വിസ്ഡം ഡേ വിജയിപ്പിക്കുക

ടി.കെ.അശ്‌റഫ്

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

സംഘടിത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതിന് ആസൂത്രണം, നടപ്പില്‍ വരുത്തല്‍, അവലോകനം എന്നീ മൂന്ന് തലങ്ങള്‍ പ്രവര്‍ത്തനക്ഷമമാകേണ്ടതുണ്ട്. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും അതിന്റെ പോഷകഘടകങ്ങളും അതിന്റെ ദീര്‍ഘകാല പദ്ധതികളും ഹൃസ്വകാല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് മുന്നോട്ട് പോവുകയാണ്. അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളുടെ ആസൂത്രണ ഘട്ടം തൃപ്തികരമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തന പരിപാടികളിലേക്ക് പ്രവേശിച്ച സന്തോഷകരമായ സന്ദര്‍ഭത്തിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. ആലോചനാ കൗണ്‍സിലുകള്‍ മാതൃഘടകത്തിന്റെത് കോഴിക്കോട് നളന്ദയിലും യുവ ഘടകത്തിന്റെത് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിലും വിദ്യാര്‍ഥി ഘടകത്തിന്റെത് മുക്കം ഗ്രീന്‍വാലി കാമ്പസിലും നടന്നു.

ആദര്‍ശ പ്രബോധന രംഗത്ത് വര്‍ത്തമാന കാലം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഉള്ളടക്കം. ശാഖയാണ് സംഘടനയുടെ അടിവേര്. അടിവേര് ഉണങ്ങിയാല്‍ മരം കടപുഴകും പോലെ സംഘടനയുടെ ശാഖ നിഷ്‌ക്രിയമായാല്‍ പ്രവര്‍ത്തനവും നിലച്ച് പോകും. അടിത്തറ വികസിക്കാതെ സംഘടനകള്‍ക്ക് വളരാനാവില്ല. കടലാസ് സംഘടനകള്‍ക്ക് പത്രങ്ങളിലെ പ്രസ്താവനകള്‍ക്കപ്പുറത്തേക്ക് ആയുസ്സില്ല. സമൂഹത്തില്‍ സ്വാധീനം ചെലുത്താനും സാധ്യമല്ല. സംഘടനാ അടിത്തട്ട് ശക്തിപ്പെടുത്തുന്നതില്‍ കാണിക്കുന്ന ശ്രദ്ധയാണ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തന രംഗത്തുള്ള ചടുലതയുടെ മുഖ്യകാരണം. 2018 സെപ്റ്റംബര്‍ ആദ്യ ചൊവ്വാഴ്ചയോടെ ശാഖാ ശാക്തീകരണത്തിന്റെ ശക്തമായ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്ന 'വിസ്ഡം ഡേ' എന്ന പുതിയൊരു പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കുകയാണ്; ഇന്‍ശാ അല്ലാഹ്. 

സംഘടനയുടെ ചാലകശക്തിയാണ് എല്ലാ മാസവും ഒന്നാമത്തെ ചൊവ്വാഴ്ച തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന 'വിസ്ഡം ഡേ.' നിശ്ചിതമായ സമയപരിധിക്കുള്ളില്‍ സംഘടിപ്പിക്കുന്ന നിരന്തരമായ സംഗമങ്ങളാണ് സംഘടനയെ സംഘടിതമായി നിലനിര്‍ത്തുന്നത്. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രകാശത്തിലാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങേണ്ടത്.

അറിവും ഉള്‍കാഴ്ചയുമാണ് ഓരോ സംഘടനാ പ്രവര്‍ത്തകന്റെയും ജീവവായു. ചുറ്റുപാടിനെക്കുറിച്ചുള്ള അവബോധമാണ് പ്രവര്‍ത്തകരുടെ ദിശ നിര്‍ണയിക്കുന്നത്. ആസൂത്രണവും അവലോകനവുമാണ് പ്രവര്‍ത്തകരുടെ ശേഷിയെ മാറ്റുരക്കുന്നത്. ചര്‍ച്ചയും പങ്കുവെക്കലുമാണ് മുന്നോട്ടുള്ള പ്രയാണം പ്രയാസരഹിതമാക്കുന്നത്. പങ്കെടുക്കലും പങ്ക്‌വഹിക്കലുമാണ് പ്രവര്‍ത്തകരുടെ ചിന്താമണ്ഡലത്തെ വികസിപ്പിക്കുന്നത്. ഒരുമിച്ചിരിക്കലും ഇടപഴകലുമാണ് പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്നത്.

പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചുള്ള വ്യക്തതയും ലക്ഷ്യബോധവുമാണ് പ്രവര്‍ത്തനങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. പരിചയവും പാണ്ഡിത്യവുള്ള ശാഖയിലെ മുതിര്‍ന്ന പ്രവര്‍ത്തകരുടെ സാന്നിധ്യവും സഹകരണവുമാണ് ശാഖയെ സംഘടിതമായി മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായക പങ്ക്‌വഹിക്കുന്നത്.

മേല്‍ സൂചിപ്പിച്ച ലക്ഷ്യങ്ങളെല്ലാം നേടാവുന്ന ശൈലിയിലാണ് 'വിസ്ഡം ഡേ'യുടെ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ദീര്‍ഘമായ ആലോചനയുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പുകളുടെയും ഉല്‍പന്നമാണ് വിസ്ഡം ഡേ.  അല്‍ ഹിക്മ എന്ന അറബി പദത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് വിസ്ഡം.

'യുക്തിദീക്ഷയോടു കൂടിയും സദുപദേശത്തോടെയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിക്കുക' എന്ന ക്വുര്‍ആന്‍ വചനത്തിലെ (16:125) 'യുക്തിദീക്ഷ'യോടെ എന്ന അര്‍ഥത്തില്‍ ഉപയോഗിച്ച 'അല്‍ഹിക്മ'യെന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്ന ആശയമാണ് വിസ്ഡം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ഇസ്‌ലാമിക പ്രബോധനം പ്രമാണങ്ങളിലൂന്നി വിവേകത്തോടെ നിര്‍വഹിക്കുന്ന കൂട്ടായ്മയാണ് വിസ്ഡം. മുജാഹിദ് ആദര്‍ശ വീഥിയില്‍ പ്രബോധനത്തിന്റെ പര്യായമായി വിസ്ഡം വേരുപടര്‍ത്തിക്കഴിഞ്ഞു. ആ വേര് കൂടുതല്‍ ആഴങ്ങളിലേക്ക് ആണ്ടുപോകേണ്ടതുണ്ട്. ഇസ്‌ലാമിക പ്രബോധനത്തിന് നേരെ അടിച്ച് വീശുന്ന ഏത് കൊടുങ്കാറ്റിലും പതറാതെ നില്‍ക്കാന്‍ കരുത്താര്‍ജിക്കേണ്ടത് കാലം നമ്മെ ഏല്‍പിച്ച കടമയാണ്. മാസത്തില്‍ ചേരുന്ന 'വിസ്ഡം ഡേ' ഈ രംഗത്ത് പരിഹാരമാകണം. വിജയിപ്പിക്കുക.