വ്യക്തിത്വ വളര്‍ച്ചയുടെ ചുവടുവെപ്പുകള്‍

അശ്‌റഫ് എകരൂല്‍

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

(ഇസ്‌ലാമിക് പാരന്റിംഗ്: 36)

ഭൗതിക-പാരത്രിക നേട്ടം ആഗ്രഹിക്കുന്ന ഒരു വിശ്വാസി വ്യക്തിത്വ വളര്‍ച്ച ആര്‍ജിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിര്‍ദേശങ്ങളില്‍നിന്നാണ് അതിനുള്ള വഴികള്‍ കണ്ടെത്തേണ്ടത്. ജീവിതത്തില്‍ ചില അടിസഥാന ഘടകങ്ങളെ നിലനിര്‍ത്തുന്നതിലൂടെയാണ് ഒരു മുസ്‌ലിന്റെ ജീവിതത്തില്‍ സൗഭാഗ്യവും സമാധാനവും വന്നുചേരുന്നത്. അഥവാ ആ ഘടകങ്ങള്‍ ഉണ്ടെങ്കിലേ അല്ലാഹു ഇവ നല്‍കുകയുള്ളൂ. അതില്‍ പ്രധാനമാണ് സ്വന്തത്തെ സംസ്‌കരിക്കുവാനാവശ്യമായ മര്യാദകളെ ശീലങ്ങളാക്കുകയെന്നത്. മുമ്പിലുള്ളതിലേക്ക് മാത്രം തുറന്നിടുന്ന ജാലകമല്ല മനുഷ്യനേത്രങ്ങള്‍. ഇടയ്ക്കിടക്ക് സ്വന്തത്തിലേക്കും അവ തുറന്ന് വെക്കണം.

സ്വന്തത്തെ വളര്‍ത്തുവാനും വൃത്തിയാക്കുവാനും സഹായകമായതല്ലാം സ്വാംശീകരിക്കുവാനും മലീമസമാക്കുന്നതിനെയല്ലാം മാറ്റിനിര്‍ത്തുവാനും കഴിവുള്ളവനാകണം വിശ്വാസി. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (ക്വുര്‍ആന്‍ 91: 9,10).

ഇസ്‌ലാമിക ശരീഅത്ത്, സ്വന്തത്തെ സംസ്‌കരിക്കുന്നതിനെയും വളര്‍ത്തുന്നതിനെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇക്കാര്യം പല രൂപത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയില്‍ ചിലത് കാണുക: 

ഒന്ന്: ആത്മ സംസ്‌കരണത്തെക്കുറിച്ച് വിശുദ്ധ ക്വുര്‍ആനിലും നബിവചനങ്ങളിലും ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തല്‍: 

''അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം'' (ക്വുര്‍ആന്‍ 79: 40,41). 

പ്രവാചകന്റെ പതിവു പ്രാര്‍ഥന: ''അല്ലാഹുവേ, എന്റെ ആത്മാവിന്ന് അതിന്റെ സൂക്ഷ്മതയും വിശുദ്ധിയും നീ നല്‍കേണമേ. നീയത്രെ അതിനെ സംസ്‌കരിക്കുന്നവരില്‍ ഉത്തമന്‍, നീയത്രെ അതിന്റെ രക്ഷാധികാരിയും ഉടമയും'' (മുസ്‌ലിം).

രണ്ട്: പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി ആത്മ സംസ്‌കരണത്തെ ഉള്‍പെടുത്തി. 

''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു'' (ക്വുര്‍ആന്‍ 3:164).

മൂന്ന്: ദൈവ സമര്‍പ്പണത്തിലൂടെയും മാലിന്യ വിപാടനത്തിലൂടെയും ജീവിതശുദ്ധി വരുത്തുന്നവര്‍ക്ക് ഉന്നതമായ പ്രതിഫലം നല്‍കപ്പെടുമെന്നും അല്ലാത്തവര്‍ക്ക് കഠിന ശിക്ഷയുണ്ടാകുമെന്നുമുള്ള വാഗ്ദാനം. 

''തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല'' (ക്വുര്‍ആന്‍ 20:74).

നമ്മുടെ മുന്‍ഗാമികള്‍ ആത്മ സംസ്‌കരണത്തിലൂടെ ജീവിത വളര്‍ച്ചയും വിശുദ്ധിയും നേടുന്നതില്‍ വളരെയേറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വഭാവത്തിലും പെരുമാറ്റത്തിലും അവ നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നുവെന്നത് നമുക്ക് മാതൃകയാണ്. പ്രസ്തുത വിഷയത്തില്‍ അവരില്‍ ചിലര്‍ സ്വതന്ത്രമായ ഗ്രന്ഥ രചനകള്‍ തന്നെ നടത്തിയിട്ടുണ്ട്. അഹ്മദ്ബ്‌നു ഹമ്പലിന്റെ 'വിരക്തി' (അല്‍ സുഹ്ദ്) എന്ന ഗ്രന്ഥം അതില്‍ പ്രധാനമാണ്.  

മനുഷ്യ മനസ്സിനെ സംസ്‌കരിച്ചു വളര്‍ത്തിയെടുക്കുവാന്‍ ആവശ്യമായതും അനിവാര്യമായതുമായ ഒട്ടനവധി മാര്‍ഗങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയില്‍ നാം പ്രയോഗത്തില്‍ വരുത്തേണ്ടതായ ചിലത് നമുക്കു പരിശോധിക്കാം:

ഒന്ന്) പശ്ചാതാപം: ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ പാപങ്ങളില്‍ നിന്നും അല്ലാഹുവിനോടുള്ള അനുസരണക്കേടില്‍ നിന്നും മുക്തമായി പാപങ്ങള്‍ പൊറുത്തു തരുവാന്‍ അലാഹുവോട് പ്രാര്‍ഥിക്കുകയെന്നതാണ്. എല്ലാ മനുഷ്യരോടും പാശ്ചാതപിച്ചു മടങ്ങാന്‍ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു:''...സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ക്വുര്‍ആന്‍ 24:31). 

രണ്ട്) ആത്മ പരിശോധന: സ്വന്തത്തെ ഒരു സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും രോഗം കണ്ടറിഞ്ഞ് മരുന്ന്  നിര്‍ണയിക്കുകയുമാണ് ഇതിന്റെ വിവക്ഷ. ജീവിതം നേര്‍പഥത്തിലൂടെ തന്നെയാണോ അതോ പിഴവും മാര്‍ഗഭ്രംശനവും സംഭവിച്ചാിട്ടുണ്ടോ എന്നതാവണം പരിശോധന. ഓരോ പരിശോധനക്ക് ശേഷവും പരിഹാര മാര്‍ഗങ്ങള്‍ പ്രയോഗത്തില്‍ വരുത്തി കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറുകയന്നതാണു സത്യവിശ്വാസിയുടെ ബാധ്യത. അല്ലാഹു  പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 59:18).

മൂന്ന്) പ്രതിജ്ഞ പുതുക്കല്‍: ചെറുതും വലുതുമായ തെറ്റുകളിലൊന്നും ആപതിക്കുകയില്ലന്ന്  ഒരു മുസ്‌ലിം അല്ലാഹുവുമായി ആവര്‍ത്തിച്ചു കരാര്‍ ചെയ്തുകൊണ്ടിരിക്കുകയന്നത് സംസ്‌കരണത്തിന്റെയും അതിലൂടെ നിലനില്‍ക്കുന്ന വളര്‍ച്ചയുടെയും ചുവടുവെപ്പുകളില്‍ പ്രധാനപെട്ടതാണ്. ഒരു വിശ്വാസി എപ്പോഴും തന്റെ ചെറിയ പാളിച്ചകളെ പോലും കെണ്ടത്തി ശരിപ്പെടുത്തിക്കൊണ്ടിരിക്കണം. വല്ലപ്പോഴും ഇഛകളുടെ മുമ്പില്‍ ദുര്‍ബലത തോന്നിയാല്‍ അവന്‍ അല്ലാഹുവുമായി ചെയ്ത കരാറിനെ ഓര്‍ക്കുകയും മനസ്സിന്റെ മാന്യതയെ കാത്തു സൂക്ഷിക്കുകയും ചെയ്യും. അല്ലാഹു  പറയുന്നു: ''നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 17:34). 

നാല്) ദൈവിക നിരീക്ഷണത്തെ അറിയല്‍: അല്ലാഹുവിന്റെ നിരീക്ഷണത്തെയും സാന്നിധ്യത്തെയും സദാ ഓര്‍ക്കുന്ന, അവന്‍ എന്റെ എല്ലാ രഹസ്യങ്ങളും സൂക്ഷ്മമായി അറിഞ്ഞുകൊണ്ടീരിക്കുന്നുണ്ടന്ന ഉറച്ച ബോധ്യമുള്ള ജീവിത രീതിയാണ് ഒരു മുസ്‌ലിമിന്ന് വേണ്ടത്.  അല്ലാഹു  പറയുന്നു: ''തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 4:1). 

ഈ ഒരു ഗുണത്തിലൂടെ അല്ലാഹുവിന്റെ കല്‍പനകളെ അതാത് സമയങ്ങളില്‍ ജീവിതത്തില്‍ കൊണ്ട് വരുവാനും മ്ലേഛതകളില്‍ നിന്നു മുക്തി നേടുവാനും ഒരു വിശ്വാസിക്ക് കഴിയുന്നു:

അഞ്ച്) നിതാന്ത പരിശ്രമം: കേവല പ്രാര്‍ഥനയോ ആഗ്രഹമോ ഉള്ളത് കൊണ്ട് മാത്രം ലക്ഷ്യത്തിലെത്തില്ല. ദേഹേഛയോട് പൊരുതി ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ദേഹേഛ എപ്പോഴും വിശ്രമവും മടിയും തേടിക്കൊണ്ടിരിക്കും. അതിനോട് പൊരുതി അല്ലാഹുവിന്റെ ഇഛയെ നടപ്പില്‍ വരുത്താനുള്ള കഠിന പ്രയത്‌നം വലിയ ജിഹാദ് ആണ്. അല്ലാഹു   പറയുന്നു: 

 ''അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ(അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ക്വുര്‍ആന്‍ 79:40, 41).

''നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു'' (ക്വുര്‍ആന്‍ 29:69).

ആത്മ സംസ്‌കരണത്തിന്റെ നേട്ടങ്ങള്‍

1. സ്രഷ്ടാവുമായി നിരന്തര ബന്ധം ഉണ്ടാകുന്നതിലൂടെ അവന്റെയടുക്കല്‍ ഉന്നത പദവി നേടാന്‍ കഴിയുന്നു. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്'' (ക്വുര്‍ആന്‍ 67:12). 

2. ഭൗതിക ജീവിതത്തില്‍ വിജയം വരിക്കുകയും പാരത്രിക ജീവിതത്തില്‍ മോക്ഷം ലഭിക്കുകയും ചെയ്യും. ശുദ്ധിവരുത്തിയ രോഗമുക്തമായ ഹൃദയമുള്ളവര്‍ക്കല്ലാതെ സ്വര്‍ഗപ്രവേശനം സാധ്യമല്ല: ''അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ.  അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.  കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്. ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്'' (ക്വുര്‍ആന്‍ 26:87-91).

3. ഹൃദയ വിശാലതയും മനസ്സമാധാനവും ലഭിക്കുന്നു: അല്ലാഹു   പറയുന്നു: ''അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി'' (ക്വുര്‍ആന്‍ 48:4).

4. മതത്തില്‍ ഉറച്ചു നില്‍ക്കാനും ആരാധനാ കര്‍മങ്ങളില്‍ നിരതനാവാനും കഴിയുന്നു. കാരണം അല്ലാഹുമായുളള ആത്മാര്‍ഥ ബന്ധം കാരണം അല്ലാഹു അവരുടെ ഹൃദയങ്ങളെ സന്മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തും. അല്ലാഹു പറയുന്നു: ''ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു'' (ക്വുര്‍ആന്‍ 14:27).

5. പകയും വിദ്വേഷവും ഇല്ലാത്ത ഹൃദയത്തിന്റെ ഉടമകളാകുമ്പോള്‍ സ്രഷ്ടാവിനോെടന്ന പോലെ സൃഷ്ടികേളാടും നല്ല ബന്ധം സ്ഥാപിക്കുന്നതിലൂടെ അവര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വ്യാപിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും ഉള്ളവര്‍ ഇല്ലാത്തവനുമായി പങ്കുവെക്കല്‍ നിലനില്‍ക്കുകയും ചെയ്യുന്നതിലൂടെ ഒരു ശരീരം പൊലെ സമൂഹം മാറി വരുന്നു. നബി ﷺ  പറഞ്ഞു:  ''സത്യവിശ്വാസികള്‍ അവരുടെ പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉപമ ഒരു ശരീരം പൊലെയാണ്. അതില്‍ ഒരു അവയവത്തിന്നു വല്ലതും പറ്റിയാല്‍ മറ്റ് അവയവങ്ങള്‍ ഉറക്കമിളച്ചും പനി ബാധിച്ചും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതു കാണാം'' (മുസ്‌ലിം).