ജാമിഅ അൽഹിന്ദ്; ഒരു എത്തിനോട്ടം

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

വാഴക്കാട് കൊയപ്പത്തൊടി കുടുംബത്തിൽ 1800കളുടെ അവസാനത്തിലാണ് അവരുടെ കുടുംബ വഖ്ഫായി വാഴക്കാട് തൻമിയത്തുൽ ഉലൂം എന്നൊരു പള്ളിദർസ് സ്ഥാപിതമാകുന്നത്. മുസ്‌ലിം സമുദായത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമായി വർധിക്കുന്നുണ്ടെന്നും അവർ പൊതുജീവിതത്തിൽനിന്ന് ഒറ്റപ്പെട്ട് പിന്നാക്കം പോകുന്നുണ്ടെന്നും മനസ്സിലാക്കിയ, വളരെ പ്രബുദ്ധമായി ചിന്തിച്ചിരുന്നവരുള്ള ആ കുടുംബത്തിൽ നിന്നാണ്; പുതുതലമുറ മതം പഠിക്കണം, ലോകവിവരം നേടണം എന്ന ഉദ്ദേശ്യത്തോടുകൂടി ‘തൻമിയത്തുൽ ഉലൂം’ എന്ന പേരിൽ ദർസ് സ്ഥാപിതമായി. 1908ൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ ജനിച്ചുവളർന്ന മഹാനായ പണ്ഡിതൻ അവിടുത്തെ മുദർരിസായി. ഈ കൊയപ്പത്തൊടിക്കാരുടെ സഹായത്തോടു കൂടി വാഴക്കാട് തൻമിയത്തുൽ ഉലൂമിന് അദ്ദേഹം ദാറുൽ ഉലൂം എന്ന് പുനർനാമകരണം ചെയ്ത് അതിനെ വളർത്തി കൊണ്ടുവന്നു.

മുസ്‌ലിം സമുദായം ആരാന്റെ അടിമകളായി ജീവിക്കേണ്ടവരല്ല, അവർക്ക് രാഷ്ട്രീയ ബോധം വേണം, അവർക്ക് മതബോധം ആവശ്യമാണ്, അവർക്ക് സമൂഹത്തിൽ തലയെടുപ്പുള്ള നേതൃത്വം വേണം, അവർ സൂക്ഷ്മതയുള്ളവരുടെ അഥവാ തക്വ്‌വയുള്ളവരുടെ മുൻനിരക്കാരായി വളർന്നുവരണം; അതിന് അറിവും ബോധവും തന്റേടവും സന്മനസ്സും വേണം എന്ന് മനസ്സിലാക്കിക്കൊണ്ടാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അവർക്ക് പുതിയ പഠനരീതി പരിചയപ്പെടുത്തിക്കൊടുത്തത്.

ആ പള്ളി ദർസിൽനിന്ന് മഹാനായ കെഎം മൗലവി(റഹി)യെ പോലെയുള്ള, കേരള മുസ്‌ലിം നവോത്ഥാനത്തിന് നെടുനായകത്വം വഹിച്ച മഹാന്മാരായ പണ്ഡിതന്മാർ വളർന്നുവന്നു. അച്ചടിപ്പാഠം എന്ന പാഠപുസ്തകം അദ്ദേഹം ഉണ്ടാക്കി. പിന്നീട് 1914ൽ തറമ്മൽ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന തിരൂരങ്ങാടി പള്ളിയിലേക്ക് ആ പള്ളി ദർസിനെ മാറ്റുകയുണ്ടായി. ചാലിലകത്തിന്റെ മക്വ‌്‌ബറ അവിടെത്തന്നെയാണ്. അവിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. പിന്നീട് കെഎം മൗലവി അത് ഏറ്റെടുത്തു. അത് വളർന്ന് കൃത്യമായ സിലബസിന്റെയും കരിക്കുലത്തിന്റെയും അടിസ്ഥാനത്തിലുള്ള അറബിക്കോളേജായി മാറുകയും ചെയ്തു.

അസ്ഹറിൽ നിന്ന് പഠിച്ച, പണ്ഡിതനായ അബുസ്സ്വബാഹ് അഹ്‌മദലി മൗലവി എന്ന മഹാനായ ഒരു പണ്ഡിതൻ ആനക്കയത്ത് മലമുകളിൽ കുറേക്കാലം പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞിരുന്നു. അദ്ദേഹമാണ് ഫറൂക്കിലെ റൗദത്തുൽ ഉലൂം സ്ഥാപിച്ചത്. ഏകദേശം ആ കാലഘട്ടത്തിൽ തന്നെയാണ് പുളിക്കൽ മദീനത്തുൽ ഉലൂം എന്ന സ്ഥാപനവും ഉണ്ടാകുന്നത്. പിന്നീട് ഒരുപാട് അറബിക്കോളേജുകൾ കേരളത്തിൽ ഉണ്ടായി.

ഒരുപാട് ഗ്രന്ഥങ്ങൾ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും പുറത്തുനിന്നും മദീനത്തുൽ ഉലൂമിൽ കൊണ്ടുവന്ന് എംസിസി അബ്ദുറഹ്‌മാൻ മൗലവി(റ)യും അദ്ദേഹത്തിന്റെ സഹോദരന്മാരും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. 1969ൽ മദീനത്തുൽ ഉലൂമിൽ ഞാൻ ചെന്ന സമയത്ത് അവിടെ പത്താം ക്ലാസ് കഴിഞ്ഞ് ചേരുന്ന ഒരു കുട്ടി ആദ്യം തജ്ഹീസിയ എന്ന ക്ലാസിൽ അറബി ഭാഷയുടെ പ്രാഥമിക പാഠങ്ങൾ പഠിക്കൽ നിർബന്ധമായിരുന്നു. പിന്നീട് നാലുവർഷം പഠിച്ചതിനുശേഷമാണ് ഇന്നത്തെ പ്ലസ് വണ്ണിന്റെ ലെവലിലേക്കുള്ള പ്രിലിമിനറിയിലേക്ക് എത്തുക. അങ്ങനെ അടിസ്ഥാനപരമായി അറബി ഭാഷ, അറബി സാഹിത്യം, പരിശുദ്ധ ക്വുർആൻ, ഹദീസ് ഗ്രന്ഥങ്ങൾ, ഉസ്വൂലുൽ ഹദീസ്, ഉസ്വൂലുൽ ഫിക്വ‌്‌ഹ് പോലുള്ളതെല്ലാം പഠിച്ചാണ് അന്ന് കുട്ടികൾ വളർന്നിരുന്നത്.

അരീക്കോട് എൻ.വി അബ്ദുസ്സലാം മൗലവി ജംഇയ്യത്തുൽ മുജാഹിദീന്റെ കീഴിൽ അറബിക്കോളേജ് പ്രസ്ഥാനത്തിന്റെ പുതുമ ഉൾക്കൊള്ളുകയും അദ്ദേഹം അവിടെ സുല്ലമുസ്സലാം അറബിക്കോളേജ് സ്ഥാപിക്കുകയും ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞ അരീക്കോട്ടുകാരായ കുട്ടികളെ അദ്ദേഹം രണ്ട് വർഷം അറബിക്കോളേജിൽ പഠിപ്പിച്ചതിനു ശേഷമായിരുന്നു എംബിബിഎസിനും എഞ്ചിനീയറിംഗിനും പറഞ്ഞയച്ചിരുന്നത്. അതുകൊണ്ടുതന്നെ അവിടെനിന്നും ആ കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ (1940-50കാലഘട്ടം) ഡോക്ടർമാരും എഞ്ചിനീയർമാരും ക്വുർആനും ഫിക്വ‌്‌ഹും ഹദീസും പഠിച്ച പണ്ഡിതന്മാർകൂടിയായിരുന്നു. അങ്ങനെ പാണ്ഡിത്യമുള്ള ഒരു സമുദായത്തെ വളർത്തിയെടുക്കണമെന്ന ലക്ഷ്യമാണ് ഇ‌സ്വ‌്ലാഹി പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കന്മാർക്ക് ഉണ്ടായിരുന്നത്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്ന പ്രയാണത്തിന്നിടയിൽ മറ്റു ചില പരിഗണനകളോടു കൂടി അറബിക്കോളേജ് പ്രസ്ഥാനത്തെ സർക്കാർ സംവിധാനവുമായി ബന്ധിപ്പിക്കുവാൻ പരിശ്രമിച്ചു. ആദ്യം മദ്രാസ് യൂണിവേഴ്‌സിറ്റിയെകൊണ്ട് അംഗീകരിപ്പിച്ചു. കോഴിക്കോട് യൂണിവേഴ്‌സിറ്റി വന്നതിനുശേഷം അത് അംഗീകരിച്ച സിലബസിലൂടെ അറബിക്കോളേജ് വളർന്നുവന്നപ്പോൾ പൗരാണികവും ആധുനികവുമായ അറബി സാഹിത്യത്തിനും അതിന്റെ കൊമേഴ്‌സ്യൽ വശത്തിനുമാണ് പ്രാധാന്യം നൽകിയത്. ഒരു മതേതര രാജ്യത്തെ സർക്കാറിനു കീഴിലുള്ള സംവിധാനത്തിന്റെ പരിമിതിയാണത്.

രാജ്യത്തിനും എല്ലാ ജനങ്ങൾക്കും ആവശ്യമായ പഠനമാണ് വേണ്ടത് എന്ന നിലയ്ക്കാണ് സർക്കാർ യൂണിവേഴ്‌സിറ്റി കരിക്കുലത്തിലൂടെ അറബി സാഹിത്യത്തിനും അറബി ഭാഷയിലൂടെ തൊഴിൽപരമായ സാധ്യതകളും ലക്ഷ്യംവച്ചുള്ള കരിക്കുലം ഉണ്ടാക്കിയെടുത്തത്. ഇങ്ങനെയുള്ള കരിക്കുലത്തിൽ കൂടി അറബിക്കോളേജുകൾ മുന്നോട്ടു പോയപ്പോൾ നഷ്ടപ്പെട്ടത് മതവിജ്ഞാനീയങ്ങളാണ്. ആഴത്തിലുള്ള മതവിജ്ഞാനം അവിടെനിന്ന് കിട്ടാതെയായി.

ഈ വിടവ് നികത്തുകയാണ് ജാമിഅ അൽഹിന്ദിനെ പോലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യം. പുതുതലമുറയിൽ അറബി ഭാഷയിലും മതവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും ആഴത്തിലുള്ള അവഗാഹം നേടുവാൻ വിദ്യാർഥികൾക്ക് കഴിയണം. മതത്തെക്കുറിച്ചുള്ള ഉപരിപ്ലവമായ അറിവുകൊണ്ട് മാത്രം; മുസ്‌ലിംകളുടെ മേൽ വർഗീയതയുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്താനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് പ്രബോധകർക്ക് പിടിച്ചുനിൽക്കാനാവില്ല.

ക്വുർആനും ഹദീസും കർമശാസ്ത്രവും അടക്കമുള്ള ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെല്ലാം സമഗ്രമായ അറിവു വേണം. ഇസ്‌ലാമിന്റെ ചരിത്രവും സലഫുകളുടെ മാതൃകയും മനസ്സിലാക്കണം. ജീവിക്കുന്ന രാജ്യത്തിന്റെ സ്പന്ദനങ്ങളറിയണം. മതനിരപേക്ഷ രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിലപാടെന്തായിരിക്കണമെന്ന് പ്രാമാണികമായി മനസ്സിലാക്കണം. ഇസ്‌ലാമിന്റെ മാനവികമുഖം പ്രകടമാക്കും വിധം എല്ലാവരോടും ഇടപെടുവാൻ ശീലിക്കണം. മതത്തിനെതിരെയുള്ള ഏതുതരം വിമർശനങ്ങൾക്കും യുക്തിവാദികൾക്കും പ്രാമാണികമായും യുക്തിസഹമായും വിവേകത്തോടെയും മറുപടി പറയാൻ കഴിയണം. ഇതൊക്കെ സാധ്യമാകാനായി നാം എന്തു ചെയ്യണമെന്ന ചിന്തയുടെ ഉൽപന്നമാണ് ജാമിഅ അൽഹിന്ദ്.

ഇവിടെ കുട്ടികൾ മുൻഗാമികളുടെയും പിൻഗാമികളുടെയും ക്വുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ പഠിക്കുകയും അവ താരതമ്യം ചെയ്തുകൊണ്ട് അറിവിന്റെ മേഖല വിശാലമാക്കുകയും ക്വുർആൻ വ്യാഖ്യാന രീതി മനസ്സിലാക്കുകയും ചെയ്യുന്നു, ഹദീസ് നിദാന ശാസ്ത്രവും ഹദീസ് ഗ്രന്ഥങ്ങളും ആഴത്തിൽ പഠിക്കുന്നു.

ഏറ്റവും പ്രസിദ്ധമായ നാലു മദ്ഹബുകളും കൂടാതെ വേറെയും അനേകം മദ്ഹബുകളുണ്ട്. എല്ലാ മദ്ഹബുകളെയും താരതമ്യ പഠനത്തിന് വിധേയമാക്കി ഫിക്വ‌്‌ഹ് പഠിപ്പിക്കുന്നു; ആധുനിക വിഷയങ്ങളെ അധികരിച്ചുള്ള മസ്അലകൾ പഠിപ്പിക്കുന്നു. അറബി ഭാഷയുടെ അടിസ്ഥാനപരമായ നിയമങ്ങളും സാഹിത്യവും ആഴത്തിൽ പഠിപ്പിക്കുന്നു. ഇസ്‌ലാമിക ചരിത്രം പലപ്പോഴും വരി മാറ്റി എഴുതപ്പെട്ടിട്ടുണ്ട്; വികലമാക്കപ്പെട്ടിട്ടുണ്ട്. പ്രമാണങ്ങളുടെ വെളിച്ചത്തിൽ അതിലെ നെല്ലും പതിരും വേർതിരിക്കുന്ന ചരിത്രപഠനം ഇവിടെ നടക്കുന്നുണ്ട്.

മതനിയമങ്ങൾ പഠിപ്പിക്കാനായുള്ള ‘കുല്ലിയ്യതുശ്ശരീഅ’ അഥവാ ശരീഅ കോളേജും ഹദീസുകൾ ആഴത്തിൽ പഠിക്കാനായുള്ള കുല്ലിയത്തുൽ ഹദീസും ഈ ക്യാമ്പസിലുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ കാര്യക്ഷമമായും യുക്തിദീക്ഷയോടെയും മതപ്രബോധനം നടത്തേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനുള്ള കുല്ലിയ്യതുദ്ദഅ്‌വയും ഇവിടെയുണ്ട്.

മികവുറ്റ പ്രഭാഷകരെ വാർത്തെടുക്കാനുള്ള പ്രഭാഷണ പരിശീലനവും എഴുത്തുകാരെ വളർത്തിക്കൊണ്ടുവരാനുള്ള എഴുത്ത് പരിശീലനവും നൽകിവരുന്നു. മാനസികമായ ഉല്ലാസവും കായികശേഷിയും കൈവരിക്കാനുള്ള കായിക പരിശീലനത്തിനുള്ള വിശാലമായ ഗ്രൗണ്ട് ക്യാമ്പസിനുണ്ട്. സ്‌പോർട്‌സ് മൽസരങ്ങളും സംഘടിപ്പിക്കാറുണ്ട്. എത്രയോ കുട്ടികൾ ക്വുർആൻ മനഃപാഠമാക്കിക്കഴിഞ്ഞു... ഇനിയും എണ്ണിപ്പറയാൻ ധാരാളം കാര്യങ്ങളുണ്ട്.

ഇതിന്റെയെല്ലാം ഫലമായി നമുക്ക് നല്ല പ്രതീക്ഷയുള്ള മക്കളാണ് ഇവിടെ വളരുന്നത്. ഈ സംവിധാനത്തിന്റെ കൂടെ നിൽക്കുവാനും എല്ലാവിധ സഹായസഹകരണങ്ങളും നൽകുവാനും ഇതിന്റെ നിലനിൽപിനും അഭിവൃദ്ധിക്കുമായി പ്രാർഥിക്കുവാനും എല്ലാ സുമനസ്സുകളോടും ആവശ്യപ്പെടുകയാണ്.

(തയ്യാറാക്കിയത്: ഉസ്മാൻ പാലക്കാഴി)