ഇഷ്ടമെന്ന പേരിൽ നഷ്ടം വിതയ്ക്കുന്നവർ!
ബിസ്മിത.എം
(സൽസബീൽ അറബിക് കോളേജ്, വെങ്കിടങ്ങ്)
2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

മനുഷ്യ മനസ്സിൽ പലതിനോടും ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ തോന്നൽ സ്വാഭാവികം. എന്നാൽ മനസ്സിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ഇസ്‌ലാമിലെ നിയമങ്ങളെ മാറ്റിമറിക്കാൻ സാധിക്കില്ല. കാരണം, അത് സ്രഷ്ടാവിന്റെ നിയമങ്ങളാണ്. ഇസ്‌ലാം 1400 വർഷങ്ങൾക്കു മുമ്പ് അന്തിമ പ്രവാചകനിലൂടെ പൂർത്തീകരിക്കപ്പെട്ട മതമാണ്.
“...ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...’’ (ക്വുർആൻ 5:3)
ഈ പ്രഖ്യാപനം കേട്ടവരും പഠിച്ചവരുമായ സ്വഹാബിമാർ ഇസ്‌ലാം സമ്പൂർണമാണെന്നും അതിലേക്ക് ഒന്നും കൂട്ടിച്ചേർക്കാനോ അതിൽനിന്ന് ഒന്നും ഒഴിവാക്കാനോ പാടില്ലെന്നും ഗ്രഹിച്ചവരാണ്. അവർ ജനസമൂഹങ്ങളിലേക്കു ചെന്ന് അവരെ പഠിപ്പിച്ചത് നബിﷺ പഠിപ്പിച്ച കാര്യങ്ങളാണ്. പ്രവാചകമാതൃകയില്ലാത്ത ഒരു കാര്യവും ദീനിന്റെ കാര്യമായി അവർ ജനങ്ങളെ പഠിപ്പിച്ചിട്ടില്ല.
പ്രവാചക സ്‌നേഹം എന്ന പേരിൽ നടക്കുന്ന നബിദിനാഘോഷത്തെ കുറിച്ച് ചിന്തിക്കുക. ഇസ്‌ലാമിൽ നബിദിനാഘോഷം ഒരു ആചാരമായിരുന്നെങ്കിൽ നബിﷺ അത് സ്വഹാബത്തിന് പറഞ്ഞുകൊടുക്കാതിരിക്കുമോ? അങ്ങനെ പറഞ്ഞുകൊടുത്തിട്ടുണ്ടെങ്കിൽ അത് സ്വഹാബത്ത് ചെയ്യാതിരിക്കുമോ? ഒരിക്കലുമില്ല!
അത് പ്രവാചകനോ സ്വഹാബാക്കളോ ചെയ്തിട്ടില്ല എന്ന് ഇക്കൂട്ടർതന്നെ എഴുതിവച്ചിട്ടുണ്ട്. അതായത് അത് ബിദ്അത്താണെന്ന് എന്ന് ഇവർതന്നെ സമ്മതിക്കുന്നു! എന്നിട്ടും ഓരോ വർഷവും അതിഗംഭീരമായി ഇത് ആഘോഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദിനങ്ങളിൽ നടന്ന നബിദിന റാലികൾ കണ്ടവർക്കറിയാം എന്തുമാത്രം മതവിരുദ്ധമായിരുന്നു അതെന്ന്.
നബിﷺയുടെ ജന്മദിനം ഏതെന്ന കാര്യത്തിൽ ഏകാഭിപ്രായമില്ല. എന്നാൽ അവിടുന്ന് വിടപറഞ്ഞ ദിനം റബീഉൽ അവ്വൽ 12 ആണെന്ന കാര്യം സംശയരഹിതമാണ്. സ്വഹാബിമാർ പൊട്ടിക്കരഞ്ഞ, മദീന ഇരുട്ടിലായ ദിനം. അന്നാണ് നബിദിനാഘോഷമെന്ന പേരിൽ പാട്ടും കൂത്തുമായി ഇവർ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു തടസ്സമായി തെരുവുകൾ കീഴടക്കുന്നത്.
നബിദിനാഘോഷം നടത്താതിരുന്ന സ്വഹാബിമാർ നബി ﷺയെ സ്‌നേഹിക്കാത്തവരായിരുന്നോ? സ്വന്തം ജീവനെക്കാൾ നബിﷺയെ സ്‌നേഹിച്ച, ആ തിരുശരീരത്തിനു നേർക്ക് പാഞ്ഞുവരുന്ന അമ്പുകളെ സ്വന്തം ശരീരം കൊണ്ട് തടുത്ത ചരിത്രമാണ് സ്വഹാബിമാർക്കുള്ളത്. സ്വഹാബിമാരോളം നബിയെ സ്‌നേഹിച്ചവർ ആരുണ്ട്! എന്നിട്ടും അവരെന്തേ നബിദിനാഘോഷം നടത്തിയില്ല? അവർക്കില്ലാത്ത സ്‌നേഹമാണോ ഇവർക്കുള്ളത്?
മ്യൂസിക്കിന്റെയും ബാൻഡ് മേളത്തിന്റെയുമൊക്കെ അകമ്പടിയോടെ നടക്കുന്ന കൂത്താട്ടം എങ്ങനെയാണ് പ്രവാചക സ്‌നേഹമാവുക? റസൂലിന്റെ ജീവിത മാതൃക പിൻപറ്റാതെ ജീവിക്കുന്നവർ എങ്ങനെയാണ് പ്രവാചക സ്‌നേഹികളാവുക? ഇഷ്ടമെന്ന പേരിൽ തങ്ങൾ നഷ്ടം വിതയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ!

