പെണ്ണ് പ്രദർശന വസ്തുവല്ല

ഹനാന ലത്തീഫ്, നജാത്തുൽ അനാം, ചുങ്കത്തറ

2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

ഇസ്‌ലാമിൽ ഏറെ ആദരിക്കപ്പെട്ടവളാണ് സ്ത്രീ. കുട്ടിയായാൽ മാതാപിതാക്കൾക്ക് സ്വർഗം നേടിക്കൊടുക്കുന്നവൾ, ഭാര്യയായാൽ ദീനിന്റെ പകുതി പൂർത്തിയാക്കുന്നവൾ, ഗർഭഭാരത്തിന്റെ പ്രയാസങ്ങൾ സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുന്നവൾ...അവളെ അപമാനബോധത്താൽ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു കാലം അങ്ങ് അറേബ്യയിലുണ്ടായിരുന്നു! അവൾക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു പല രാജ്യങ്ങളിലും. അതിൽനിന്നെല്ലാം ഇസ്‌ലാം അവളെ കെപിടിച്ചുയർത്തി. മാന്യമായ സ്ഥാനം നൽകി. അവൾ ഒരു പ്രദർശനവസ്തുവല്ലെന്നും മാന്യതയുള്ളവളാണെന്നും പ്രഖ്യാപിച്ചു.

അവളോട് ഇസ്‌ലാം മാന്യമായ രീതിയിൽ വസ്ത്രം ധരിക്കാൻ കൽപിച്ചു. അത് അവളുടെ സുരക്ഷിതത്വത്തിനും പരലോക രക്ഷക്കുമാണെന്ന് ഉണർത്തി. അന്യപുരുഷന്മാരെ കൊതിപ്പിച്ച് നടക്കരുതെന്ന് വിലക്കി.

പൊതി കളഞ്ഞ മിഠായിയിലാണ് ഉറുമ്പരിക്കുക, പൊതി കളയാത്തതിലേക്ക് അവ അടുക്കുകയേ ഇല്ല. അർധ നഗ്നയായി നടക്കുന്ന പെണ്ണും ശരീരം ശരിയാംവിധം മറച്ചു നടക്കുന്ന പെണ്ണും തമ്മിലുള്ള വ്യത്യാസം ഇതാണ്.

“നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 33:59).

പെണ്ണിന് അല്ലാഹു നിശ്ചയിച്ച വേഷവിധാനത്തിന്റെ ഗുണങ്ങളാണ് ഈ സൂക്തത്തിലൂടെ അല്ലാഹു തന്നെ അറിയിക്കുന്നത്. പല സ്ത്രീകളും ആക്ഷേപവും പരിഹാസവുമൊക്കെ ഭയന്നാണ് ഇസ്‌ലാം അനുശാസിക്കുന്നവിധം വസ്ത്രം ധരിക്കാത്തത്. അല്ലാഹുവിനെക്കാൾ അറിവുള്ള ആരാണുള്ളത്? അവനെയാണോ ആക്ഷേപകരെയാണോ നാം ഭയപ്പെടേണ്ടത്?

‘എന്റെ ശരീരം, എന്റെ ഇഷ്ടം’ എന്ന മുദ്രാവാക്യം മുഴക്കി സർവ ധാർമികമൂല്യങ്ങളെയും നിരാകരിക്കുന്നവർ ഒരു മുസ്‌ലിം സ്ത്രീ അവളുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോൾ അതിനെ അപരിഷ്‌കൃതമെന്ന് മുദ്രകുത്തി അപമാനിക്കുന്നു. ഇതാണ് ഈ പുരോഗമന വാദികളുടെ ഇരട്ടത്താപ്പ്!

മനുഷ്യനെ സൃഷ്ട്ടിച്ച സ്രഷ്ടാവിന്റെ ഇഷ്‌ടമാണ് മുസ്‌ലിംകൾ പരിഗണിക്കേണ്ടത്; മറ്റുള്ളവരുടെ ഇഷ്ടമല്ല. സത്യവിശ്വാസം സ്വീകരിച്ച സ്ത്രീയോടാണ് ഏതുരൂപത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് അല്ലാഹു കൽപിക്കുന്നത്. അവരാണ് അത് ധരിക്കുന്നത്. ധരിക്കുന്നവർക്ക് ഇല്ലാത്ത ചൂടും പുകച്ചിലുമാണ് അത് കാണുന്ന മതവിരോധികൾക്ക്!