സംവരണം; ആശ്വാസം നല്‍കുന്ന സുപ്രീംകോടതി വിധി

ടി.കെ അശ്‌റഫ് 

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

ഇരുപത്തിയേഴ് ശതമാനം ഒബിസി സംവരണവും 10% മുന്നാക്ക സംവരണവും മെഡിക്കല്‍ പ്രവേശനത്തിന് കൂടി ബാധകമാക്കാന്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ കേന്ദ്രത്തിന്റെ ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഏതാനും ഡോക്ടര്‍മാര്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടയി. സംവരണത്തിലൂടെ സംവരണേതര വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നും അതുവഴി വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ “മെറിറ്റില്‍' കാര്യമായ ഇടിവ് സംഭവിക്കുന്നുവെന്നുമുള്ള വാദമാണ് ഹരജിക്കാര്‍ മുന്നോട്ടുവച്ചത്.

എന്നാല്‍ പരീക്ഷയിലെ മെറിറ്റും സംവരണവും രണ്ടായിത്തന്നെ കാണണമെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ഹര്‍ജിക്കാരുടെ വാദം തള്ളുകയുമാണ് ചെയ്തത്. നീറ്റ്, പിജി ഒബിസി സംവരണം കോടതി അംഗീകരിച്ചു. മുന്നാക്ക സംവരണം ഈ വര്‍ഷത്തേക്ക് നടപ്പാക്കാനും അനുമതി നല്‍കി. എന്നാല്‍ മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത വിശദമായി പരിശോധിക്കാന്‍ കോടതി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

സംവരണം ഭരണഘടനാപരമായ ഒരവകാശം എന്നതിനെക്കാള്‍ ഔദാര്യം എന്ന നിലയിലാണ് പലപ്പോഴും വിവക്ഷിക്കപ്പെടാറുള്ളത്. മാധ്യമ ചര്‍ച്ചകളിലും സംവരണ സെമിനാറുകളിലും ഭരണകൂട ഇടപെടലുകളിലുമെല്ലാം സംവരണത്തോട് നിഷേധാത്മകമായ സമീപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംവരണമെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതി വിധി ആശ്വാസകരമാണ്.

അതോടൊപ്പം, സാമൂഹ്യ പിന്നാക്കാവസ്ഥയെന്ന സംവരണത്തിന്റെ അടിസ്ഥാന തത്ത്വത്തെ അട്ടിമറിച്ച്, സംവരണത്തിന്റെ മാനദണ്ഡം സമ്പത്താണെന്ന ഭരണഘടനാവിരുദ്ധ നിലപാടിന് അംഗീകാരം ലഭിക്കാന്‍ പാകത്തില്‍ കോടതിവിധിയിലെ മുന്നാക്ക സംവരണത്തെ വ്യാഖ്യാനിക്കാനും സാധ്യത ഏറെയാണ്.

സംവരണം സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അജ്ഞതയും ആശയക്കുഴപ്പവും അകറ്റാന്‍ ഈ സന്ദര്‍ഭത്തില്‍ സംവരണ സമുദായങ്ങള്‍ മുന്നോട്ട് വരണം. ഒരു വിവാദം വരുമ്പോള്‍ മറുപടി പറയുക എന്നതിലുപരി ശാന്തമായി ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിപ്പിക്കുന്ന സാഹചര്യമുണ്ടാകണം.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംവരണ തത്ത്വങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. സംവരണം ഭരണഘടനയില്‍ ഇടംപിടിച്ചതിന്റെ പിന്നിലുള്ള കാരണങ്ങള്‍, അതിനുവേണ്ടി നടന്ന സംവാദങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ പുതുതലമുറയെ പഠിപ്പിക്കണം. പൊതുജനങ്ങളുടെ  അജ്ഞത ചൂഷണം ചെയ്താണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമുദായങ്ങള്‍ക്കിടയില്‍ വൈരവും വിഭാഗീയതയും ചിലര്‍ കുത്തിവയ്ക്കുന്നത്.

സമൂഹത്തില്‍ ജാതീയവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്നാക്കം പോയവരെയും വിവേചനം നേരിടുന്നവരെയും മുഖ്യധാരയില്‍ എത്തിക്കാനും അതുവഴി സമത്വം ഉറപ്പുവരുത്താനുമുള്ള ഭരണഘടനാ പദ്ധതിയാണ് സംവരണമെന്ന ശരിയായ കാഴ്ചപ്പാട് സമൂഹത്തിന് പകര്‍ന്നു നല്‍കണം. സംവരണം ആരുടെയും ഔദാര്യമല്ലെന്നും മറ്റുള്ളവരുടെ അവകാശത്തെ ഒട്ടും ഹനിക്കുന്നതല്ലെന്നുമുള്ള യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതിലൂടെ അനാവശ്യമായ വിഭാഗീയതകള്‍ അവസാനിപ്പിക്കാനാവും. സുപ്രീംകോടതി വിധി അതിലേക്കുള്ള ചുവടുവയ്പ്പിന് നിമിത്തമാകട്ടെയെന്ന് പ്രത്യാശിക്കുന്നു.