തിരിച്ചറിവാണ് പ്രധാനം
വി.ഡി സതീശൻ എംഎൽഎ
2025 ജനുവരി 25, 1446 റജബ് 25

(പ്രതിപക്ഷ നേതാവ്, കേരള നിയമസഭ)
ജാമിഅ അൽഹിന്ദ് വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് ശബ്ദത്തിന് പ്രയാസമുണ്ടായിട്ടും ചുരുങ്ങിയ വാക്കുകളിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആശയങ്ങളാണ് കോറിയിട്ടത്
“എനിക്ക് വിസ്ഡവുമായുള്ള ബന്ധം നിങ്ങൾക്കെല്ലാവർക്കും നല്ലപോലെ അറിയാം. അതൊരു ഹൃദയബന്ധമാണ്. എത്രയോ വർഷമായി നിലനിൽക്കുന്ന ബന്ധമാണ്. ഒരു ദിവസം ഒരാളെങ്കിലും വിസ്ഡവുമായി ബന്ധപ്പെട്ട് എന്നോട് ഫോണിൽ സംസാരിക്കാത്തതായി ഇല്ല. ഇവരെല്ലാവരും എന്റെ ഏറ്റവും അടുത്ത സ്‌നേഹിതന്മാരും അടുത്ത ബന്ധുക്കളുമാണ്. നമുക്കറിയാം, അതിനൊരു ഐഡിയോളജിയുണ്ട്. കൃത്യമായ നയങ്ങളുണ്ട്. അതിനൊരു മഹിതമായ പാരമ്പര്യമുണ്ട്. മൗലാനാ അബുൽ കലാം ആസാദിനെ പോലെ, വക്കം മൗലവിയെ പോലെ, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനെ പോലെയുള്ള പരിണത പ്രജ്ഞരായ നേതാക്കന്മാരുടെ ഒരു ലഗസി, ഒരു കൾച്ചറൽ ലഗസി, ഒരു സാംസ്‌കാരിക പൈതൃകം... എല്ലാമുള്ള ഒരു പ്രസ്ഥാനമാണ്. മാത്രമല്ല; വളർന്നുവരുന്ന തലമുറയെ ശരിയായ പാതയിലൂടെ കൈപിടിച്ചു കൊണ്ടുപോകാൻ, ആദർശനിഷ്ഠമായ ഒരു ജീവിതം നയിക്കാൻ, പുരോഗമന പരമായ നിലപാടുകൾ എടുക്കാൻ, നാടിന്റെ മാറ്റത്തിനുവേണ്ടി എല്ലാവരെയും കൈപിടിച്ചു കൊണ്ടുവരാനെല്ലാം അക്ഷരാർഥത്തിൽ അവർക്ക് കഴിയുന്നു.
‘വിസ്ഡം’ എന്ന വാക്കുതന്നെ ‘ജ്ഞാന’മാണ്. അത് നോളേജ് മാത്രമല്ല; നോളേജും വിസ്ഡവും തമ്മിൽ വ്യത്യാസമുണ്ട്. നോളേജ് അറിവാണ്. ജ്ഞാനം വേറെയാണ്. അറിവ് ഇന്ന് എല്ലാവരുടെയും കൈയിലുണ്ട്. അത് എവിടെയെങ്കിലും ഫീഡ് ചെയ്താൽ അറിവ് കിട്ടും. ഫിംഗർ ടിപ്പ് പ്രസ് ചെയ്താൽ അറിവ് കിട്ടും. പക്ഷേ, ജ്ഞാനം വേറെയാണ്. തിരിച്ചറിവാണത്. ചുറ്റുപാടുകൾ നിരീക്ഷിക്കുകയും ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെ വിലയിരുത്തുകയും ചെയ്തുകൊണ്ട് ഉണ്ടാക്കുന്ന ഒരു പുതിയ ലോകമാണ്.
ജ്ഞാനം ആർജിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ ജ്ഞാനം മതപരമായ, അചഞ്ചലമായ വിശ്വാസത്തിന്റെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ട് ഉണ്ടാക്കിയെടുക്കുക എന്നുള്ള ഒരു വലിയ മൂവ്‌മെന്റ് കൂടിയാണ് ഇത്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മണ്ഡലത്തിൽ വരുത്തേണ്ട ഗൗരവതരമായ മാറ്റങ്ങളെ കുറിച്ച്, വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട പുരോഗതിയെ കുറിച്ച്, കുട്ടികൾക്കുണ്ടാകേണ്ട ആർജവത്തെക്കുറിച്ച്... എല്ലാം ഗൗരവതരമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വലിയ കോൺഫറൻസ് കൂടിയാണ് ഇത്. ഞാൻ ഈ സമ്മേളനത്തിന് എല്ലാവിധ ആശംസകളും എല്ലാവിധ നന്മകളും നേരുന്നു.’’

