ദുരാരോപണത്തിന്റെ നിജ സ്ഥിതിയെന്ത്?

ഫൈസൽ മൗലവി പുതുപ്പറമ്പ്

2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

സൂറത്തുൽ അൻആമിലെ ഒരു വചനം ഞാൻ ദുർവ്യാഖ്യാനം ചെയ്തു എന്ന കളവ് ഒരു വ്യാഴവട്ട കാലമായി ഇവിടെ ചില സ്ഥാപിത താൽപര്യക്കാർ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അത് പരലോകത്ത് എനിക്ക് ലാഭമാക്കിത്തരുമാറാകട്ടെ എന്നാണ് എെൻറ പ്രാർഥന.

ദുർവ്യാഖ്യാനിച്ചു എന്ന് ഇത്രയും കാലം അവർ പ്രസംഗിച്ചു നടന്നിട്ടും ആ സൂക്തവുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞതോ കിതാബുകളിൽനിന്ന് ഉദ്ധരിച്ചതോ ആയ കാര്യങ്ങൾ ശരിയല്ല എന്നോ കിതാബിൽ ഇല്ലാത്തത് വായിച്ചു എന്നോ പറയാൻ അവർക്കിന്നും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. ഞാൻ പറയാത്തതായ കാര്യം ഞാൻ പറഞ്ഞു എന്ന് എെൻറ പേരിൽ ആരോപിച്ച് അത് കിതാബിലില്ല എന്നും കളവ് പറഞ്ഞു എന്നും ദുർവ്യാഖ്യാനിച്ചു എന്നും പറയുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.

ഹനീഫ് കായക്കൊടി ക്ലിപ്പിട്ടുകൊണ്ട് ഈ ആരോപണം ഉന്നയിക്കുന്ന ഭാഗം ആദ്യം നിങ്ങൾ കേൾക്കുക:

‘കോഴിച്ചെനയിൽ വന്നപ്പോൾ അതുവരെ പറഞ്ഞ ഭൗതികവും അഭൗതികവുമൊക്കെ പോയി. നേരെ മറിച്ച് ഞാൻ നേരത്തെ പറഞ്ഞതുപോലെ ഈ തീരുമാനം അംഗീകരിച്ചു. അവിടെയാണ് വിശുദ്ധ ക്വുർആനിലെ ആയത്ത് ഓതിയത്. ആ ആയത്ത് ഞാൻ വിശദീകരിക്കുന്നില്ല. സ്വാഭാവികമായും ആയത്ത് ഓതിയാൽ അതിന് വിശദീകരണം വേണമല്ലോ. ആ വിശദീകരണം ചോദിച്ചു. വിശദീകരണം ചോദിച്ചപ്പോൾ, ഏത് സ്വഹാബിയാണ് എന്ന് ചോദിച്ചപ്പോൾ അതിന് അദ്ദേഹം അവിടെ ഇബ്‌നു അബ്ബാസ് (റ)വിെൻറ പേര് പറഞ്ഞു. ക്വുർആനിൽ പച്ച ദുർവ്യാഖ്യാനമാണ് നടത്തിയത്....

പിന്നീട് നമ്മൾ കേരളത്തിലെ തെരുവുകളിൽ പറഞ്ഞു. അവസാനം പത്തപ്പിരിയത്ത് ഒരു വാദപ്രതിവാദം നടത്തി. ആ വാദ പ്രതിവാദത്തിൽ അദ്ദേഹം പറയുന്നതും അതിനുമുമ്പ് കോഴിച്ചെനയിൽ പറഞ്ഞതും നമുക്കൊന്ന് ഒന്നിച്ചു കേട്ട് നോക്കാം...

‘കോഴിക്കോട് കടപ്പുറത്ത് നിന്നാരംഭിച്ച ആ ഒരു ആരോപണം, വസീലത്തു ശിർക്കാണ് എന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞു എന്ന് ഈ ഫൈസൽ മുസ്‌ലിയാർ എവിടെയാണ് പറഞ്ഞത്? നിങ്ങളത് കാണിക്കണം. നിങ്ങൾ ഒന്ന് പറയണം. എവിടെയാണ് പറഞ്ഞത്? കോഴിച്ചെന സംവാദത്തിൽ പറഞ്ഞു; നിങ്ങൾ സമയം പറയൂ, എത്രാമത്തെ മിനുട്ടിലാണ്?’

എെൻറ ബഹുമാന്യനായ ഫൈസൽ മുസ്‌ലിയാരേ, താങ്കളോട് ഞാൻ ചോദിച്ചത് താങ്കളോതിയ ആയത്തിന് ആരാണ് അങ്ങനെ മനസ്സിലാക്കിയത്, ഏത് സ്വഹാബിയാണ് മനസ്സിലാക്കിയത് എന്നാ ചോദിച്ചത്. മനസ്സിലായില്ലേ.

رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ എന്ന ആയത്തിനെ, അതിൽ വസീലതു ശിർക്കുണ്ട് എന്ന് ഏത് സ്വഹാബി മനസ്സിലാക്കി, ഏത് താബിഅ് മനസിലാക്കി, ഏത് തബഉത്താബിഅ് മനസ്സിലാക്കി എന്നല്ലേ,..ഏത് സ്വഹാബി പറഞ്ഞു എന്ന ചോദ്യത്തിന് പിടിച്ചോളൂ സുല്ലമി എന്ന് പറഞ്ഞിട്ട് ഇബ്‌നു അബ്ബാസ്(റ) പറയുന്നു എന്ന് പറഞ്ഞ മുസ് ലിയാരാണ് പത്തപ്പിരിയത്തെത്തിയപ്പോ ചോദിക്കുന്നത് എവിടെയാണ് ഫൈസൽ മുസ്‌ലിയാർ പറഞ്ഞത്; പറ്റുമെങ്കി സമയം പറയണം. അവിടെയിരുന്ന് വായിച്ചുകൊടുത്തു നമ്മൾ...’

ഇതാണ് അവരുടെ സ്ഥിരമായ ദുരാരോപണം. വർഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു; ഇബ്‌നു അബ്ബാസ്(റ) എന്ത് പറഞ്ഞു എന്ന് ഞങ്ങൾ വായിച്ചിട്ടുണ്ട്, അത് മറച്ചുവെക്കാം! ‘ഇബ്‌നു അബ്ബാസ് പറയുന്നു’- അവിടെ കട്ട് ചെയ്യാം. ഇബ്‌നു അബ്ബാസ് എന്ത് പറയുന്നുവോ അത് വായിച്ചു കേൾപ്പിക്കില്ല. എന്നിട്ട് ഞാൻ പറയാത്ത കാര്യം പറഞ്ഞു എന്ന് സ്ഥാപിച്ചെടുത്തിട്ടാണ് നാട് നീളെ ഈ ദുരാരോപണവുമായി അവർ ഇറങ്ങിത്തിരിച്ചത്. അതിനുവേണ്ടി മാത്രമാണ് പത്തപ്പിരിയം സംവാദം നടന്നത്. ഒരു സംവാദത്തിൽ ആയത്തോതുകയും ആ ആയത്ത് ദുർവ്യാഖ്യാനിച്ചുവെന്ന് പിന്നീട് വിമർശിക്കുകയും ചെയ്തപ്പോൾ ദുർവ്യാഖ്യാനിച്ചോ ഇല്ലേ എന്ന് തെളിയിക്കാൻ വേണ്ടി മാത്രം മറ്റൊരു സംവാദം വെക്കുക. ഒരുപക്ഷേ, ലോക ചരിത്രത്തിൽ അങ്ങനെ വേറൊന്ന് സംഭവിച്ചിട്ടുണ്ടാകില്ല. അതാണ് ഈ വിഷയത്തിൽ സംഭവിച്ചത്. എന്നിട്ട് തെളിയിക്കാൻ പറ്റിയോ? ഇല്ല! തെളിയിക്കാൻ പറ്റിയില്ല എന്ന് മാത്രമല്ല തിരിച്ച്, അവർ ദുർവ്യാഖ്യാനിച്ച ഒരു ഡസനോളം പ്രമാണങ്ങളെ അബ്ദുറഹ്‌മാൻ സലഫിയുടെ മുഖത്തു നോക്കി, ഹനീഫ് കായക്കൊടിയുടെ മുഖത്തുനോക്കി, അനസ് മൗലവിയുടെ മുഖത്തു നോക്കി, ഹംസ ബാഖവിയുടെ മുഖത്തു നോക്കി അന്ന് എണ്ണിയെണ്ണി ആവർത്തിച്ചു പറഞ്ഞിട്ടും എന്തെങ്കിലും ഒന്ന് മിണ്ടാൻ അന്നുമുതൽ ഇന്നുവരെയും അവർക്ക് സാധിച്ചിട്ടില്ല.

എന്താണ് സൂറഃ അൻആമിലെ 1൨8-ാമത്തെ വചനത്തിൽ പറയുന്നത്? നാളെ പരലോകത്ത് അല്ലാഹു തആലാ മനുഷ്യരെയും ജിന്നുകളെയുമെല്ലാം ഒരുമിച്ച് കൂട്ടുന്ന രംഗമാണ് ആയത്തിൽ പറയുന്നത്.

وَيَوْمَ يَحْشُرُهُمْ جَمِيعًا يَٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا قَالَ ٱلنَّارُ مَثْوَىٰكُمْ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ إِنَّ رَبَّكَ حَكِيمٌ عَلِيمٌ

‘അവരെയെല്ലാം അവൻ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവൻ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരിൽനിന്ന് ധാരാളം പേരെ നിങ്ങൾ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരിൽനിന്നുള്ള അവരുടെ ഉറ്റമിത്രങ്ങൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ ചിലർ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങൾക്ക് നിശ്ചയിച്ച അവധിയിൽ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവൻ പറയും: നരകമാണ് നിങ്ങളുടെ പാർപ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതിൽ നിത്യവാസികളായിരിക്കും. തീർച്ചയായും നി‌െൻറ രക്ഷിതാവ് യുക്തിമാനും സർവജ്ഞനുമാകുന്നു.’

ഈ ആയത്തിൽ പരലോകത്ത് അല്ലാഹു തആലാ വിചാരണ ചെയ്യുന്ന രംഗമാണ് പരാമർശിക്കുന്നത്. മനുഷ്യനും ജിന്നുകളുമൊരുമിച്ച് കൂട്ടപ്പെടുന്നു. ജിന്നുകളോട് ചോദിക്കുന്നു; ഒരുപാട് മനുഷ്യരെ നിങ്ങൾ വഴിപിഴപ്പിച്ചല്ലോ. വഴികേടിലായ മനുഷ്യർ അത് സമ്മതിക്കുന്നു. എന്നിട്ട് പറയുന്നു; റബ്ബേ, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉപകാരമെടുത്തു.

رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ

ഞങ്ങൾ പരസ്പരം ഉപകാരമെടുത്തു. റബ്ബേ, എല്ലാം കഴിഞ്ഞ് ഇപ്പോഴിതാ നി‌െൻറ മുമ്പിലെത്തിയിരിക്കുന്നു. തെറ്റ് ബോധ്യപ്പെട്ടു. പക്ഷേ, അല്ലാഹു പറയും; നിങ്ങളുടെ സങ്കേതം നരകമാണ്, നിങ്ങളതിൽ ശാശ്വതമാണ് എന്ന്.

ഈ ആയത്തിലെ രണ്ട് പ്രയോഗങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ഒന്ന് إِسْتِمْتَاع എന്ന പ്രയോഗം.

‘അങ്ങോട്ടും ഇങ്ങോട്ടും ഉപകാരമെടുക്കുക.’ അവർക്ക് ഇങ്ങോട്ട് ഭൗതികമാണ്, ഇവർക്ക് അങ്ങോട്ട് അഭൗതികമാണ് എന്നാണ് ഇവർ പറയുന്നത്. ഈ പ്രയോഗം തന്നെ ആ വാദത്തെ പൊളിക്കുന്നതാണ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉപകാരമെടുത്തു എന്നാണ് പറഞ്ഞത്. അപ്പോൾ അങ്ങോട്ട് അഭൗതികമാണെങ്കിൽ പിന്നെ അഭൗതികമായ ഉപകാരമെടുക്കൽ ഉണ്ടാവും എന്നാണോ ഇവരുടെ വാദം?

രണ്ടാമത്തെ പ്രയോഗം إِلّاَ ما شَاءَ الَّلهഎന്നതാണ്. ‘അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ.’ നരകത്തിലാണ് നിങ്ങൾ, അതിൽ ശാശ്വതരാണ് നിങ്ങൾ എന്ന് പറഞ്ഞിട്ടാണ് അല്ലാഹു ഉദ്ദേശിച്ചവരൊഴികെ എന്ന് പറയുന്നത്.

ഈ ഇസ്തിംതാഅ് എന്താണ്? വ്യത്യസ്തമായ രീതിയിൽ ഈ ഇസ്തിംതാഇനെ ക്വുർആൻ വ്യാഖ്യാതാക്കൾ വിശദമായി അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിച്ചത് കാണാൻ കഴിയും. ഏതെല്ലാം രൂപത്തിൽ ഇസ്തിംതാഅ് ഉണ്ട് എന്ന് ഇമാം ക്വുർതുബി, ഇമാം ഇബ്‌നുകസീർ, ഇമാം ശൗകാനി, ഇമാം ഇബ്‌നുൽ ജൗസി അടക്കമുള്ള ഒരുപാട് ക്വുർആൻ വ്യാഖ്യാതാക്കൾ ഇസ്തിംതാഇ‌െൻറ വ്യത്യസ്തമായ തലങ്ങളെ വിശദീകരിച്ചത് കാണാൻ കഴിയും

തഫ്‌സീറു ക്വുർത്വിബിയിൽനിന്ന് കോഴിച്ചെന സംവാദത്തിൽ ഞാൻ വായിച്ച ഭാഗം അതാണ്. പലതരം ഇസ്തിംതാഅ് ഉണ്ട് എന്ന് ഇമാം ക്വുർതുബി പറയുന്നതാണ് ഞാൻ അവിടെ വായിച്ചത്. അല്ലാതെ വസീലത്തു ശിർക്ക് എന്ന വാക്ക് ക്വുർതുബിയിലുണ്ട് എന്ന് കോഴിച്ചനയിൽ എന്നല്ല എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ഇസ്തിംതാഉകൾ പലതുണ്ട്, അതിൽ ഹറാമായതുണ്ട്, ശിർക്കായതുണ്ട്, കുഫ്‌റായതുണ്ട്, ശിർക്കിലേക്ക് വഴിവെക്കുന്നതുണ്ട്... ഇങ്ങനെ തുടങ്ങി വ്യത്യസ്തമായ ഇസ്തിംതാഉകൾ ജിന്നും ഇൻസും തമ്മിൽ നടക്കുന്നുണ്ട് എന്ന് ഈ ആയത്ത് വ്യാഖ്യാനിച്ചുകൊണ്ട് ക്വുർആൻ വ്യാഖ്യാതാക്കളായ പണ്ഡിതന്മാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

ഇമാം ഖുർതുബി(റഹി) അദ്ദേഹത്തി‌െൻറ തഫ്‌സീറിൽ അത് വിശദമാക്കിയ ഭാഗം കോഴിച്ചെനയിൽ നമ്മൾ വായിച്ചിട്ടുണ്ട്. പക്ഷേ, ആ വായിച്ചതൊന്നും ഇവർ പറയില്ല. എന്താണ് അവിടെ വായിച്ചത്, ക്വുർതുബിയിൽ പറഞ്ഞതെന്ത് എന്നത് അവർ കേൾക്കില്ല. നേരെമറിച്ച് ഇമാം ക്വുർതുബി പറയുന്നു എന്ന് പറഞ്ഞിടത്ത് മുറിച്ച് അത് ക്ലിപ്പാക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് ഇതാ വസീലത്തു ശിർക്ക് എന്ന് ക്വുർത്വുബിയിലെവിടെ, കാണിച്ച് തരൂ എന്ന് പറയുക. ഇബ്‌നു അബ്ബാസ് പറയുന്നു എന്ന് പറഞ്ഞിടത്ത് മുറിക്കുക. ഇബ്‌നു അബാസ് എന്തു പറയുന്നു എന്ന് ഉടനെ വായിക്കുന്നുണ്ട്. അത് അവിടെ മുറിക്കുക. എന്നിട്ട് ഇബ്‌നു അബ്ബാസ് ഇവിടെ വസീലത് ശിർക്ക് എന്ന് പറഞ്ഞു എന്ന്, അദ്ദേഹത്തി‌െൻറ പേരിൽ കളവ് പറയുന്നു എന്ന് വിളിച്ചു പറയുക!

വ്യത്യസ്തമായ തഫ്‌സീറുകളിൽ ബന്ധപ്പെട്ടുള്ള എല്ലാ ചർച്ചകളെയും കൊണ്ടുവന്ന് അതി‌െൻറ ശരിയായ വ്യാഖ്യാനം ഏതാണ്, അല്ലാത്തത് ഏതാണ് എന്ന് തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം ‘ഫത്ഹുൽ ക്വദീറിൽ’ ഇമാം ശൗക്കാനി(റഹി) വിവരിക്കുന്നത് കാണാൻ കഴിയും.

കെഎൻഎമ്മി‌െൻറ പ്രസിഡൻറായിരുന്ന ഡോ. ഉസ്മാൻ സാഹിബ് അദ്ദേഹത്തി‌െൻറ ‘മുഖ്യശത്രു’ എന്ന പുസ്തകത്തിൽ പത്തിലേറെ തവണയാണ് ഈ ആയത്ത് ഉദ്ധരിച്ചിട്ടുള്ളത്. സൽസബീലിൽ എഴുതിയ ലേഖന പരമ്പരയാണത്. കെ.

ഉമർ മൗലവി അംഗീകരിച്ചതും എഡിറ്റ് ചെയ്തതുമാണത്. 1992ൽ പാലക്കാട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പുറത്തിറക്കുകയും അവിടെ വിതരണം ചെയ്യുകയും ചെയ്ത ആ കൃതിയിൽ വ്യത്യസ്തങ്ങളായ ഇസ്തിംതാഉകളെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇസ്തിംതാഅ് പലവിധമുണ്ട് എന്നത് അബ്ദുറഹ്‌മാൻ സലഫി പത്തപ്പിരിയത്തുവെച്ചും അല്ലാതെയും സമ്മതിച്ച കാര്യമാണ്.

അദ്ദേഹം പറയുന്നത് കേൾക്കുക: ‘ഇസ്തിംതാഇൽ ഇസ്തിആനത്ത് പെടുമോ? ആ ചോദ്യം യഥാർഥത്തിൽ പുതിയ ചോദ്യമാണ്. തർക്കമില്ലാത്തതാണ്. ആ വിഷയത്തിൽ - ഇസ്തിംതാഇൽ- ഇസ്തിആനത്ത് പെടും, ഇസ്തിആനത്ത് അല്ലാത്തതും പെടും.’

പത്തപ്പിരിയം സംവാദത്തിൽ വന്നപ്പോൾ ചോദ്യങ്ങൾ കൊണ്ടുവന്ന ഒരു റൂട്ട് ഉണ്ടായിരുന്നു. അതിൽ ഒരു ചോദ്യമായിരുന്നു ‘ഇസ്തിംതാഇൽ ഇസ്തിആനത്ത് പെടുമോ’ എന്നത്. ജിന്നും മനുഷ്യനും തമ്മിലുള്ള ഇസ്തിംതാഅ് - ഉപകാരമെടുക്കൽ- എന്ന് പറഞ്ഞതിൽ അഥവാ ഇസ്തിംതാഇൽ ഇസ്തിആനത്ത് പെടുമോ? ഞാൻ പറഞ്ഞു ‘പെടും.’

(തുടരും)

(തയ്യാറാക്കിയത്: ഉസ്മാൻ പാലക്കാഴി)