ആരാണ് മഹത്ത്വമുള്ളവര്‍?

അബൂതന്‍വീല്‍

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26
ഇബ്‌നു ഇസ്ഹാക്വ് പറയുന്നു: ''നബി ﷺ  ഇങ്ങനെ പറഞ്ഞതായി ചില പണ്ഡിതന്മാര്‍ എന്നെ അറിയിച്ചിരിക്കുന്നു: 'ക്വുറൈശി സമൂഹമേ, അനിസ്‌ലാമിക കാലത്തെ അഖില അഹന്തകളും കുലമഹിമകളും അല്ലാഹു നിങ്ങളില്‍ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു. മനുഷ്യരൊക്കെയും ആദമില്‍ നിന്ന് ആദമോ മണ്ണില്‍ നിന്നും.' പിന്നീട് അവിടുന്ന് പരിശുദ്ധ ക്വുര്‍ആനിലെ ഈ സൂക്തം പാരായണം ചെയ്തു: 'ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു (ക്വുര്‍ആന്‍ 49: 13)''

ജനങ്ങള്‍ക്കിടയില്‍ ആഭിജാത്യത്തിന്റെയോ തറവാടിന്റെയോ തൊലിവര്‍ണത്തിന്റെയോ ദേശ, ഭാഷ, വേഷങ്ങളുടെയോ മറ്റോ പേരില്‍ ഉച്ചനീചത്വം കല്‍പിക്കാവതല്ല. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താനങ്ങളുമാണ്. എന്നാല്‍ മനുഷ്യരില്‍ വ്യത്യസ്ത ഗോത്രങ്ങളും വര്‍ഗങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനം ഉല്‍കൃഷ്ടതയോ നികൃഷ്ടതയോ അല്ല. മനുഷ്യര്‍ പരസ്പരംതിരിച്ചറിയാനുള്ള സ്രഷ്ടാവിന്റെ സംവിധാനമാണത്. അതേസമയം മനുഷ്യര്‍ക്കിടയില്‍ അല്ലാഹുവിന്റെയടുക്കല്‍ ഉയര്‍ന്നവരും താഴ്ന്നവരുമുണ്ട്. അതിന്റെ മാനദണ്ഡം തക്വ്‌വയാണ്. അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് തെറ്റുകള്‍ വെടിഞ്ഞ് സൂക്ഷ്മത കാണിച്ച് ജീവിക്കലാണ് തക്വ്‌വ. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ച് സൂക്ഷ്മതയോടെ ജീവിക്കുന്നവര്‍ അല്ലാഹുവിന്റെയടുക്കല്‍ ഉന്നതരാണ്; അധര്‍മകാരികള്‍ അധമരും.  

ലിംഗം, വര്‍ണം, വര്‍ഗം, ഭാഷ, ദേശം, കുലം, കോലം തുടങ്ങിയവയൊന്നും ഒരാളും സ്വയം തിരഞ്ഞെടുക്കുന്നതല്ല. ആര്‍ക്കും അതിന് സാധ്യവുമല്ല. അതെല്ലാം സ്രഷ്ടാവ് തീരുമാനിക്കുന്നതാണ്. അതുകൊണ്ട് അവയുടെ പേരിലൊന്നും മഹത്ത്വവും മഹത്ത്വമില്ലായ്മയും തീരുമാനിച്ചുകൂടാ. എന്നാല്‍ വ്യക്തികള്‍ക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. വിശ്വാസം, ജീവിതവീക്ഷണം, സ്വഭാവം, പെരുമാറ്റം, പ്രവര്‍ത്തനങ്ങള്‍ പോലുള്ളവ. അവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഉല്‍കൃഷ്ടത തീരുമാനിക്കേണ്ടത്.

പ്രവാചകന്റെ വിഖ്യാതമായ ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ''നിങ്ങളുടെയൊക്കെ ദൈവം ഒന്ന്. പിതാവ് ഒന്ന്. എല്ലാവരും ആദമില്‍ നിന്ന.് ആദമോ മണ്ണില്‍ നിന്നും. അറബിക്ക് അനറബിയെക്കാള്‍ ഒട്ടും ശ്രേഷ്ഠതയില്ല; വെളുത്തവന് കറുത്തവനെക്കാളും; ജീവിതത്തില്‍ പാലിക്കപ്പെടുന്ന സൂക്ഷ്മതയിലൂടെയല്ലാതെ.''

തനിക്കു ലഭിച്ച അധികാരത്തിന്റെയും സമ്പത്തിന്റെയും പേരില്‍ ഗര്‍വ് നടിച്ച നംറൂദിന്റെയും ഫിര്‍ഔനിന്റെയുമൊക്കെ പതനത്തിന് പിന്നില്‍ അതിരുകടന്ന അഹന്തയും അഹങ്കാരവുമായിരുന്നുവെന്നത് ചരിത്രപാഠങ്ങളാണ്. 'ജനങ്ങളെ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ഞാനാണെന്ന' വാദത്തിലേക്ക് നംറൂദിന്റെ അഹങ്കാരം വളര്‍ന്നുവെങ്കില്‍ തന്റെ കൊട്ടാരത്തില്‍ വളര്‍ന്നു വലുതായ ഒരാള്‍ പ്രവാചകനായി നിയുക്തനായത് അംഗീകരിക്കാനാവാതെ അഹന്ത നടിക്കുകയായിരുന്നു ഫിര്‍ഔന്‍. ''അവനും അവന്റെ സൈന്യങ്ങളും ഭൂമിയില്‍ അന്യായമായി അഹങ്കരിക്കുകയും നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ വിചാരിക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 28:39).

ക്വാറൂനിനും ഞാനെന്ന ഭാവം തന്നെയാണ് വിനയായത്. ''ക്വാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്...'' (ക്വുര്‍ആന്‍ 28:78).

പലതിന്റെ പേരിലും ഉച്ചനീചത്വം ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാം അത്തരം ചിന്തയുടെ തന്നെ വേരറുത്ത മതമാണ്.