ജി20 ഉച്ചകോടി; മൂടിവച്ച ചേരികളും ‘ഇന്ത്യ’യും ‘ഭാരത’വും

വി.വി.ബഷീർ, വടകര

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. ജി20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്. ലോകജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യശക്തിയാവുന്നത്.

ജി20 ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ എല്ലാ നിലയ്ക്കുമുള്ള രാജ്യബന്ധങ്ങൾ ഊഷ്മളമാക്കാൻ സഹായിക്കും എന്നതിൽ സംശയമില്ല. രാജ്യത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു രാജ്യത്താണ് ജി20 ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് വരുമ്പോൾ രാജ്യത്തിന്റെ പ്രസിദ്ധമായ പേരുപോലും മാറ്റിക്കൊണ്ടിരിക്കുകയാണ്. രാജ്യനന്മയ്ക്കായി കാര്യമായി എന്തെങ്കിലും ചെയ്ത പാരമ്പര്യം അവകാശപ്പെടാനില്ലാത്തവർ ഇന്ത്യ എന്ന പേര് ഒഴിവാക്കിയതിൽ അതിശയപ്പെടേണ്ടതില്ല.

വ്യക്തികൾക്കും മതചിഹ്നങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും നേരെയുള്ള വിദ്വേഷപരമായ നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് ന്യൂഡൽഹി പ്രഖ്യാപനത്തിൽ ജി20 രാജ്യങ്ങൾ വ്യക്തമാക്കി. ഇന്ത്യാരാജ്യത്തിന് ഈ പ്രഖ്യാപനത്തിന് ധാർമികമായ അവകാശമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ വളരെ പ്രധാനപ്പെട്ടവയാണ്. പരസ്പര ബന്ധം ശക്തിപ്പെടുത്താനും എല്ലാതരം അസഹിഷ്ണുതകൾക്കും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കുമെതിരെ പോരാടുവാനും ഈ അവകാശങ്ങൾക്ക് സാധിക്കും. മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങൾ, ആരോഗ്യകരമായ സംവാദം, സഹിഷ്ണുത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത സംബന്ധിച്ച് ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയം കണക്കിലെടുക്കുന്നതായും പ്രഖ്യാപനത്തിൽ പറയുന്നു.

ഉച്ചകോടി ഏതു രാജ്യത്താണോ നടക്കുന്നത് അതേ രാജ്യത്ത് ഈ അവകാശങ്ങളൊക്കെ നിഷേധിക്കപ്പെടുന്നുണ്ട് എന്ന വസ്തുത അറിയാത്തവരായിരിക്കില്ലല്ലോ പങ്കെടുത്ത രാജ്യത്തലവൻമാർ. ചന്ദ്രനിലേക്കും സൂര്യനിലേക്കുമൊക്കെ പേടകങ്ങളെ അയച്ചത് മാത്രമല്ലല്ലോ അവർ അറിയുക.

ആഗോള പട്ടിണി സൂചികയിൽ 101ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2022ൽ 107ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ശതമാനം ഉയർന്നുകൊണ്ടിരിക്കുമ്പോഴും അപരവൽക്കരണവും ഭൂരിപക്ഷ വംശീയതയുടെ വെറുപ്പും കുറച്ചൊന്നുമല്ല രാജ്യം നേരിടുന്നത്. ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു സംസ്‌കാരം എന്ന അപക്വമായ ലക്ഷ്യത്തിൽ ഒരു നേതാവ് എന്നുകൂടെ കൂടിച്ചേരുന്നത് നമുക്ക് കാത്തിരുന്ന് കാണാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ രാസമാറ്റങ്ങളെ ലോകം കണ്ടതുകൊണ്ടാവാം ജി20 ഉച്ചകോടിയിൽ മതവിദ്വേഷത്തെയും വിവേചനത്തെയും അപലപിച്ചത്. പൂർണസ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഭാഗിക സ്വാതന്ത്ര്യത്തിന്റെ പട്ടികയിലേക്ക് പതിച്ചതും അതിന് കാരണമായിട്ടുണ്ടാവാം. മറച്ചുവയ്ക്കാൻ മാത്രം ശോചനീയമായ ജീവിത സാഹചര്യവും ചുറ്റുപാടുകളും രാജ്യത്തുണ്ട്. ലോക നേതാക്കൾ അതു കണ്ടാൽ നാണക്കേടാണ്. അതുകൊണ്ട് മറച്ചുവയ്ക്കുന്നു. എത്ര കാലം ഇങ്ങനെ മറച്ചുവയ്ക്കും? രാജ്യത്തിന്റെ വികൃതമായ മറ്റു മുഖങ്ങൾ ഇങ്ങനെ മറച്ചുപിടിക്കാൻ കഴിയുമോ?