മനസ്സമാധാനത്തിന്റെ വഴി

സഹല ഷെറിൻ, ചെർപ്പുളശ്ശേരി, വിസ്ഡം അറബിക് അക്കാദമി പെരിന്തൽമണ്ണ

2025 മാർച്ച് 08, 1446 റമദാൻ 07

തിരക്കേറിയ ജീവിതത്തിൽ വലിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്താണ് ഇതിനു കാരണം? എന്തുകൊണ്ടാണ് മനസ്സമാധാനം നഷ്ടമാകുന്നത്? ഭൗതികമായ ഒരു ദർശനത്തിനും, ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾക്കുമൊന്നും മനുഷ്യന് മനസ്സമാധാനം നൽകാൻ സാധ്യമല്ലെന്നു വ്യക്തമാണ്. മനസ്സമാധാനം നഷ്ടപ്പെടാനും അവ പലപ്പോഴും കാരണമാകുന്നുണ്ട് എന്നതിൽ സംശയമില്ല. പലരും ശാന്തി തേടി ആത്മീയതയുടെ വഴികൾ അന്വേഷിക്കുന്നു, യഥാർഥ വഴി കണ്ടെത്തിയവർ രക്ഷപ്പെടുന്നു. അല്ലാത്തവർ കൂടുതൽ അശാന്തിയിലേക്ക് എടുത്തെറിയപ്പെടുന്നു.

അല്ലാഹു പറയുന്നു: “...ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (ക്വുർആൻ 13:28).

ഈ ആശ്വാസ വാക്കും വാഗ്ദാനവും നൽകുന്നത് പ്രപഞ്ചസ്രഷ്ടാവാണ്. തന്റെ അടിമകളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവൻ അവനാണല്ലോ. അല്ലാഹു അവനിലേക്ക് ഉയർത്തിയ കരങ്ങളെ തട്ടിക്കളയില്ല. ഏതൊരു പ്രശ്‌നവും പരിഹരിച്ചു തരാൻ കഴിവുള്ളവനാണ് അല്ലാഹു. അവനോട് ചോദിച്ചാൽ തന്നെ മനസ്സിന് കിട്ടുന്ന ആശ്വാസം ചെറുതല്ല.

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (40:60).

അല്ലാഹുവിൽ ഭരമേൽപിച്ചാൽ നാം പിന്നീട് ഭയപ്പെടേണ്ടതുണ്ടോ? അവൻ നാം ചോദിക്കുന്ന ഉടനെ നമുക്ക് ഉത്തരം തന്നുകൊള്ളണമെന്നില്ല. അക്കാര്യം നബിﷺ നമ്മെ അറിയിച്ചിട്ടുണ്ട്. നമുക്ക് ഏതാണു ഗുണകരം എന്ന് വ്യക്തമായി അറിയുക അല്ലാഹുവിനാണല്ലോ. മനസ്സമാധാനത്തിന്റെ വഴി നബിﷺ വിവരിച്ചുതരുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറയുന്നു: “പ്രവാചകന്റെ പിന്നിലായിരിക്കെ ഒരു ദിവസം അവിടുന്ന് എന്നോട് പറഞ്ഞു: ‘അല്ലയോ കുട്ടീ, നിനക്ക് ഞാൻ ചില വാചകങ്ങൾ പഠിപ്പിച്ചുതരട്ടെയോ: നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്കവനെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിച്ചാൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവി നോട് സഹായം തേടുക. നീ മനസ്സിലാക്കുക: ലോകത്തുള്ള മുഴുവനാളുകളും ഒരുമിച്ച് നിനക്ക് വല്ല ഉപകാരവും ചെയ്യുവാൻ ഉദ്ദേശിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല, അതുപോലെ നിനക്ക് വല്ല ഉപദ്രവം വരുത്താൻ അവർ മുഴുവനും ഒരുമിച്ചാലും നിനക്ക് അല്ലാഹു വിധിച്ചതല്ലാതെ ഒരു ഉപദ്രവത്തിനും അവർക്ക് സാധ്യമല്ല തന്നെ. പേനകൾ ഉയർത്തപ്പെടുകയും പേജുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു’’ (തിർമിദി).