നായ്‌പ്പേടിയിൽ ഒരു സംസ്ഥാനം!

ടി.കെ അശ്‌റഫ്

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

ഏതാനും ആഴ്ചകളായി തെരുവുനായ്ക്കളുടെ പരാക്രമത്തിന്റെ വാർത്തകൾ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. മനുഷ്യജീവന് ഭീഷണിയായ ഇവയെ എന്തുചെയ്യണം എന്ന് തീരുമാനിക്കാൻ ഇനിയും നമ്മുടെ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ആകെക്കൂടി വന്ധ്യംകരണം നടത്തുക, പ്രതിരോധ വാക്‌സിൻ കുത്തിവയ്ക്കുക എന്നീ തീരുമാങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ട് ഒരുപക്ഷേ, ഭാവിയിൽ തെരുവുനായ്ക്കളുടെ എണ്ണം അൽപം കുറഞ്ഞേക്കാം, പേ ബാധയും കുറഞ്ഞേക്കാം; എന്നാൽ നിലവിൽ, കണ്ടവരെയൊക്കെ കടിച്ചുകീറിക്കൊണ്ടിരിക്കുന്ന നായകളെ തടയാൻ ഇതുകൊണ്ടാകുമോ?

ഈ ഘട്ടത്തിൽ കടിക്കുന്ന നായകളെ സംബന്ധിച്ചുള്ള ഇസ്‌ലാമിക നിലപാട് പ്രസക്തമാവുകയാണ്. എല്ലാ ജീവികളോടും കാരുണ്യം കാണിക്കണമെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ഒരാൾ നായക്ക് ദാഹജലം നൽകിയതിന്റെ പേരിൽ സ്വർഗത്തിന് അർഹനായി എന്നും, ഒരു സ്ത്രീ പൂച്ചക്ക് ഭക്ഷണം നൽകാതെ കെട്ടിയിട്ട് അതിനെ മരണത്തിലേക്ക് തള്ളിയിട്ടതിന്റെ പേരിൽ നരകത്തിന് അർഹയായി എന്നും നബി ﷺ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മനുഷ്യനെ ഉപദ്രവിക്കുന്ന ഏത് ജീവിയെയും കൊല്ലാനുള്ള അനുവാദവും നൽകി. നബി ﷺ വധിക്കാൻ അനുവദിച്ച ദുഷ്ടജന്തുക്കളിൽ ഒന്ന് കടിക്കുന്ന നായയാണ്. (ബുഖാരി, മുസ്‌ലിം).

മനുഷ്യരാണ് ഭൂമുഖത്ത് ഉൽകൃഷ്ട ജീവി. മനുഷ്യനുവേണ്ടിയാണ് പ്രപഞ്ചത്തിലുള്ളതെല്ലാം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. മനുഷ്യനെ ദ്രോഹിക്കുന്ന അവസ്ഥ വന്നാൽ അവിടെ ജീവിക്കല്ല; മനുഷ്യനാണ് പ്രാധാന്യം നൽകേണ്ടത്. പ്രകൃതിയിലെ എല്ലാം മനുഷ്യനുള്ളതാണ്. പക്ഷേ, ഒന്നും ദുരുപയോഗം ചെയ്യരുത് എന്ന് മാത്രം. എത്ര പ്രസക്തവും പ്രായോഗികവുമാണ് ഈ കാഴ്ചപ്പാടെന്ന് നോക്കൂ!

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മാത്രം പാലക്കാട് ജില്ലയിൽ 2124 പേർക്കാണ് കടിയേറ്റത്. (ഇത് ഔദ്യേഗിക കണക്കു മാത്രമാണ്). സെപ്തംബർ മാസത്തിൽ 22 ദിവസത്തിനുള്ളിൽ 1324 പേരാണ്് തെരുവ് നായ്ക്കളുടെ കടിയേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുള്ളത്. ഒരു ജില്ലയിലെ മാത്രം കണക്കാണിതെന്ന് പ്രത്യേകം ഓർക്കുക!

തെരുവുനായ കുറുകെ ചാടിയതിനാൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് പരിക്കേൽക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുയാണ്. കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന നായ്ക്കൾ മഹാ അപകടകാരികളാണ്. ഇവയെ ഭയന്ന് പ്രഭാത സവാരി നിർത്തിവച്ചവരുണ്ട്. കുട്ടികളെ കളിക്കാൻ വിടാൻ രക്ഷിതാക്കൾക്ക് ധൈര്യമില്ല. സ്‌കൂളിലേക്കും മദ്‌റസയിലേക്കും കുട്ടികളെ പറഞ്ഞയക്കുമ്പോൾ രക്ഷിതാക്കൾക്ക് കൂടെ പോകേണ്ടിവരുന്നു.

പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തിയാലോ, വന്ധ്യംകരണം നടത്തിയാലോ അലഞ്ഞുനടക്കുന്ന നായ്ക്കൾ അക്രമസ്വഭാവം അവസാനിപ്പിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. എത്രയും വേഗം അലഞ്ഞുതിരിയുന്ന നായകളെ നിർമാർജനം ചെയ്യേണ്ടതുണ്ട്. അതാണ് യഥാർഥ പരിഹാരം. നഗരങ്ങളിലും അങ്ങാടികളിലും നാട്ടിൻപുറങ്ങളിലുമെല്ലാം ജനങ്ങൾക്ക് നായ്‌പ്പേടിയില്ലാതെ നടക്കാൻ കഴിയണം. അതിനുള്ള പ്രായോഗിക നടപടികളാണ് ഉത്തരവാദപ്പെട്ടവർ കൈക്കൊള്ളേണ്ടത്.