സഹായഹസ്തം നീട്ടുക

അബൂതന്‍വീല്‍

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03
അദിയ്യുബ്‌നു ഹാത്വിമില്‍(റ) നിന്ന് നിവേദനം; പ്രവാചകന്‍ ﷺ പറഞ്ഞു: ''നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ; അവനും അല്ലാഹുവിനുമിടയില്‍ പരിഭാഷകരും ഉണ്ടായിരിക്കുകയില്ല. ഒരാള്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. താന്‍ മുന്‍കൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണുകയില്ല. അയാള്‍ തന്റെ ഇടതുഭാഗത്തേക്ക് നോക്കും. അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ യാതൊന്നും കാണില്ല. അപ്പോള്‍ അയാള്‍ തന്റെ മുന്നിലേക്ക് നോക്കും. തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും  നിങ്ങള്‍ നരകത്തെ കാക്കുക'' (ബുഖാരി 7443, മുസ്‌ലിം 17620).

മനുഷ്യന് ജനനം മുതല്‍ മരണം വരെ പരസഹായത്തോട് കൂടി മാത്രമെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും സ്വയം പര്യാപ്തതയും സമ്പൂര്‍ണതയും ഇല്ല. ഭരണകര്‍ത്താവിനും ഭരണീയനും മുതലാളിക്കും തൊഴിലാളിക്കും പണ്ഡിതനും പാമരനും പരസ്പരം കൊണ്ടും കൊടുത്തും മാത്രമെ ഭൂമിയില്‍ ആയാസ രഹിതമായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യവും രോഗവും സുഖവും ദുഃഖവും ഐശ്വര്യവും ദാരിദ്ര്യവും ശക്തിയും ദുര്‍ബലതയും എല്ലാം ഏത് സമയത്തും മാറിമാറി വന്നേക്കാം. പരസ്പര സഹകരണത്തോടെ മാത്രമെ പ്രയാസങ്ങളും ദുരിതങ്ങളും തരണം ചെയ്തു മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.

സ്വന്തം സുഖത്തിനും ഭാര്യാസന്തതികളുടെ സന്തോഷത്തിനും വേണ്ടി തന്റെ സമ്പത്ത് ആവശ്യത്തിലേറെ ചെലഴിക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാത്തവര്‍ക്കും അല്ലാഹു ശക്തമായ താക്കീത് നല്‍കുന്നുണ്ട്: ''അല്ലാഹു അവന്റെ അനുഗ്രഹങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അതവര്‍ക്ക് ദോഷകരമാണ്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്'' (ആലുഇംറാന്‍ 180).

മുഹമ്മദ് നബി ﷺ  പ്രവാചകത്വലബ്ധിക്ക് മുമ്പ് തന്നെ ഏറെ ധര്‍മിഷ്ഠനും പരോപകാരിയും ജനസേവകനുമായിരുന്നു. ആദ്യമായി വഹ്‌യ് ലഭിച്ച് ഹിറാ ഗുഹയില്‍ നിന്ന് ഏറെ സംഭ്രമത്തോടെ കിതച്ചെത്തിയ പ്രവാചകനെ ﷺ  തന്റെ പ്രിയപത്‌നി ഖദീജ(റ) സ്വീകരിച്ച് സ്വാന്തനപ്പെടുത്തുന്ന വാചകങ്ങള്‍ ശ്രദ്ധേയമാണ്: ''ഇല്ല, ഒരിക്കലും താങ്കളെ അല്ലാഹു കൈവെടിയുകയില്ല. താങ്കള്‍ കുടുംബ ബന്ധം സ്ഥാപിക്കുകയും മറ്റുള്ളവരുടെ വിഷമതകള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. അഗതികളെ സഹായിക്കുകയും അതിഥികളെ ആദരിക്കുകയും ചെയ്യുന്നു.''

ഇതരരുടെ ഭാരം ഇറക്കിവെക്കുന്നവനെ സ്രഷ്ടാവ് കൈവെടിയുകയില്ല. കര്‍മാനുഷ്ഠാനങ്ങളില്‍ പരിപൂര്‍ണത പുലര്‍ത്തുന്നതോടൊപ്പം സഹജീവികളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക കൂടി ചെയ്താല്‍ മാത്രമെ നമ്മുടെ വിശ്വാസം പൂര്‍ണതയില്‍ എത്തുകയുള്ളൂവെന്നത് ഏറെ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്.  

ജനങ്ങള്‍ക്ക് ഉപകാരമാകുന്ന വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഈമാനിന്റെ ഭാഗമാണെന്ന് പഠിപ്പിക്കപ്പെട്ട മതമാണ് ഇസ്‌ലാം. വഴിയിലെ തടസ്സങ്ങള്‍ നീക്കുന്നതിനെ ഈമാനിന്റെ അവസാനപടിയായി എണ്ണിയത് സേവന പാതിയില്‍ നാം എങ്ങനെ ഇടപെടണമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയര്‍നിറയെ ഭക്ഷണം കഴിക്കുന്നവന്‍ സത്യവിശ്വാസിയാവില്ല എന്ന നബിവചനം കേള്‍ക്കാത്ത വിശ്വാസികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ നമ്മുടെ സമൂഹത്തിലെ യഥാര്‍ഥത്തിലുള്ള സ്ഥിതിയും ഈ വചനങ്ങളും തമ്മിലുള്ള അന്തരം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

സമൂഹം താരതമ്യേന സാമ്പത്തികമായി പുരോഗതിയില്‍ നില്‍ക്കുന്ന വര്‍ത്തമാനകാലത്തും ദാരിദ്ര്യത്തിന്റെ വേദനയും ദുരിതവുമനുഭവിക്കുന്നവര്‍ ഏറെയുണ്ട്. അവരില്‍ പലരും അഭിമാനബോധം കാരണത്താല്‍ അവരുടെ പ്രയാസം ആരെയും അറിയിക്കാന്‍ താല്‍പര്യപ്പെടാത്തവരാണ്. അത്തരക്കാരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുവാന്‍ നമുക്ക് കഴിേയണ്ടതുണ്ട്.