കള്ളന്റെ അവിൽ പൊതിയും ലിബറലുകളുടെ ‘മറ’ വിവാദവും

താജുദ്ദീൻ സ്വലാഹി

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

വീട്ടുകാരുടെ ശ്രദ്ധ തെറ്റിച്ച് സുരക്ഷിതമായി കക്കാൻ വേണ്ടി കള്ളൻമാർ ഒപ്പിക്കുന്ന ചില വിദ്യകൾ അവർ ചിലപ്പോഴെങ്കിലും വിജയകരമായി നടപ്പിലാക്കാറുണ്ട്... വീട്ടിലെ കാവൽ നായക്ക് ശർക്കര പുരട്ടിയ അവിൽ എറിഞ്ഞു കൊടുക്കുക, കിണറ്റിലേക്ക് വലിയ കല്ലെടുത്തിടുക, പുറത്തെ വെള്ളത്തിന്റെ ടാപ്പ് തുറന്നിടുക തുടങ്ങിയ പല അടവുകളും അവർ ഇതിനായി പ്രയോഗിക്കും. ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് തിരിയുമ്പോൾ കാര്യം നടത്തി പതിയെ തടിതപ്പും...

ജെന്റർ പൊളിറ്റിക്‌സ് സംബന്ധിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് വേണ്ടി ക്യാമ്പസിന് പുറത്ത് ഒരു മതസ്ഥാപനത്തിൽ സംഘടിപ്പിച്ച പരിപാടിയിലെ രണ്ടു മീറ്റർ തുണിക്കഷണം മറ ‘വൻ ചർച്ചയാകുമ്പോൾ’ വീട് കയറി കൊള്ള നടത്തുന്ന കള്ളന്റെ കുബുദ്ധിയുടെ കഥയാണ് ഓർമ്മ വരുന്നത്.

തുല്യത, അവകാശം, പുരുഷ മേൽക്കോയ്മ തുടങ്ങിയ ചില മധുരം പുരട്ടിയ വാക്കുകളുമായി കടന്നുവരുന്നവർ എടുക്കുന്ന പണിയും ഇത് തന്നെയാണ്. പുതുതലമുറയിലെ പെൺകുട്ടികളെ പെെട്ടന്ന് ആകർഷിക്കുന്ന പദാവലികളാണിതൊക്കെ. എന്നാൽ സമൂഹത്തിന്റെ കണ്ണായ ഇടങ്ങളിൽ പെണ്ണിനെ എത്തിക്കലും അവർ നേരിടുന്ന അവഗണനക്കെതിരിൽ ശബ്ദിക്കലുമാണോ ഇവരുടെ അജണ്ട..? അല്ലെന്ന് മാത്രമല്ല അതൊക്കെയും കള്ളന്റെ അവിൽ പൊതി മാത്രമാണ് താനും.

ജെന്റർ ന്യൂട്രാലിറ്റി എന്ന പോസിറ്റീവ് വൈബ് മുന്നിൽ വെച്ച് അതിലൂടെ ഒളിച്ചു കടത്തുന്നത് മറ വിവാദത്തിന്റെ തീ ഊതിക്കത്തിക്കുന്ന, ലിബറലുകളുടെ ടൂളുകളായി മാറിപ്പോയ പലർക്കും സമ്മതമില്ലാത്ത കാര്യങ്ങളാണെന്നതാണ് അതിലേറെ കൗതുകകരം. ‘മറ’ വിവാദം പോലെയുള്ള കാര്യങ്ങളുടെ പുകച്ചുരുളുകൾക്കിടയിലൂടെ ഒളിച്ച് കടത്തുന്ന ജീർണ്ണിച്ച ചിന്തകൾ നമ്മെ ഭയപ്പെടുത്തുന്നതാണ്...

‘അല്ലെങ്കിലും അതൊക്കെ കുറച്ച് കൂടുതലാണ് ‘ഇവർക്ക് കാലം തിരിയുമോ’ എന്നൊക്കെ പറഞ്ഞ് ‘മറ’യുടെ വിവാദ പുക ഊതിപ്പരത്തുന്ന രാഷ്ട്രീയ സാമൂഹിക മത മേഖലകളിലുള്ള ആളുകളോട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ്.

1. ആണ്, പെണ്ണ് എന്നിങ്ങനെ രണ്ട് വിഭാഗം വേണ്ട എന്ന ലിബറലുകളുടെ അഭിപ്രായം താങ്കൾക്ക് സ്വീകാര്യമാണോ?

2. തന്റെ ലിംഗത്വവും ഐഡന്റിറ്റിയും എന്താണെന്നതിൽ സംശയം തോന്നുന്ന, അഥവാ ജെന്റർ കൺഫ്യൂഷൻ വ്യാപകമാകുന്ന ഒരു പുതുതലമുറ രൂപപ്പെട്ടു വരുന്നു എന്നത് ഇന്ന് ലോകം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. ഇത് ലിബറലുകൾ താങ്ങി നടക്കുന്ന പൊളിറ്റിക്‌സിന്റെ സംഭാവനയാണ് എന്നത് താങ്കൾക്കറിയുമോ?

3. നിങ്ങളുടെ മകൾ ഞാൻ നാളെ മുതൽ പുരുഷനാവുകയാണ് എന്ന് പറഞ്ഞാൽ അത് അനുവദിച്ച് കൊടുക്കണമെന്ന വാദം നിങ്ങൾ അംഗീകരിക്കുമോ? ഇത്തരം സംഭവങ്ങൾ അനുദിനം ഉണ്ടാകുന്നു എന്നത് താങ്കൾക്കറിയുമോ ?

4. അവൾ ചെറിയ കുട്ടിയല്ലേ, ഒരു കൗൺസലിങ് നൽകാമെന്ന് കരുതുന്ന നിങ്ങൾ ചെയ്യുന്നത് അവളുടെ അവകാശത്തിലുള്ള ഇടപെടലാണ് എന്ന് വിശ്വസിക്കുന്നവരെ നിങ്ങൾ അംഗീകരിക്കുമോ?

5. ആൺകുട്ടിയാകാൻ തീരുമാനിച്ച നിങ്ങളുടെ മോളെ അവളുടെ പക്വതയുടെ പ്രായം വരെ തൽകാലം തടഞ്ഞു വെക്കാമെന്ന് ചിന്തിക്കുന്ന നിങ്ങളെന്ന രക്ഷിതാവിനെ വീട്ടുതടങ്കലിലാക്കണമെന്ന കോടതി വിധി സമ്പാദിക്കുന്ന ലിബറൽ ചിന്താധാര നിങ്ങൾക്ക് സ്വീകാര്യമാണോ?

6. ലോകത്ത് ഇപ്രകാരം വീട്ടിലടക്കപ്പെട്ട രക്ഷിതാക്കൾ ഉണ്ടെന്നത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ ?

7. കോളേജിൽ പഠിക്കുന്ന മകനെ എതിർ ലിംഗത്തിലെ വ്യക്തിക്കൊപ്പം ഒരു റൂമിൽ വെച്ച് കണ്ടാൽ അത് ധാർമ്മികമാണ് എന്ന് ചിന്തിക്കാൻ നിങ്ങൾക്ക് സാധിക്കുമോ ? അത് അധാർമ്മികമെന്ന് ചിന്തിക്കുന്ന താങ്കൾ പിന്തിരിപ്പനാണെന്ന ലിബറൽ വാദം താങ്കൾക്ക് സ്വീകാര്യമാണോ?

8. പരസ്പര സമ്മതത്തോടെ അമ്മ, പെങ്ങൾ എന്ന വ്യത്യാസമില്ലതെ ആരുമായും രതിയിൽ ഏർപ്പെടാമെന്ന അഭിപ്രായം താങ്കൾക്കുണ്ടോ ? ഈൻസസ്റ്റ് എന്ന ഈ തിന്മ ന്യായീകരിക്കുന്നവരാണു ഇപ്പോൾ മറ വിവാദം കൊണ്ടു വന്നവരിൽ പലരുമെന്ന നഗ്ന സത്യം താങ്കൾക്കറിയുമോ ?

9. മൃഗരതിയും കുഞ്ഞുങ്ങളുമായുളള ശാരീരിക ബന്ധവും ഉദ്ദേശിക്കുന്നവർക്ക് അപ്രകാരം ചെയ്യാമെന്ന് ചിന്തിക്കുന്നവരും ലിബറൽ സമൂഹത്തിലെ സ്വതന്ത്ര ജീവികളാണ്.. ഇതൊക്കെ താങ്കൾക്ക് സ്വീകാര്യമാണോ?

പ്രത്യേക ഉദ്ദേശ്യങ്ങളോടെ ഇടക്കിടെ വിവാദങ്ങളുണ്ടാക്കി ആളുകളെ കൂടെ നിർത്തിയതിന് ശേഷം തങ്ങളുടെ ഒളി അജണ്ടകൾ നടപ്പിലാക്കാൻ ഗൂഢ പദ്ധതി ആവിഷ്‌കരിക്കുന്നവരെ നാം തിരിച്ചറിയണം. ഇല്ലെങ്കിൽ തകരുക ഈ സമൂഹത്തിന്റെ അലകും പിടിയുമായിരിക്കും.