ബസ് സ്‌റ്റോപ്പിലെ ‘സദാചാര ഗുണ്ടായിസം?’

ടി.കെ അശ്‌റഫ്

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

തിരുവനന്തപുരത്തും മണ്ണാർക്കാട് കരിമ്പയിലും വിദ്യാർഥികൾ ബസ് സ്‌റ്റോപ്പിൽ ഇടകലർന്നിരുന്ന് സല്ലപിച്ചതിന്റെ പേരിലുണ്ടായ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവ ചർച്ചയാണല്ലോ. നാട്ടുകാർ പലവിധത്തിലും വിദ്യാർഥികളോട് ബസ് സ്‌റ്റോപ്പിലെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകളിൽനിന്ന് മനസിലാകുന്നത്. പോലീസിലും ഇവർ പരാതിപ്പെട്ടിരുന്നുവത്രെ. അതിലൊന്നും യാതൊരു നടപടിയും ഇല്ലാതെ വന്നപ്പോഴാണ് ഈ വൈകാരിക പ്രവൃത്തിയിലേക്ക് ഇവർ നീങ്ങിയത്. (എന്നാലും മർദനമോ പ്രകോപനമോ ആയിരുന്നില്ല വേണ്ടിയിരുന്നത്). പുതിയ തലമുറയെ വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും മാത്രമെ കൈകാര്യം ചെയ്യാൻ പാടുള്ളൂ.

‘സദാചാരഗുണ്ടായിസം’ എന്ന് പേരിട്ട് ഇത്തരം സംഭവങ്ങളുടെ മറവിൽ ധാർമികമൂല്യങ്ങളെ പ്രതി സ്ഥാനത്തു നിറുത്താൻ കാത്തിരിക്കുന്നവർക്ക് വടി നൽകാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം.

ഈ ഘട്ടത്തിൽ ഉയരുന്ന ചില സാരമായ പ്രശ്‌നങ്ങളെ നാം കാണാതെ പോകരുത്. തിരുവനന്തപുരത്ത് പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. ഈ രീതിയെ അഭിനന്ദിച്ചുകൊണ്ട് മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ ഉമാ തോമസ്, വിവിധ വിദ്യാർഥി രാഷ്ട്രീയ നേതാക്കൾ എന്നിവരെല്ലാം നേരിട്ട് ബസ് സ്‌റ്റോപ്പിൽ എത്തിയതാണ് നാം പിന്നീട് കണ്ടത്. മുൻ എംഎൽഎ വി.ടി ബൽറാം ഈ കുട്ടികൾ മടിയിലിരുന്ന ഫോട്ടോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് വിദ്യാർഥികളെ അഭിനന്ദിച്ച് രംഗത്തുവന്നതും നാം കണ്ടു. പിന്നീട് ധാരാളം ഉന്നതരുടെയും സാധാരണക്കാരുടെയും ഈ ഫോട്ടോസ ഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റുകൾക്ക് അഭിനന്ദന പ്രവാഹം തന്നെയുണ്ടായി. മാധ്യമങ്ങളാവട്ടെ, ജെൻഡർ ന്യൂട്രൽ എന്ന ആശയം എത്രയുംവേഗം കേരളത്തിൽ പ്രാവർത്തികമാക്കാൻ മത്സരിച്ചിറങ്ങിപ്പുറപ്പെട്ടതുപോലെയാണ് അനുഭവപ്പെടുന്നത്.

വിദ്യാലയങ്ങൾ വിട്ടശേഷം കുട്ടികൾ ബോധപൂർവം ബസ് സ്‌റ്റോപ്പുകളിൽ തങ്ങുകയും ആൺ പെൺ വ്യത്യാസമില്ലാതെ പരസ്പരം കൂടിക്കലർന്ന് സല്ലപിക്കുകയും ചെയ്യുന്നത് കുട്ടികൾക്കും കുടുംബത്തിനും നമ്മുടെ സമൂഹത്തിനും ഗുണം ചെയ്യില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ, അവരെ പിന്തിരിപ്പൻമാരായി മുദ്രകുത്തുമോ എന്ന ഭീതി വിതയ്ക്കുന്നതിൽ ഇവരെല്ലാം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടായിരിക്കും പുതുതലമുറയിൽ പ്രത്യക്ഷപ്പെടുന്ന അരുതായ്മകൾ തിരുത്താൻ അധികമാരും രംഗത്തുവരാത്തത്. കുറെയൊക്കെ ഇനിയുള്ള കാലം ഇങ്ങനെയൊക്കെ ആകുമെന്ന ചിന്തക്കും ചില രൊക്കെ കീഴൊതുങ്ങിക്കഴിഞ്ഞു. ലിബറൽ ചിന്താഗതി കാട്ടുതീപോലെ പടരുകയാണ്. അതിന്റെ സ്വാധീനം കാരണം ആണും പെണ്ണും ഇടകലർന്ന് ജീവിക്കുന്നതിനെ മനസ്സുകൊണ്ട് അംഗീകരിച്ചവരുടെ എണ്ണവും കൂടിവരുന്നു. ചിലരെങ്കിലും ഇതെല്ലാം ആഗ്രഹിക്കുന്നവരുമാണ്.

എന്നാൽ ഒരു കാര്യം പറയാം, ഈ പോക്ക് നമ്മുടെ വിദ്യാലയങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടും. കുടുംബങ്ങളെ ശിഥിലമാക്കും. നാടിനെ നശിപ്പിക്കും. ആൺ-പെൺ അകലം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ അവരുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് സാധിക്കുമെന്നതിന് മാനവരാശിയുടെ ഇതപര്യന്തമുള്ള അനുഭവങ്ങൾ സാക്ഷിയാണ്. സ്ത്രീ-പുരുഷ വിവേചനം നിലനിന്ന ഒരു കാലം നമ്മുടെ രാജ്യത്ത് ഉണ്ടാ യിരുന്നു എന്നത് ഒരു സത്യമാണ്. സതി, വിദ്യാഭ്യാസ നിഷേധം, ശൈശവവിവാഹം തുടങ്ങിയവയെല്ലാം അതിന്റെ തെളിവുകളാണ്. എന്നാൽ ഇന്ന് സ്ത്രീക്കും പുരുഷനും നീതി ഉറപ്പുവരുത്തുന്ന വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എല്ലാരംഗത്തും നിലനിൽക്കുന്നത്.

ആൺ-പെൺ സൗഹൃദം മാത്രമാണിതെന്നും അതിൽ ലൈംഗികതാൽപര്യം കാണുന്നവരാണ് യഥാർഥ പ്രശ്‌നക്കാരെന്നും ന്യായീകരിക്കുന്നത് കേവലമൊരു ന്യായീകരണം മാത്രമാണ്. ആൺ-പെൺ സ്വത്വം സൗഹൃദത്തിനപ്പുറം ലൈംഗികമായ വികാരങ്ങൾ ഇളക്കിവിടാൻ ഏറെ വഴിയൊരുക്കുമെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. സ്ഥിരമായി നാം കേൾക്കുന്ന പീഡനവാർത്തകൾ മാത്രം മതി അതിന്റെ തെളിവായിട്ട്.

സൗഹൃദം അതിരുവിട്ട് എത്ര കുട്ടികളാണ് ചെറുപ്രായത്തിൽ ഗർഭിണികളാവുകയും അതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുള്ളത്!

‘സൗഹൃദ’ സമയത്ത് പകർത്തിയ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്നത്!

പ്രണയത്തിൽനിന്ന് പിന്തിരിഞ്ഞതിന്റെ പേരിൽ എത്രയെത്ര കുട്ടികളാണ് അറുകൊല ചെയ്യപ്പെട്ടിട്ടുള്ളത്, എത്ര കുടുംബങ്ങളാണ് ഇതിന്റെ പേരിൽ കണ്ണീര് കുടിച്ചത്!

സ്ത്രീ-പുരുഷ വേഷത്തിലും ഇരിപ്പിടത്തിലും വേർതിരിവ് ഒഴിവാക്കി എല്ലാം നോർമലായി കണ്ടാൽ പീഡനമുക്തമായ സമൂഹസൃഷ്ടി സാധ്യമാകുമെന്നും അതിനനുകൂലമായ വിദ്യാലയ സാഹചര്യം ഉണ്ടാക ണമെന്നുമാണ് ഇപ്പോൾ ചിലർ വാദിച്ചുകൊണ്ടിരിക്കുന്നത്.

അങ്ങനെയെങ്കിൽ, എല്ലാ അതിരുകളും തുറന്നുവെച്ച ഫിലിം ഇൻഡസ്ട്രിയിൽനിന്ന് പീഡനത്തിന്റെ പേരിലുള്ള പരാതിവരാൻ പാടില്ലല്ലോ? എത്ര ‘അതിജീവിത’കളാണ് ഇപ്പോൾ സിനിമാ ഫീൽഡിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്!

ഈ പ്രശ്‌നത്തെ ഉപരിപ്ലവമായി മാത്രം കാണരുത്. ഇത് ഐസ്‌ബെർഗിന്റെ ഒരറ്റം മാത്രമാണ്. ജെൻഡർ ന്യൂട്രൽ എന്ന ആശയം കേവലം ഒരു യൂണിഫോമിൽ മാത്രം ഒതുങ്ങുന്നതല്ല. ബസ് സ്‌റ്റോപ്പിൽ മാത്രമല്ല; ക്ലാസിലും ഇരിപ്പിടം ഒന്നാക്കേണ്ടി വരും. ടോയ്‌ലറ്റിലും അങ്ങനെത്തന്നെ. കലോത്സവം, കായികമേള, തുടങ്ങിയവയെല്ലാം ഒന്നാക്കാൻ പോവുകയാണ്.

നമ്മുടെ മക്കളെ ജെൻഡർ ഡിസ്‌ഫോറിയയിലേക്ക് എടുത്തെറിയുന്ന മാരക പ്രഹരശേഷിയുള്ള സംസ്‌കാരണിത്. ഇതിനെ പിന്തുണക്കുന്നവർക്ക് പോലും ഇത് പാശ്ചാത്യൻ നാടുകളിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ അറിയില്ലെന്നതാണ് വസ്തുത. പാശ്ചാത്യർ ചവച്ചുതുപ്പിയത് നാം വീണ്ടും വായിലേക്ക് എടുത്തു വയ്ക്കരുത്. ഇത്രയും കാലം നാം കാത്തുസൂക്ഷിച്ച നമ്മുടെ രാജ്യത്തിന്റെ തനിമയുള്ള കുടുംബ സംസ്‌കാരം തന്നെ ഇനിയും തുടരട്ടെ. രക്ഷിതാക്കളും അധ്യാപകരും ഉണർന്ന് ചിന്തിക്കേണ്ട നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

പിൻകുറി: പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിലിരുന്ന് പ്രതിഷേധിച്ചതിനെ അഭിനന്ദിച്ച് രംഗത്തു വന്നവർ തങ്ങളുടെ പെൺകുട്ടികളെ അത്തരം പ്രതിഷേധത്തിന് പറഞ്ഞയക്കുമോ?