അറബികള്‍ക്ക് അറബികളല്ലാതെ മറ്റാരുമില്ല

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

സല്‍മാന്‍ രാജാവിന്റെ ഉപദേശകന്‍ ഖാലിദ് അല്‍ഫൈസല്‍ നടത്തിയ ചരിത്രത്തില്‍ ഇടം പിടിച്ച ഹൃസ്വവും ഹൃദ്യവുമായ പ്രഭാഷണം:

അരക്ഷിതമായ ലോകം! ജ്വലിച്ചു കത്തുന്ന ഭൂപ്രദേശം! എരിഞ്ഞടങ്ങുന്ന അറബികള്‍! ബുദ്ധികള്‍ക്കു ഭ്രംശം ബാധിച്ചിരിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ക്കു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു. പ്രതിഭാശാലികള്‍ അനേ്യാന്യം കുറ്റപ്പെടുത്തിക്കഴിയുന്നു. വിവരമില്ലാത്തവര്‍ ഓരിയിട്ട് നടക്കുന്നു. ഒത്തൊരുമക്കായി ഞങ്ങള്‍ പരിശ്രമിച്ചു, എത്തിപ്പെട്ടത് ഭിന്നിപ്പിലും. ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. അതുകൊണ്ടു ഞങ്ങള്‍ അന്യോന്യം പോരടിച്ചു. പരസ്പരധാരണയുണ്ടാക്കാന്‍ ഞങ്ങള്‍ കൂടിയിരുന്നു. ഭിന്നതകള്‍ ബാക്കിയാക്കി ഞങ്ങള്‍ വേര്‍പിരിഞ്ഞു. ആനുകാലിക സംഭവവികാസങ്ങള്‍ വിശകലനം ചെയ്തു നോക്കൂ. സ്ഥിതിഗതികള്‍ എപ്രകാരം നൊമ്പരപ്പെടുത്തുന്നു എന്നോര്‍ക്കുക. എല്ലാ പ്രതിലോമ കാര്യങ്ങളും ഞങ്ങളെ സ്വാധീനിക്കുന്നു. മറ്റുള്ളവരില്‍ ചലനം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ഞങ്ങള്‍ ഉപയോഗിച്ചു തീര്‍ക്കുന്നു. ഒന്നും ഉല്‍പാദിപ്പിക്കുന്നില്ല. എല്ലാ മാളത്തില്‍ നിന്നും ഞങ്ങള്‍ക്ക് രണ്ടു തവണ കടിയേല്‍ക്കുന്നു. സഹോദരന്‍ സഹോദരന്റെ കഴുത്തറുക്കുന്നു. കൊലയാളിക്ക് അറിഞ്ഞുകൂടാ എന്തിന് കൊന്നു എന്ന്. ജന്മനാട്ടില്‍ കഴിയുന്ന പൗരന് ജീവിതത്തെ ആസ്വദിക്കാനാവുന്നില്ല. അഭയകേന്ദ്രങ്ങള്‍ ഞങ്ങളെ കരയിപ്പിക്കുന്നു. പ്രതിയോഗികളോ പല്ലിളിച്ചുകാട്ടി ഞങ്ങളെ പരിഹസിക്കുന്നു.

നിദ്രയില്‍ നിന്നുണരാന്‍ നമുക്ക് സമയമായി. ഉദാസീനതയുടെപുതപ്പൂരിയെറിഞ്ഞ് ചാടിയെഴുന്നേല്‍ക്കാന്‍ നേരമായി. അല്ലാഹുവാണ സത്യം! കാലം നമ്മെ വിളിച്ചുകൊണ്ടേയിരിക്കുന്നു. ജീവിക്കുന്ന ഭൂതലം ആര്‍ത്തുവിളിക്കുന്നുണ്ട്. അല്ലാഹുവിന്റെ സഹായത്താല്‍ നമ്മുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ നാം പ്രാപ്തരാണ്. ഉടുതുണി  അരയില്‍ മുറുക്കിക്കെട്ടി നാം കര്‍മോല്‍സുകരാവുക. കാര്യബോധമുള്ള യുവതയെ നാം കര്‍മസജ്ജരാക്കുക. ജ്ഞാനം കൊണ്ട് നാം അവരെ ആയുധമണിയിക്കുക. നൈപുണ്യവും പ്രത്യുത്പന്നമതിത്വവും ക്രയശേഷിയും നാം യുവജനങ്ങളില്‍ വളര്‍ത്തിയെടുക്കുക. അഹങ്കാരം നാം വലിച്ചെറിയുക. കൂടിയാലോചനക്ക് തയ്യാറാവുക. അറബികള്‍ക്ക് അറബികളല്ലാതെ മറ്റാരുമില്ല.