ഇറാന്‍: ഭരണകൂട അഴിമതിയുടെ ദുരന്ത മുഖം

യൂസുഫ് സാഹിബ് നദ്‌വി

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25
ശ്മശാനങ്ങളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട സമൂഹം. വിലായത്തുല്‍ ഫഖീഹും ജഅ്ഫരി കര്‍മശാസ്ത്രവും ആയത്തുല്ലമാരുടെ മുഖ്യ പ്രതിരോധ ആയുധങ്ങള്‍...

പെട്രോളിയം, ഇരുമ്പ്, ഗന്ധകം, ചെമ്പ്, ക്രോമൈറ്റ്, കറുത്തീയം തുടങ്ങിയ പ്രധാന ധാതുനിക്ഷേപങ്ങള്‍ സുലഭമായുള്ള പ്രമുഖ രാജ്യമാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍. ഭൂമുഖത്തെ ഏക സമ്പൂര്‍ണ ഇസ്‌ലാമിക രാഷ്ട്രമെന്നാണ് ഇറാനോട് അഭിനിവേശവും ആരാധനാ മനോഭാവവുമുള്ള ചില സംഘടനകളും വ്യക്തികളും ആ രാജ്യത്തെ വിശേഷിപ്പിച്ചുവരുന്നത്. 2016ലെ കണക്കനുസരിച്ച് 80.28 മില്യണാണ് ഇറാനിലെ ആകെ ജനസംഖ്യ. ഏകദേശം എട്ടുകോടി 28 ലക്ഷം ജനങ്ങള്‍ ഇറാനിലെ പൗരന്മായിട്ടുണ്ടെന്നര്‍ഥം. ഇന്ത്യയിലെ ഒരുസംസ്ഥാനത്തെ ജനസംഖ്യയില്‍ അല്‍പം കൂടുകയോ കുറയുകയോ ചെയ്യാമെന്നു മനസ്സിലാക്കുക.

ഭൂമിയില്‍ പെട്രോളിയത്തിന്റെ സാന്നിധ്യം സുലഭമായിട്ടും ഇറാനിലെ ആകെ ജനസംഖ്യയില്‍ പകുതിയില്‍ അധികവും ദാരിദ്ര്യത്തിലും കൊടുംപട്ടിണിലും കഴിഞ്ഞുവരികയാണ്. ഇറാനിന്റെ 'ഇസ്‌ലാമിക പ്രതിബദ്ധത'യിലും 'മതപരമായ അഭിനിവേശ'ത്തിലും അസൂയയും വെറുപ്പുമുള്ള അമേരിക്കയുടെ എജന്റുമാരായ ആരെങ്കിലും പടച്ചുവിടുന്ന പ്രൊപ്പഗണ്ടയായി ഈ ദാരി്രദ്യത്തെക്കുറിച്ചുള്ള വാര്‍ത്തയെ വിലയിരുത്തേണ്ടതില്ല. ഇറാന്‍ ഗവര്‍മെന്റ് നേരിട്ടുനിയന്ത്രിക്കുന്ന ഖുമൈനി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പര്‍വേശ് ഫത്താഹ് പരസ്യമാക്കിയതാണ് ഈ വിവരം. രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ നല്ലൊരുശതമാനം സൈനികം, ആണവായുധ നിര്‍മാണം, വിദേശരാജ്യങ്ങളിലേക്ക് ഇറാന്‍ സേനയെ നിയോഗിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാായി വിനിയോഗിച്ചു വരുന്നതിന്നിടയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവരുന്നത്.

ഇറാനിനകത്തുള്ള വിവിധ ചാരിറ്റി സംഘടനകളുടെ സഹായം ലഭിച്ചുവരുന്ന ദരിദ്രരുടെ എണ്ണം കേവലം 10 ലക്ഷം മാത്രമാണ്. ആരും തിരിഞ്ഞുനോക്കാനില്ലാതെ ഏകദേശം 20 ലക്ഷം പൗരന്മാര്‍ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിഞ്ഞുവരുന്നതായി ഇറാന്‍ ന്യൂസ് ഏജന്‍സി 'ഫാരിസ്'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ ഔദേ്യാഗിക കണക്കനുസരിച്ച് ഏകദേശം നാല്‍പത് ലക്ഷം ജനങ്ങള്‍ ജീവകാരുണ്യ സഹായത്തിനര്‍ഹകരായി കഴിയുന്നുണ്ട്. ഇങ്ങനെ സഹായം ലഭ്യമാക്കിയാല്‍ ഓരോ കുടുംബത്തിനും 45,000 തുമാന്‍ വീതം സഹായമായി നല്‍കേണ്ടിവരുമെന്നാണ് കണക്ക്. രാജ്യത്തെ പണക്കാരനെയും പാവപ്പെട്ടവനെയും നിര്‍ണയിക്കാനുള്ള മാനദണ്ഡം വ്യക്തമാക്കിയാല്‍ ഇറാനിലെ വിരലിലെണ്ണാവുന്ന ആളുകള്‍ ഒഴിച്ച് ബാക്കി എല്ലാവരെയും ദരിദ്രരുടെ ലിസ്റ്റില്‍ പരിഗണിക്കേണ്ടിവരുമെന്നും പര്‍വേശ് ഫത്താഹ് വ്യക്തമാക്കുന്നു.

വിലായത്തുല്‍ ഫക്വീഹ് എന്നപേരില്‍ അറിയപ്പെടുന്ന ശിയാ മദ്ഹബിലെ ജഅ്ഫരി കര്‍മശാസ്ത്ര സരണിയിലാണ് ഇറാനിന്റെ ഭരണകൂടം നിലനില്‍ക്കുന്നതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മുഹമ്മദ് നബി ﷺ യുടെ കുടുംബ പരമ്പരയിലെ നാലാമത്തെ തലമുറയിലെ പ്രമുഖ പണ്ഡിതനും കര്‍മശാസ്ത്ര വിദഗ്ധനുമായിരുന്നു ഇമാം ജഅ്ഫര്‍ അസ്സാദിക്വ്. എന്നാല്‍ നിലവിലെ ശിയാ വിശ്വാസികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന ജഅ്ഫരി കര്‍മശാസ്ത്ര സരണിയും ഇമാം ജഅ്ഫര്‍ അസ്സ്വാദിക്വും തമ്മില്‍ ഒരുശതമാനം പോലും ബന്ധമില്ലെന്നതാണ് യാഥാര്‍ഥ്യം. യാഥാര്‍ഥ്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇസ്‌ലാമുമായി ബന്ധമില്ലാത്ത ആചാരാനുഷ്ഠാനങ്ങളാണ് ഇറാനിലെ ഉള്‍പെടെയുള്ള ശിയാക്കള്‍ പ്രചരിപ്പിക്കുന്നത്.

ബഹുദൈവാരാധകരായ ഇതര സമൂഹത്തിന്റെ സകലമാന വിശ്വാസ വൈകല്യങ്ങളും ഇവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ശിയാ മതത്തിലെ പണ്ഡിത, പുരോഹിതന്മാര്‍ നടത്തിവരുന്ന ചൂഷണമാണ് ഇറാനിലെ ഉള്‍പെടെയുള്ള ശിയാസമൂഹത്തിന്റെ ജീവിതം നരകതുല്യമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. ഇസ്‌ലാമിലെ സകാത്തിനു സമാനമായ 'ഖുമുസ്' എന്ന പേരില്‍ അറിയപ്പെടുന്ന നിര്‍ബന്ധ നികുതിപിരിവ് ഇന്നും ഇറാനിലും ഇതര ശിയാസമൂഹങ്ങളിലും വ്യാപകമാണ്. അനുയായികള്‍ അവരുടെ സമ്പാദ്യത്തിന്റെ  നിശ്ചിത ശതമാനം ശിയാക്കളിലെ പ്രമുഖരായ ആയത്തുല്ലമാരെ ഏല്‍പിച്ചു വണങ്ങുന്നതാണ് ഈ നിയമം. നബിതിരുമേനിയുടെ കാലത്ത് പ്രവാചക കുടുംബത്തിന് ലഭിച്ചിരുന്ന ആനുകൂല്യമെന്നു പറഞ്ഞ് നബികുടുംബത്തിലെ അനന്തരാവകാശം വാദിച്ചുകൊണ്ട് രംഗത്തുവരുന്ന ശിയാക്കളിലെ പുരോഹിത വിഭാഗം കൈക്കലാക്കാന്‍ പസ്പരം മത്സരിക്കുകയും ഈ ചൂഷണം വ്യാപകമാക്കാന്‍ അല്ലാഹുവിന്റെയും നബിയുടെയും പേരില്‍ വ്യാജവാദങ്ങള്‍ പ്രമാണങ്ങളായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സുഉൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അടുത്തകാലത്ത് ശിയാ തീവ്രവാദികളുടെ കരങ്ങളാല്‍ വധിക്കപ്പെട്ട ശിയാ സമൂഹത്തിന്റെ അനന്തരാവകാശ കോടതി ജഡ്ജി കൂടിയായ ശെയ്ഖ് ഹൈറാനിയുടെ കൊലപാതകത്തിന്റെ മുഖ്യകാരണം സ്വന്തം സമൂഹത്തില്‍ വ്യാപകമായി നടമാടുന്ന ഈ ചൂഷണത്തിനെതിരില്‍ ശബ്ദിച്ചുവെന്നതാണ്. പട്ടിണിപ്പാവങ്ങളായ ശിയാക്കള്‍ സുഉൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിരവധിയാണ്. പ്രത്യേകിച്ചും കിഴക്കുള്ള ഖത്തീഫ്, സിഹാത്ത്, താറൂത്ത്, അവാമിയ്യ ഭാഗങ്ങളില്‍. എന്നാല്‍ ഈ ഭാഗങ്ങളിലെ സമ്പന്നരായ ശിയാക്കളുടെ സമ്പത്തില്‍നിന്നുള്ള ഖുമുസ് നികുതി പിരിച്ചെടുത്തിരുന്നത് ഇറാന്‍, ഇറാക്ക്, ലബനാന്‍ രാജ്യങ്ങളെ ശിയാ പുരോഹിതന്മാരായിരുന്നു. സാധുക്കളായ പട്ടിണിപ്പാവങ്ങള്‍ മൂക്കിനുതാഴെയുള്ളപ്പോള്‍ സ്വദേശികളുടെ സാമ്പത്തിക വിഹിതം റിലീഫായും ഖുമുസായും വിദേശത്തേക്ക് ഒഴുക്കുന്നതിനെ ശെയ്ഖ് ഹൈറാനി നിശിതമായി വിമര്‍ശിച്ചിരുന്നു. സാധുക്കളായ ശിയാ യുവാക്കളെ സാമ്പത്തികമായി പ്രലോഭിപ്പിച്ച് ആയുധങ്ങള്‍ നല്‍കി സമാധാനം നിലനില്‍ക്കുന്ന സുഉൗദിയുടെ വിവിധ പ്രവിശ്യകളില്‍ കലാപമുണ്ടാക്കുവാനുള്ള ഇറാനിന്റെയും ലബനാനിലെ ഹിസ്ബുല്ല തീവ്രവാദികളുടെയും ശ്രമങ്ങള്‍ക്കെതിരില്‍ ശെയ്ഖ് ഹൈറാനി പലതവണ മാധ്യമങ്ങളില്‍ കൂടി പരസ്യമായി രംഗത്തുവരികയും ഇറാനിനെയും ഖുമുസിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതില്‍ അസംതൃപ്തരായ ശിയാപുരോഹിതന്മാര്‍ ഇടപാടുചെയ്ത വാടകക്കൊലയാളികളാണ് ഹൈറാനിയെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.

ഇറാനില്‍ കാലങ്ങളായി ഭരണം നടത്തിവരുന്ന ശിയാ നേതാക്കളില്‍ ആരും തന്നെ ഇത്തരം ചൂഷണത്തില്‍നിന്നും വിമുക്തരല്ലായെന്നതാണ് വാസ്തവം. ഇറാനിന്റെ ആത്മീയനേതാവും റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായിരുന്ന റഫ്‌സഞ്ചാനി അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതകാലത്ത് യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തിയിരുന്നു. ഇറാനിന്റെ എണ്ണ കയറ്റുമതിയെന്ന സുപ്രധാന വകുപ്പിന്റെ ചുമതലക്കാരന്‍ കൂടിയായിരുന്നു റഫ്‌സഞ്ചാനി.

എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വിമാനത്താവളത്തില്‍ പിടിയിലായ റഫ്‌സഞ്ചാനിക്കെതിരില്‍ കോടിക്കണക്കിന് ഡോളറിന്റെ അഴിമതിയാരോപണമാണ് ഉന്നയിക്കപ്പെട്ടത്. അധികാരത്തിലിരുന്ന കാലത്ത് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയ പ്രത്യേക പരിഗണനയും ഇളവുകളും ഇതിനും പുറമെയാണ്. തുടര്‍ന്ന് ഏറെക്കാലം വീട്ടുതടങ്കലില്‍ ആയിരുന്ന റഫ്‌സഞ്ചാനിയെ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊശ്ക്കിലെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. നീന്തല്‍ വശമുണ്ടായിരുന്ന റഫ്‌സഞ്ചാനിയെ ഇറാന്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ സ്വിമ്മിംഗ്പൂളില്‍ ചവിട്ടിത്താഴ്ത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബക്കാര്‍ പറയുന്നത്. റഫ്‌സഞ്ചാനി മരിച്ച ഉടനെത്തന്നെ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയില്‍ നിരവധി സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായും ഇറാനിയന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയത്തുല്ല അലിഹഷ്മി റഫ്‌സഞ്ചാനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തിരിമറികള്‍ നടന്നതായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഉന്നയിക്കുന്ന പരാതികള്‍ക്ക്  ഇനിയും ചെവി നല്‍കാന്‍ ഭൂമുഖത്തെ 'ഏക സമഗ്ര ഇസ്‌ലാമിക്' റിപ്പബ്ലിക്കായി ചിലരാല്‍ വാഴ്ത്തപ്പെടുന്ന ഇറാനിന്റെ ആത്മീയ നേതൃത്വം തയ്യാറാകാത്തതിന്റെ കാരണങ്ങളും ദുരൂഹമാണ്.

പ്രമുഖനായ ട്രേഡ് യൂണിയന്‍ നേതാവായി കാലങ്ങളോളം പ്രവര്‍ത്തിച്ച ശേഷം ഇറാനിന്റെ പ്രസിഡന്റ്പദവിയിലെത്തിയ അലിനജാദും ഈ അഴിമതി ആരോപണങ്ങളില്‍നിന്നും വിമുക്തനല്ല. അലിനജാദിനെ തുടര്‍ന്നും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നതില്‍ നിന്നും തടയാന്‍ ഇറാനിലെ ആത്മീയ നേതാക്കള്‍ക്ക് ഒരുപാട് തലപുകഞ്ഞ് ആലോചിക്കേണ്ടി വന്നിരുന്നു. അവസാനം നജാദിനെ തടയിടാന്‍ ഒരു പുതിയ പാര്‍ലമെന്റ് ബില്‍ തന്നെ ആത്മീയനേതാക്കള്‍ പാസ്സാക്കിയെടുത്തു. ഇതിനെ തുടര്‍ന്നാണ് അലിനജാദിന് തുടര്‍മത്സരത്തില്‍നിന്നും പിന്‍വാങ്ങേണ്ടി വന്നത്. അലിനജാദിനെതിരില്‍ ഉന്നയിക്കപ്പെട്ട കോടികളുടെ അഴിമതിയെപ്പറ്റി കമായെന്നൊരക്ഷരം ഇന്നോളം ഉരിയാടാന്‍ ഇറാനിലെ ആത്മീയനേതാക്കള്‍ തയ്യാറാകാത്തത് തികച്ചും സ്വാഭാവികം മാത്രം. അധികാരം ഉണ്ടായാലും ഇല്ലെങ്കിലും നബിതിരുമേനിയുടെ കുടുംബത്തിലെ പിന്‍ഗാമികളെന്ന വ്യാജവാദത്തിന്റെ അടിസ്ഥാനത്തില്‍ ശിയാസമൂഹത്തെ വ്യാപകമായി ചൂഷണംചെയ്യുന്ന നേതാക്കള്‍ ചക്കരക്കുടത്തില്‍ കയ്യിട്ടുവാരാനുള്ള അവസരം അല്‍പം പോലും പാഴാക്കുകയില്ലെന്നാണ് മീഡിയകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇസ്‌ലാമിന്റെ പേരില്‍ വ്യാപകമായി അറിയപ്പെടുന്ന ഇറാനില്‍ രാജ്യത്തിന്റെ പൊതുസമ്പത്ത് അധികാരക്കസേരയുടെ വക്താക്കള്‍ കൊള്ളയടിക്കുന്നതുമൂലം രാജ്യംനേരിടുന്ന ഭീഷണി ചെറുതല്ല. സ്വന്തമായി കിടപ്പാടമില്ലാതെ റോഡരികില്‍ അന്തിയുറങ്ങുന്ന സാധുക്കള്‍ ഇറാനിലെ ഒരു സാധാരണ കാഴ്ചയാണിന്ന്! പൊതുശ്മശാനങ്ങളിലെ കാലിയായിക്കിടക്കുന്ന ക്വബ്‌റുകളില്‍ പോലും അന്തിയുറങ്ങുന്നവരുടെ കാഴ്ച ഭൂമിയില്‍ ഇറാനിലെ മാത്രം ദുരന്തമാണ്. 'മുത്അ' എന്ന പേരില്‍ അറിയപ്പെടുന്ന വ്യഭിചാര തുല്യമായ അനിസ്‌ലാമിക നടപടിയില്‍ പിതാവാരെന്നറിയാതെ പിറന്നുവീഴുന്ന ജാരസന്തതികള്‍ ഉയര്‍ത്തുന്ന ഭീഷണിയും നിലവിലെ ഇറാനിന്റെ മറുമുഖമാണ്. സഞ്ചാരിയായ മുഹമ്മദ് അസദ് പറഞ്ഞതുപോലെ 'കൊക്കയിനിന്റെയും അവീനിന്റെയും ലഹരിയില്‍ പാതിയടഞ്ഞ കണ്ണുകളുമായി' തെഹ്‌റാനിലെ തെരുവീഥികളില്‍ അന്തിയുറങ്ങുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ ഇറാനികളുടെ അവസ്ഥ…ഖുമൈനി വിപ്ലവത്തിന് ശേഷവും മാറ്റമില്ലാതെ തുടരുന്നുണ്ട്. മയക്കുമരുന്ന് നിര്‍ലോഭം ഉപയോഗിക്കാനുള്ള അവകാശമാണ് ഇസ്‌ലാമിക വിപ്ലവംകൊണ്ട് ഇറാനിലെ ആയത്തുല്ലമാര്‍ ലക്ഷ്യമിട്ടതെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്ന വാഗ്ദാനങ്ങളാണ് കഴിഞ്ഞ ഇലക്ഷനില്‍ ഉയര്‍ന്നുകേട്ടത്.

സുഊദി അറേബ്യയില്‍ സല്‍മാന്‍ബിന്‍ അബ്ദില്‍ അസീസിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും പ്രത്യേക നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അഴിമതി നിരോധനസെല്‍ ഇതിനോടകം നിരവധി പ്രമുഖന്മാരെ അകത്താക്കിയ വാര്‍ത്തകളാണ് സമകാലീന സാഹചര്യത്തില്‍ ഉയര്‍ന്നു കേട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് കീശവീര്‍പിച്ച ധൂര്‍ത്തന്മാരില്‍ രാജാവിന്റെ സ്വന്തം രക്തബന്ധുക്കള്‍ പോലും ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരില്‍ നടപടിയെടുക്കാനോ അവരെ തടവിലാക്കാനോ വിചാരണനടത്താനോ സുഉൗദി ഭരണകൂടത്തിന് ആരെയും ഭയക്കേണ്ടിവന്നില്ല. വലീദ്ബിന്‍ ത്വിലാല്‍ ഉള്‍പെടെയുള്ള പ്രമുഖന്മാരാന് ജയിലഴികള്‍ എണ്ണുന്നതെന്ന് നാം പ്രത്യേകം ഗ്രഹിക്കണം. മുന്‍ ഭരണാധികാരിയുടെ കാലത്ത് കിരീടാവകാശിയും സൈന്യത്തില്‍ സുപ്രീം കമാന്ററുമായിരുന്ന അമീര്‍ മിത്അബ് ബിന്‍അബ്ദില്ലായും ഇപ്രകാരം പിടിക്കപ്പെട്ടവരില്‍ ഉള്‍പെട്ടിരുന്നു. എന്നാല്‍ തന്റെ അവിഹിതമായ സമ്പാദ്യങ്ങള്‍ സര്‍ക്കാരിന് തിരികെ നല്‍കാമെന്ന കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചു.

അഴിമതിക്കും ചൂഷണത്തിനുമെതിരില്‍ സുഉൗദി അറേബ്യ നടത്തുന്ന രീതിയിലുള്ള ഒരു പോരാട്ടം പ്രഖ്യാപിക്കുവാന്‍ ഭൂമുഖത്ത് ഏത് സര്‍ക്കാരുകള്‍ക്ക്  സാധിക്കുമെന്ന ചോദ്യമാണ് ഈ സന്ദര്‍ഭത്തില്‍ നമ്മുടെ മനസ്സുകളില്‍നിന്നും പുറത്തേക്ക് വരേണ്ടത്. കുടുംബബന്ധവും രക്തബന്ധവും പണവും പ്രതാപവുമൊന്നും പരിഗണിക്കാതെ അഴിമതിയും ചൂഷണവും നടത്തിയതിന്റെ പേരില്‍ ഇത്രയധികം പ്രമുഖ കോടീശ്വരന്മാരെ ഒരേസമയം തടവിലാക്കിക്കൊണ്ട് രാജ്യത്തിന്റെ പൊതുമുതല്‍ വീണ്ടെടുക്കുവാന്‍ ശ്രമംനടത്തുന്നതിന്റെ ക്രഡിറ്റ് സുഉൗദി അറേബ്യയുടെ ഭരണാധികാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ഭൂമുഖത്തെ ഏക സമ്പൂര്‍ണ ഇസ്‌ലാമിക രാഷ്ട്രമെന്ന വിശേഷണം നല്‍കി  റാഫിദി ശിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാനിനെ വാനോളം പുകഴ്ത്തി, ഇറാനിലേക്ക് എല്ലാവര്‍ഷവും ഖുമൈനിയുടെ ആണ്ടുനേര്‍ച്ചക്ക് യാത്രാ ടിക്കറ്റ് ഉറപ്പാക്കാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന ബ്രദര്‍ഹുഡ്/ബറേല്‍വി/ശിയാ കൂട്ടുകെട്ടുകള്‍ക്ക് ഈ നടപടികള്‍ തികച്ചും അസഹനീയത സൃഷ്ടിച്ചതായി അവരുടെ മീഡിയകള്‍ തെളിയിക്കുന്നുണ്ട്. കാരണം ബ്രദര്‍ഹു്ഡ്/ശിയാ/ബറേല്‍വി സഖ്യങ്ങള്‍ക്ക് യഥേഷ്ടം സാമ്പത്തിക സഹായം നല്‍കിയിരുന്ന പല വന്‍തോക്കുകെളയും ഈ അഴിയെണ്ണുന്നവരുടെ കൂട്ടത്തില്‍ കാണുന്നുണ്ട്. നാല്‍പത്‌കോടിയുടെ ആവശ്യത്തിന് ഇനി സുഉൗദിയിലേക്ക് നോക്കാന്‍ പറ്റില്ലെന്ന നിലയില്‍ ഈ വിഭാഗത്തില്‍പെട്ട പ്രമുഖ പുരോഹിതന്റെ പരിവേദനം മലയാളികള്‍ കേട്ടതുമാണല്ലോ.

കാലങ്ങളായി ഇറാനിനെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു ആയത്തുല്ലയില്‍നിന്നും ഒരുനയാപൈസയെങ്കിലും സുഉൗദി ഭരണാധികാരികളെപ്പോലെ മടക്കിയെടുക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ക്വിയാമംനാളുവരെ ഉത്തരമില്ലാതെ അവശേഷിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഫ്രാന്‍സിലും അമേരിക്കയിലും ജര്‍മനിയിലുമായി ഇറാനിലെ ആത്മീയ നേതാക്കള്‍ വാരിക്കൂട്ടുന്ന സമ്പാദ്യത്തിന്റെ മുഖ്യ അടിത്തറ രാജ്യത്തിന്റെ പൊതുമുതലല്ലാതെ മറ്റെന്താണ്? പക്ഷേ, വിലായത്തുല്‍ ഫക്വീഹെന്ന ആത്മീയ നേതൃത്വവും നബികുടുംബത്തിലെ പ്രമുഖ കാരണവന്മാരെന്ന വ്യാജവാദങ്ങളും ഈ അഭിനവ ചൂഷകരെ ചോദ്യം ചെയ്യാതെ സംരക്ഷിക്കപ്പെടാന്‍ വഴിയൊരുക്കുന്നു. മുത്അയെന്ന വ്യഭിചാരത്തിനും പ്രജകളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനും ഇറാനിലെ ആയത്തുല്ലമാര്‍ മുഖ്യമായും ഉദ്ധരിക്കാറുള്ളത് ജഅ്ഫരി കര്‍മശാസ്ത്ര സരണിയില്‍ തെളിവുണ്ടെന്നാണ്. മദ്യത്തിനും മയക്കുമരുന്നിനും ബാലപീഡക്കും ഇവര്‍ ഇതേപോലെതന്നെ സ്വയംകൃത തെളിവുകള്‍ ഉദ്ധരിക്കാറുണ്ട്.

ഇസ്‌ലാമിന്റെ റിയല്‍ വക്താക്കളായി ചമയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന തുര്‍ക്കിയിലെ അഭിനവ അത്താതുര്‍ക്കുമാരും ഭൂമിയിലെ ഏറ്റവും വലിയ അഴിമതി വിപ്ലവത്തില്‍ മുങ്ങിക്കുളിച്ച വാര്‍ത്തകള്‍ പുറത്തേക്ക് വമിച്ചുകൊണ്ടിരിക്കുന്നു. സ്വിസ്സ് രാജ്യങ്ങളില്‍ തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റുകള്‍ വാരിക്കൂട്ടുന്നതിന്റെയും കൂട്ടിയതിന്റെയും ഉറവിടം രാജ്യത്തിന്റെ പൊതുമുതലല്ലാതെ മറ്റൊന്നിനും സാധ്യത കാണുന്നില്ല. ജി.സി.സി.രാജ്യങ്ങള്‍ക്കും ഖത്തറിനുമിടയില്‍ വന്നുപെട്ട പ്രതിസന്ധിയില്‍, ഏതാനും പശുക്കളെയും കുറച്ച് പാല്‍പ്പൊടിയും ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ഏറ്റവുമധികം ലാഭം കൊയ്യുന്നതും നിലവില്‍ ഇറാനും തുര്‍ക്കിയുമാണ്.

എന്റെ മകള്‍ ഫാത്വിമയാണ് മോഷണം നടത്തിയതെങ്കില്‍ പോലും മോഷണത്തിന്റെ പേരില്‍ അവളുടെ കരങ്ങള്‍ ഞാന്‍ മുറിക്കുമെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബി ﷺ യുടെ അനന്തരാവകാശവും ഇസ്‌ലാമിക ഖിലാഫത്തിന്റെ തുടര്‍ച്ചയും അവകാശപ്പെടുന്നവരാണ് തുര്‍ക്കിയിലും ഇറാനിലും അധികാരം വാഴുന്നത്. രാജ്യത്തിന്റെ പൊതുസമ്പത്ത് മോഷണം നടത്തി വിദേശരാജ്യങ്ങളിലേക്ക് കടത്തുന്ന ഇസ്തിരിയിട്ട വെള്ളക്കുപ്പായക്കാരെ പിടിച്ചുകെട്ടാനോ നിയന്ത്രിക്കുന്നത് പോയിട്ട് അവര്‍ക്ക്‌നേരെ ഒരുചെറുവിരല്‍ പോലും അനക്കാനോ അവിടുത്തെ അധികാരികള്‍ക്ക്  സാധിച്ചിട്ടില്ല. ഇവിടെയാണ് സുഉൗദി അറേബ്യയുടെ ഭരണാധികാരികളുടെ പ്രസക്തിയും ധീരതയും വ്യക്തമാകുന്നത്. യഹൂദ രാഷ്ട്രമായ ഇസ്രയേലുമായോ യഹൂദികളുമായോ ഭൗതിക കൂട്ടുകെട്ടോ സഹകരണമോ ഇസ്‌ലാം വിലക്കിയിട്ടൊന്നുമില്ല. പക്ഷേ, കാലങ്ങളായി യഹൂദികള്‍ കാട്ടിക്കൂട്ടുന്ന ദാക്ഷിണ്യമില്ലാത്ത നെറികേടുകള്‍ കാരണം അവരുമായി ഡിപ്ലോമാറ്റിക് തലത്തില്‍ സഹകരണബന്ധം സ്ഥാപിക്കാത്ത ഒരു രാജ്യമായി സുഉൗദി അറേബ്യയും മറ്റു ചില രാഷ്ട്രങ്ങളും വേറിട്ടുനില്‍ക്കുന്നു. 

എന്നാല്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ കര്‍ശനനമായി കാത്തുസൂക്ഷിക്കുന്നതിന്റെ പേരില്‍ സുഉൗദിക്കെതിരില്‍ അപവാദങ്ങള്‍ പടച്ചുവിടുന്ന ബ്രദര്‍ഹുഡ്/ശിയാ/ബറേല്‍വി ലോബികള്‍ ജി.സി.സിയില്‍ ഇസ്രയേലുമായി അഭ്യന്തരബന്ധം സ്ഥാപിക്കുവാന്‍ ആദ്യമായി പച്ചക്കൊടി കാട്ടിയ ഖത്തറിന്റെ വിഷയത്തില്‍ തികഞ്ഞ മൗനത്തിലാണ് താനും. ദോഹയുടെ വിരിമാറില്‍ ഇസ്രയേല്‍ പതാക പാറിക്കളിക്കുന്ന വിവരം ബ്രദര്‍ഹുഡ് നേതാവ് ഡോ.യൂസുഫുല്‍ ഖര്‍ദാവിക്ക് അറിയാത്തതാണന്ന് കരുതാനും കഴിയില്ല. ഫലസ്തീനിലെ പോരാട്ടങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നുവെന്നവകാശപ്പെടുന്ന ഖാലിദ് മിഷ്അലിന്റെ  രണ്ടാം ഭവനം സ്ഥിതിചെയ്യുന്നതും ഇതേ ഖത്തറില്‍ തന്നെയാണ്. ഖാലിദ് മിഷ്അലിന്റെ ഇസ്രയേല്‍ വിരുദ്ധപോരാട്ടങ്ങള്‍ക്ക് മുഖ്യഎനര്‍ജി ഖത്തറിന്റെ പെട്രോഡോളര്‍ ആണെന്നതും ലോകം അംഗീകരിക്കുന്ന വസ്തുതയാണ്. പക്ഷേ, ഈ നിമിഷംവരെ ഡോ.ഖര്‍ദാവിയോ ഖാലിദ് മിഷ്അലോ മറ്റേതെങ്കിലും ഇഖ്‌വാനീ/ജമാഅത്ത് കേന്ദ്രങ്ങളോ പരസ്യമായ ഇസ്രയേല്‍ ബന്ധത്തിന്റെ പേരില്‍ ഖത്തറിനെതിരില്‍ ഒരു വാക്കു പോലം പറയാന്‍ ആര്‍ജവം കാണിച്ചിട്ടില്ല.

ഇസ്രയേലുമായുള്ള ബന്ധത്തില്‍ ഏറ്റവുമധികം ലാഭം കൊയ്തുകൊണ്ടിരിക്കുന്ന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയില്‍നിന്നുള്ള ഏറ്റവും കൂടുതല്‍ വിമാനസര്‍വീസുകള്‍ നടക്കുന്നത് എവിടേക്കെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രമാണ്; ഇസ്രയേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലേക്ക്. ഇസ്രയേലും തുര്‍ക്കിയും തമ്മില്‍ കാലങ്ങളായി ഭായി-ഭായിയാണ്. ഉര്‍ദുഗാന്റെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി  അധികാരത്തില്‍ എത്തിയതോടെ തുര്‍ക്കിക്കും ഇസ്രയേലിനും ഇടയിലുള്ള ബന്ധം ഒന്നുകൂടി സുഭദ്രമായിയെന്നതാണ് വാസ്തവം. പരസ്പരം വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ ഇരുരാജ്യങ്ങളും മത്സരിക്കുകയാണ് അനുദിനം. ഇതിലൊന്നും ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല. നഷ്ടപ്പെടുന്ന ഇസ്‌ലാമിക പാരമ്പര്യത്തെ ഓര്‍ത്ത് അല്‍ജസീറ ഒരു ഡോക്യുമെന്ററിയെങ്കിലും റിലീസ് ചെയ്തതുമില്ല. ഖത്തറിലെ ഖര്‍ദാവിയോ ഖാലിദ് മിഷ്അലോ ഇതിനെപ്പറ്റി കമായെന്നൊരക്ഷരം മിണ്ടാത്തതിനെപ്പറ്റി ഒരു ചാനലുകാരും ഒരു സംശയവും ഉന്നയിക്കാത്തത്തില്‍ ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല. പിന്നെയും ചര്‍ച്ചകളില്‍ കൊഴുക്കുകയാണ് സ്ഥാപിക്കപ്പെടാത്ത സുഉൗദി-ഇസ്രയേല്‍ ബന്ധവും സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വാങ്ങാത്ത മോണാലിസാ ചിത്രവും!