‘തൊപ്പി’യെ തലയിൽ വെക്കുന്നവരോട്

അൻവർ കണ്ണീരി, അമ്മിനിക്കാട്

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

ആഭാസത്തരത്തിന്റെ പാരമ്യതയാണ് ‘തൊപ്പി’ വിഭാവനം ചെയ്യുന്ന ന്യൂജെൻ ‘മാതൃക.’ തൊപ്പിയെന്ന് അപരനാമമുള്ള ഒരു യുവാവിന്റെ സ്വഭാവ വൈകൃതങ്ങൾ ആസ്വദിക്കാൻ കൗമാരം പാകപ്പെട്ടു എന്നത് ഭയക്കേണ്ട വസ്തുതയാണ്. ആ വ്യക്തി എങ്ങനെയെന്നതിനപ്പുറത്തേക്ക് അയാളുടെ കോപ്രായങ്ങൾ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ആഭാസ സംസ്‌കാരമുണ്ട്. അതിനെ നിയന്ത്രിക്കാൻ കടിഞ്ഞാണിടേണ്ടത് ആരാണ്, എങ്ങനെയാണ്?

വ്യാപാരത്തിൽ ഐശ്വര്യം പ്രതീക്ഷിച്ചും വിപണനതന്ത്രം എന്ന നിലയിലും ഉദ്ഘാടനത്തിന് പ്രശസ്തരെ തെരഞ്ഞെടുക്കുക എന്നത് ഇന്നത്തെ ഒരു രീതിയാണ്. ആത്മീയ നേതാക്കളോ സെലിബ്രിറ്റികളോ ഒക്കെയാണ് ഈ മേഖലയിൽ നിറഞ്ഞുനിൽക്കുന്നത്. വിപണന തന്ത്രമായി ആഭാസം കാണിക്കുന്നവരെ പോലും എഴുന്നള്ളിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണിപ്പോൾ. സമൂഹവും പതുക്കെ പതുക്കെ ഇത്തരം ആഭാസങ്ങളെ സ്വാഭാവികമായി കണ്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഏറെ അപകടകരം.

പത്തിനും ഇരുപതിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർ സോഷ്യൽ മീഡിയയിൽ- വിശിഷ്യാ ഇൻസ്റ്റാഗ്രാമിൽ-അഭിരമിക്കുകയാണ്. ഫോട്ടോകളും മുപ്പത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ ശകലങ്ങളും അവരുടെ ലഹരിയാണ്. രക്ഷിതാക്കൾ ഇത് കണ്ടില്ലെന്ന് നടിക്കുന്നതും നിസ്സാരമാക്കി തള്ളുന്നതും വലിയ വിപത്താണ് വരുത്തി വയ്ക്കുക എന്ന കാര്യം തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.

കൗമാരക്കാരുടെ ചാപല്യങ്ങൾ മുഴുവൻ ചൂഷണം ചെയ്യാൻ ഇൻസ്റ്റാഗ്രാമിനെപോലെ മികച്ചൊരു പ്ലാറ്റ് ഫോം വേറെയില്ല. കൗമാരക്കാർക്കിടയിൽ ഫേസ്ബുക് ഉപയോഗിക്കുന്നവർ തുലോം കുറവാണ്. എന്നാൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരുടെ എണ്ണമാണ് കുറവ്.

റീൽസിന്റെയും ലൈവുകളുടെയും ഗെയിമിന്റെയും ലോകത്ത് സ്വയം മറന്ന് കഴിയുന്ന കൗമാരക്കാരെ കൂടുതൽ കൂടുതൽ അവയുടെ അടിമകളാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരക്കാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിക്കുമ്പോൾ അതും അവരുടെ വളർച്ചക്കായി ഉപയോഗിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

കൗമാരക്കാരിൽ ഇത്രയധികം ആഭാസകരമായ ചിന്ത സ്വീകാര്യമാവുന്നത് എങ്ങനെയാണ് എന്ന് ആഴത്തിൽ ചിന്തിക്കുമ്പോൾ ലഭിക്കുന്ന ഉത്തരം കൃത്യമായ ധാർമികാടിത്തറ ലഭിക്കാത്തതും ലഭിച്ചാൽതന്നെ അതിനെ ഉൾക്കൊള്ളേണ്ട രൂപത്തിൽ ഉൾക്കൊള്ളുന്നില്ല എന്നതും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നില്ല എന്നതുമാണ്.

മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ പോലും ഇത്തരം ആഭാസങ്ങൾക്ക് വൻ സ്വീകാര്യത ലഭിക്കുന്നു എന്നത് മക്കളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല എന്നതിന്റെ കൂടി അടയാളമാണ്. മദ്‌റസ വിദ്യാഭാസം കേവലം ചടങ്ങായി മാറിക്കൊണ്ടിരിക്കുകയാണെന്നത് ഇതിനോടൊപ്പം ചേർത്തുവായിക്കണ്ടതുണ്ട്.

ആഭാസം പറയുന്നത് അസ്വദിക്കാനും പറയുന്നവനെ ഹീറോ ആയി കാണാനും ചാനലുകാരുടെ ‘എന്തുകൊണ്ട് തൊപ്പിയെ ഇഷ്ടപ്പെടുന്നു’ എന്ന ചോദ്യത്തിന് ‘തെറി പറയുന്നതുകൊണ്ട്’ എന്നു മറുപടി പറയാനും മടി കാണിക്കാത്ത ഒരു തലമുറ വളർന്ന് വരുന്നു എന്നത് ചെറിയ അപകട സൂചനയല്ല നൽകുന്നത്.

മദ്‌റസാ അധ്യാപകർ കുട്ടികളിലെ സ്വഭാവ വൈകൃതങ്ങൾ കണ്ടുപിടിച്ചു ശിക്ഷിക്കുകയോ ശാസിക്കുകയോ ചെയ്താൽ രക്ഷിതാക്കൾ അധ്യാപകർക്കെതിരിൽ തിരിയുന്നതും പോക്‌സോ കേസിൽവരെ അധ്യാപകരെ ഉൾപ്പെടുത്തി അപമാനിക്കുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് ധാർമികമായ കടമകൾ നിറവേറ്റുന്നതിൽനിന്ന് അധ്യാപകരെ തടയുന്ന കാര്യമാണ്. മാധ്യമങ്ങൾ ഇത്തരം വാർത്തകൾക്കായി കാതോർത്തു നിൽക്കുകയാണ്. വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചറിയാനുള്ള വിവേകവും സാമാന്യമര്യാദയൊന്നും മാധ്യമങ്ങൾ കാണിക്കാറില്ല. പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ പിന്നെ ആഘോഷമാണ്.

ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ജെന്റർ ന്യുട്രാലിറ്റിയും മതനിരാസവും ലിബറലിസവും ആഭാസ ങ്ങളിലൂടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാൻ തൊപ്പിമാർക്ക് കൂടുതൽ ധൈര്യവും ആത്മവിശ്വാസവും പകരുന്നു. സർക്കാർ പോലും ജെന്റർ ന്യുട്രാലിറ്റിയുടെയും ലിബറലിസത്തിന്റെയും പ്രയോക്താക്കളായി മാറുകയാണ്. ചുംബനസമരം എന്ന പേരിൽ ആഭാസ സമരം ഈ നാട്ടിൽ അരങ്ങേറിയപ്പോൾ ലിബറലിസത്തിന്റെ പേരിൽ അതിന് പിന്തുണ നൽകുവാൻ ചില രാഷ്ട്രീയ സംഘടനകൾ രംഗത്തു വന്നത് ഓർക്കുക.

ലഹരി എന്ന മഹാദുരന്തം കള്ളിലും മയക്കുമരുന്നിലും കഞ്ചാവിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്ന് തിരിച്ചറിയുക. മൊബൈൽ ഫോണും ഒരു വലിയ ലഹരിയാണിന്ന്, വിശിഷ്യാ കൗമാരക്കാർക്ക്. യുക്തിപരമായി ഇതിൽ ഇടപെട്ടുകൊണ്ട് നിയന്ത്രണമേർപ്പെടുത്താൻ രക്ഷിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്. ഇന്ന് കാണപ്പെടുന്നതിനെക്കാൾ അറപ്പും വെറുപ്പുമുളവാക്കുന്ന പ്രവർത്തനങ്ങൾ പരല്യമായി ചെയ്യുന്ന അവസ്ഥ കടന്നുവരാൻ കാലമേറെ കാത്തുനിൽക്കേണ്ടിവരില്ല. സ്വന്തം മക്കളെക്കുറിച്ച്; അവർ വഴിതെറ്റിപ്പോകില്ല എന്ന അമിതമായ ആത്മവിശ്വാസം ആരും വച്ചുപുലർത്തേണ്ടതില്ല. സ്‌നേഹവും പരിഗണനയും ധാർമിക ബോധവും പരലോക ചിന്തയും പകർന്നു നൽകി അവരെ ചേർത്തുപിടിക്കുക. കൗമാരക്കാരെ വഴികേടിൽനിന്ന് തടയാൻ അതിനെക്കാൾ ഉത്തമമായ കാര്യം വേറെയില്ല.