന്ന ‘ടിപ്പു’ എന്നീ സിനിമകളെല്ലാം ഈ ഗണത്തിൽ പെടുന്നതാണ്.

ഇത് ഫാഷിസത്തിന്റെ അടിസ്ഥാന തത്ത്വമാണ്. ഒരു സംഘ്പരിവാർ അനുകൂലി എന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്താൽ അതിൽ കളവും വർഗീയതയും ഇരവാദവും ചൂണ്ടിക്കാണിക്കാൻ ഒരു ശത്രുവുമുണ്ടാകും. അതില്ലെങ്കിൽ സംഘപരിവാർ ഇല്ല.

മലബാർ സമരവുമായി ബന്ധപ്പെട്ടും മൈസൂർ സുൽത്താൻമാരുടെ കേരള പടയോട്ടത്തെപ്പറ്റിയും ഇവർ പറഞ്ഞ കളവുകൾ മാത്രം എടുത്ത് നോക്കുകയാണെങ്കിൽ അതിന്റെ ഭീകരത നമുക്ക് അളക്കാം. ‘ഗുജറാത്ത് കലാപത്തിൽ സംഘതീവ്രവാദി പൂർണഗർഭിണിയുടെ വയറു പിളർത്തി ത്രിശൂലത്തിൽ ഭ്രൂണത്തെ കുത്തിനിർത്തിയത് പോലും ഹൈദറിന്റെയും ടിപ്പുവിന്റെയും വാരിയംകുന്നന്റെയും പ്രവർത്തനങ്ങൾ കണ്ടിട്ടാണ് എന്നുപോലും തോന്നും’ (മാപ്പിള ലഹള; സത്യവും മിഥ്യയും-തിരൂർ ദിനേശൻ).

വാർത്തകളും റിപ്പോർട്ടുകളും ചൊരിയുന്ന അർധസത്യങ്ങളെ അവലംബിച്ചായിരുന്നു വിദ്വേഷ പ്രചാരണ പുസ്തകങ്ങൾ പുറത്തിറക്കിയിരുന്നത്. എന്നാൽ അതേ മാധ്യമത്തിലൂടെ നൽകുന്ന മറുപടികളും ലഭ്യമായിട്ടുള്ള ഇതര ചരിത്രഗ്രന്ഥങ്ങളും പലപ്പോഴും ഈ ആക്രമണത്തെ കെടുത്തിക്കളഞ്ഞിരുന്നു.

ഒരു സംഭവമോ ചരിത്രമോ അറിയാൻ ഇന്ന് പുതുതലമുറ യൂ ട്യൂബിൽ പരതുകയാണ്, സിനിമകളെ അവലംബിക്കുകയാണ്. ഇവിടെയാണ് ‘കേരള സ്റ്റോറി’ പോലെയുള്ള, കളവുകളുടെ കൂമ്പാരങ്ങളുടെ കെട്ടഴിക്കുന്ന സിനിമകളുടെ അപകടങ്ങൾ വ്യക്തമാകുന്നത്.

‘കേരളത്തിൽനിന്ന് 32000 പെൺകുട്ടികളെ കാണ്മാനില്ല, അനൗദ്യോഗികമായി ആ എണ്ണം 50,000 ആണ്’എന്ന് സിനിമ പറയുമ്പോൾ യഥാർഥ കണക്കുകൾ പറയുന്നത് മറ്റൊന്നാണ്. 32000 എന്ന സംഖ്യ 3ലേക്ക് ചുരുങ്ങുന്ന അത്ഭുതവും നാം കണ്ടു. കേരളത്തിൽനിന്നല്ല ലോകമെമ്പാടുംനിന്ന് ഐ.എസ്.ഐ.എസിലേക്ക് പോയ ആകെ ആളുകളുടെതായി അനുമാനിക്കുന്ന എണ്ണം 40,000 ആണ് എന്നിരിക്കെയാണ് ഈ കളവ്! ഇന്ത്യൻ വംശജരായ 66പേർ മാത്രമാണ് ഐ.എസ്.ഐ.എസിലുള്ളതെന്നാ ണ് 2021ൽ പുറത്തുവന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്ക്.

‘ദി കേരള സ്റ്റോറി’ക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു. ഇത് പോലെ ഒരു സിനിമ വീണ്ടും ഇറങ്ങുകയാണെങ്കിൽ, വീണ്ടും വീണ്ടും ഇതുപോലെ സിനിമകൾ ഇറങ്ങിക്കൊണ്ടേയിരിക്കുമ്പോൾ പ്രതിഷേധത്തിന്റെ വീര്യം കുറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ അതൊരു ‘സാധാരണ സംഭവ’മായി മാറും. കളവുകൾ നിരന്തരം ആവർത്തിക്കപ്പെടുന്നതോടുകൂടി അവ സത്യത്തിന്റെ സ്ഥാനത്തേക്ക് ഉയർത്തപ്പെടും.

കോടതിമുറിയിലേക്ക് എത്തുമ്പോൾ വെറും സാങ്കൽപിക കഥയായി മാറുന്ന സിനിമ യഥാർഥ ചരിത്രമായാണ് പുറത്ത് ജനങ്ങൾക്കു മുമ്പിൽ വിവരിക്കപ്പെടുന്നത്. യുപിയും ബിജെപി ഭരിക്കുന്ന മറ്റു സ്റ്റേറ്റുകളും നാസി ജർമനി ജൂതന്മാർക്കെതിരെയുള്ള വിദ്വേഷ പ്രചാരണതിന് ധനസഹായം നൽകിയതുപോലെ ഇതിന്റെ ടാക്‌സ് കുറച്ചത് ഇത് സംഘപരിവാറിന്റെ സംഘടിതമായ ആശയപ്രചാരണത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിതന്നെ ഈ വർഗീയ വിഷം വമിക്കുന്ന സിനിമയുടെ പ്രമോട്ടറായതും നാം കണ്ടു.

തെറ്റായ ചരിത്രം പറയുന്ന സിനിമകൾക്കു മറുപടിയായി യഥാർഥ ചരിത്രം തുറന്നുകാട്ടുന്ന ഒരു സിനിമ ഇറങ്ങില്ല എന്ന ഉറപ്പ് സംഘപരിവാറിനുണ്ട്. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കൽ എളുപ്പമാണല്ലോ. മുസ്‌ലിം ഭൂരിപക്ഷം പൊതുവെ സിനിമ കാണുന്നവരല്ല. അതുകൊണ്ട് വിദ്വേഷ പ്രചാരണത്തിന്റെ അനന്തലോകമാണ് ഇവർക്കു മുമ്പിൽ തുറന്നു കിടക്കുന്നത്.

‘ചരിത്രത്തിൽ ഇല്ലാത്തവർ’ എന്ന് പറഞ്ഞു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബംഗാൾ എഴുത്തുകാരൻ ബിമൽ മിത്രയുടെ ഒരു നോവലുണ്ട്. സ്വാതന്ത്ര്യ സമരനേതാവായിരുന്ന തന്റെ ഭർത്താവിനെ ബ്രിട്ടീഷുകാർ പിടിച്ചുകൊണ്ടുപോകുമ്പോൾ സ്വാതന്ത്ര്യ സമര സേനാനികളുടെ രഹസ്യം ബ്രിട്ടീഷുകാർക്ക് കിട്ടാതിരിക്കാൻ തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന യുവതിയുടെ കഥ.

സംഘപരിവാർ ചരിത്ര വസ്തുതകളെ ഭയപ്പെടുന്നവരാണ്. ആടിനെ പട്ടിയായി ചിത്രീകരിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരാണ്. ഇവിടെ നാം ചരിത്ര സത്യങ്ങളുടെ കാവൽ ഭടന്മാരാകണം. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ചുകൊന്നത് ബ്രിട്ടീഷുകാരിൽനിന്നും ഇന്ത്യയുടെ രഹസ്യം സംരക്ഷിക്കാനല്ല, ഹിന്ദു-മുസ്‌ലിം ഐക്യം കാത്തു സൂക്ഷിക്കാൻ മുന്നിട്ടിറങ്ങിയതുകൊണ്ടാണ്. സവർക്കർ ബ്രിട്ടീഷുകാർക്ക് തുടർച്ചയായി മാപ്പെഴുതി കൊടുത്തിട്ടാണ് ജയിലിൽനിന്ന് പുറത്തുവന്നത്. കേരളത്തിന്റെ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രം, കുഞ്ഞാലി മരക്കാരുമാരുടെയും വാരിയം കുന്നന്റെയും ആലി മുസ്‌ലിയാരുടെയും സൈനുദ്ദീൻ മഖ്ദൂമിന്റെയും മമ്പുറം തങ്ങന്മാരുടെയും ടിപ്പുവിന്റെയും രാജ്യ സ്‌നേഹത്തിന്റെയും വീറുറ്റ ചരിത്രം, സംഘപരിവാർ സ്വാതന്ത്ര്യ സമരത്തിന്റെ ഒറ്റുകാരാണ്...ഇതെല്ലാം ജനങ്ങളെ, വിശിഷ്യാ പുതുതലമുറയെ ബോധ്യപ്പെടുത്തിക്കൊടുക്കൽ അനിവാര്യമാണ്. അതാണ് വിദ്വേഷ പ്രചാരണത്തിനെതിരിലുള്ള ശക്തമായ മറുമരുന്ന്.