ക്വുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ജീവിക്കുക
ഡോ.അവ്വാദ് ബിൻ സബ്തി അൽ അനസി
2025 ജനുവരി 25, 1446 റജബ് 25

(സുഊദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി)
പരിശുദ്ധ ക്വുർആൻ നന്മയിലേക്ക് വഴിനടത്തും എന്ന് പറഞ്ഞ റബ്ബിനാകുന്നു സർവസ്തുതിയും. നിങ്ങളിൽ ഏറ്റവും ഉത്തമർ ക്വുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന് പഠിപ്പിച്ച പ്രവാചകൻ ﷺയുടെ മേൽ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാവട്ടെ. പരിശുദ്ധ ക്വുർആനുമായി ബന്ധപ്പെട്ട ഇത്തരമൊരു മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നിങ്ങളോടൊപ്പം ഒത്തുചേരാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു. നമ്മുടെ മക്കൾ ക്വുർആൻ ഈണത്തിൽ ഓതുകയും അതിൽ മത്സരിക്കുകയും ചെയ്യുക എന്നത് നമുക്ക് കൺകുളിർമയേകുന്ന ഒരു കാഴ്ച തന്നെയാണ്.
പ്രിയമുള്ളവരേ, ക്വുർആൻ കൊണ്ടുനടക്കുക എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് സംശയലേശമന്യേ പറയാൻ സാധിക്കുന്നതാണ്. കാരണം, അല്ലാഹു ക്വുർആനിനെ വെളിച്ചവും മാർഗദർശനവും മനസ്സുകളിൽ അടിഞ്ഞുകൂടിയ രോഗങ്ങൾക്ക് ശമനവുമാക്കിയിരിക്കുന്നു. മാത്രമല്ല, ക്വുർആനിലൂടെയും ഹദീസിലൂടെയും മാത്രമാണ് ശരിയായ മാർഗത്തിലേക്ക് എത്താൻ സാധിക്കുക. അവ രണ്ടും പ്രവാചകന്റെ വസ്വിയ്യത്തുമാണ്. അവിടുന്ന് പറയുന്നു: ‘രണ്ടുകാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു, അവ മുറുകെ പിടിക്കുന്നിടത്തോളം കാലം നിങ്ങൾ വഴിപിഴക്കുകയില്ല, അവ ക്വുർആനും പ്രവാചക ചര്യയുമാകുന്നു.’. അതുകൊണ്ടുതന്നെ ഇത്തരം മത്സരങ്ങൾ നടത്തുന്നത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അതുപോലെതന്നെ സുഊദി അറേബ്യ ഇത്തരം പരിപാടികൾക്ക് വളരെയധികം പിന്തുണ നൽകുന്ന ഒരു രാജ്യമാണ് എന്നത് സ്മരണീയമാണ്. കാരണം, സുഊദി അറേബ്യ ക്വുർആനിനെയും അതിന്റെ ആളുകളെയും അങ്ങേയറ്റം പരിഗണിക്കുന്നു. ഇന്ന് സുഊദിയിൽ വെച്ച് നടക്കുന്ന കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര മത്സരം ക്വുർആൻ മനഃപാഠമാക്കുന്നതിനും വ്യഖ്യാനത്തിനും പാരായണത്തിനും ഉള്ളതാണ്. പ്രസ്തുത ലക്ഷ്യത്തിൽ തന്നെ കിംഗ് സൽമാൻ പ്രാദേശിക മത്സരവും നമ്മൾ നടത്തിവരുന്നു. ക്വുർആനിന്റെ കാര്യത്തിൽ വല്ലാത്ത ശ്രദ്ധ സുഊദി കൊടുക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അത്യാധുനിക ടെക്നോളജിയോടുകൂടിയ ക്വുർആൻ പ്രിന്റിങ് പ്രസ്സ്. ഇതിന്റെയൊക്കെ കാരണം നമ്മൾ വിശ്വസിക്കുന്ന, ക്വുർആനും ഹദീസും മുറുകെ പിടിക്കുന്നതിലാണ് വിജയവും നന്മയും ഉണ്ടാവുക എന്നുള്ളതാണ്. ഇന്ന് നമ്മൾ ഒരുമിച്ചുകൂടിയിരിക്കുന്നത് പരിശുദ്ധ ക്വുർആനും തിരു ഹദീസും വ്യാപിപ്പിക്കുവാനും മനഃപാഠമാക്കുവാനും മനസ്സിലാക്കുവാനും, അതിനനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനും വേണ്ടിയാണ്. അല്ലാഹു പറയുന്നു:
وَإِن تُطِيعُوهُ تَهْتَدُوا۟
‘നിങ്ങൾ അവനെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നേർമാർഗം പ്രാപിക്കാം’ (അന്നൂർ :54).
كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ
‘നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി’ (സ്വാദ്:29).
ഈ വിഷയത്തിലുള്ള ആയത്തുകളും ഹദീസുകളും ധാരാളമാണ് .
ഞാൻ എന്നെയും എന്റെ സഹോദരങ്ങളെയും ക്വുർആനിനെ നാം നമ്മുടെ കൂട്ടുകാരനായി സ്വീകരിക്കണമെന്ന് ഉണർത്തുകയാണ്. നമ്മുടെ മാർഗദർശനവും നേതാവും നമ്മുടെ കർമങ്ങൾ എങ്ങനെയാകണമെന്ന് നമ്മെ ഉപദേശിക്കുന്ന മാർഗദർശിയും ക്വുർആനാകണം. നമ്മൾ ക്വുർആനും ഹദീസും അനുസരിച്ച് ജീവിക്കുന്നുണ്ടോ എന്ന് അല്ലാഹു നമ്മെ പരീക്ഷിച്ചുകൊണ്ടിക്കുകയാണ് എന്ന് നാം മനസ്സിലാക്കണം. സൗഭാഗ്യവാൻ ക്വുർആനും ഹദീസും മുറുകെ പിടിക്കുകയും, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും, അതിനെ സ്വഹാബത്തും അവരെ പിൻപറ്റിവന്ന പണ്ഡിതന്മാരും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും ചെയ്തവനാണ്.
ജാമിഅഃ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യക്കും, അതിന്റെ ചെയർമാൻ പി.എൻ അബ്ദുല്ലത്വീഫ് മദനിക്കും അതിന്റെ ഡയറക്ടർ എന്റെ സഹോദരൻ ഫൈസൽ മൗലവിക്കും, അവരുടെ കൂടെ പ്രവർത്തിക്കുന്ന വിസ്ഡത്തിന്റെ എല്ലാ പ്രവർത്തകർക്കും ഞാൻ എന്റെ നന്ദി അർപ്പിക്കുകയാണ്, അവർ ഈ മത്സരത്തിനും, ഇതുപോലെ അവർ നടത്തിക്കൊണ്ടിരിക്കുന്ന മറ്റു പരിപാടികൾക്കും നൽകുന്ന നേതൃത്വവും ഉൾകാഴ്ചയോടെയുള്ള ദഅ്‌വത്തുമെല്ലാം അങ്ങേയറ്റം ശ്ലാഘനീയവുമാണ്. ശരിയായ അക്വീദയിലേക്ക് ദഅ്‌വത്ത് ചെയ്യുവാനും ബിദ്അത്തുകളിൽ നിന്ന് വിട്ടുനിൽക്കുവാനും അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കും ഞാൻ അഭിനന്ദനമർപ്പിക്കുന്നു. അതോടൊപ്പം എല്ലാ മത്സരാർഥികൾക്കും ആശംസകൾ നേരുന്നു. അതുപോലെത്തന്നെ പരിശുദ്ധ ക്വുർആൻ മനഃപാഠമാക്കുന്നവർക്കും പാരായണം ചെയ്യുന്നവർക്കും ഇബാദത്തിന്റെ വിഷയത്തിലും സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെ വിഷയത്തിലും ക്വുർആനിക സ്വഭാവവൈശിഷ്ട്യങ്ങൾ അണിയുന്ന വിഷയത്തിലും ഇവർ ഒരു മാത്യകയാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.

