വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ: കർമവീഥിയിൽ തളരാതെ മുന്നോട്ട്
ടി.കെ അശ്‌റഫ്
2025 ജനുവരി 18, 1446 റജബ് 18

മുജാഹിദ് പ്രസ്ഥാനം അതിന്റെ ആദ്യനാളുതൊട്ട് ഉയർത്തിപ്പിടിച്ച ഒരു ആദർശമുണ്ട്. അത് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ച ആദർശമാണ്. ആരൊക്കെ എതിർത്താലും ശക്തമായി അതിവിടെ നിലനിൽക്കും. അതിന് ഒരു കൂട്ടായ്മയും നിലനിൽക്കും. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لا تَزالُ طائِفَةٌ مِن أُمَّتي ظاهِرِينَ علَى الحَقِّ، لا يَضُرُّهُمْ مَن خَذَلَهُمْ، حتَّى يَأْتِيَ أمْرُ اللهِ وهُمْ كَذلكَ.
“എന്റെ സമുദായത്തിൽ ഒരു വിഭാഗം സത്യത്തിൽ പ്രകടമായി നിലകൊള്ളുന്നവരായിക്കൊണ്ടേയിരിക്കും. അവരെ ആര് കൈയൊഴിഞ്ഞാലും അവർക്കത് യാതൊരും പ്രയാസവും ഉണ്ടാക്കുകയില്ല. അല്ലാഹുവിന്റെ കൽപന വരുന്നതുവരെ അവർ അപ്രകാരം തന്നെ യായിരിക്കും.’’
മുജാഹിദുകൾ ഒരിക്കലും അന്ധമായ അനുകരണത്തിന്റെ (തക്വ് ലീദിന്റെ) വഴിയിലൂടെ സഞ്ചരിക്കുകയില്ല. അവർ സത്യം മനസ്സിലാക്കി അതിന്റെ കൂടെ നിലകൊള്ളുന്നവരാണ്. അതാണ് പരലോക ഭയമുള്ളവരുടെ നിലപാട്.
‘വിസ്ഡം എന്ന പേരിൽ അറിയപ്പെടുന്ന മുജാഹിദുകൾ എന്തോ പുതിയ കാര്യങ്ങൾ കൊണ്ടുവന്നവരാണ്, അവർക്ക് തൗഹീദിൽ വലിയ തകരാറു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രസ്ഥാനം അവരെ പുറത്താക്കിയതാണ്’ എന്നാണ് ചിലരുടെ പ്രചാരണ ഫലമായി പലരും ധരിച്ചുവെച്ചിരിക്കുന്നത്.
സത്യത്തിൽ പിഴവു പറ്റിയിരിക്കുന്നത് ആരോപണമുന്നയിക്കുന്നവർക്കു തന്നെയാണ്. അവർ അടിസ്ഥാനരഹിതമായി ശിർക്ക് ആരോപിക്കുകയായിരുന്നു. അതിനുവേണ്ടി പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ചുവന്ന ആദർശത്തിൽ മായം ചേർത്തു. അതിനാൽ ഇപ്പോൾ അവർ ചെന്നെത്തിയിരിക്കുന്നത് വലിയ അബദ്ധത്തിലാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പഴയകാല നേതാക്കളെയും മുൻകാല പ്രഭാഷണങ്ങളെയും പുസ്തകങ്ങളെയും അവർക്ക് തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു. എന്നാൽ വിസ്ഡം കൂട്ടായ്മക്ക് ആ ഒരു ദുർഗതി വന്നിട്ടില്ല.
പ്രതിസന്ധികളെ അവസരങ്ങളാക്കി മുന്നോട്ടുപോയ ഒരു കൂട്ടായ്മയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. വിസ്ഡത്തിന്റെ കഴിഞ്ഞകാലം അതിന്റെ തെളിവാണ്. ആദർശ സ്‌നേഹികളായ മുജാഹിദുകൾ ഈ കൂട്ടായ്മയുടെ കൂടെയാണ് നിലകൊള്ളുന്ന ത്. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലംകൊണ്ട് അതിന് സംഘടനാഭദ്രത കൈവന്നു. ജാമിഅഃ അൽഹിന്ദ്, ഗ്രീൻവാലി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പീസ് റേഡിയോ സംവിധാനവും വളർച്ചയുടെ മികച്ച തെളിവുകളാണ്.
ചുരുങ്ങിയ കാലം കൊണ്ട് ഈ നേട്ടമെല്ലാം സാധ്യമായത് അല്ലാഹുവിന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണ്. നിസ്വാർഥരായ പ്രവർത്തകന്മാരുടെ പ്രവർത്തനവും പ്രാർഥനയും അതിന് ആക്കംകൂട്ടി. തൗഹീദീ ആദർശത്തിൽ ഉറച്ചുനിന്ന് പ്രബോധന രംഗത്ത് പ്രവർത്തിക്കുന്നത് അല്ലാഹുവിന്റെ മതത്തെ സഹായിക്കലാണ്. അത്തരക്കാർക്ക് അല്ലാഹു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രബോധനത്തിന്റെ മുൻഗണനാക്രമം പാലിച്ചുകൊണ്ടാണ് ഈ കൂട്ടായ്മ മുന്നോട്ട് പോകുന്നത്. തൗഹീദിന് തന്നെയാണ് പ്രബോധനത്തിൽ ഒന്നാം സ്ഥാനം. വിവിധവും വിപുലവുമായ പ്രോഗ്രാമുകൾ അതിനുവേണ്ടി നടത്തിവരുന്നു. വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട ഒരു മനുഷ്യനെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനായും ‘പടച്ചോൻ’ തന്നെയായും വിശേഷിപ്പിച്ച് ആത്മീയ ചൂഷകർ രംഗത്തു വന്നപ്പോൾ അതിനെതിരിൽ വാമൊഴിയായും വരമൊഴിയായും ശക്തമായി സംഘടന രംഗത്തുവന്നു. ഇതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം.
ക്വുർആനും സുന്നത്തുമാണ് ദീനിന്റെ അടിസ്ഥാന പ്രമാണം എന്ന് സമുദായം തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്നാൽ ക്വുർആനും സുന്നത്തും സച്ചരിതരായ മുൻഗാമികൾ മനസ്സിലാക്കിയതു പോലെ മനസ്സിലാക്കുവാനും വ്യാഖ്യാനിച്ചതുപോലെ വ്യാഖ്യാനിക്കുവാ നും സാധിക്കണം. (അതാണ് മൻഹജുസ്സലഫ്. മൻഹജ് പുതിയ പ്രമാണമല്ല; പ്രമാണം സ്വീകരിക്കുവാനുള്ള ഒരു മെത്തഡോളജി മാത്രമാണ്). അതിലേക്ക് എല്ലാവരും എത്തിയിട്ടില്ല എന്നതാണ് വസ്തുത. ആ ഉത്തരവാദിത്തവും ഈ കൂട്ടായ്മ ആത്മാർഥമായി നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു ആദർശത്തിനു വേണ്ടിയാണോ മുൻഗാമികൾ മുജാഹിദ് പ്രസ്ഥാനം ഉണ്ടാക്കിയത് അതിനു നേരെ എതിരായ ആദർശം സ്ഥാപിക്കുവാൻ പ്രസ്ഥാനത്തിന്റെ സൗകര്യങ്ങളെയും സംവിധാനങ്ങളെയും ഉപയോഗിക്കുന്ന ഒരു ഗുരുതരാവസ്ഥ ഇവിടെ നിലനിൽക്കുന്നുണ്ട്. അത് സമുദായത്തെ ബോധ്യപ്പെടുത്തൽ അനിവാര്യമായതിനാലാണ് ആദർശ വിശദീകരണ പരിപാടികളും ഖണ്ഡന പ്രസംഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
മതനിരാസം, ലിബറലിസം പോലുള്ള തലതിരിഞ്ഞ ചിന്താഗതികൾ സമൂഹത്തെ വല്ലാതെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കുടംബ സംവിധാനത്തെ തകർക്കാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം എതിരെയുള്ള ബോധവതികരണത്തിന്റെ ഭാഗമായി ‘ഡയലോഗു’കളും ‘ഫാമിലി കോൺഫ്രൻസു’കളും നടത്തിക്കൊണ്ടിരിക്കുന്നു. ‘ജെൻഡർ ന്യൂട്രൽ’ പോലുള്ള അപകടകരമായ വിഷയങ്ങൾ പാഠപുസ്തകങ്ങളിലൂടെ കുട്ടികളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തിയപ്പോൾ അത് കേരള സമൂഹത്തിനു മുന്നിൽ കൊണ്ടുവന്ന് അതിന്റെ അപകടം സമൂഹത്തെ ബോധ്യപ്പെടുത്താൻ മുന്നിൽ നിന്നത് ഈ കൂട്ടായ്മയാണ്.
സാമൂഹ്യ മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. അവിടെ ‘പീസ് റേഡിയോ’ ശക്തമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ലൈവ് കൗൺസലിംഗ്,’ ആനുകാലിക വിഷയങ്ങൾ വിലയിരുത്തുന്ന ‘സ്‌പോട്ട് ലൈറ്റ്,’ മതപരമായ വിഷയങ്ങൾ വിലയിരുത്തുന്ന ‘പ്രൂഫ് പോയിന്റ്,’ മതപരമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ‘അൽ ഇജാബ’ തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ വഴി ‘പീസ് റേഡിയോ’ ഇന്ന് ഒരു വലിയ വിളക്കുമാടമായി തെളിഞ്ഞു നിൽക്കുന്നു.
സംഘടനയുടെ കീഴിൽ മദ്‌റസ സംവിധാനം സുസംഘടിതമായി മുന്നോട്ടുപോകുന്നു. ‘അന്നൂർ’ പോലെയുള്ള കോഴ്‌സുകളും അഹ്‌ലുസ്സുന്ന ആദർശ പഠനവും വലിയ ജനപങ്കാളിത്തത്തോടെ നടന്നുകൊണ്ടിരിക്കുന്നു.
മുഖപത്രമായ ‘നേർപഥം’ നേരിന്റെ വരമൊഴിയായി ഒമ്പതാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ‘വിസ്ഡം ബുക്‌സ്’ ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടേറെ കനപ്പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
ഈ പ്രവർത്തനങ്ങൾക്കെല്ലാം കൃത്യമായ മാർഗനിർദേശം നൽകാൻ ‘ലജ്‌ലത്തുൽ ബുഊസിൽ ഇസ്‌ലാമിയ്യ’ എന്ന പേരിൽ പണ്ഡിതസഭ മുന്നിലുണ്ട്.
ഒട്ടനേകം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന യുവജന വിഭാഗം മലപ്പുറത്ത് വെച്ച് ഗംഭീരമായ രീതിയിൽ ‘കേരള യൂത്ത് കോൺഫറൻസ്’ നടത്തുകയുണ്ടായി. വിദ്യാർഥി വിഭാഗം വിദ്യാർഥി സമൂഹത്തിനിടയിലെ ബഹുമുഖങ്ങളായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വരുന്ന മെയ് മാസത്തിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വെച്ച് ‘ധർമസമരത്തിന്റെ വിദ്യാർഥികാലം’ എന്ന പ്രമേയത്തിൽ കേരള വിദ്യാർഥി സമ്മേളനത്തിനുള്ള ഒരുക്കത്തിലാണ് അവർ. വിസ്ഡം വിമൻസ് വിങ്ങും ഗേൾസ് വിങ്ങും വിവിധങ്ങളായ പ്രവർത്തനങ്ങളിൽ നിരതരാണ്.
(അവസാനിച്ചില്ല)
(തയ്യാറാക്കിയത്: ഉസ്മാൻ പാലക്കാഴി)

