എത്ര നിസ്സാരമീ ഇഹലോകം!

ഹനാന പയ്യോളി

2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

(നജാത്തുൽ അനാം വിമൻസ് കോളേജ്, ചുങ്കത്തറ)

നശ്വരമാണ് ഇഹലോകം. ഇവിടെ ഒന്നിനോടും അമിതമായ താൽപര്യം കാണിക്കരുത്. കാരണം, പിന്നീട് അത് വലിയ ഭാരമായിത്തീരും. വഞ്ചനയുടെ വിഭവങ്ങളെന്ന് അല്ലാഹു ഉണർത്തിയ കാര്യങ്ങളോട് നാം കാണിക്കുന്ന അമിതമായ പ്രതിപത്തി പരലോകവിജയം നഷ്ടപ്പെടാൻ കാരണമായിത്തീരും.

എല്ലാ സുഖസൗകര്യങ്ങളും ഇവിടെ ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ അത് വ്യാമോഹം മാത്രമാണ്. പ്രയാസങ്ങൾ കുന്നുകൂടിയ ജീവിതമാണ് ഇവിടെയുള്ളത്. യഥാർഥ സുഖാസ്വാദന വേദി പരലോകമാണ്. അത് നേടിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി പണിയെടുക്കാനാണ് അല്ലാഹു നമ്മെ ഈ ലോകത്ത് കൊണ്ടുവന്നത്. “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (ക്വുർആൻ 51:56).

സ്രഷ്ടാവിനെ ആരാധിച്ച്, അവന്റെ റസൂലിനെ അനുസരിച്ച്, കിട്ടിയതിൽ തൃപ്തിപ്പെട്ട് ജീവിക്കാനുള്ള താത്കാലിക ഭവനമാണ് ഇഹലോകം. സെക്കന്റുകൾകൊണ്ട് അവസ്ഥകൾ മാറിമറിയാവുന്ന, പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരുന്ന ലോകം. യഥാർഥത്തിൽ സ്രഷ്ടാവ് തന്ന അനുഗ്രഹവും അവസരവുമാണിത്. അവന്റെ വിധിവിലക്കുകൾ അനുസരിച്ച് അൽപകാലം ജീവിച്ചാൽ കിട്ടുന്നത് അവസാനമില്ലാത്ത് സ്വർഗീയാനുഗ്രഹങ്ങളാണ്!

അല്ലാഹുവാണ് എല്ലാം സൃഷ്ടിച്ചിട്ടുള്ളവൻ. നാം ജനിക്കും മുമ്പേ നമുക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയത് മറ്റാരുമല്ല. എന്നിരിക്കെ അവനു വഴിപ്പെടാതെ ജീവിക്കൽ വലിയ അക്രമമല്ലേ?

“നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതിൽ അവൻ ഉറച്ച പർവതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവൻ അതിൽ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം വെള്ളം ചൊരിയുകയും എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു. ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ അവന്നു പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികൾ വ്യക്തമായ വഴികേടിലാകുന്നു’’ (ക്വുർആൻ 31:10,11).

അല്ലാഹു ഇതെല്ലാം സംവിധാനിച്ചതും നൽകിയതും നാം നമ്മുടെ ഇച്ഛാനുസരണം ജീവിക്കുവാനല്ല, അവനെ അനുസരിച്ച് ജീവിക്കുവാനാണ്. എന്നാൽ സ്രഷ്ടാവിനെ മറന്നു ജീവിക്കുവാനാണ് അധികമാ ളുകൾക്കും താൽപര്യം. ജീവിതവസാനം വരെ സൽകർമം നിലനിർത്തുവാൻ സാധിക്കുന്നവർ ഭാഗ്യവാന്മാ ർ! ക്വബ്‌റിലേക്കുള്ള യാത്രയിൽ മൂന്നു കഷ്ണം തുണി മാത്രമാണ് സ്വന്തക്കാർ നൽകുക. നേടിയ ഭൗതിക വിഭവങ്ങളെല്ലാം നാം വിട്ടേച്ചു പോകും. അന്നേരം കൂടെയുണ്ടാകുന്നത് ചെയ്ത നന്മകൾ മാത്രമായിരിക്കും.

ശുമൈത്വ് ഇബ്‌നു അജ്‌ലാൻ(റഹി) പറയുകയുണ്ടായി: “ദുനിയാവിനെ പ്രേമിക്കുന്നവൻ എപ്പോഴും നിറവയറനായിരിക്കും. ദുനിയാവിനെ തൊട്ട് നിങ്ങൾ നോമ്പെടുക്കുക. ദുനിയാവിൽ നോമ്പ് മുറിക്കാനുള്ള സമയം മരണവുമാക്കുക! രോഗം വരുന്നതിന് മുമ്പ് ആരോഗ്യത്തെയും ജോലിത്തിരക്ക് വരും മുമ്പ് ഒഴിവു സമയത്തെയും മരണം വന്നെത്തും മുമ്പ് ജീവിതത്തെയും അല്ലാഹുവിന്റെ മാർഗത്തിൽ ഉപയോഗപ്പെടുത്താൻ ധൃതികാണിക്കുക. ദുനിയാവെന്നാൽ ‘ഗദാഉം’ (ഉച്ചഭക്ഷണം) ‘അശാ

ഉം’(രാത്രി ഭക്ഷണം) ആണ്. നീ നിന്റെ ഉച്ചഭക്ഷണത്തെ രാത്രിഭക്ഷണത്തിലേക്ക് പിന്തിച്ചാൽ നിന്റെ പേര് നോമ്പുകാരുടെ പട്ടികയിലായിരിക്കും!’’