ഗാസയിലെ വംശഹത്യയും അഴിഞ്ഞുവീഴുന്ന മുഖംമൂടികളും

ഡോ. അബ്ദുല്ല ബാസിൽ സി.പി

2023 നവംബർ 04 , 1445 റ.ആഖിർ 20

ഗാസയിൽ സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും കൊന്നുതള്ളിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ ‘കലാപരിപാടി’ നിർത്തണോ വേണ്ടേ എന്ന്, അഥവാ പച്ചമനുഷ്യരെ കൊല്ലണോ വേണ്ടേ എന്ന് വോട്ടിനിട്ട സമിതിയെ നമ്മൾ യു.എൻ എന്ന് വിളിക്കുന്നു. ഈ വംശഹത്യ കഴിഞ്ഞാൽ ഇക്കൂട്ടർ നമുക്ക് മനുഷ്യത്വത്തെ പറ്റിയും മനുഷ്യജീവന്റെ മൂല്യത്തെ പറ്റിയും ക്ലാസെടുക്കാൻ വരും. അപ്പോൾ ഇതെല്ലാം നാം ഓർത്തിരിക്കണം. യുദ്ധകാലത്ത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും!

മനുഷ്യരെ കൊല്ലുന്നത് നിർത്തണോ വേണ്ടേ എന്ന് തീരുമാനിക്കാനായി വോട്ടിനിട്ടപ്പോൾ ഭൂരിപക്ഷം അംഗങ്ങളും മനുഷ്യരെ കൊല്ലുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടതുകണ്ട്, തങ്ങളുടെ വീറ്റോ പവർ ഉപയോഗിച്ച് വംശഹത്യ നിർത്തരുത് എന്ന് തീരുമാനമെടുപ്പിച്ചവരെയാണ് നമ്മൾ അമേരിക്ക എന്നു വിളിക്കുന്നത്.

വംശഹത്യ കഴിഞ്ഞാൽ ജനാധിപത്യത്തെ പറ്റിയും തുല്യതയെ പറ്റിയും മാനവികതയെ പറ്റിയും ലോകത്തിന് ഏറ്റവും കൂടുതൽ ക്ലാസെടുക്കാനെത്തുക അവരായിരിക്കും. അപ്പോൾ ഇതെല്ലാം നാം ഓർത്തിരിക്കണം. യുദ്ധകാലത്ത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും!

ഫലസ്ത്വീനികൾക്കും ജീവിക്കണം എന്ന് പറഞ്ഞുകൊണ്ട് വംശഹത്യക്കെതിരെ പ്രകടനം നയിച്ച റാലികൾക്കെതിരെ നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചതും അറസ്റ്റ് ചെയ്തതും ഭീകരരായി മുദ്രകുത്തിയതും ഫ്രാൻസും കാനഡയുമടങ്ങുന്ന ‘പുരോഗമന’ രാജ്യങ്ങളാണ്. വംശഹത്യ കഴിഞ്ഞാൽ അവരെത്തുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ പറ്റിയും എതിരഭിപ്രായങ്ങളെ ബഹുമാനിക്കുന്നതിനെ പറ്റിയുമൊക്കെ ക്ലാസെടുക്കാനായിരിക്കും. അപ്പോൾ ഇതെല്ലാം നാം ഓർത്തിരിക്കണം. യുദ്ധകാലത്ത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും!

സ്ത്രീകളും കുട്ടികളും ഇഞ്ചിഞ്ചായി കൊലചെയ്യപ്പെടുമ്പോഴും, ഇസ്രയേൽ ജയിലുകളിലും അധിനിവേശ പ്രദേശങ്ങളിലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ പുറത്തു വരുമ്പോഴും മൗനം പാലിക്കുന്ന ഭൂരിപക്ഷം വരുന്ന ഫെമിനിസ്റ്റുകളെയാണ് നമ്മൾ സ്ത്രീപക്ഷ വാദികളെന്ന് വിളിക്കുന്നത്. വംശഹത്യ കഴിയുമ്പോൾ പെണ്ണിന്റെ മൂല്യത്തെ പറ്റിയും അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ക്ലാസെടുക്കാൻ വരുന്നത് അവരായിരിക്കും. അപ്പോൾ ഇതെല്ലാം നാം ഓർത്തിരിക്കണം. യുദ്ധകാലത്ത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും!

ഇസ്രയേലിന്റെ ക്രൂരതകളെ പറ്റിയോ അവർ പടച്ചുവിടുന്ന നുണബോംബുകളുടെ നിജസ്ഥിതിയെ പറ്റിയോ തുറന്നെഴുതുമ്പോഴേക്ക് ഷാഡോ-ബ്ലോക്കുകളും ബാനും തരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമു കളാണ് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഒരുവേള എക്‌സും! വംശഹത്യ കഴിഞ്ഞാൽ ഓരോ പൗരനും ഓരോ മാധ്യമപ്രവർത്തകനാകുന്നതിനെ പറ്റിയും അതിനുള്ള അനന്തസാധ്യതകളെ പറ്റിയും നമുക്ക് ക്ലാസെടുക്കാൻ വരുന്നത് അവരായിരിക്കും.

അപ്പോൾ ഇതെല്ലാം നാം ഓർത്തിരിക്കണം. യുദ്ധകാലത്ത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും!

വംശഹത്യ തുടരുമ്പോൾ, കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ എണ്ണം ആയിരങ്ങൾ കടന്ന് കുതിക്കുമ്പോൾ ‘Give them hell’ എന്ന് അട്ടഹസിച്ചവരും നിരപരാധികളെ കൊല്ലുന്നത് ആസ്വദിച്ചവരും അതിനു വേണ്ടി നുണകൾ പടച്ചവരുമാണ് ജോർദൻ പീറ്റഴ്സനും ബെൻ ഷപ്പിറോയും അടങ്ങുന്ന കൺസർവേറ്റി വുകൾ. ഇസ്രയേൽ നരഹത്യക്കെതിരെ സംസാരിക്കുന്നതുപോലും ആന്റി സെമിറ്റിസമാണെന്നും അത് അനുവദിച്ചുകൂടെന്നുമാണ് ഇന്നവർ പറയുന്നത്. വംശഹത്യ കഴിഞ്ഞാൽ ജൂത-ക്രൈസ്തവ-മുസ്‌ലിം ഐക്യത്തെ പറ്റി ബിജിഎം ഇട്ട് ക്ലാസെടുക്കാനും ക്യാൻസൽ കൾച്ചറിനെ റോസ്റ്റ് ചെയ്യാനും സത്യങ്ങൾ പറയുന്നതിനെ പല പേരിൽ ചാപ്പ കുത്തുന്നത് പൊള്ളയാണെന്നു പറഞ്ഞ് 'facts doens’t care about your feelings’ എന്ന് ഡയലോഗടിക്കാനും വരുന്നത് അവരായിരിക്കും.

അപ്പോൾ ഇതെല്ലാം നാം ഓർത്തിരിക്കണം. യുദ്ധക്കാലത്ത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും!

ഇവരീ പറയുന്നതെല്ലാം പൊള്ളയാണെന്നും, ജനാധിപത്യവും മാനവിക മൂല്യങ്ങളും സ്ത്രീപക്ഷവും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം തങ്ങൾക്ക് ഉപകാരപ്പെടുമ്പോൾ മാത്രം ബാധമാക്കുന്നതാണെന്നും തിരിച്ചറിയുക. ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തത്തിന്റെ നിറത്തിൽ ഈ ഇരട്ടത്താപ്പുകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.