മാറ്റാൻ കഴിയില്ലേ ഈ ശീലങ്ങൾ?
സഹല ഷെറിൻ ചെർപ്പുളശ്ശേരി
(അറബിക് അക്കാദമി, പെരിന്തൽമണ്ണ)
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

കാലമെത്രെ പുരോഗമിച്ചിട്ടും ആളുകളുടെ ചില ചിന്താഗതികൾക്ക് ഒരു മാറ്റവുമില്ല. കേരളം ഉയർന്ന വിദ്യാഭ്യാസമുള്ള ഒരു സംസ്ഥാനമായിട്ടു പോലും മലയാളികൾ ചെന്നു ചാടാത്ത കെണികളില്ല. ചെയ്യാത്ത തെറ്റുകളില്ല. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങൾ, നിറത്തിന്റെ പേരിലുള്ള അവഹേളനം പോലുള്ളവ പരിഷ്‌കൃത സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് ലജ്ജാവഹമാണ്. നിസ്സാര പ്രശ്‌നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു.
ഒരു കല്യാണം നിശ്ചയിച്ചതു മുതൽ ആശങ്കകളാണ്. കല്യാണം ഗംഭീരമായില്ലെങ്കിൽ മാനക്കേടാണ്. അതിനാൽ സാമ്പത്തികമായി മെച്ചമുള്ളവരും ഇല്ലാത്തവരും മത്സരത്തിലാണ്. ഉള്ളവർ ദുർവ്യയവും ധൂർത്തും നടത്തുന്നു. ഇല്ലാത്തവർ കടംവാങ്ങിയും പൊങ്ങച്ചം കാണിക്കുന്നു. കല്യാണശേഷം ഭർതൃവീട്ടിൽനിന്ന് പെൺകുട്ടികൾ അനുഭവിക്കുന്ന പൊല്ലാപ്പുകൾ വേറെ.
തൊലിയുടെ നിറം അൽപം കുറഞ്ഞുപോയി എന്നതിന്റെ പേരിലുള്ള ഭർതൃവീട്ടുകാരുടെ ആക്ഷേപം സഹിക്കവയ്യാതെ നമ്മുടെ നാട്ടിൽ ഈയിടെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയുണ്ടായി. കൊച്ചുകുട്ടികൾ പോലും നിസ്സാര കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്നു. പ്രയാസങ്ങൾ സഹിക്കാനുള്ള മനക്കരുത്ത് എല്ലാവർക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ബോഡി ഷൈമിങ് നടത്തുക എന്നത് വളരെ വൃത്തികെട്ട സ്വഭാവമാണ്. നിറത്തിലും സൗന്ദര്യത്തിലും ബുദ്ധിയിലും കഴിവിലുമൊക്കെ ഏറ്റക്കുറവുകൾ കാണുക എന്നത് സ്വാഭാവികമാണ്. ചിലർക്ക് അംഗവൈകല്യമുണ്ടായേക്കാം. എന്നാൽ മറ്റുള്ളവരെക്കാൾ എന്തെങ്കിലും കഴിവുകൾ അവർക്ക് നൽകപ്പെട്ടിരിക്കാം. ശാരീരികമായ ന്യൂനതകളുടെ പേരിൽ മറ്റുള്ളവരെ പരിഹസിക്കുന്നവർ വലിയ പാതകമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല.
ഈ വിഷയത്തിൽ ക്വുർആൻ നൽകുന്ന വെളിച്ചം കാണുക: “സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്നവർ) അവരെക്കാൾ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്ന സ്ത്രീകൾ) മറ്റവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങൾ പരിഹാസപ്പേരുകൾ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാർമികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാർ തന്നെയാകുന്നു അക്രമികൾ’’ (49:11).
പലരും പലതും പറഞ്ഞു പ്രചരിപ്പിക്കുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. ചിലപ്പോൾ ചെറിയ ന്യൂനത പർവതീകരിച്ചു പറയുന്നതായിരിക്കും. ഇതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല: “സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’ (49:12).
അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടും പ്രതിഫലം പ്രതീക്ഷിച്ചും നല്ലത് മാത്രം ചെയ്യുക, തിന്മകൾ വെടിയുക. പ്രയാസങ്ങളെ ക്ഷമയോടെ നേരിടുക.

