വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കർമവീഥിയിൽ തളരാതെ മുന്നോട്ട്

ടി.കെ അശ്‌റഫ്

2025 ജനുവരി 25, 1446 റജബ് 25

(2024 നവംബർ 10ന് കോഴിക്കോട് ജൂബിലി ഹാളിൽ വെച്ച് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ‘തൗഹീദ്, പ്രമാണം, പ്രസ്ഥാനം’ എന്ന പ്രമേയത്തിൽ നടത്തിയ ആദർശ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി .കെ അശ് റഫ് നടത്തിയ പ്രഭാഷണത്തിന്റെ ആശയ സംഗ്രഹം)

കേരളത്തിൽ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് വേരുകളുണ്ട്. മുജാഹിദ് പ്രസ്ഥാനം ഇവിടെ ഒരു പ്രശ്‌നവുമില്ലാതെ ഒറ്റക്കെട്ടായി നിലനിൽക്കുകയായിരുന്നുവെങ്കിൽ എന്തൊരു പ്രവർത്തനമാണോ ചെയ്യുക ആ പ്രവർത്തനം ഇന്ന് അതേ ശൈലിയിലും അതേ രൂപത്തിലും ഏറ്റെടുത്തുകൊണ്ടാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുന്നോട്ടുപോകുന്നത്. എന്നാൽ സംഘടനയുടെ ഔദ്യോഗികത അവകാശപ്പെടുന്നവരാകട്ടെ, ആദർശപരമായും സംഘടനാപരമായും അതിന്റെ പാരമ്പര്യത്തിൽ നിന്ന് തിരിച്ചുനടക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മുജാഹിദുകളിൽ ആത്മാർഥതയുള്ളവർ, കേൾക്കാനും പഠിക്കാനും തയ്യാറാകുന്നവർ സത്യം തിരിച്ചറിഞ്ഞ് ഈ കൂട്ടായ്മയുടെ ഒപ്പം സഞ്ചരിക്കും; വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ മെമ്പർഷിപ്പ് എടുത്താലും ഇല്ലെങ്കിലും.

‘നിങ്ങൾക്ക് ആറു മാസം മാത്രമെ ആയുസ്സുള്ളൂ’ എന്നാണ് ഔദ്യോഗികത അവകാശപ്പെട്ടവർ പറഞ്ഞു പ്രചരിപ്പിച്ചിരുന്നത്. 12 വർഷം പിന്നിട്ടപ്പോഴുള്ള കാഴ്ച അവരെ വല്ലാതെ അരിശം കൊള്ളിക്കുന്നുണ്ട്. ഇവർ പള്ളികൾതോറും ജിന്നുസേവ കേന്ദ്രങ്ങൾ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞ് സാധാരണക്കാരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അത് വിശ്വസിച്ചവർക്കൊക്കെ ഇപ്പോൾ സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട്. അവരുടെ എല്ലാ ആരോപണങ്ങളും തകർന്നടിഞ്ഞിരിക്കുകയാണ്. ചികിത്സയുടെ മറവിൽ അനിസ്‌ലാമിക ചെയ്തികൾ നടത്തുന്നവരെ വിസ്ഡം വേദിയിൽനിന്ന് മാറ്റി നിർത്തിയ ചരിത്രമാണ് അതിനുള്ളത്.

നമ്മൾ നിരീക്ഷിച്ച കാര്യങ്ങൾ ശരിയാണെന്ന് കാലം തെളിയിക്കുകയാണ്. ‘ആദർശരഹിത ഐക്യം ഉണ്ടാക്കി ചിലരുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശിർക്ക് ആരോപിച്ച് ഒരുകൂട്ടം ആളുകളെ നിങ്ങൾ പുറത്താക്കിയത്. അങ്ങനെ ശിർക്കാരോപിച്ച് പുറത്താക്കിയത് നിങ്ങൾക്ക് മർകസുദ്ദഅ്‌വയുമായി ഐക്യപ്പെടാനാണ്. അതിന് തടസ്സം നിന്ന ആളുകളെ ഒഴിവാക്കാനാണ് ഈ കടുംകൈ ചെയ്തത്’ എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. അതുതന്നെ സംഭവിച്ചു, അഥവാ അവർ ആദർശ വ്യതിയാനം തിരുത്താതെ ഐക്യപ്പെട്ടു.

ഐക്യം യാഥാർഥ്യമാകണമെങ്കിൽ ആദർശത്തിൽ വ്യക്തത വേണമെന്ന് നമ്മൾ പറഞ്ഞു. അല്ലാത്തപക്ഷം ഐക്യം വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നും നമ്മൾ വ്യക്തമാക്കി. ആദർശവ്യതിയാന കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ച ശേഷമാണ് ഈ ഐക്യമെന്ന് മാധ്യമങ്ങൾക്കു മുമ്പിൽ വന്ന് നേതാക്കൾ പറഞ്ഞു. നമ്മൾ ഓരോ വിഷയവും എണ്ണിയെണ്ണി വിശദീകരിച്ചു. ഇതിലൊന്നും നിങ്ങൾക്കിടയിൽ തീരുമാനമായിട്ടില്ല എന്ന്, അതുകൊണ്ട് നിങ്ങൾക്ക് ഈ തട്ടിക്കൂട്ട് ഐക്യവുമായി മുന്നോട്ടു പോകാൻ കഴിയില്ല എന്ന് നാം പറഞ്ഞു. ഞങ്ങൾ ഭംഗയായി മുന്നോട്ടു കൊണ്ടുപോകും, നിങ്ങൾ അസൂയകൊണ്ട് പറയുകയാണെന്നായിരുന്നു മറുപടി. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും നാം പറഞ്ഞതുപോലെ തന്നെ ഐക്യപ്പെട്ടവർ രണ്ടായിത്തന്നെ പ്രവർത്തിക്കുന്ന രംഗമാണ് പിന്നീട് നമുക്ക് കാണാൻ കഴിഞ്ഞത്.

ആദർശം തിരുത്താതെ കുറച്ചു പേർ സിഡി ടവറിൽ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഈ നിലപാട് പ്രാദേശിക ദഅ്‌വ പ്രവർത്തനങ്ങളെ പോലും ബാധിക്കും എന്ന് നാം പറഞ്ഞു. മർകസുദ്ദഅ്‌വയിൽ നിന്ന് ഐക്യപ്പെട്ടു വന്ന ടീം തിരിച്ചു പോയപ്പോൾ കുറച്ചു പേർ ലയിച്ച വിഭാഗത്തിൽ തന്നെ നിലകൊണ്ടു. അപ്പോൾ നമ്മൾ പറഞ്ഞു; ഈ ബാക്കി നിൽക്കുന്ന ആളുകൾ അവരുടെ തെറ്റായ ആദർശനിലപാടുകളിൽ മാറ്റം വരുത്താതെ പ്രവർത്തിച്ചാൽ നിങ്ങളുടെ ദഅ്‌വാ പ്രവർത്തനങ്ങൾ മുന്നോട്ട് പോകില്ല എന്ന്. അതിന്റെ അടയാളങ്ങൾ പ്രകടമാണ്. ഇന്ന് അവർക്ക് പല ശാഖകളിലും സംഘടന നിശ്ചയിക്കുന്ന പരിപാടികൾ നടത്താൻ കഴിയുന്നില്ല. നന്നായി പ്രവർത്തിച്ചിരുന്ന പല മണ്ഡലങ്ങളും ശാഖകളും നിഷ്‌ക്രിയമാണ്. മാത്രവുമല്ല, ഒരു സമ്മേളനം സംഘടിപ്പിച്ചിട്ട് അതിന് പരസ്പരം മറുപടി പറയേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. ഖത്വീബുമാർക്ക് വിഷയങ്ങൾ തുറന്ന് സംസാരിക്കാൻ പലപ്പോഴും കഴിയുന്നില്ല.

മർകസുദ്ദഅ്‌വ വിഭാഗത്തിന് സംഭവിച്ച അദർശ വ്യതിയാനം കെഎൻഎം സംഘടനാ മീറ്റിംഗുകളിൽ വിശദമായി ചർച്ച ചെയ്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന് സാധ്യമാണോ? അതേ ആശയമുള്ള ആളുകൾ ശാഖ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റിയിൽ വരെ ഇരിക്കുമ്പോൾ എങ്ങനെ സെക്രട്ടറിയേറ്റ്/എക്‌സിക്യൂട്ടീവ്/ കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യും? എങ്ങനെ പണ്ഡിതസഭയിൽ ചർച്ച ചെയ്യും? അഥവാ ചർച്ചക്കെടുത്താൽ അന്നേരം സംഘടനയിൽ പ്രതിസന്ധിയുണ്ടാകും.

നിശ്ശബ്ദരായാൽ സംഭവിക്കാൻ പോകുന്നത് മർകസുദ്ദഅ്‌വയുടെ ആശയക്കാർ കെഎൻഎമ്മിനെ ഹൈജാക്ക് ചെയ്യും എന്നതാണ്. ഭാവിയിൽ, ശേഷിക്കുന്ന മർകസുദ്ദഅ്‌വക്കാർ കൂടി കെഎൻഎമ്മിലേക്ക് വരും. മർകസുദ്ദഅ്‌വക്കാർ ഇപ്പോൾ ആദർശ വിശദീകരണങ്ങളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന വികല വാദങ്ങളെന്തൊക്കെയാണോ അതെല്ലാം കെഎൻഎമ്മിന്റെ വേദികളിലുമെത്തും. പ്രതികരിച്ചാൽ കൂടെയുള്ളവർ പിണങ്ങി വീണ്ടും പ്രശ്‌നമുണ്ടാകും. ഇതാണ് സംഭവിക്കാൻ പോകുന്നത്. അതോടെ മുജാഹിദ് പ്രസ്ഥാനം പതിറ്റാണ്ടുകൾ പരിശ്രമിച്ചുണ്ടാക്കിയ സ്ഥാപനങ്ങളും പള്ളികളുമെല്ലാം ഹദീസ് നിഷേധവും മതയുക്തിവാദവും വെളിവാക്കുന്ന ഇടങ്ങളായി മാറും. അവയൊക്കെ ഉയർന്നുവന്നത് നമ്മുടെ മുൻഗാമികളുടെ പരിശ്രമ ഫലമായിട്ടാണ്. നമ്മളും സാമ്പത്തികമായും ശാരീരികമായും അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയെ കൃത്യമായി തൗഹീദ് പറയുന്ന, ഹദീസുകളുടെ പ്രാധാന്യം പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പള്ളികളുമായി നിലനിർത്തുക എന്നത് മുജാഹിദുകളുടെ ഉത്തരവാദിത്തമാണ്.

ഏതായിരുന്നാലും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഒരു കുഴപ്പത്തിനും വരാൻ ഉദ്ദേശിക്കുന്നില്ല. വസ്തുതകൾ ചൂണ്ടിക്കാണിക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കുന്നു എന്നു മാത്രം. നമ്മൾ ഇതിന് വിസ്ഡം എന്ന പേരു സ്വീകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചത് പ്രശ്‌നത്തിന് പോകണ്ട എന്ന് വിചാരിച്ചിട്ടാണ്. ഒരു പേരിനു പിന്നാലെ പോയി പ്രബോധന രംഗത്ത് ചെലവഴിക്കേണ്ട ഊർജവും സമ്പത്തും സമയവും നഷ്ടപ്പെടുത്തേണ്ട എന്നു കരുതിയിട്ടാണ്.

ബഹുമാന്യനായ കരുവള്ളി മുഹമ്മദ് മൗലവിയെ പോലെയുള്ള പണ്ഡിതന്മാർ ഞങ്ങളെ ഉപദേശിച്ചത് മുജാഹിദ് പ്രസ്ഥാനം എന്ത് ആദർശമാണോ മുന്നോട്ടുവെച്ചത് അതുമായി മുന്നോട്ടു പോയിക്കൊള്ളൂ, സംഘടനക്ക് മറ്റൊരു പേര് സ്വീകരിച്ചാലും കുഴപ്പമില്ല എന്നാണ്. അങ്ങനെയൊക്കെ കോംപ്രമൈസ് ചെയ്ത ഒരു സംഘമാണിത്. എന്നാൽ നമ്മൾ നടത്തിവരുന്ന പള്ളികളും സ്ഥാപനങ്ങളും സംരക്ഷിക്കുവാൻ വേണ്ടി നിയമ പോരാട്ടം ആവശ്യമായിടത്ത് അത് ചെയ്തിട്ടുണ്ട്. മുജാഹിദ് ആദർശം ഉള്ളവർക്കാണ് മുജാഹിദുകൾ ഉണ്ടാക്കിയ പള്ളിയും മദ്‌റസയും നടത്താനുള്ള അർഹതയുള്ളത്.

‘നിങ്ങളാരാണ്’ എന്നാണ് ഇവർ പരിഹാസ രുപേണ നമ്മോട് ചോദിക്കുന്നത്. ഞങ്ങൾ കെ.എം മൗലവി, കെ. ഉമർ മൗലവി, അമാനി മൗലവി, ഇ.കെ മൗലവി പോലുള്ള അനേകം മുജാഹിദ് പണ്ഡിതന്മാർ ക്വുർആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ പഠിപ്പിച്ച തൗഹീദിന്റെ വക്താക്കളാണ് ഞങ്ങൾ എന്നാണ് അതിനുള്ള മറുപടി. പ്രാമാണികമായി തൗഹീദിനെ കുറിച്ച് അവർ എഴുതിയതെല്ലാം പൂർണമായി അംഗീകരിക്കുന്നവരാണ് നമ്മൾ. എന്നാൽ സംഘടനയുടെ ലെറ്റർ പാഡും ഓഫീസും ഞങ്ങളുടെ കൈകളിലാണ് എന്ന് ഊറ്റം കൊള്ളുന്നവർക്ക് ഇപ്പറഞ്ഞതുപൊലെ പ്രഖ്യാപിക്കുവാൻ ധൈര്യമുണ്ടോ?

അവരൊക്കെ സുന്നികളായിരുന്ന കാലത്താണ് ഇത് എഴുതിയിട്ടുള്ളത് എന്ന് പറഞ്ഞ് ന്യായം കണ്ടെത്തുന്ന, കെഎം മൗലവിയെയും ഇ.കെ മൗലവിയെയും മുഹമ്മദ് അമാനി മൗലവിയെയും കെ. ഉമർ മൗലവിയെയും വരെ തള്ളിപ്പറയുന്നവർക്കെങ്ങനെ കെഎൻഎമ്മിന്റെ പാരമ്പര്യം അവകാശപ്പെടാനാകും?

മർകസുദ്ദഅ്‌വക്കാർക്ക് ഇപ്പോൾ വേണ്ടത് മുൻകാല നേതാക്കളുട ഫോട്ടോകൾ മാത്രമാണ്; ആദർശമല്ല. എന്നാൽ നമുക്കു വേണ്ടത് അവരുടെ ആദർശമാണ്. നാം പ്രബോധനം ചെയ്യുന്നത് അവർ പ്രബോധനം ചെയ്ത ആദർശമാണ്.

മറ്റുള്ളവർ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനമോ പള്ളിയോ കയ്യേറുക എന്ന അക്രമം വിസ്ഡം പ്രവർത്തകർ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. എന്നാൽ അങ്ങനെയുള്ള കാര്യം ചെയ്യുവാനും പള്ളി പൂട്ടിക്കുവാനും തയ്യാറാകുന്ന അവസ്ഥയിലേക്ക് കെഎൻഎം എന്ന സംഘടന അധഃപതിച്ചിരിക്കുന്നു.

ക്വുർആനും സുന്നത്തുമാണ് നമ്മുടെ പ്രമാണം. അവയെ സച്ചരിതരായ മുൻഗാമികൾ മനസ്സിലാക്കിയതും വിശദീകരിച്ചതും അവഗണിച്ച് തോന്നിയതുപോലെ വിശദീകരിക്കുന്നവരല്ല സലഫികൾ. സിഡി ടവർ വിഭാഗവും മർകസുദ്ദഅ്‌വ വിഭാഗവും ഇപ്പോൾ ചെയ്യുന്നത് തോന്നിയതുപോലെ വിശദീകരിക്കലാണ്. അവർക്ക് മുൻഗാമികളായ പണ്ഡിതന്മാരുടെ ക്വുർആൻ തഫ്‌സീറുകളെയും പ്രാമാണിക ഗ്രന്ഥളെയും പേടിയാണ്. പല ഹദീസുകളോടും പുച്ഛമാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ ഭയമാണ്. സ്വന്തം നേതാക്കളുടെ പഴയ പ്രസംഗങ്ങളോട് അലർജിയാണ്. എന്നാൽ ആദർശത്തിന്റെ വഴിയിൽ വിട്ടുവീഴ്ച ചെയ്യാത്തതിനാൽ നമുക്ക് യാതൊരു ഭയവുമില്ല.

നമുക്കു മേൽ ശിർക്ക് ആരോപിക്കുകയും ഈ കൂട്ടായ്മയെ എന്തു വിലകൊടുത്തും തകർക്കാൻ നോക്കുകയും ചെയ്യുന്നവരോട് നമുക്ക് വളരെ വിനയപൂർവം പറയാനുള്ളത് നിങ്ങൾക്ക് ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ സാധ്യമല്ല എന്നാണ്. കാരണം ഞങ്ങൾ സത്യത്തിന്റെ മാർഗത്തിലാണ് നിലകൊള്ളുന്നത്. നബിﷺയും സ്വഹാബത്തും നിലകൊണ്ട മാർഗമാണത്. അതുതന്നെയാണ് മുൻകാല മുജാഹിദ് പണ്ഡിതന്മാരുടെയും മാർഗം. അതുകൊണ്ട് അല്ലാഹുവിന്റെ സഹായം ഞങ്ങളോടൊപ്പമുണ്ടാകും എന്ന കാര്യം ഉറപ്പാണ്.

അല്ലാഹുവിന്റെ മാർഗത്തിൽ യഥാവിധി നിലകൊള്ളുന്നവർക്കേ അവന്റെ സഹായം ലഭിക്കുകയുള്ളൂ. ഇക്കാര്യം വിസ്ഡം പ്രവർത്തകരും ഓർത്തുവെക്കുക. അല്ലാഹുവിന്റെ വഴിയിൽനിന്ന് നാം ചിതറിപ്പോയാൽ അല്ലാഹു നമ്മെ കൈവിടും.

(തയ്യാറാക്കിയത്: ഉസ്മാൻ പാലക്കാഴി)