എന്നെന്നും ബാക്കിയാകുന്നത്

അബൂതന്‍വീല്‍

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; പ്രവാചകന്‍ ﷺ  പറഞ്ഞു: ''ഒരു മനുഷ്യന്റെയും അവന്റെ സമ്പത്ത്, കുടുംബം, കര്‍മങ്ങള്‍ എന്നിവയുടെയും ഉപമ മൂന്ന് കൂട്ടുകാരുള്ള/സഹോദരന്മാരുള്ള ഒരാളെപ്പോലെയാണ്. അവരില്‍ ഒരാള്‍ പറഞ്ഞു: 'ഞാന്‍ നിന്റെ ജീവിതകാലത്ത് നിന്റെ കൂടെയുണ്ടാകും. എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ്വ ബന്ധങ്ങളും അറ്റുപോകുന്നതാണ്.' രണ്ടാമന്‍ പറഞ്ഞു: 'ഞാനും നിന്നോടൊപ്പമുണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപമെത്തിയാല്‍ പിന്നെ ഞാനും നീയും തമ്മില്‍ യാതൊരു ബന്ധവുമില്ല.' മൂന്നാമന്‍ പറഞ്ഞു: 'ഞാന്‍ സദാ നിന്റെ കൂടെത്തന്നെയുണ്ടാകും, നീ ജീവിച്ചാലും മരിച്ചാലും.''

ഐഹിക ജീവിതത്തില്‍ മനുഷ്യന്‍ വല്ലാതെ ആഗ്രഹിക്കുന്നതാണ്  സമ്പത്തും കുടുംബവും. എന്നാല്‍ അവ രണ്ടും നിര്‍ണിതമായ ഒരു സമയംവരെ മാത്രമെ നമ്മോടൊന്നിച്ച് ഉണ്ടാവുകയുള്ളൂ. ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമ്പത്ത് അനിവാര്യമാണ്. ദാരിദ്ര്യവും കഷ്ടപ്പാടുകളും ജീവിതത്തെ അസ്വസ്ഥവും പ്രയാസപൂര്‍ണവുമാക്കും.

സാമൂഹ്യജീവിയായ മനുഷ്യന് വിലയേറിയ സമ്പത്ത് തന്നെയാണ് കുടുംബവും. ജനനം മുതല്‍ മരണം വരെ അവന്റെ ജീവിതത്തിന്റെ ഓരോ സന്ദര്‍ഭത്തിലും വ്യക്തിയുടെ കൂടെ അവന്റെ കുടുംബമുണ്ട്, ഉണ്ടാകണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. കുടംബത്തിന്റെ താങ്ങും തണലുമാണ് ജീവിതത്തെ ശോഭനവും സമാധാനമുള്ളതും ആക്കിത്തീര്‍ക്കുന്നത്.

ജീവിതാന്ത്യത്തോടെ കുടുംബത്തിന്റെ കൂട്ടും സഹവാസവും അവസാനിക്കുന്നു. ഐഹിക ജീവിതത്തില്‍ നാം സമ്പാദിച്ചു കൂട്ടിയ വിഭവങ്ങള്‍ നമ്മോടൊന്നിച്ച് ക്വബ്‌റിലേക്ക് എത്തുകയില്ല. എന്നാല്‍ കര്‍മങ്ങള്‍ കൂടെത്തന്നെയുണ്ടാകും, നമ്മെ വിട്ടുപിരിയാതെ.

അബ്ദുല്ലാഹിബ്‌നു അബൂബക്കര്‍(റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: പ്രവചാകന്‍ ﷺ  പറഞ്ഞു: ''മരണപ്പെട്ട ഒരു വ്യക്തിയോടൊപ്പം മൂന്ന് കാര്യങ്ങള്‍ അനുഗമിക്കുന്നതാണ്. കുടുംബം, സമ്പത്ത്, കര്‍മങ്ങള്‍. പിന്നീട് അവയില്‍ രണ്ടെണ്ണം തിരിച്ചുപോരും; കുടുംബവും സമ്പത്തും. കര്‍മങ്ങള്‍ അവനൊടൊപ്പം ബാക്കിയാവും.''

പരലോകരക്ഷ പ്രതീക്ഷിച്ചുകൊണ്ട് ചെയ്താല്‍ മാത്രമെ കര്‍മങ്ങള്‍ ഉപകാരപ്പെടുകയുള്ളൂ. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ഒരു പ്രവര്‍ത്തനവും അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യമാവുകയില്ല. പരലോകത്തെ കളവാക്കുന്നവന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മിനുസമുള്ള പാറമേലുള്ളമണ്ണ് പോലെയായിരിക്കുമെന്ന് പ്രവാചകന്‍ ﷺ  നമ്മെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഒരു കാറ്റടിച്ചാല്‍ ആ പാറയില്‍ ഒരു തരിമണ്ണ് പോലും ബാക്കിയാവില്ല.

പരലോകം ആഗ്രഹിക്കാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രകടനപരതയില്‍ നിന്നല്ലാതെ ഉണ്ടാവുകയില്ലല്ലോ. അത്തരത്തില്‍ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വന്തത്തെ തന്നെയാണ് വഞ്ചിക്കുന്നത്. അല്ലാഹുവിന്റെയടുക്കല്‍ അന്നേദിനം അവരുടെ കര്‍മരേഖ ശൂന്യമായിരിക്കും. റബ്ബിന്റെ കാരുണ്യവും പ്രതിഫലവും അന്നാളില്‍ അവര്‍ക്ക് തടയപ്പെടും.

പ്രവാചകന്‍ ﷺ  പറഞ്ഞു: 'നിങ്ങള്‍ക്ക് ഞാനേറ്റവും കൂടുതല്‍ ഭയക്കുന്നത് ചെറിയ ശിര്‍ക്കിനെയാണ്.' ഒരാള്‍ ചോദിച്ചു: 'ചെറിയ ശിര്‍ക്ക് എന്താണ്?' പ്രവാചകന്‍ ﷺ  പറഞ്ഞു: 'ജനങ്ങള്‍ക്കുവേണ്ടി കര്‍മങ്ങളനുഷ്ഠിക്കലാണത്. അന്ത്യനാളില്‍ അത്തരക്കാരോട് അല്ലാഹു പറയും: ആര്‍ക്ക് വേണ്ടിയാണോ ഐഹികലോകത്ത് നിങ്ങള്‍ കര്‍മങ്ങള്‍ ചെയ്തത്, അവരോട് തന്നെ ചോദിക്കൂ നിങ്ങളുടെ പ്രതിഫലം' (അഹ്മദ്)

എന്നും കൂട്ടായി സല്‍കര്‍മങ്ങളേ ഉണ്ടാകൂ. അതിനാല്‍ സല്‍കര്‍മങ്ങളില്‍ മുന്നേറാന്‍ മത്സരിക്കുക.