‘ഒറ്റപ്പെട്ട’ സംഭവങ്ങൾ ‘തുടർക്കഥ’കളാകുമ്പോൾ

ഡോ. ഷഹബാസ് കെ അബ്ബാസ്

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

കഴിഞ്ഞമാസം സോഷ്യൽ മീഡിയയിൽ നാം കണ്ട വൈറൽ വീഡിയോകളിൽ ഒന്ന്, ആറു വയസ്സ് മാത്രം പ്രായമുള്ള അന്യസംസ്ഥാനക്കാരനായ ഒരു കുട്ടിയെ, തന്റെ കാറിൽ ചാരിനിന്നപ്പോൾ അലാറം അടിച്ചു എന്നതിന്റെ പേരിൽ, യാതൊരു മനുഷ്യപ്പറ്റുമില്ലാതെ കാറുടമ ചവിട്ടിത്തെറിപ്പിക്കുന്ന ദൃശ്യമായിരുന്നു. ആ സംഭവത്തിനു ശേഷം, താൻ ചെയ്ത ‘അതിഗുരുതരമായ’ പാപം എന്താണെന്ന് മനസ്സിലാകാതെ നിഷ്‌ക്കളങ്കനായി തരിച്ച് നിൽക്കുന്ന ആ കുട്ടിയുടെ നോട്ടത്തിന്റെ സിസിടിവി ദൃശ്യം; അത് കണ്ട ഓരോരുത്തരുടെയും മനസ്സാക്ഷിയെ വേട്ടയാടുന്നതായിരുന്നു. ഡിസ്‌ലൈക്കുകളായും കമന്റുകളായും കൗണ്ടർ പോസ്റ്റുകളായുമൊക്കെ ഒരുപാടാളുകൾ ഇത്തരം സംഭവങ്ങളോട് പ്രതികരിച്ചതും നാം കണ്ടു.

കുട്ടിയെ കാറിൽ കുത്തിവരക്കുന്നതിൽനിന്ന് പലതവണ വിലക്കിയിട്ടും ആവർത്തിച്ചപ്പോഴുണ്ടായ ദേഷ്യംകൊണ്ടാണ് ചവിട്ടിയത് എന്നും വിശദീകരണമുണ്ട്. അങ്ങനെയാണെങ്കിൽപോലും ഒരു ബാലനെ അപ്രകാരം ചവിട്ടിവീഴ്ത്തിയതിന് ന്യായീകരണമാകുന്നില്ല.

അതിഥിത്തൊഴിലാളികളോട് (അന്യസംസ്ഥാനക്കാർ), പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ നിന്നുള്ളവരോട്, പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിത്തീർന്ന വെറുപ്പിന്റെ ഭാഗമാണോ ഇത് എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.

‘വിവരവും വിദ്യാഭ്യാസവും കക്കൂസുമില്ലാത്ത,’ കേരളമാകുന്ന ഗൾഫിലേക്ക് അഭയാർഥികളായെത്തിയ, ഭൗതികമായും സാമ്പത്തികമായും സമൂഹത്തിന്റെ അടിത്തട്ടിൽ നിൽക്കുന്ന, തനിച്ച ക്രിമിനലുകളാണ് ഉത്തരേന്ത്യക്കാർ എന്ന പൊതുബോധം ഇന്ന് മലയാളി മനസ്സിൽ വേരൂന്നിയിട്ടുണ്ട് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. എന്നാൽ നിർമാണപ്രവർത്തനങ്ങളടക്കം സകലവിധ തൊഴിൽ രംഗങ്ങളിലും കഠിനാധ്വാനം ചെയ്തുകൊണ്ട് കേരളത്തിന്റെ വികസനത്തിൽ അവർ വഹിക്കുന്ന പങ്ക് ആർക്കാണ് നിഷേധിക്കാനാവുക?

അവർക്കിടയിൽ ക്രിമിനലുകളുണ്ട്, കള്ളന്മാരും പിടിച്ചുപറിക്കാരും സ്ത്രീ പീഡകരുമുണ്ട്. എന്നാൽ എല്ലാവരും അങ്ങനെയല്ലല്ലോ. ഇപ്പറഞ്ഞ കുറ്റകൃത്യങ്ങളിൽ മലയാളികൾ ഒട്ടും പുറകിലല്ല എന്ന വസ്തുത സൗകര്യപൂർവം നാം വിസ്മരിക്കുകയാണ്.

ഇത്തരം ചില ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ തുടർക്കഥകളായി മാറുമ്പോൾ, ഇവയ്ക്ക് ഒരറുതി വരുത്തുന്നതിൽ വിശ്വാസികൾക്ക് അവരുടെതായ പങ്കുവഹിക്കാനുണ്ട്. സ്വജീവിതം കൊണ്ട് മാതൃകയായ പ്രവാചകന്റെ ﷺ  അധ്യാപനങ്ങൾ നാം ഇതോട് ചേർത്ത് വായിക്കണം. ‘ഹൃദയത്തിൽ അണു അളവ് അഹങ്കാരം (കിബ്ർ) ഉള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല’ എന്നു പറഞ്ഞതിനുശേഷം നബി ﷺ  എന്താണ് കിബ്ർ എന്ന് വിശദീകരിക്കുന്നുണ്ട് : ‘കിബ്ർ എന്നാൽ സത്യത്തെ ധിക്കരിക്കലും ജനങ്ങളെ പുച്ഛിക്കലുമാണ്.’

‘ഭൂമിയിലൂടെ നടക്കുമ്പോൾ നിങ്ങൾ വിനയത്തോടുകൂടി നടക്കണം’ എന്ന് പഠിപ്പിച്ച പരിശുദ്ധ വേദഗ്രന്ഥമാണ് ക്വുർആൻ. കറുത്തവർഗക്കാരനും അടിമയുമായിരുന്ന ബിലാലി (റ)നെ ‘നേതാവ്’ എന്ന് വിശേഷിപ്പിച്ചവരാണ് പ്രവാചകാനുചരന്മാർ. അവരെ വിവേചനങ്ങൾക്കതീതമായി സ്‌നേഹിക്കാൻ പഠിപ്പിച്ച മഹാനാണ് നബി ﷺ . അതുകൊണ്ടുതന്നെ യാതൊരുവിധ വിവേചന ചിന്തയും വിശ്വാസികളിൽനിന്ന് ഉണ്ടായിക്കൂടാ. വിനയത്തിന്റെയും മാനവികതയുടെയും ഉദാത്തമായ സന്ദേശമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നർഥം.