അവർ അന്ധരും ബധിരരും മൂകരുമാണ്
സഫ അശ്‌റഫ് പുഴക്കാട്ടിരി
2025 മെയ് 10, 1446 ദുൽഖഅദ് 12

സത്യനിഷേധിക ളെക്കുറിച്ചും കപടവിശ്വാസികളെക്കുറിച്ചും അന്ധരും ബധിരരും മൂകരുമെന്ന് അല്ലാഹു ക്വുർആനിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ‘അവർ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാൽ അവർ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല’ എന്ന് അൽബക്വറ 71ാം വചനത്തിൽ സത്യനിഷേധികളെക്കുറിച്ചും ഇതേ സൂറത്തിലെ 18ാം വചനത്തിൽ ‘ബധിരരും ഊമകളും അന്ധൻമാരുമാകുന്നു അവർ. അതിനാൽ അവർ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല’ എന്ന് കപടവിശ്വാസികളെക്കുറിച്ചും പറയുന്നു.
വാസ്തവത്തിൽ അവർക്ക് കാഴ്ചയും കേൾവിയും സംസാരശേഷിയുമുണ്ട്. എന്നാൽ എത്ര തെളിവുകൾ ലഭിച്ചാലും സത്യത്തെ നിരാകരിക്കുന്ന ഒരു പ്രത്യേക പ്രവണത അവരിലുണ്ടായിരുന്നു. അതൊന്നും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഭാവത്തിൽ അവർ ജീവിച്ചു. അതുകൊണ്ടാണ് അവരെ ഇങ്ങനെ വിശേഷിപ്പിച്ചത്.
അവിശ്വാസികൾ തങ്ങളുടെ വഴികേടിൽ ഉറച്ചു നിൽക്കുന്നതിനായി പറഞ്ഞിരുന്ന ‘ന്യായം’ ഞങ്ങളുടെ പിതാക്കൾ ഏതൊരു മാർഗത്തിലാണോ ആ മാർഗത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത് എന്നായിരുന്നു. ഇന്നും അതുപോലെ പറയുന്ന എത്രയോ ആളുകൾ നമ്മുടെ നാട്ടിലുണ്ട്.
അല്ലാഹു പറയുന്നു: ‘തീർച്ചയായും അവർ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്. അങ്ങനെ ഇവർ അവരുടെ (പിതാക്കളുടെ) കാൽപാടുകളിലൂടെ കുതിച്ചു പായുന്നു’’ (37:69,70).
മുൻഗാമികളുടെ പിഴച്ച മാർഗത്തെ അതേപടി അവർ പിൻപറ്റി. അതിൽനിന്നും മാറി നടക്കാൻ അവർ തയ്യാറില്ലായിരുന്നു. ഇത്തരക്കാരെ കുറിച്ച് അല്ലാഹു പറയുന്നു:
“അതല്ല, അവരിൽ അധികപേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതൽ വഴിപിഴച്ചവർ’’ (25:45).
ഈ ഉപമ എത്ര ഗൗരവകരമാണ്! പ്രമാണങ്ങളും ലക്ഷ്യങ്ങളും വകവെക്കാതെ തന്നിഷ്ടപ്രകാരം ജീവിതം നയിക്കുന്നവർ ദേഹേച്ഛയെ ഒരർഥത്തിൽ ദൈവമാക്കി വെക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: “തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ?...’’(25:43).
ഇമാം ഇബ്‌നു കസീർ(റഹി) ഇതിന് നൽകിയ ഒരു വ്യാഖ്യാനം ഇങ്ങനെയാണ്: ‘ഏതെങ്കിലും ഒരു കാര്യം ഒരാൾക്ക് നന്നായി തോന്നുകയും തന്റെ ഇച്ഛയുടെ അടിസ്ഥാനത്തിൽ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ ആ കാര്യത്തെ തന്റെ മതവും ആദർശവുമായി കണക്കാക്കുക.’
മരങ്ങളെയും കല്ലുകളെയും സൂര്യനെയും ചന്ദ്രനെയും തീയിനെയും വിഗ്രഹങ്ങളെയും മഹാന്മാരെയും ആരാധിക്കുന്നത് മാത്രമല്ല, ദേഹേച്ഛകൾക്ക് വഴിപ്പെട്ട് ജീവിക്കുന്നതും സത്യനിഷേധത്തിന്റെ ഭാഗമാണെന്ന് സാരം.
മതത്തിന്റെ ആവശ്യമേയില്ലെന്നും അത് പാരതന്ത്ര്യമാണെന്നും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കണമെന്നും വാദിക്കുന്നവരുണ്ട്. അതാണ് നല്ലതെന്ന് തോന്നിപ്പോകും. അതുകൊണ്ടുതന്നെ പുതുതലമുറ അത്തരം ആശയങ്ങളിൽ വീണുപോകുന്നു. എന്നാൽ യാതൊരു വിലക്കുകളുമില്ലാത്ത ജീവിതം കന്നുകാലികളുടെ ജീവിതത്തിന് സമാനമാകുമെന്ന് അൽപം ചിന്തിക്കുന്നവർക്ക് മനസ്സിലാകും.
ഇൻഫ്‌ളുവൻസർമാരിലൂടെ യും സിനിമകളിലൂടെയും റീലുകളിലൂടെയും ഷോട്‌സുകളിലൂടെയു മൊക്കെ വർത്തമാനകാലത്ത് മതനിരാസം കയറിവരുന്നുണ്ട്. ‘മുസ്‌ലിമായി’ക്കൊണ്ട് എങ്ങനെയൊക്കെ ‘പുരോഗമിക്കാം’ എന്ന് കാണിക്കാൻ ശ്രമിക്കുന്ന ഒരുവിഭാഗം വനിതകളുണ്ട്; പാന്റ്‌സും ടീഷർട്ടും ധരിച്ച് പേരിനൊരു കഷ്ണം തുണി തലയിൽ ചുറ്റി ഹിജാബാണെന്നും പറഞ്ഞ്, സൗന്ദര്യവർധക വസ്തുക്കൾ പരമാവധി ഉപയോഗിച്ച് പുറത്തിറങ്ങുന്നവർ. ഇസ്‌ലാമിന്റെ അടയാളങ്ങളോടും ആരാധനകളോടും പുച്ഛമനോഭാവം വെച്ചുപുലർത്തുന്ന മുസ്‌ലിം നാമധാരികളായ യുവാക്കളുമുണ്ട്. എന്നാൽ തങ്ങൾ മുസ്‌ലിംകളാണ് എന്ന് അവർ പറയുകയും ചെയ്യും!
അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങൾ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു’’(3:29).
ഇസ്‌ലാമിനെ ഭീകരതയുടെ മതമായി ധരിച്ചുവെച്ചവർ മതമെന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കാത്തവരാണ്. അതിന്റെ മാനവികമുഖത്തെ തിരിച്ചറിയാത്തവരാണ്. അതിനു പരിഹാരം ഇസ്‌ലാമിനെ പ്രമാണങ്ങളിൽനിന്നും പഠിക്കുക എന്നതാണ്.
സത്യനിഷേധം പല രൂപത്തിലും ഭാവത്തിലും വേഷത്തിലും എത്തുന്ന വർത്തമാനകാലത്ത് അതിൽ അകപ്പെടാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. അല്ലാഹു അന്ധരും ബധിരരും മൂകരുമായി ഉപമിച്ചവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്താതിരിക്കട്ടെ.

