ഏകീകൃത സിവിൽ കോഡ്; നേതാക്കൾ പക്വതയോടെ പ്രതികരിക്കണം

ടി.കെ അശ്‌റഫ്

2023 ജൂലൈ 29 , 1444 മുഹറം 11

കോൺഗ്രസ് നേതാവ് ശശി തരൂർ ഏകീ കൃത സിവിൽ കോഡിനെ സംബന്ധിച്ച് ചാനലിനോട് പ്രതികരിച്ചത് കാണുകയുണ്ടായി. ഡ്രാഫ്റ്റ് വരട്ടെ; കാത്തിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതികരണം. അതിനുമുമ്പ് ബിജെപിയുടെ കെണിയിൽ തല വെച്ച് കൊടുക്കരുത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇത്രയും പറഞ്ഞത് മനസ്സിലാക്കാം. കോൺഗ്രസ് ദേശീയതലത്തിൽ എടുത്ത നയത്തോട് ചേർന്ന് നിൽക്കുന്ന നിലപാടുമാണിത്.

എന്നാൽ അതിനുശേഷം അദ്ദേഹം പറയുന്ന വാക്കുകളിൽ അപകടം പതിയിരിക്കുന്നുണ്ട്. ഡ്രാഫ്റ്റ് കൊണ്ടുവന്നാൽതന്നെ സമുദായ നേതാക്കളെയെല്ലാം കണ്ട് സംസാരിച്ചശേഷം സ്റ്റേക്ക് ഹോൾഡേഴ്സിനെ ഒരുമിച്ചിരുത്തിയാൽ മാത്രമെ ഇത് നടപ്പാക്കാൻ സാധ്യതയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ കൂട്ടിച്ചേർക്കൽ. ഇതെല്ലാം ഈ പറയും പോലെ സുതാര്യമായി ബി.ജെ.പി ചെയ്യുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. മാത്രവുമല്ല; മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വ്യക്തിനിയമം ചർച്ചയിലൂടെ പരിഷ്‌കരിക്കാൻ കഴിയുന്ന കാര്യങ്ങളല്ലെന്ന് ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഗ്രന്ഥം രചിക്കുകയും ഒട്ടേറെ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത ശശി തരൂരിന് അറിയാതിരിക്കില്ലല്ലോ.

രണ്ട് നിരീക്ഷണങ്ങൾ ഇവിടെയുണ്ട്; ഇത് ഇലക്ഷൻവരെയുള്ള ഒരു തുറുപ്പുചീട്ട് മാത്രമാണെന്നും കരട് വരികയോ നടപ്പാക്കുകയോ ചെയ്യില്ല എന്നുമാണ് ഒന്ന്.

ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കും, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് എടുത്തു കളയും, ഏക സിവിൽ കോഡ് നടപ്പിലാക്കും എന്നീ ബി.ജെ.പിയുടെ അജണ്ടകളിൽ ആദ്യത്ത രണ്ടെണ്ണം അവർ നടപ്പാക്കിക്കഴിഞ്ഞു. സ്വാഭാവികമായും അടുത്തതും പെട്ടെന്ന് ഒരു ബില്ലുമായി വന്നു നടപ്പാക്കിയതായി പ്രഖ്യാപിക്കും എന്നതാണ് രണ്ടാമത്തെ നിരീക്ഷണം.

ഇത് രണ്ടും പരിഗണിച്ചുകൊണ്ടുള്ള ഒരു സ്ട്രാറ്റജിയാണ് മതനിരപേക്ഷ പക്ഷത്തുനിന്ന് ഉണ്ടാകേണ്ടത്. അമിതാവേശവും അമിതആത്മവിശ്വാസവും ദോഷം ചെയ്യും. വലിയ ബഹുജന പ്രക്ഷോഭമായി തെരുവിൽ ഏക സിവിൽ കോഡ് വിഷയം ഉയർത്തിക്കൊണ്ടുവന്ന് മോദിയുടെ ഭരണപരാജയം മറച്ചുപിടിച്ച് രക്ഷപ്പെടാനും പ്രതിപക്ഷനിരയിൽ വിള്ളൽ വീഴാനും ഇപ്പോൾ അവസരം നൽകരുത്.

അതോടൊപ്പം, വളരെ ശ്രദ്ധയോടെ കേന്ദ്ര സർക്കാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് രാഷ്ട്രീയ കരുക്കൾ നീക്കാൻ പാർട്ടികൾ ജാഗ്രത പുലർത്തുകയും വേണം. കരട് വരട്ടെയെന്ന ഒറ്റവാക്കിൽ ഏകസിവിൽ കോഡിന്റെ വാതിൽ അടച്ചുവെക്കുന്നത് അപകടം വിളിച്ച് വരുത്തലാണ്. പൊതുജനങ്ങളെ ബിജെപിയുടെ കെണിയെക്കുറിച്ച് ബോധവൽക്കരിക്കുന്ന ചർച്ചകളും ബൗദ്ധിക സംവാദങ്ങളും നടക്കുകയും വേണം.

ഏത് സമയത്തും എന്ത് നീക്കവും നടത്താൻ പാകത്തിൽ എണ്ണയിട്ട യന്ത്രംപോലെ മതേതര പാർട്ടികൾ സജ്ജമായിരിക്കണം. അതിനാവശ്യമായ കൂടിയാലോചനകളും ചർച്ചകളും നടക്കണം. കേരളത്തിൽ കോൺഗ്രസ് ഈ ജാഗ്രത കൈക്കൊണ്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഈ സാഹചര്യം ഒട്ടും പരിഗണിക്കാതെയുള്ള സംസാരമാണ് ശശി തരൂർ നടത്തിയത്. പ്രതിപക്ഷ നേതാവ് ശശി തരൂരിന്റെ നിലപാടിനെ ഉടനെ തള്ളിപ്പറഞ്ഞത് കേരളത്തിന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള നിലപാടായി.