യുക്തിവാദത്തിന്റെ മുനയൊടിച്ച പണ്ഡിതന്‍

മുബാറക്ബിന്‍  ഉമര്‍

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

മലയാളക്കരയില്‍ മതരംഗത്ത് 'നിരീശ്വരവാദവും ഇസ്‌ലാമും' ചര്‍ച്ച സജീവമായ സന്ദര്‍ഭം 1980കളുടെ ആരംഭത്തിലുണ്ടായത് പലരും ഓര്‍ക്കുന്നുണ്ടാകും. 'ക്വുര്‍ആന്‍ ഒരു വിമര്‍ശനപഠനം' എന്നപേരിലുള്ള ഇടമറുകിന്റെ ഒരു പുസ്തകം 1982ല്‍ പുറത്തിറങ്ങിയതാണ് അതിന് വഴിമരുന്നായത്. യേശുക്രിസ്തുവും ശ്രീകൃഷ്ണനുമൊന്നും ജീവിച്ചിരുന്നവരല്ല എന്ന് വാദിച്ചുകൊണ്ട് യുക്തിവാദിനേതാവും എഴുത്തുകാരനുമായിരുന്ന ഇടമറുക് ക്രൈസ്തവതയെയും ഹൈന്ദവതയെയും കടന്നാക്രമിച്ചുകൊണ്ട് പുസ്തകമിറക്കിയതിനു പിറകെയാണ് ഇസ്‌ലാമിനെതിരെ തിരിഞ്ഞത്. സൃഷ്ടിയുണ്ടെങ്കില്‍ സ്രഷ്ടാവ് അനിവാര്യമാണെന്നതാണ് യുക്തി. സ്രഷ്ടാവില്ല എന്നത് യുക്തിവാദമല്ല, നിരീശ്വരവാദമാണ്. ഏതായിരുന്നാലും കുയുക്തിവാദികള്‍ മതങ്ങള്‍ക്കെതിരെ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. ക്വുര്‍ആനെതിരെ പലതരത്തിലുള്ള യുക്തിവാദങ്ങളുമവതരിപ്പിച്ച ഉപരിസൂചിത പുസ്തകത്തിന് അറബി ഭാഷാപരമായ വിഷയങ്ങളില്‍ സഹായം നല്‍കിയത് ചില 'മാപ്പിള' അറബി അധ്യാപകരായിരുന്നു. നിരീശ്വരവാദികളുടെ വാദങ്ങളുടെ നിരര്‍ഥകതയും അടിസ്ഥാനരാഹിത്യവും വിശദികരിച്ചുകൊണ്ട് വിവിധ മതസംഘടനകളുടെ വക്താക്കള്‍ രംഗത്ത് വരികയുണ്ടായി. ആ കൂട്ടത്തില്‍ നാവുകൊണ്ടും തൂലികകൊണ്ടും ഏറ്റവും തിളങ്ങിനിന്ന പ്രതിഭയായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി.

നിരീശ്വര വാദികളുടെ വാദങ്ങളുടെ മുനയൊടിച്ചു കൊണ്ട് മദനി കേരളത്തിലങ്ങോളമിങ്ങോളം സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് വൈജ്ഞാനികസമ്പുഷ്ടമായ തന്റെ പ്രഭാഷണങ്ങളുമായി ഓടിനടന്ന കാലമായിരുന്നു അത്. ഇസ്വ്‌ലാഹി രംഗത്ത് മാത്രം അറിയപ്പെട്ടിരുന്ന 'ചെറിയമുണ്ടം' മലയാളക്കരയിലൊന്നാകെ പ്രസിദ്ധനായി. അന്നത്തെ ഒരു സംഭവം മാത്രം ഇവിടെ കുറിക്കട്ടെ: മലപ്പുറം ജില്ലയിലെ മമ്പാട് എന്ന പ്രദേശത്ത് സുന്നികള്‍ക്കും മുജാഹിദുകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും ജുമുഅ മസ്ജിദുകളുണ്ടായിരുന്നു. വിദ്യാസമ്പന്നരായ ചില 'മാപ്പിള'ബിരുദധാരികളും യുവാക്കളും (മുസ്‌ലിം എന്നത് ശരിയല്ലല്ലോ) നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ പരസ്യമായി സംഘടിതരായി രംഗത്ത് വന്നു. അവര്‍ യുവാക്കളെ വരുതിയിലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. സുന്നി-മുജാഹിദ്-ജമാഅത്ത് കമ്മിറ്റികള്‍ സംയുക്തമായി പൊതുശത്രുവിനെതിരെ സംഘടിച്ചു. എന്താണ് കുയുക്തിവാദികളുടെ ആരോപണങ്ങള്‍? എന്താണ് അവയുടെ സത്യാവസ്ഥ? ക്വുര്‍ആനെതിരില്‍ അവരുന്നയിക്കുന്ന വാദങ്ങളുടെ നിജസ്ഥിതിയെന്ത്? ഇതൊക്കെ വിശദീകരിച്ചുകൊണ്ട് സമഗ്രമായ ഒരു പ്രഭാഷണം സംയുക്തമായി നടത്തണം. മൂന്നുകൂട്ടരും കൂടി ഐകകണ്‌ഠേന തീരുമാനിച്ചത് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയെ ക്ഷണിക്കാമെന്നായിരുന്നു. അങ്ങനെ മദനി വന്നു. സുന്നീപള്ളിയില്‍ വെച്ചായിരുന്നു പ്രഭാഷണം. മമ്പാട്ടുകാര്‍ എല്ലാവരും ശ്രോതാക്കളായെത്തി. മദനി മൂന്നരമണിക്കൂര്‍ ശാന്തഗംഭീരമായി പ്രസംഗിച്ചു. എല്ലാവര്‍ക്കും തൃപ്തിയായി. നിരീശ്വരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ വളവന്നൂരിനടുത്തുള്ള ചെറിയമുണ്ടത്ത് മുത്താണിക്കാട്ട് ഹൈദര്‍മുസ്‌ല്യാര്‍-ആയിശുമ്മ ദമ്പതികളുടെ മകനായി 1944 സെപ്തംബര്‍ 8ന് അബ്ദുല്‍ ഹമീദ് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പറവന്നൂര്‍, ചെറിയമുണ്ടം, പൂക്കയില്‍, തലക്കടത്തൂര്‍, കോരങ്ങത്ത്, നടുവിലങ്ങാടി, പൊങ്കുണ്ടം, വളവന്നൂര്‍, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിലെ ദര്‍സുകളില്‍ പഠനം നടത്തി. പിന്നീട് അഴീക്കോട് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ അറബിക്കോളേജിലും ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മദീനത്തുല്‍ ഉലൂമിലും വളവന്നൂര്‍ അന്‍സാര്‍ അറബിക്കോളേജിലും അധ്യാപകനായി ജോലി ചെയ്തു. അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യം ഗ്രന്ഥരചനയിലേക്കും പരിഭാഷയിലേക്കും നയിച്ചു. തിരൂര്‍ ഇന്‍ഡോ അറബ് ബുക്സ്റ്റാളിന്റെ മേല്‍വിലാസത്തില്‍ മദനി പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. അറബിഭാഷാ പഠനസഹായി, അറേബ്യന്‍ ഗള്‍ഫിലെ സംസാര ഭാഷ എന്നിവ അക്കാലത്ത് രചിച്ച പുസ്തകങ്ങളാണ്. ലോകപ്രസിദ്ധ ഹദീഥ് സമാഹാര ഗ്രന്ഥമായ ബുലൂഗുല്‍മറാം മദനി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി 1972ല്‍ പ്രസിദ്ധീകരിച്ചു. അല്‍ഹിന്ദുകാരാണ് ആദ്യം പ്രസാധനം ചെയ്തതെന്നാണ് ഓര്‍മ.

1971ല്‍ തിരൂരില്‍ ടി.കെ. മുഹ്‌യിദ്ദീന്‍ ഉമരിയുടെ നേതൃത്വത്തില്‍ ഈദ് നമസ്‌കാരംനടന്നു. തിരൂര്‍ പ്രദേശത്തെ മുജാഹിദ് പ്രവര്‍ത്തകരായിരുന്നു സംഘാടകര്‍. നമസ്‌കാരത്തിനു ശേഷം ഉമരി പ്രവര്‍ത്തകരുമായി സംസാരിച്ചു. 'ഇത്രയും പ്രവര്‍ത്തകരുള്ള സ്ഥിതിക്ക് നിങ്ങള്‍ക്കൊരു ജുമുഅ തുടങ്ങാമല്ലോ' എന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ അത് നടപ്പാക്കി. പയ്യനങ്ങാടി പള്ളിയില്‍ ജുമുഅ ആരംഭിച്ചു. ഏഴുത്തും പഠനവുമായി ഏര്‍പെട്ടിരുന്ന ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയെ അവര്‍ക്കറിയാമായിരുന്നു. നിറമരുതൂരിലെ കുഞ്ഞിബാവ മാസ്റ്റര്‍ മദനിയുടെ ഭാര്യാപിതാവായിരുന്നു. മദനിയും മാസ്റ്ററും കൂട്ടുകാരുമാണ് ഇന്‍ഡോ അറബ് ബുക്സ്റ്റാളും പ്രസ്സും നടത്തിവന്നിരുന്നത്. മദനിയുടെ പുസ്തക രചനയും പ്രസിദ്ധീകരണവും ഇന്‍ഡോ അറബ് ബുക്സ്റ്റാളുമായി ബന്ധപ്പെട്ടാണല്ലോ നടന്നിരുന്നത്. പ്രവര്‍ത്തകര്‍ മദനിയെ ഖുത്വുബ നടത്താന്‍ ക്ഷണിച്ചു; നിര്‍ബന്ധിച്ചു. അങ്ങനെ പയ്യനങ്ങാടി പള്ളിയില്‍ മദനി ഖത്വീബായി. ആ ഖുത്വുബകള്‍ കേള്‍ക്കാന്‍ ആളുകള്‍ പിന്നെയും വന്നെത്തി. അങ്ങനെയാണ് തിരൂരില്‍ സലഫീ പ്രസ്ഥാനം വേരുറക്കുന്നത്.

പിന്നീട് തിരൂര്‍ ബസ് സ്റ്റാന്റിനടുത്ത് മസ്ജിദുത്തൗഹീദ് സ്ഥാപിതമായി. 1994 മുതല്‍ മദനി അവിടെ ഖുത്വുബ നടത്താന്‍ തുടങ്ങി. മുക്കാല്‍ മണിക്കൂറും അതിലധികവുമൊക്കെ നീണ്ടുനില്‍ക്കുന്ന വൈജ്ഞാനിക പഠനക്ലാസുകളായിരുന്നു ആ ഖുത്വുബകള്‍. ആ വിജ്ഞാനത്തില്‍ നിന്ന് കോരിക്കുടിക്കാന്‍ ജനങ്ങള്‍ കുട്ടം കൂട്ടമായെത്തി. ഒന്നുരണ്ടു തവണ ആ ഖുത്വുബ കേള്‍ക്കാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്.

1979ല്‍ പുളിക്കല്‍ സമ്മേളനത്തോടെയാണ് മദനിയെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തകര്‍ നേരിട്ടറിയുന്നത്. നാലുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന മഹാസമ്മേളനം  വിശാലമായ പന്തലില്‍ നടത്താന്‍ തുടങ്ങിയത് പുളിക്കല്‍ സമ്മേളനത്തോടെയായിരുന്നു. ഗള്‍ഫുനാടുകളില്‍ നിന്നും മറ്റുമുള്ള പണ്ഡിത പ്രഗത്ഭര്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്ത മുജാഹിദ് സമ്മേളനവും അത് തന്നെയായിരുന്നു. വ്യത്യസ്ത നാടുകളിലെ അറബീ പണ്ഡിതര്‍ നടത്തിയ പല പ്രസംഗങ്ങളും മദനി പരിഭാഷപ്പെടുത്തി. സമ്മേളന കണ്‍വീനറും പഠനകാലത്തെ കൂട്ടുകാരനുമായിരുന്നു കെ.എസ്.കെ. തങ്ങളാണ് പ്രഗത്ഭനായ തന്റെ സുഹൃത്തിനെ പരിഭാഷക്ക് ചുമതലയേല്‍പിച്ചത്.

പില്‍ക്കാലത്ത് ശബാബിന്റെ പത്രാധിപരായി. കനപ്പെട്ട ലേഖനങ്ങള്‍ക്കു പുറമെ എഡിറ്റോറിയലും ചോദ്യോത്തര പംക്തിയും മദനി കൈകാര്യം ചെയ്തു. ചോദ്യങ്ങള്‍ക്ക് മദനി തയ്യാറാക്കിയിരുന്ന ഉത്തരങ്ങള്‍ വിവിധതരം വിജ്ഞാനങ്ങളാല്‍ വിഭവസമൃദ്ധമായി. ആധുനിക ശാസ്ത്രവിജ്ഞാനങ്ങള്‍, മനശ്ശാസ്ത്രം, സാമൂഹ്യവും ചരിത്രപരവുമായ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ക്വുര്‍ആനിന്റെയും ഹദീഥിന്റെയും വെളിച്ചത്തില്‍ സലഫീ മന്‍ഹജ് പിന്തുടര്‍ന്നു കൊണ്ട് തന്നെ മദനി മനോഹരമായി, ശക്തമായി എഴുതി. ചോദ്യോത്തര പംക്തി അമൂല്യവും അസാധാരണവുമായിരുന്നു. അവ സമാഹരിച്ച് പുസ്തകങ്ങളായി പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു.

2000നു ശേഷമുണ്ടായ നിര്‍ഭാഗ്യകരമായ ഭിന്നിപ്പിന്റെ ലക്ഷണങ്ങള്‍ കണ്ട് അതിനുള്ള പരിഹാരത്തിന്നായി ശ്രമം തുടങ്ങിയത് മദനിയായിരുന്നു. ചെമ്മാട്ടെ ഡോ. അബൂബക്കര്‍, കരുവള്ളി മൗലവി തുടങ്ങിയവരുടെ ഒരു മധ്യസ്ഥ സംഘത്തിന്റെ ശ്രമങ്ങളും മറ്റും ചരിത്രമാണ്. പില്‍ക്കാലത്തുണ്ടായ അഭിപ്രായഭിന്നതയിലും മദനി സലഫീ മന്‍ഹജില്‍ തന്നെ ഉറച്ചുനിന്നു. എങ്കിലും എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

മദനിയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഞാന്‍ ശബാബിലേക്കയച്ച ഒരു മാറ്ററും അദ്ദേഹം പ്രസിദ്ധീകരിക്കാതിരുന്നില്ല. ഞാന്‍ മദീനയിലും പില്‍കാലത്ത് യു.എ.ഇ.യിലും ആയിരുന്നപ്പോഴും ആ ബന്ധം തുടര്‍ന്നു. ലീവിന് നാട്ടില്‍ വന്നാല്‍ ഒരുതവണയെങ്കിലും പുത്തന്‍തെരുവില്‍ മദനിയുടെ വീട്ടിലെത്തി ദീര്‍ഘമായി സംസാരിച്ച് ഭക്ഷണം കഴിച്ച് ഞാന്‍ മടങ്ങും. പിന്നീട് ഉപ്പയുടെ ക്വുര്‍ആന്‍ പരിഭാഷയുടെ ജോലിയുമായി ബന്ധപ്പെട്ട് വല്ല സംശയമോ മറ്റൊ തീര്‍ക്കാന്‍ ഫോണില്‍ ബന്ധപ്പെടും. ഇതിനു പുറമെ കുടുംബപരമായ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. മദനിയുടെ മക്കളായ അമീനും നജീബും തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂളിനു തൊട്ടടുത്തുതാമസിച്ചിരുന്ന എന്റെ സഹോദരി ആമിനയുടെ വീട്ടിലായിരുന്നു അവര്‍. സഹോദരിയുടെ മക്കളുടെ സഹപാഠികളായിരുന്നു രണ്ടു മക്കളും. 

മദനിയുടെ രചനകളില്‍ ഏറ്റവും പ്രസിദ്ധമായത് ക്വുര്‍ആന്‍  പരിഭാഷ തന്നെ. മദനിയും എന്റെ ഗുരുനാഥനായ കുഞ്ഞി മുഹമ്മദ് പറപ്പൂറും (ഞാനും പി.എന്‍. അബ്ദുല്ലത്വീഫ് മദനിയും ഹുസയ്ന്‍ കക്കാടും ഇസ്മാഈല്‍ കുട്ടി മദനിയും പുളിക്കല്‍ പഠിക്കുന്ന കാലത്ത് പറപ്പൂര്‍ ഞങ്ങളുടെ ഉസ്താദായിരുന്നു.) ചേര്‍ന്ന് തയ്യാറാക്കിയ പരിഭാഷ കെ.പി. മുഹമ്മദ് മൗലവിയാണ്  പരിശോധിച്ചത്. കോട്ടക്കല്‍ ഇസ്‌ലാമിക് ലൈബ്രറിയില്‍ വെച്ച് രണ്ടുപേരും കൂടി പരിഭാഷ എഴുതിത്തയ്യാറാക്കുന്ന സന്ദര്‍ഭത്തില്‍ ഒരിക്കല്‍ അവിടെ എത്തിയത് ഞാനോര്‍ക്കുന്നു.

ജീവിതത്തില്‍ അദ്ദേഹത്തിന്റെ ലാളിത്യം തികച്ചും മാതൃകാപരമായിരുന്നു എന്നു പറയാതെവയ്യ. അറിയപ്പെട്ട പ്രഭാഷകനും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവും തികഞ്ഞ പണ്ഡിതനുമായിരുന്നു എന്ന് അദ്ദേഹത്തെ പരിചയപ്പെട്ട ആര്‍ക്കും വളരെ വേഗം ബോധ്യപ്പെടും. പതിഞ്ഞ സ്വരത്തില്‍ നാട്യങ്ങളൊന്നുമില്ലാതെ സാവകാശം സംസാരിക്കുന്ന മദനി തലയുയര്‍ത്താറില്ല; അധികവും തല താഴ്ത്തിയാണ് സംസാരം. എല്ലാ കാര്യങ്ങളെ സംബന്ധിച്ചുമുള്ള അദ്ദേഹത്തിന്റെ അറിവ് ആഴത്തിലുള്ളതായിരുന്നു. താന്‍ കഴിച്ചിരുന്ന മരുന്നുകളെ പറ്റി സംസാരിക്കുന്നത് കേട്ടാല്‍ നമ്മളാശ്ചര്യപ്പെട്ടുപോകും! മരുന്നുകളുടെ സൈഡ് ഇഫക്ടുകളെപ്പറ്റി, അനുകൂലവും പ്രതികൂലവുമായ അവയുടെ പ്രതികരണ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വിവരിക്കുന്നത് കേട്ടാല്‍, ഒരു ഡോക്ടറില്‍ നിന്ന് പോലും ഇത്രയും വിവരങ്ങള്‍ കിട്ടില്ല എന്നുതോന്നും!

അദ്ദേഹത്തിന്റെ പ്രഭാഷണ മികവ് ഒരിക്കല്‍ അനുഭവിച്ചവര്‍ മറക്കുകയില്ല. മദീനത്തുല്‍ ഉലൂമില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ മദനി നടത്തിയ പ്രഭാഷണത്തിലെ ചില വിവരങ്ങള്‍ ഞാനിപ്പോഴുമോര്‍ക്കുന്നു. പൊതുയോഗങ്ങളിലും ക്യാമ്പുകളിലും മറ്റുമായി അദ്ദേഹം ചെയ്ത പ്രസംഗങ്ങളെക്കാളേറെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് അവശേഷിക്കുക.

സുന്നികളുമായി കൊട്ടപ്പുറത്ത് നടത്തിയ വാദപ്രതിവാദം സ്മരിക്കാതെ വയ്യ. അന്ന് പണ്ഡിതന്മാര്‍ താമസിച്ചത് പുളിക്കല്‍ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വീടായ ദാറുല്‍ഫനായിലായിരുന്നു. റബ്ബല്ല എന്ന വിശ്വാസത്തില്‍ ആരെയും വിളിച്ച് തേടാം എന്ന് പറയാന്‍ കാന്തപുരം 'ധൈര്യം'കാണിച്ചത് അന്നായിരുന്നു. 'വസ്അല്‍ മന്‍ അര്‍സല്‍നാ...' എന്ന് തുടങ്ങുന്ന ആയത്തോതി അമ്പിയാക്കളെ വിളിക്കാം എന്ന് വാദിച്ച സന്ദര്‍ഭം. എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു വാദപ്രതിവാദ വേദികളില്‍ തിളങ്ങിനിന്നിരുന്നത്. കെ.കെ മുഹമ്മദ് സുല്ലമി, അലി അബ്ദുര്‍റസാഖ് മദനി, സി.പി. ഉമര്‍ സുല്ലമി തുടങ്ങിയവരൊക്കെ സഹായികളായുണ്ടായിരുന്നു. ചെറിയമുണ്ടവും കൊട്ടപ്പുറത്ത് രംഗത്ത് വന്നു. നബി ﷺ ക്ക് അദൃശ്യകാര്യങ്ങള്‍ അറിയില്ല എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയതിനെ സംബന്ധിച്ച് കാന്തപുരം വ്യാഖ്യാനിച്ചത്, അത് അവിശ്വാസികളോട് പറയാന്‍ വേണ്ടി മാത്രമാണ് എന്നും എന്നാല്‍ അദൃശ്യ കാര്യങ്ങള്‍ നബി ﷺ ക്കറിയാമായിരുന്നു എന്നുമായിരുന്നു. അപ്പോള്‍ ചെറിയമുണ്ടം ചോദിച്ചു: 'കാഫിറുകള്‍ വരുമ്പോള്‍ എനിക്ക് ഗയ്ബ് അറിയില്ല എന്ന് പറയുന്ന നബി ﷺ തിരിഞ്ഞു നിന്ന്, സ്വഹാബികളോട് എനിക്ക് ഗയ്ബ്അറിയാം എന്നുപറഞ്ഞിരുന്നു എന്നാണോ മുസ്‌ല്യാരുടെ വാദം?'' ചോദ്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കാന്തപുരം മുസ്‌ല്യാര്‍ 'അപകടം! അപകടം!' എന്നു പറഞ്ഞ് ബഹളമുണ്ടാക്കി. സഭയിലെ അനുയായികളും ബഹളം തുടങ്ങി. അതോടെ സദസ്സ് അലങ്കോലമായി. പരിപാടിനിര്‍ത്തിവെക്കേണ്ടിവന്നു. മദനിയുടെ ആ ചോദ്യം മുസ്‌ല്യാരെ കുഴക്കി. അത് തന്നെയാണ് ചോദിക്കേണ്ടിയിരുന്നത് എന്ന് എല്ലാവരും അംഗീകരിച്ചു.

മദനിയും പറപ്പൂരും തയ്യാറാക്കിയ ക്വുര്‍ആന്‍ പരിഭാഷ സുഊദീ സര്‍ക്കാര്‍ അംഗീകരിക്കുകയും മദീനയിലെ കിംഗ് ഫഹ്ദ് ക്വുര്‍ആന്‍ കോംപ്ലക്‌സില്‍ അച്ചടിക്കാനാരംഭിക്കുകയും സൗജന്യമായി ലക്ഷക്കണക്കിന് കോപ്പികള്‍ വിതരണം നടത്തുകയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു. അല്ലാമാ യൂസുഫലിയുടെ പരിഭാഷയുടെ വിവര്‍ത്തനം, ബുലൂഗുല്‍മറാം പരിഭാഷ, ആരോഗ്യത്തിന്റെ ദൈവശാസ്ത്രം, മതം നവോത്ഥാനം പ്രതിരോധം, സൂഫിമാര്‍ഗവും പ്രവാചകന്മാരുടെ മാര്‍ഗവും, ദൈവിക ഗ്രന്ഥവും മനുഷ്യചരിത്രവും, ഇസ്‌ലാമിന്റെ  ദാര്‍ശനിക വ്യതിരിക്തത, ഇസ്‌ലാമും വിമര്‍ശകരും, ദൈവവിശ്വാസവും ബുദ്ധിയുടെ വിധിയും, ക്വുര്‍ആന്‍ സത്യാന്വേഷിയുടെ മുമ്പില്‍, ക്വുര്‍ആനും മാനവിക പ്രതിസന്ധിയും, ഇസ്‌ലാം വിമര്‍ശകരും അവരുടെ തലക്ക് വില പറയുന്നവരും, ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം, മതം രാഷ്ട്രീയം ഇസ്വ്‌ലാഹീ പ്രസ്ഥാനം, മനുഷ്യാസ്തിത്വം ക്വുര്‍ആനിലും ഭൗതികവാദത്തിലും, പ്രാര്‍ഥന-തൗഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി, മതം വേദം പ്രവാചകന്‍, നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം, ക്വുര്‍ആനും യുക്തിവാദവും, നല്‍പതു ഹദീഥ് പരിഭാഷ തുടങ്ങിയവ മദനിയുടെ ഗ്രന്ഥങ്ങളില്‍ ചിലതാണ്.

മരണശേഷം ഒരു വിശ്വാസിക്ക് പ്രതിഫലം ലഭിക്കുന്ന മൂന്നു കാര്യങ്ങളില്‍ ഒന്ന് തന്റെ പ്രയോജനപ്പെടുന്ന വിജ്ഞാനമാണല്ലോ. അബ്ദുല്‍ ഹമീദ് മദനി എഴുതിയ ഗ്രന്ഥങ്ങള്‍ ഇവിടെ നിലനില്‍ക്കും. അവ വായിച്ച് വെളിച്ചം ഉള്‍ക്കൊള്ളുന്നവരുടെ പ്രാര്‍ഥനകളും അദ്ദേഹത്തിനെത്തിച്ചേരും. മഹാനായ ആ എഴുത്തുകാരന് പ്രപഞ്ചസ്രഷ്ടാവ് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.