ലജ്ജ എന്ന മാനുഷിക ഗുണം

അബൂതന്‍വീല്‍

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03
അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ''അല്ലാഹുവിന് മുമ്പില്‍ ഏത് വിധം നിങ്ങള്‍ ലജ്ജ കാണിക്കേണ്ടതുണ്ടോ ആവിധം നിങ്ങള്‍ ലജ്ജ കാണിക്കുവിന്‍.'' ഞങ്ങള്‍ ചോദിച്ചു: ''പ്രവാചകരേ, അല്ലാഹുവിന് സ്തുതി. ഞങ്ങള്‍ ലജ്ജയുള്ളവരാണല്ലോ!'' നബി ﷺ പറഞ്ഞു: ''ഞാന്‍ അതല്ല ഉദ്ദേശിക്കുന്നത്. നിങ്ങള്‍ അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജകാണിക്കുന്നതിനെ കുറിച്ചാണ്. നിങ്ങളുടെ ശിരസ്സും അത് ഉള്‍ക്കൊള്ളുന്നതും, നിങ്ങളുടെ ഉദരവും അത് ഉള്‍ക്കൊള്ളുന്നതും നിങ്ങള്‍ കാത്തുസൂക്ഷിക്കണം. മരണത്തെയും നാശത്തെയും ഓര്‍ത്തുകൊണ്ടിരിക്കണം. പാരത്രികം ആഗ്രഹിക്കുന്നവന്‍ ഐഹികാഡംബരങ്ങള്‍ ഉപേക്ഷിക്കും. ഇങ്ങനെ ചെയ്യുന്നവരാണ് അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജ കാണിക്കുന്നവര്‍'' (ഹാകിം: 1/24, ബൈഹക്വി: 7726).

മനുഷ്യനെ തിന്മയില്‍ നിന്ന് തടയുകയും നന്മയില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്ന സവിശേഷ സ്വഭാവഗുണമാണ് ലജ്ജ. പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ വ്യതിരിക്തമാക്കുന്ന അതിപ്രധാനമായ ഒരു വിശിഷ്ട ഗുണമാണ് ലജ്ജ എന്നത്.

അതുകൊണ്ട് തന്നെയാണ് പ്രവാചകന്‍ ﷺ  ഇങ്ങനെ പറഞ്ഞതും: ''നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക'' (ബുഖാരി 6120).

ഒരു മനുഷ്യന്റെ വിശ്വാസത്തിന്റെയും സദാചാര ബോധത്തിന്റെയും കവചമാണ് ലജ്ജ. ലജ്ജയില്ലെങ്കില്‍ വിശ്വാസം കാത്തുസൂക്ഷിക്കുവാനോ ധാര്‍മികത ജീവിതത്തില്‍ നിലനിര്‍ത്തുവാനോ സാധിക്കുകയില്ലെന്നത് വ്യക്തമാണ്. പ്രവാചകന്‍ ﷺ  പറഞ്ഞു:  ''സത്യവിശ്വാസവും ലജ്ജാശീലവും പരസ്പരം കൂട്ടുകാരാണ്. അതിലൊന്ന് നഷ്ടപ്പെട്ടാല്‍ മറ്റെതും നഷ്ടപ്പെട്ടു പോകും.''

ലജ്ജയെന്നു പറഞ്ഞാല്‍ ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയില്‍ നാണിച്ചിരിക്കുകയെന്നതല്ലെന്ന് മേലുദ്ധരിച്ച വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒരു വിശ്വാസി ഇടപെടുന്ന മുഴുവന്‍ മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്വഭാവ സംസ്‌കാരമാണത്.

എന്നാല്‍ സോഷ്യല്‍മീഡിയയുടെ അമിതജ്വരം ബാധിച്ച ഇക്കാലത്ത് ലജ്ജയെന്ന ഈ മഹദ്‌സ്വഭാവം പലരില്‍നിന്നും ഏറെ വിദൂരതയിലാണെന്ന് നിസ്സംശയം പറയാം. ലഭിക്കുന്നത് മുഴുവനും റീപോസ്റ്റ് ചെയ്യുന്നവരും ഏത് പോസ്റ്റിന് താഴെയും വായില്‍ തോന്നുന്ന കമന്റുകള്‍ ഇടുന്നവരും ലജ്ജയില്ലായ്മയാണ് ്രപകടമാക്കുന്നത്.

ആദ്യം ഉദ്ധരിച്ച ഹദീഥില്‍ അല്ലാഹുവിനു മുമ്പില്‍ യഥാവിധം ലജ്ജ കാണിക്കുന്നതിനെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് 'ശിരസ്സും അത് ഉള്‍ക്കൊള്ളുന്നവയും' എന്നാണ്. കണ്ണും കാതും തുടങ്ങി വികാര വിചാരങ്ങളടക്കം മുഴുവന്‍ കാര്യങ്ങളിലും സ്രഷ്ടാവിന്റെ ബോധനങ്ങള്‍ക്ക് വിധേയമായിട്ടു മാത്രമെ നാം മുന്നോട്ട് പോകാവൂ. പഞ്ചേന്ദ്രിയങ്ങളില്‍ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെട്ടുവല്ലോ. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നമ്മുടെ ചിന്തയും ആലോചനയും ഉദാത്തമാകണം.

തുടര്‍ന്ന് 'ഉദരവും അത് ഉള്‍ക്കൊള്ളുന്നവയും' എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ ഉദ്ദേശ്യം നമ്മുടെ സമ്പാദ്യവും ഭക്ഷണവും ഹലാലായിത്തീരണമെന്നതാണ്. ഖേദകരമെന്ന് പറയട്ടെ, മതബോധമുള്ളവരായി കാണപ്പെടുന്നവരില്‍ പലരും ഐഹിക ജീവിതത്തില്‍ താല്‍കാലികമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായി പലിശയടക്കമുള്ള ഇടപാടുകളില്‍ ഏര്‍പ്പെടുന്നുവെന്നത് ഒരു വസ്തുതയാണ്. പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് സമൂഹത്തില്‍ വ്യത്യസ്തമായ മാര്‍ഗങ്ങളുണ്ട്. ഇത്തരം വഴികളില്‍ പ്രവേശിച്ച് സര്‍വവും നഷ്ടപ്പെട്ട് തീരാദുഃഖത്തിലകപ്പെട്ട എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. പാരത്രിക വിജയം ആഗ്രഹിക്കുന്നവന്‍ ഇഹലോകത്തെ ആഡംബരങ്ങളില്‍ ഭ്രമിക്കുകയില്ലെന്ന് തുടര്‍ന്ന് പറയുമ്പോള്‍ ഇതെത്രമാത്രം പരസ്പര പൂരകങ്ങളാണെന്ന് വ്യക്തമാകുന്നു.  

പ്രവാചകന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഒരു പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാനാകും: 'നാഥാ, നീ ഇഹലോകത്തെ ഞങ്ങളുടെ ഏറ്റവും വലിയ വ്യഥയും വിചാരവുമാക്കിത്തീര്‍ക്കരുതേ.'

ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റെ ആകുലതയും ആഗ്രഹവും രണ്ട് കാര്യങ്ങില്‍ മാത്രം ബന്ധപ്പെട്ടാണുള്ളത്. ഒന്ന് പാരത്രിക വിജയം, മറ്റേത് ഐഹിക നേട്ടം. ഐഹികമായ വിജയം മാത്രമാണ് ഒരു മനുഷ്യന്റെ ലക്ഷ്യമെങ്കില്‍, ഇഹലോകത്തെ പരാജയത്തിലാണ് അവന്റെ ഭയമെങ്കില്‍ അവന്‍ മുന്നില്‍ കാണുന്ന കാര്യങ്ങളൊക്കെയും അവന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി മാറ്റിയെടുക്കുന്നതില്‍ ബദ്ധശ്രദ്ധനാവുക സ്വാഭാവികമാണ്. സത്യവും അസത്യവും ധര്‍മവും അധര്‍മവും നീതിയും അനീതിയും എന്ന വേര്‍തിരിവൊന്നും അവന്റെ മുമ്പിലുണ്ടാകില്ല. ഭൗതിക നേട്ടത്തിനായി ഏത് നീചമാര്‍ഗവും അവന്‍ സ്വീകരിക്കും. എന്നാല്‍ പാരത്രികമായ വിജയവും അവിടെയുള്ള കടുത്ത ശിക്ഷയില്‍നിന്നുള്ള മോചനവുമാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അയാള്‍ സ്വാഭാവികമായും സമൂഹത്തില്‍ ഉല്‍കൃഷ്ടരും ആത്യന്തിക വിജയം നേടുന്നവനുമായിത്തീരും.

'ലജ്ജാശീലം നന്മയല്ലാതെ മറ്റൊന്നും കൊണ്ടുവരികയില്ല' എന്ന തിരുവചനം ഇതിനോട് ചേര്‍ത്ത് വായിക്കാന്‍ നമുക്ക് സാധിക്കും.