അവസാന ബെല്ലിനു മുമ്പ്...!

സി.പി. സലീം

2022 സെപ്തംബർ 17, 1444 സ്വഫർ 20

നമ്മുടെ ജീവിതത്തിൽ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടതും അതോടൊപ്പം നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നതുമായ സുപ്രധാനമായ ഒരു ചോദ്യത്തിന്റെ ഉത്തരം തൃപ്തികരമായി മനസ്സിലാക്കുക എന്നത് നമ്മുടെ ജീവിതത്തിൽ നിത്യസംതൃപ്തിയും ലക്ഷ്യബോധവും ഉണ്ടാകാൻ നമ്മെ സഹായിക്കും. ആ ചോദ്യമിതാണ്; ‘എന്തിന് ജീവിക്കുന്നു?’

അങ്ങനെ ഒരു ചോദ്യം നമ്മോട് ഒരാൾ ചോദിച്ചാൽ എന്തായിരിക്കും നമ്മുടെ മറുപടി? ‘വെറുതെ’ എന്നാണെങ്കിൽ ആ ഉത്തരം ശരിയല്ല. ഏതൊരു പ്രവർത്തനത്തിന്റെയും ലക്ഷ്യം ആ പ്രവർത്തനത്തിന് അപ്പുറത്തായിരിക്കണം. അപ്പോൾ ജീവിതമാകുന്ന പ്രതിഭാസത്തിന്റെ ലക്ഷ്യം ഇതിനപ്പുറത്തായിരിക്കണം. ആ ലക്ഷ്യം നമുക്ക് ആരു പറഞ്ഞുതരും? പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും യഥാർഥ മറുപടിയായിട്ടില്ല. കാരണം അത് പറയുന്ന മനുഷ്യനും പരിധികളും പരിമിതികളുമുള്ളവനാണ്. ചിന്തയിൽ മാറ്റങ്ങൾ സംഭവിക്കുന്നവനാണ്.

ജീവിത ലക്ഷ്യമായി ഇന്ന് ഒരു കാര്യം കണ്ടെത്തിയാൽ നാളെ അത് മാറ്റിപ്പറയാൻ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ അതു പറഞ്ഞുതരാൻ യോഗ്യതയുള്ളത് എല്ലാറ്റിന്റെയും സ്രഷ്ടാവായ അല്ലാഹുവിനാണ്. അവൻ എല്ലാവരെയും പരിചയമുള്ള ലോകത്തിന്റെ നാഥനാണ്. ആ അല്ലാഹു ചോദിക്കുന്നു: “മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേൽ കഴിഞ്ഞുപോയിട്ടുണ്ടോ?’’ (ക്വുർആൻ 76:1). ഉണ്ട് എന്ന് മാത്രം ഉത്തരം പറയാൻ പറ്റുന്ന ഒരു ചോദ്യമാണിത്. 100 കൊല്ലങ്ങൾക്കു മുമ്പ് ഞാനും നിങ്ങളും എവിടെയായിരുന്നു? ഇല്ലാത്ത ഒരു അവസ്ഥ എന്റെയും നിങ്ങളുടെയും മേൽ കഴിഞ്ഞുപോയിട്ടില്ലേ എന്നാണ് ചോദ്യം. രണ്ടുവർഷം കഴിഞ്ഞ് ജനിക്കാൻ പോകുന്ന കുട്ടി ഇപ്പോൾ എവിടെയാണ്?

എന്നിട്ട് അല്ലാഹു പറയുന്നു: “കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം; അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു’’ (76:2).

അതെ, ഈ ജീവിതം ഒരു പരീക്ഷണമാണ്. ‘ഇതെന്തൊരു പരീക്ഷണമാണ്’ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും പറഞ്ഞു പോകാത്തവരുടെ എണ്ണം വിരളമായിരിക്കും. കാരണം പൂർണസംതൃപ്തിയും പൂർണസമാധാനവും ജീവിതത്തിന്റെ ഒരു മേഖലയിലും നാമാരും അനുഭവിക്കുന്നില്ല. പണമില്ലാത്തവർ വിചാരിക്കും പണമുണ്ടായാൽ സമാധാനം ഉണ്ടാകുമെന്ന്. പണമുള്ളവർ വിചാരിക്കുന്നു പണമുണ്ടായിട്ട് എന്ത് കാര്യം, ഇത്തിരി സമാധാനം ഇല്ലല്ലോ എന്ന്. അപ്പോൾ സമാധാനത്തിന്റെ മാനദണ്ഡം ജീവിതം പരീക്ഷണമാണ് എന്ന് മനസ്സിലാക്കി പ്രവർത്തിക്കലാണ്. നമുക്ക് സൗകര്യങ്ങളും സമ്പത്തുമുണ്ടെങ്കിൽ അത് ഒരു പരീക്ഷണമാണ്. അത് ഇല്ലാത്ത അവസ്ഥയാണെങ്കിൽ ആ ഇല്ലാത്ത അവസ്ഥയും മറ്റൊരു പരീക്ഷണമാണ്. അങ്ങനെ പരീക്ഷിക്കുവാൻ വേണ്ടിയാണ് നമ്മെയെല്ലാം സൃഷ്ടിച്ചത് എന്ന് ലോകത്തിന്റെ സ്രഷ്ടാവ് പറയുന്നു.

ഇഹലോകത്ത് നടക്കുന്ന പരീക്ഷകൾക്കെല്ലാം റിസൾട്ട് വരാറുണ്ട്. ജീവിതമാകുന്ന പരീക്ഷ കഴിഞ്ഞാലും റിസൾട്ട് വേണം. അത് ജീവിതത്തിന്റെ അനിവാര്യമായ താൽപര്യമാണ്. മരണമാണ് ഈ പരീക്ഷയുടെ അവസാന ബെൽ, അതോടുകൂടി റിസൾട്ടിന്റെ ലോകം ആരംഭിക്കുകയാണ്. അത്തരമൊരു അവസ്ഥ എല്ലാവർക്കും വരാനുണ്ട്. അവിടെയാണ് അതാണ് യഥാർഥ ജീവിതം. ആ ജീവിതത്തിൽ രക്ഷപ്പെടാൻ ഈ ലോക ജീവിതത്തെ പരീക്ഷണമായി കാണുക. പരീക്ഷാഹാളിൽ ഒരു വിദ്യാർഥിക്ക് സമാധാനമുണ്ടാകുക പരീക്ഷ നന്നായി എഴുതുമ്പോഴാണ്. ജീവിതമാകുന്ന പരീക്ഷ നാം ഇവിടെ അനുഭവിക്കുമ്പോൾ സമാധാനം ലഭിക്കുന്നത്, ആ പരീക്ഷയോടു കൂറുപുലർത്തി നന്മചെയ്യുമ്പോൾ, തിന്മകളിൽനിന്ന് വിട്ടുനിൽക്കുമ്പോൾ, ജനങ്ങൾക്ക് ഉപകാരം ചെയ്യുമ്പോൾ, ലോകത്തിന്റെ സ്രഷ്ടാവിനെ മാത്രം ആരാധിക്കുമ്പോൾ, മനസ്സിലാക്കിയ സത്യം ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുമ്പോൾ ആണ്.