കാര്‍ഷികവൃത്തിയുടെ മഹത്ത്വം

അബൂഫായിദ

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04
ജാബിര്‍(റ) നബിﷺ പറഞ്ഞതായി ഉദ്ധരിക്കുന്നു: ''വല്ല മുസ്‌ലിമും ഒരു സസ്യം നട്ടുപിടിപ്പിച്ചാല്‍ അതില്‍നിന്ന് എന്ത് ഉപകാരമാണോ ലഭിക്കുന്നത് അത് അവന് ഒരു ധര്‍മമാണ്. അതില്‍നിന്ന് മോഷ്ടിക്കപ്പെട്ടാലും അത് അവന് ഒരു ധര്‍മമാണ്. ഹിംസ്ര ജന്തു അതില്‍നിന്ന് തിന്നതും അവന് ധര്‍മമാണ്. പക്ഷി തിന്നതും അവന് ധര്‍മം തന്നെ. അതില്‍നിന്ന് ആര് ഉപയോഗിച്ച് കുറവ് വരുത്തിയാലും അത് അവന് ധര്‍മം ആകാതിരിക്കില്ല'' (മുസ്‌ലിം)

ഏതൊരു ജീവിയുടെയും നിനില്‍പിന് അത്യന്താപേക്ഷിതമായ കാര്യങ്ങളില്‍ ഒന്നാണ് വിശപ്പടക്കാനുള്ള ആഹാരം. മനുഷ്യന്റെ ആഹാരത്തില്‍ മുഖ്യമായിട്ടുള്ളത് കായ്കനികളും ധാന്യങ്ങളുമാണ്. അവ ആവശ്യാനുസൃതം ലഭ്യമാകണമെങ്കില്‍ ഫലവൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിക്കുകയും ധാന്യങ്ങള്‍ കൃഷിചെയ്ത് ഉണ്ടാക്കുകയും ചെയ്യണം. പ്രസ്തുത സേവനം ചെയ്യുന്നവന്‍ തനിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഏറെ വലിയ സേവനമാണ് ചെയ്യുന്നത്. അത്‌കൊണ്ടുതന്നെ കൃഷിയെ ഉല്‍കൃഷ്ടമായ തൊഴിലായി ഇസ്‌ലാം കാണുന്നു. 

കൃഷി ഉത്തമ തൊഴിലാകാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കര്‍ഷകന്റെ അര്‍പ്പണബോധം തന്നെ. ഒരു സത്യവിശ്വാസി അല്ലാഹുവില്‍ പൂര്‍ണമായി അര്‍പ്പണം നടത്തിക്കൊണ്ടാണ് മണ്ണില്‍ കൃഷിചെയ്യുന്നത്. ആ പരിശ്രമം വിജയിക്കണമെങ്കില്‍ അല്ലാഹുവിന്റെ സഹായം കൂടിയേ തീരൂ. വിത്ത് മുളപ്പിക്കാനും കായ്കനികള്‍ ഉല്‍പാദിപ്പിക്കുവാനും അല്ലാഹുവിനേ കഴിയൂ. 

''എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?'' (ക്വുര്‍ആന്‍ 56:63,64).

കാര്‍ഷികവൃത്തിയുടെ ഫലം മറ്റു മനുഷ്യര്‍ക്കും ഇതര ജീവികള്‍ക്കും കൂടി പ്രയോജനമാകുന്നു എന്നതാണ് രണ്ടാമത്തെ കാരണം.

കാര്‍ഷിക പ്രവര്‍ത്തനം മനുഷ്യനെ കര്‍മോല്‍സുകനും വിനയശീലനുമാക്കും. തന്റെയും കുടുംബത്തിന്റെയും ഉപജീവന ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാന്‍ ഇടവരാത്തവിധം അവനെ അത് അല്ലാഹുവിന്റെ കാരുണ്യത്താല്‍ ധന്യമാക്കുകയും ചെയ്യുന്നു. തന്റെ അറിവോടെയോ അല്ലാതെയോ അതില്‍നിന്ന് മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ഭക്ഷിച്ചാലും അവര്‍ക്ക് അത് ദാനം ചെയ്ത പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു!

ഒരാള്‍ ഒരു മാവ് അല്ലെങ്കില്‍ പ്ലാവ് നട്ടുപിടിപ്പിച്ചു എന്നിരിക്കട്ടെ. അതില്‍ ഫലങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്തെല്ലാം അത് ഏത് ജീവി ഉപയോഗിച്ചാലും അവന് പ്രതിഫലം ലഭിക്കുന്നു. ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയാലും ദാനത്തിന്റെ പ്രതിഫലം കരുണാവാരിധിയായ അല്ലാഹു നല്‍കുന്നു. ആ ഫലവൃക്ഷങ്ങള്‍ ലോകാവസാനം വരെ നില നില്‍ക്കുകയാണെങ്കില്‍ പ്രതിഫലവും ലഭിച്ചുകൊണ്ടേയിരിക്കും! 

അലസനായി കയ്യും കെട്ടിയിരുന്നാല്‍ അന്നം മനുഷ്യനെ തേടിവരില്ല. തന്റെ കഴിവും ആരോഗ്യവും ഉപയോഗിച്ച് ഭൂമിയില്‍ അവന്‍ അധ്വാനിക്കണം. നിലമൊരുക്കി വിത്തിറക്കുക, വെള്ളവും വളവും നല്‍കി സംരക്ഷിക്കുക തുടങ്ങി പ്രാഥമികമായ എല്ലാ പ്രവൃത്തികളും ആസൂത്രിതമായും ശാസ്ത്രീയമായം നിര്‍വഹിക്കണം. അതോടൊപ്പം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ശരിയായ ഫലപ്രാപ്തിക്കു വേണ്ടി പ്രാര്‍ഥിക്കുകയും വേണം.