കരുവള്ളി മുഹമ്മദ് മൗലവി: നൂറ്റാണ്ട് പിന്നിട്ട നവോത്ഥാന പര്‍വ്വം

പി.വി.എ പ്രിംറോസ്

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

(അഭിമുഖം)

(കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നിന്ന് നയിച്ച മഹാരഥനാണ് കരുവള്ളി മുഹമ്മദ് മൗലവി. സമുദായ പരിഷ്‌കരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കന്മാര്‍ക്കൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും  അവരുടെ അസാന്നിധ്യത്തില്‍ ഉത്തരവാദിത്തങ്ങള്‍ സ്വയമേറ്റെടുത്ത് മുന്നോട്ട് ഗമിക്കുകയും ചെയ്ത മൗലവി സ്വന്തം ജീവിതാനുഭവങ്ങള്‍ നേര്‍പഥം വായനക്കാരുമായി പങ്കുവെക്കുന്നു. ഈ ലക്കം മുതല്‍ വായിച്ചു തുടങ്ങുക)

കേരളീയ മുസ്ലിം സമൂഹത്തിന്റെ വികാസ പരിണാമങ്ങളോടു ചേര്‍ന്ന് നടന്ന കരുവള്ളി മുഹമ്മദ് മൗലവിയുടെ കര്‍മകാണ്ഡത്തിന് നൂറു തികയുകയാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ന്യൂനപക്ഷമായിപ്പോയ ഒരു സമുദായത്തിന്റെ നെഞ്ചിടിപ്പിനെയും നെഞ്ചൂക്കിനെയും സോദ്ദേശ്യത്തിനായി പാകപ്പെടുത്താന്‍ ശ്രമിച്ച മഹാരഥന്‍മാരില്‍ ഇനി അവശേഷിക്കുന്നത് കരുവള്ളി മുഹമ്മദ് മൗലവി മാത്രം.

സ്വാതന്ത്ര്യപൂര്‍വ ഭാരതത്തിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും സമൂഹത്തിന്റെ, വിശിഷ്യാ മുസ്ലിം സമുദായത്തിന്റെ ധാര്‍മിക, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പുരോഗതിയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിഞ്ഞു എന്ന അപൂര്‍വ സൗഭാഗ്യത്തിന്നുടമയാണ് കരുവള്ളി മുഹമ്മദ് മൗലവി. കേരളത്തിലെ ജീവിച്ചിരിക്കുന്ന സലഫി പണ്ഡിതന്മാരില്‍ ഏറ്റവും തല മുതിര്‍ന്ന നേതാവാണ് അദ്ദേഹം. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ കെ.എം മൗലവി, എം.സി.സി സഹോദരന്മാര്‍, പി.കെ മൂസ മൗലവി തുടങ്ങിയവരുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച അനുഭവജ്ഞാനമാണ് സംഘാടന മികവില്‍ അദ്ദേഹത്തെ വ്യതിരിക്തനാക്കിയത്. അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന മുസ്‌ലിം കൈരളിയുടെ ഭൂതകാല തടവറയില്‍ നിന്ന് ബഹുഭാഷാ പണ്ഡിതനായി പുറത്തിറങ്ങിയ മൗലവിയുടെ വിദ്യാഭ്യാസ ജീവിതം ഏതൊരു മലയാളിക്കും അഭിമാനിക്കത്തക്കതാണ്.

1919 ഏപ്രില്‍ 17ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത മക്കരപ്പറമ്പ് കരിഞ്ചാപാടിയില്‍ ഇസ്ലാമിക പണ്ഡിതനായ കരുവള്ളി തറവാട്ടില്‍ ഹൈദറിന്റെയും സമീപപ്രദേശമായ കടുങ്ങാപുരത്തെ കരുവാടി കുടുംബത്തിലെ ഖദീജയുടെയും മകനായാണ് കരുവള്ളി മുഹമ്മദ് മൗലവി ജനിക്കുന്നത്.

അക്കാലത്തെ പ്രശസ്ത പണ്ഡിതനായിരുന്ന കട്ടിലശ്ശേരി ആലി മുസ്‌ല്യാരുടെ ശിഷ്യനായ പിതാവില്‍ നിന്ന് തന്നെയായിരുന്നു മൗലവിയുടെ മത വിദ്യാഭ്യാസം. ആലി മുസ്‌ല്യാരുടെ മകനും സ്വാതന്ത്ര്യസമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ച് തുടക്കം കുറിച്ച മക്കരപ്പറമ്പ് പുണര്‍പ്പ യു.പി സ്‌കൂളാണ് മൗലവിയുടെ പ്രാഥമിക വിദ്യാലയം. 1931ല്‍ ഇ.എസ്.എല്‍.സി പരീക്ഷ പാസായി. എട്ടാം ക്ലാസായിരുന്നു അന്ന് പബ്ലിക് പരീക്ഷയുടെ മാനദണ്ഡം.

സ്‌കൂള്‍ പഠനത്തിന് ശേഷം ഏതെങ്കിലും പള്ളിദര്‍സില്‍ പോയി മതപഠനം തുടരണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ സമുദായമൊന്നടങ്കം ഇംഗ്ലീഷ് ഭാഷയോട് വിമുഖത കാണിച്ചിരുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറത്ത്, ഉമറാബാദിലെ അഹ്ലെ ഹദീഥിന്റെ സ്ഥാപനമായ ദാറുസ്സലാമില്‍ ചേരാന്‍ നിര്‍ബന്ധിച്ചത് അധ്യാപകനായ കട്ടിലശ്ശേരി മുഹമ്മദ് മൗലവിയാണ്. മത-ഭൗതിക പഠനങ്ങള്‍ക്ക് പുറമെ നിരവധി ഗവണ്‍മെന്റ് കോഴ്‌സുകളും വ്യത്യസ്ത പരീക്ഷാ പഠന പദ്ധതികളും അന്ന് ദാറുസ്സലാമില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യം ഉപയോഗിച്ചാണ് 1932ല്‍ ദാറുസ്സലാമില്‍ ചേര്‍ന്ന കരുവള്ളി 39ല്‍ അഫ്ദലുല്‍ ഉലമ പാസാവുന്നത്. 1940ല്‍ നാട്ടില്‍ തിരിച്ചെത്തി പ്രൈവറ്റായി പത്താം ക്ലാസ് എഴുതി പാസായി. മലബാറില്‍ എസ്.എസ്.എല്‍.സി പാസായ ആദ്യത്തെ അഫ്ദലുല്‍ ഉലമക്കാരനാണ് അദ്ദേഹം.

ഉമറാബാദില്‍ വെച്ചാണ് ഉറുദു ഭാഷയില്‍ പ്രാവീണ്യം നേടുന്നത്. നേരത്തെ കട്ടിലശ്ശേരിയില്‍ നിന്ന് ഉറുദുഭാഷയിലെ പ്രാഥമിക ജ്ഞാനം സ്വായത്തമാക്കിയ കരുവള്ളിക്ക് ഉമറാബാദിലെ ഉറുദു പഠനം ആയാസരഹിതമായി. അക്കാലത്തെ കേരളത്തിലെ ഇംഗ്ലീഷ് ഭാഷാപഠനത്തിന്റെ ഗുണനിലവാരം കൊണ്ട് മറ്റുസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയപേക്ഷിച്ച് ക്യാമ്പസിലെ ഏറ്റവും മെച്ചപ്പെട്ട ഇംഗ്ലീഷ് പരിജ്ഞാനമുള്ളവനുമായി മൗലവി മാറി.

ഉറുദു പണ്ഡിറ്റായാണ് കരുവള്ളി മുഹമ്മദ് മൗലവിക്ക് കേരളത്തില്‍ നിയമനം ലഭിക്കുന്നത്. യഥാര്‍ഥത്തില്‍ അദ്ദേഹം ഒരു ഉറുദു പരീക്ഷക്ക് ഹാജരാവുകയോ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയോ ചെയ്തിട്ടില്ല. മലബാറില്‍ അക്കാലത്ത് അധ്യാപകരെ നിയമിക്കുന്നത് നേരിട്ടായിരുന്നു. അതുകൊണ്ട് തന്നെ അഫ്ദലുല്‍ ഉലമയുടെയും എസ്.എസ്.എല്‍.സിയുടെയും സര്‍ട്ടിഫിക്കറ്റ് വെച്ച് അറബി അധ്യാപക തസ്തികയിലേക്ക് ജോലിക്കപേക്ഷിച്ച മൗലവി ഉറുദു അദീബെ ഫാസില്‍ ബിരുദധാരിയാണെന്ന ധാരണയില്‍ ഉറുദു പണ്ഡിറ്റായി നിയമിക്കുകയായിരുന്നു എന്ന് പിന്നീട് മനസ്സിലായി. അധികൃതരെ കണ്ട് തെറ്റ് തിരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രാവീണ്യമുള്ള ഉറുദു അധ്യാപകരുടെ അസാന്നിധ്യത്തില്‍ പ്രസ്തുത ജോലി തുടരാനായിരുന്നുവത്രെ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്! സ്‌കൂളിലേക്ക് ട്രാന്‍സ്ഫറായപ്പോള്‍ അറബി അധ്യാപകനായിട്ടായിരുന്നു നിയമനം. ഒരു വര്‍ഷത്തെ കാസര്‍ഗോഡ് ജീവിതത്തിന് ശേഷം ആദ്യ ജോലിസ്ഥലത്തേക്ക് തിരികെയെത്തിയ മൗലവി അറബി ഇന്‍സ്‌പെക്ടറായി നിയമിതനാവുന്നത് വരെ ഈ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

മലപ്പുറം സ്‌കൂളില്‍ അധ്യാപകനായിരിക്കെ 1944ലാണ് കേരള അറബിക് പണ്ഡിറ്റ് യൂണിയന്‍ സ്ഥാപിക്കുന്നത്. അറബി അധ്യാപകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അവഗണനയും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടക്കം കുറിച്ച സംഘടന പിന്നീട് അറബിക് പണ്ഡിറ്റ് മുന്‍ഷീസ് യൂണിയന്‍ എന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനെന്നും നാമകരണം ചെയ്യപ്പെട്ടു. ക്രിയാത്മകമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കേരളത്തിലെ അറബിക് അധ്യാപകരുടെ ആധികാരിക സംഘടനയായ കെ.എ.ടി.എഫില്‍ ഫലകി മുഹമ്മദ് മൗലവി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, പി.കെ അഹ്മദലി മദനി, മങ്കട അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയ മഹാരഥന്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാനും മൗലവിക്ക് അവസരം ലഭിച്ചു.

 1962ലാണ് കരുവള്ളി മുഹമ്മദ് മൗലവി അറബി വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി നിയമിതനാവുന്നത്. മുസ്ലിം സമൂഹത്തിന്റെ നാനോന്മുഖമായ വിദ്യാഭ്യാസ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അറബി ഭാഷാ പഠന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പദ്ധതികളായിരുന്നു മൗലവിക്ക് പ്രഥമവും പ്രധാനമായും ചെയ്യാനുണ്ടായിരുന്നത്. ഇന്നത്തെ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് റവന്യൂ ജില്ലകളടങ്ങിയ വിശാലമായ ഏരിയയായിരുന്നു മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ക്ക് അന്ന് ചുമതലയുണ്ടായിരുന്നത്.

അറബി അധ്യാപന രംഗത്ത് നൂതനമായ പല സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചത് മൗലവിയുടെ കാലത്താണ്. നവീന രീതിയിലുള്ള പാഠപുസ്തകത്തിന്റെ നിര്‍മാണവും ആധുനിക രീതിയിലുള്ള അനുബന്ധ പഠന സാമഗ്രികളുടെ ലഭ്യതയുമെല്ലാം ഇക്കാലയളവില്‍ മൗലവിയുടെ നേതൃത്വത്തിലുള്ള സമിതി ഉറപ്പാക്കി. കേരളത്തില്‍ അറബി ഭാഷക്ക് അസ്തിത്വമുണ്ടാക്കിക്കൊടുക്കുന്നതിലും ഔദ്യോഗികസംവിധാനങ്ങളുപയോഗിച്ച് അറബി ഭാഷയുടെ പ്രചാരണം സാധ്യമാക്കുന്നതിലും മൗലവിയുടെ ശ്രദ്ധേയമായ നീക്കങ്ങള്‍ സഹായകമായി. ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതായോധനത്തിന് ഇന്നും നിദാനമായി വര്‍ത്തിക്കുന്നത് കരുവള്ളി മുഹമ്മദ് മൗലവിയുടെ അന്നത്തെ ക്രാന്തദര്‍ശിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. അതുകൊണ്ട് തന്നെ അറബി ഭാഷാ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കേരളത്തിലെ ഏതെങ്കിലും സംഘടനകള്‍ ചെയ്യുന്നതിനെക്കാളധികം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കാന്‍ മൗലവിക്ക് സാധിച്ചു.

മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായിരിക്കെ അന്നത്തെ സമുദായ പ്രമാണിമാരെ സംഘടിപ്പിച്ച് സ്ഥാപിച്ച സംഘടനയാണ് കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്‍. പില്‍ക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഇസ്‌ലാമിക് സെമിനാറുകള്‍ ആരംഭിക്കുന്നത് ഇക്കാലയളവിലാണ്. ഈ ഇസ്ലാമിക് സെമിനാറിന്റെ ഉല്‍പന്നമാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന മുസ്ലിം സംഘടനയായ എം.ഇ.എസ്. പില്‍ക്കാലത്ത് എം.ഇ.എസ് ഭിന്നിച്ച് എം.എസ്.എസ് രൂപീകരിച്ചപ്പോള്‍ ആറു വര്‍ഷക്കാലം അതിന്റെ അമരത്തിരിക്കാനും മൗലവിക്ക് കഴിഞ്ഞു.

ശാരീരികമായ അവശതകളുണ്ടെങ്കിലും സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗതിവേഗം പകരുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം മൗലവി ഏതെങ്കിലും നിലയ്ക്ക് ഇന്നും ഭാഗഭാക്കാണ്. പാഠപുസ്തക രചനാ കമ്മിറ്റി കണ്‍വീനറും സാക്ഷരതാ മിഷന്റെ ജില്ലാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറും അറബി- ഉറുദു സിലബസ് കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി സെനറ്റ് പ്രതിനിധിയും ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗവും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കരുവള്ളി മുഹമ്മദ് മൗലവി വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആധികാരിക സ്ഥാപനമായ ജാമിഅ അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ അക്കാദമിക് ഉപദേഷ്ടാവാണിപ്പോള്‍. മൗലവിയുടെ ജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുകയാണ് തുടര്‍ ലക്കങ്ങളില്‍.

(അവസാനിക്കുന്നില്ല)