ഈ ഗുണം നമ്മിലുണ്ടോ?

അബൂതന്‍വീല്‍

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12
നവാസ്ബ്‌നു സംആനി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യോട് ചോദിക്കപ്പെട്ടു: ''നന്മയും തിന്മയും എന്നാല്‍ എന്താണ് പ്രവാചകരേ?'' നബി ﷺ മറുപടി പറഞ്ഞു: ''നന്മയെന്നാല്‍ സ്വല്‍സ്വഭാവമാകുന്നു. തിന്മയെന്നാല്‍, നിന്റെ മനസ്സില്‍ ചൊറിച്ചിലുണ്ടാക്കുന്നതും ജനങ്ങള്‍ അറിയുന്നതിനെ നീ വെറുക്കുകയും ചെയ്യുന്ന കാര്യമെന്താണോ അതത്രെ'' (മുസ്‌ലിം 2553).

പകയും വിദ്വേഷവും നിറഞ്ഞൊഴുകുന്ന മനസ്സുകളാണ് നമുക്കു ചുറ്റുമിന്ന് അധികമുള്ളത്. മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും സംഘടനയുടെയും പാര്‍ട്ടിയുടെയും തുടങ്ങി പലതിന്റെ പേരിലും -എത്ര ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നതിനിടയിലും- മാനസികമായ ഒരു അകല്‍ച്ച കാണിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

മനുഷ്യര്‍ക്കിടയില്‍ പരസ്പര സ്‌നേഹവും ഐക്യവുമുണ്ടാക്കുന്നതില്‍ സല്‍സ്വഭാവത്തിന് മുഖ്യമായ പങ്കുണ്ട്. പ്രവാചകന്‍ ﷺ പറഞ്ഞു:

''എവിടെയായിരുന്നാലും നീ അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മചെയ്തുവെങ്കില്‍ അതിനെ മായ്ച്ചു കളയുന്ന നന്മകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുക. ജനങ്ങളുമായി സല്‍സ്വഭാവത്തില്‍ വര്‍ത്തിക്കുക'' (തുര്‍മുദി).

''നിശ്ചയം അന്ത്യനാളില്‍ ഞാനുമായി അടുത്ത് ഇരിപ്പിടം ലഭിക്കുന്നവര്‍ നിങ്ങളിലെ സല്‍സ്വഭാവക്കാരാണ്''  (അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍).

അസംതൃപ്തിയും മുറുമുറുപ്പുകളുമാണിന്ന് എവിടെയും. തൊഴില്‍ മേഖലകളില്‍ മേലുദ്യോഗസ്ഥരുടെയോ മുതലാളിമാരുടെയോ സ്വഭാവ ദൂഷ്യത്തിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നവരേറെയുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നും ഉള്ളവനെന്നും ഇല്ലാത്തവനെന്നുമൊക്കെയുള്ള വേര്‍തിരുവുകള്‍ കാരണം പ്രയാസമനുഭവിക്കുന്നവരും കുറവല്ല.

തന്റെ സ്വഭാവത്തിലെ വീഴ്ചകള്‍ ഉണര്‍ത്തുന്നത് പോലും പലര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങള്‍ മാത്രമല്ല കുടുംബ ബന്ധങ്ങള്‍ പോലും തകരാന്‍ ഒരു നിമിഷത്തെ പെരുമാറ്റ ദൂഷ്യം മതിയാകും.

സത്യവിശ്വാസികളുടെ ഗുണഗണങ്ങള്‍ പറഞ്ഞേടത്ത് അല്ലാഹു വിശേഷിപ്പിക്കുന്ന ഒരു ഗുണം 'അവര്‍ ദേഷ്യത്തെ അടക്കി നിര്‍ത്തുന്നവരും ജനങ്ങള്‍ക്ക് വിടുതി നല്‍കുന്നവരുമാകുന്നു' (ആലുഇംറാന്‍ 134) എന്നാണ്.

'അന്ത്യനാളില്‍ സത്യവിശ്വാസിയുടെ തുലാസില്‍ ഏറ്റവും കനം തൂങ്ങുന്നത് സല്‍സ്വഭാവമാണ്' എന്ന പ്രവാചക വചനം നാം ഇവിടെ ചേര്‍ത്തു വായിക്കണം.

മനുഷ്യന്റെ അടിസ്ഥാന വളര്‍ച്ചയില്‍ കൂടെ പരിപാലിച്ചു പോരേണ്ട സന്മാര്‍ഗനിഷ്ഠയും ധാര്‍മിക ബോധവും സത്യസന്ധതയും പരസ്പര ബഹുമാനവും സാഹോദര്യവുമൊക്കെ  ഭൗതികതയുടെ 'ആര്‍ത്തിയില്‍' അലിഞ്ഞില്ലാതെയായിരിക്കുന്നു ഇന്ന്.

ഒരിക്കല്‍ പ്രവാചകന്‍ ﷺ അബൂഹുറയ്‌റ(റ)യോട് പറഞ്ഞു: ''ഹേ, അബൂഹുറയ്‌റാ! നീ സല്‍സ്വഭാവം കാത്തുസൂക്ഷിക്കുക.'' അദ്ദേഹം ചോദിച്ചു: ''സല്‍സ്വഭാവമെന്നാല്‍ എന്താണ്?'' പ്രവാചകന്‍ ﷺ പ്രതിവചിച്ചു: ''ബന്ധവിഛേദനം നടത്തിയവനുമായി നീ ബന്ധം സ്ഥാപിക്കുക, നിന്നെ ദ്രോഹിച്ചവനോട് വിട്ടുവീഴ്ച ചെയ്യുക, നിനക്ക് ഉപകാരം നല്‍കാത്തവനും നീ നല്‍കിക്കൊണ്ടിരിക്കുക.''

ഇതര നാടുകൡലെ ഭരണാധികാരികളെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകന്‍ ﷺ സന്ദേശം അയച്ച കൂട്ടത്തില്‍ യമാമയിലെ ഭരണാധികാരിയായ സുമാമത് ഇബ്‌നു ഉസാലിനും സന്ദേശം അയച്ചു. അദ്ദേഹം അത് കീറിക്കളയുകയാണുണ്ടായത്. ആ സുമാമ ഒരിക്കല്‍ പിടിക്കപ്പെടുകയും മദീനയിലെ പള്ളിയുടെ ഒരു തൂണില്‍ ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്തു. പ്രവാചകന്‍ ﷺ സുമാമയോട് ഇസ്‌ലാം സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ചോദിച്ചു. 'മുഹമ്മദ്! പ്രതികാരത്തിനു സാധിക്കുന്ന എന്നെ താങ്കള്‍ക്കു വേണമെങ്കില്‍ വധിക്കാം, അതല്ല എന്നെ വെറുതെവിടുകയാണെങ്കില്‍ താങ്കള്‍ക്കെന്നെ നന്ദിയുള്ളവനായി കാണാം' എന്നായിരുന്നു സുമാമയുടെ മറുപടി. രണ്ടുദിവസം ഈ ചോദ്യവും ഉത്തരവും ആവര്‍ത്തിച്ചു.  മൂന്നാം ദിവസവും സുമാമ ഈ മറുപടി ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തെ വെറുതെ വിടാന്‍ നബി ﷺ കല്‍പിച്ചു. വിട്ടയച്ച ഉടന്‍ സുമാമ കുളിച്ചു ശുദ്ധിവരുത്തി പ്രവാചക സന്നിദ്ധയിലെത്തി ഇസ്‌ലാം സ്വീകരിച്ചു കൊണ്ട് പറഞ്ഞു: 'മുഹമ്മദേ; ഇതുവരെ എനിക്ക് ഏറ്റവും കോപമുളവാക്കുന്ന മുഖം താങ്കളുടെ മുഖമായിരുന്നു. എന്നാല്‍ ഇന്നെനിക്ക് താങ്കളുടെ മുഖം ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. ഇതുവരെ എനിക്കേറ്റവും വെറുപ്പുള്ള മതം താങ്കളുടെ മതമായിരുന്നു. എന്നാലിന്ന് ഞാനേറെ ഇഷ്ടപ്പെടുന്ന മതം താങ്കളുടെ മതമായി മാറിയിരിക്കുന്നു. ഇന്നുവരെ ഞാനേറ്റവും വെറുക്കുന്ന നാട് താങ്കളുടെ നാടായിരുന്നു. എന്നാല്‍ ഇന്ന് ഞാനേറെ സ്‌നേഹിക്കുന്ന നാട് താങ്കളുടെ നാടായി മാറിയിരിക്കുന്നു.'

ഇസ്‌ലാമിനോടും പ്രവാചകനോടും വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തിയിരുന്ന സുമാമയോടുള്ള പ്രവാചകന്‍ ﷺ യുടെ സൗമ്യമായ പെരുമാറ്റമാണ് അദ്ദേഹത്തെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഈ സംഭവം പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വലിയ ഗുണപാഠമാണ് നല്‍കുന്നത്. നല്ല പെരുമാറ്റത്തിലൂടെയും ഗുണകാംക്ഷാനിര്‍ഭരമായ സമീപനത്തിലൂടെയും ശത്രുക്കളെ മിത്രങ്ങളാക്കാന്‍ കഴിയുമെന്നതിന് ചരിത്രത്തില്‍ നിന്നും ഏറെ സംഭവങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും.

തിന്മ എന്നാല്‍ എന്താണ് എന്നതിന്റെ കൃത്യമായ നിര്‍വചനം നബി ﷺ നല്‍കിയത് ശ്രദ്ധിക്കുക. അത് ചെയ്തു കഴിഞ്ഞാല്‍ മനസ്സ് അസ്വസ്ഥമാകും. മനസ്സില്‍ അത് ചൊറിച്ചിലുണ്ടാക്കും. ചെയ്യുമ്പോള്‍ ആരും അറിയരുതേ എന്ന് ആഗ്രഹിക്കും. ആളുകള്‍ അറിയുന്നത് തന്റെ അഭിമാനത്തെ ബാധിക്കുമെന്ന് തിന്മ ചെയ്യുന്നവന്‍ ഭയക്കും. അങ്ങനെയുള്ള തിന്മകള്‍; അത് ചെറുതോ വലുതോ ആകട്ടെ പാടെ വര്‍ജിക്കുവാന്‍ സത്യവിശ്വാസിക്ക് സാധിക്കണം.