പാഠ്യപദ്ധതി പരിഷ്‌കരണം: ആശങ്കകൾ ഇപ്പോഴും ബാക്കിയാണ്

ടി.കെ അശ്‌റഫ്

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അഡ്വ.എൻ ഷംസുദ്ദീൻ എംഎൽഎയുടെ സബ്മിഷന് ബഹു.വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടി സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ആശങ്കകൾ ആവാഹിച്ചെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ നിയമസഭയിൽ ചോദ്യം ഉന്നയിച്ച അഡ്വ. ഷംസുദ്ദീൻ എംഎൽഎ അഭിനന്ദനമർഹിക്കുന്നു. സമൂഹ മനസ്സിൽ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും അടുത്ത തലമുറയെ സാരമായി ബാധിക്കുന്നതുമായ ഒരു വിഷയം ഇപ്പോഴെങ്കിലും സഭാതലത്തിൽ ചർച്ചയ്ക്ക് വന്നുവെന്നത് സന്തോഷകരമാണ്.

സമയമാറ്റം, മിക്‌സഡ് ബെഞ്ച്, പൊതുയൂണിഫോം എന്നിവ സർക്കാർ തീരുമാനിച്ചിട്ടില്ല എന്ന കാര്യം സഭയിൽ അസന്ദിഗ്ധമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി ആശ്വാസം നൽകുന്നതാണ്. അതിന്റെ കൂടെ മന്ത്രി നടത്തിയ വിശദീകരണങ്ങളിൽനിന്ന്, ഇക്കാര്യങ്ങളെല്ലാം സർക്കാരിന്റെ അജണ്ടയിൽ ഉള്ളതാണെന്നും സമൂഹം അതിന് പാകപ്പെടാത്തതുകൊണ്ട് ഇപ്പോൾ നടപ്പാക്കുന്നില്ലെന്നും മാത്രമെ നമ്മൾ മനസ്സിലാക്കേണ്ടതുള്ളൂ.

കരട് രേഖയിൽ ഇത്തരം ആശയങ്ങൾ ഉൾപ്പെടുത്തിയതുകൊണ്ടാണ് കേരളത്തിന് ഈ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിവന്നത്. എന്നിട്ട് മന്ത്രി പറയുന്നത് ഷംസുദ്ദീനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ്. അതിലേറെ ഗുരുതരമായ വിഷയം, ചില തീവ്രവാദ സംഘടനകൾ ഇക്കാര്യം പ്രചരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞുവെക്കുന്നുണ്ട് എന്നതാണ്. പാഠ്യപദ്ധതിയിലെ ഒളിയജണ്ടകളെ കൈയോടെ പിടികൂടുന്നവരെ തീവ്രവാദ പട്ടം ചാർത്തി അപരവത്കരിക്കുന്നത് സംഘ്പരിവാറിന് പഠിക്കലാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

ചർച്ചയ്ക്കുവേണ്ടി കരട് പുറത്തുവിടുക, അതിൽ അപകടകരമായ ആശയങ്ങൾ ഉൾപ്പെടുത്തുക, അത് ചർച്ച ചെയ്യാൻ ആവശ്യപ്പെടുക, അതനുസരിച്ച് അഭിപ്രായം പറയുന്നവരെ തീവ്രവാദികളായി ചാപ്പ കുത്തുക; ഇതൊന്നും ഒരു പുരോഗമന സർക്കാറിന് യോജിച്ചതല്ല. ചില പദപ്രയോഗങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ തുറന്നു കാണിക്കുമ്പോൾ അനേകം ആശങ്കകൾ ഉയരുക സ്വാഭാവികമാണ്. അത് ദൂരീകരിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ടവർക്കുണ്ട്.

മിക്‌സഡ് ബെഞ്ച് ഇല്ലെന്ന് പറയുമ്പോൾ തന്നെ, ഫ്‌ളൈറ്റിലെയും തിയേറ്ററിലെയും ഇരിപ്പിടത്തെ തന്റെ പ്രസംഗത്തിൽ കൂട്ടുപിടിച്ചതിൽനിന്നും; സമയമാറ്റത്തെ കുറിച്ച് പറയുമ്പോൾ കേന്ദ്രീയ വിദ്യാലയം, നവോദയ, അൺ എയ്ഡഡ് എന്നിവയിലെ സമയമാറ്റം എടുത്തുദ്ധരിക്കുന്നതിൽ നിന്നും; ജെന്റർ ന്യൂട്രൽ യൂണിഫോമിനെ കുറിച്ച് പറയുമ്പോൾ പ്രാദേശിക തീരുമാനമുണ്ടെങ്കിൽ ആവാമെന്ന് പറയുന്നതിൽനിന്നും ബുദ്ധിയുള്ളവർ എന്താണ് വായിച്ചെടുക്കേണ്ടത്?

ആർട്ടിക്കിൾ 15 ഉദ്ധരിച്ചതിനുശേഷമാണ് ജെന്റർ സാമൂഹ്യനിർമിതിയാണെന്ന കാഴ്ചപ്പാട് മന്ത്രി വിശദീകരിക്കുന്നത്. ലിംഗപരമായ സവിശേഷതയാൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ലെന്നേ ആർട്ടിക്കിൾ 15ൽ പറയുന്നുള്ളൂ. അങ്ങനെ മാറ്റിനിർത്തുന്ന അവസ്ഥ ഏത് വിദ്യാലയത്തിലാണ് ഇപ്പോൾ ഉള്ളത്? അങ്ങനെയൊന്നുണ്ടെങ്കിൽ സർക്കാരിന് ഇടപെട്ട് പരിഹരിക്കാൻ തടസ്സങ്ങളേതുമില്ല. ഇല്ലാത്ത വിവേചനം ഉണ്ടെന്ന് വരുത്തി ജെന്റർ പൊളിറ്റിക്‌സിന്റെ ഭാഗമായി ജെന്റർ ന്യൂട്രൽ ആശയത്തിന് പുതിയ തലമുറയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. യാതൊരു ആശങ്കയും ആർക്കും വേണ്ടെന്ന് പറയുന്ന മന്ത്രിയുടെ വിശദീകരണത്തിൽനിന്നും ജെന്റർ സാമൂഹിക നിർമിതിയാണെന്നുള്ള അപകടകരമായ ആശയത്തിൽനിന്ന് പുറകോട്ടു പോകാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

സ്പീക്കർ സമ്മതിക്കുകയാണെങ്കിൽ സഭയിൽ തന്നെ ഇത് ചർച്ച ചെയ്യാം എന്നും മന്ത്രി പറയുന്നുണ്ട്. തീർച്ചയായും ഈ ചർച്ച സഭയിൽ തന്നെ നടക്കേണ്ടതുണ്ട്. ജെന്റർ സാമൂഹ്യ നിർമിതിയാണ് എന്ന കാഴ്ചപ്പാട് ഒരു കാരണവശാലും കേരളീയ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. ഈ വിഷയമാണ് വിവാദങ്ങളുടെ നാരായവേര്. അതിൽ വ്യക്തത വരുത്തിയാൽ മാത്രമെ ആശങ്ക വിട്ടുമാറുകയുള്ളൂ. സർക്കാർ വിവാദങ്ങളിൽനിന്ന് പുറകോട്ട് പോയി എന്നേ പറയാനാകൂ; വിവാദ വിഷയം ഇപ്പോഴും ബാക്കിയാണ്.