വിഷാദ രോഗം; കാരണങ്ങളും ചികിത്സയും
ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി
2024 ജൂലായ് 30, 1446 മുഹർറം 14

കുറച്ചു കാലമായി നാം വളരെയധികം കേട്ടുവരുന്ന വാക്കാണ് ഡിപ്രഷൻ അഥവാ വിഷാദം എന്നത്.കോവിഡാനന്തര കാലത്ത് ഡിപ്രഷൻ എന്ന പ്രതിസന്ധി അനുഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി കണ്ടുവരുന്നു. മനുഷ്യരിലുള്ള ‘സന്തോഷം,’ ‘വിഷമം,’ ‘ഭയം’ തുടങ്ങിയ വികാരങ്ങളെ പോലെയുള്ള ഒരു വികാരം തന്നെയാണ് വിഷാദവും. ഉറ്റവരുടെ മരണം, പരീക്ഷയിലെ തോൽവി, അസുഖങ്ങൾ, ജോലി സംബന്ധമായ പ്രതിസന്ധികൾ പോലുള്ള സന്ദർഭങ്ങളിൽ മാനുഷികമായി ഉണ്ടാവുന്ന ഒരു വികാരമാണിത്. ഇത് എപ്പോഴാണ് യഥാർഥത്തിൽ ഒരു രോഗാവസ്ഥയായി പരിഗണിക്കപ്പെടുന്നത്? സ്ഥായിയായ വിഷാദഭാവം രണ്ടാഴ്ചയിൽ കൂടുതൽ നിലനിൽക്കുമ്പോഴാണ് ഈ അവസ്ഥയെ അസാധാരണമായി കണക്കാക്കുന്നത്.
ലക്ഷണങ്ങൾ
1. അകാരണമായ, സ്ഥായിയായ വിഷമാവസ്ഥ.
2. ജോലികൾ ചെയ്യാനുള്ള താൽപര്യം കുറവ്: വീട്ടുജോലികളായാലും താൽപര്യപൂർവം ചെയ്തിരുന്ന മറ്റു ജോലികളായാലും ഒന്നിനോടും താൽപര്യമില്ലാതെ ഒരു അലസത അനുഭവപ്പെടും. ചിലരിൽ ലൈംഗിക താൽപര്യങ്ങൾപോലും നഷ്ടപ്പെടുന്നതായി കാണാം.
3. അകാരണമായ ക്ഷീണം: ദിവസം മുഴുവൻ ഒരു ജോലിയും ചെയ്യാൻ കഴിയാത്തവിധം ക്ഷീണം അനുഭവപ്പെടുകയും പലപ്പോഴും കിടക്കയിൽനിന്നും എഴുന്നേൽക്കാൻ തോന്നാതെ വരികയും ചെയ്യുക.
4. വിശപ്പില്ലായ്മ: വിഷാദരോഗമുള്ളവരിൽ സാധാരണയായി വിശപ്പില്ലായ്മ കണ്ടുവരുന്നു. ഇഷ്ടപ്പെട്ട്, ആസ്വദിച്ച് കഴിച്ചിരുന്ന ഭക്ഷണങ്ങളോട് പോലും വിരക്തി അനുഭവപ്പെടും. എന്നാൽ ചിലരിൽ, പ്രത്യേകിച്ച് കൗമാരക്കാരിൽ വിശപ്പ് കൂടുകയും ധാരാളം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതായി കാണാറുണ്ട്.
5. ഉറക്കക്കുറവ്: സാധാരണ ഉണരാറുള്ള സമയത്തെക്കാൾ നേരത്തെ ഉറക്കം നഷ്ടപ്പെടുകയും എഴുന്നേറ്റ് ഇരിക്കുകയും ചെയ്യുന്നതാണ് തുടക്കത്തിൽ ഉണ്ടാവുന്ന ലക്ഷണം. പിന്നീട് രാത്രി കിടന്നാൽ ഉറക്കം വരാതിരിക്കുകയും വളരെ വൈകി മാത്രം ഉറങ്ങാൻ സാധിക്കുകയും ഉറങ്ങിയാൽതന്നെ ഇടയ്ക്കിടെ ഉണരുകയും ചെയ്യും. എന്നാൽ കൗമാരക്കാരിൽ ഉറക്കം കൂടുന്നതായും കണ്ടുവരുന്നു.
6. ഏകാഗ്രത കുറവ്: ജോലി ചെയ്യുന്നതിൽ ഏകാഗ്രത ലഭിക്കാതിരിക്കുകയും ചെയ്യുന്ന ജോലികൾ വളരെ പതുക്കെയായി പോവുകയും പല കാര്യങ്ങളും മറന്നുപോവുകയും ചെയ്യും. വിദ്യാർഥികളിൽ ഈ അവസ്ഥ പഠനത്തിൽ പുറകോട്ട് നയിക്കുകയും ചെയ്യുന്നതായി കാണാം.
7. അനിയന്ത്രിതമായ ദേഷ്യം, സങ്കടം എന്നിവയോടുകൂടി പെട്ടെന്ന,് ഉച്ചത്തിലുള്ള പ്രതികരണങ്ങത്തോടെ അനിഷ്ടം പ്രകടിപ്പിക്കുക: കൗമാരക്കാരിലാണ് ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
8. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അനുഭവപ്പെടുന്ന ശരീര വേദന, കൈകാൽ തരിപ്പ്, വയറു സംബന്ധമായ അസ്വസ്ഥതകൾ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ: മധ്യവയസ്‌കരിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായി കണ്ടുവരുന്നത്.

9. വിഷാദാത്മകമായ ചിന്തകൾ, അകാരണമായ കുറ്റബോധം, നിരാശ, ശുഭാപ്തി വിശ്വാസമില്ലായ്മ തുടങ്ങിയവ.
10. ആത്മഹത്യാപ്രവണത: വിഷാദാത്മകമായ ചിന്തകൾ അതിന്റെ പാരമ്യതയിൽ എത്തുമ്പോൾ താൻ സമൂഹത്തിനും കുടുംബത്തിനും ഒരു ഭാരമാണെന്ന തെറ്റായ ഒരു ധാരണയിൽ എത്തുകയും ജീവിതത്തോടുതന്നെ മടുപ്പ് തോന്നുകയും ചെയ്യുന്ന അങ്ങേയറ്റം തീവ്രമായ ഡിപ്രഷൻ അവസ്ഥയിൽ ആളുകളിൽ ആത്മഹത്യാപ്രവണത കണ്ടുവരുന്നു.
മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയിൽ കൂടുതൽ ഒരാളിൽ നിലനിൽക്കുകയാണെങ്കിൽ അത്തരം ആളുകൾ വിഷാദരോഗം പിടിപെട്ടവരാണ് എന്ന് അനുമാനിക്കാം.
കാരണങ്ങൾ
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വിഷാദരോഗത്തിന് കാരണമാവുന്നത്:
1. ജനിതകപരമായ കാരണങ്ങൾ
മറ്റേത് രോഗങ്ങളെപോലെയും വിഷാദരോഗവും പാരമ്പര്യമായി വരാനുള്ള സാധ്യത ഏറെയാണ്. മാതാപിതാക്കൾക്കോ മറ്റ് അടുത്ത കുടുംബാംഗങ്ങൾക്കോ വിഷാദരോഗം ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരക്കാർക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
2. ജീവശാസ്ത്രപരമായ കാരണങ്ങൾ
മനുഷ്യന്റെ തലച്ചോറിലുള്ള രാസപദാർഥങ്ങളായ dopamine, serotonin nor epinephrine തുടങ്ങിയ വയുടെ ഏറ്റക്കുറച്ചിലുകൾ കാരണം തലച്ചോറിലെ ഒരു കോശത്തിൽനിന്നും മറ്റൊരു കോശത്തിലേക്ക് തെറ്റായ രീതിയിൽ സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ഇതുമൂലം വിഷാദരോഗ ലക്ഷണങ്ങളായ പല പെരുമാറ്റ വൈകല്യങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ഹോർമോണുകളുടെ പ്രവർത്തനഫലമായി ഉണ്ടാകുന്നത്: ഇത്തരം വിഷാദരോഗം കൂടുതലായും കണ്ടുവരുന്നത് സ്ത്രീകളിൽ ആർത്തവാരംഭത്തിലും പ്രസവാനന്തരവും ആർത്തവവീരാമത്തിലുമാണ്.
3. സാമൂഹികമായ കാരണങ്ങൾ
ചെറുപ്രായത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക ദുരനുഭവങ്ങൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇത്തരം കുട്ടികളിൽ വിഷാദരോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.
ഡിജിറ്റൽ ഉപകരണങ്ങളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗത്തിലുള്ള നിയന്ത്രണമില്ലായ്മയും മറ്റൊരു സാമൂഹിക കാരണമാണ്. ആളുകൾ പരസ്പരം ഇടപഴകാതിരിക്കുകയും സൗഹൃദബന്ധങ്ങളും കുടുംബ ബന്ധങ്ങളും മാതാപിതാക്കളും മക്കളും തമ്മിലുള്ള ഇടപഴകലുകളും വളരെയധികം കുറഞ്ഞത് ആളുകളുടെ ഒറ്റപ്പെടലുകൾക്ക് കാരണമാവുകയും ഇത് വിഷാദരോഗങ്ങൾ അധികരിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.

വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്നതാണ് വയോധികരിൽ കണ്ടുവരുന്ന വിഷാദരോഗത്തിന്റെ പ്രധാന കാരണം. മക്കൾ ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് കുടുംബസമേതം വിദേശത്തോ മറ്റോ താമസമാവുകയും വയോധികരായ മാതാപിതാക്കൾ മാത്രം വീട്ടിൽ ഒറ്റപ്പെട്ടുപോവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം.
പരിഹാരം
മറ്റേത് അസുഖങ്ങൾക്കുമെന്നപോലെ മാനസിക രോഗങ്ങൾക്കും പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. ഒരു വ്യക്തി വിഷാദരോഗത്തിന് അടിമപ്പെടാതിരിക്കാൻ തുടക്കഘട്ടത്തിൽതന്നെ അടുത്ത സുഹൃത്തുക്കൾ അല്ലെങ്കിൽ കുടുംബാംഗങ്ങൾ ശ്രദ്ധയോടെ ഇടപെടേണ്ട ചില കാര്യങ്ങളാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
തന്റെ സുഹൃത്ത് അല്ലെങ്കിൽ അടുത്തബന്ധു ഒരു പ്രതിസന്ധി നേരിടുകയും അതിനെ തുടർന്നോ അല്ലെങ്കിൽ അകാരണമായോ മാനസിക സംഘർഷത്തിലാവുകയും ദിവസങ്ങളോളം വിഷാദഭാവത്തിൽ തുടരുകയും ചെയ്യുകയാണെങ്കിൽ അദ്ദേഹത്തോട് കാര്യങ്ങൾ അന്വേഷിക്കുക എന്നതാണ് ആദ്യഘട്ടം. പ്രതിസന്ധികളിൽ ഒറ്റപ്പെട്ടു പകച്ചുനിൽക്കുന്ന ഒരാൾക്ക്, തന്നെ കേൾക്കാൻ ഒരാളുണ്ട് എന്നത് വളരെയധികം ആശ്വാസകരമായിരിക്കും.
നമ്മോട് കാര്യങ്ങൾ തുറന്നുസംസാരിക്കാൻ മാത്രമുള്ള അടുപ്പവും വിശ്വാസവും അവർക്ക് ഉണ്ടായിരിക്കുക എന്നത് ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്.
ശ്രദ്ധയോടെ, മുൻവിധികൾ ഇല്ലാതെ അവർ പറയുന്ന കാര്യങ്ങൾ മുഴുവനായും കേൾക്കുക എന്നതാണ് അടുത്തഘട്ടം. ഇവിടെ അവരുടെ സംസാരം തടസ്സപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ അവർ പറയുന്ന കാര്യങ്ങളെ നിസ്സാരമാക്കാതിരിക്കുകയും അവരെ കളിയാക്കാതിരിക്കുകയും കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കാര്യങ്ങൾ മുഴുവനായും കേട്ടതിനുശേഷം അവരുടെ പ്രശ്‌നം ശരിയാംവിധം മനസ്സിലാക്കുകയും എന്തെങ്കിലും അബദ്ധധാരണകൾ അവരിലുണ്ടെങ്കിൽ തിരുത്തിക്കൊടുക്കുകയും ചെയ്യുക. വികാരങ്ങൾക്ക് അടിമപ്പെട്ട് കാര്യങ്ങളിൽ പക്വമായി ഇടപെടാൻ കഴിയാത്ത പ്രതിസന്ധിഘട്ടത്തിൽ ഒരു സുഹൃത്തിന്റെ ക്രിയാത്മകമായ ഇടപെടലുകൾ വലിയ തിരിച്ചറിവുകൾ ലഭിക്കാൻ ഇടയാക്കും.
മുകളിൽ പറഞ്ഞ പ്രഥമശുശ്രൂഷ കൊടുത്തതിനുശേഷവും ഒരാളിൽ ഡിപ്രഷൻ തുടരുകയാണെങ്കിൽ അദ്ദേഹത്തിന് ചികിത്സ ആവശ്യമായി വരുന്നു. അസുഖത്തിന്റെ തീവ്രതക്കനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
Psychotherapy
ചെറിയ രീതിയിലുള്ള ഡിപ്രഷൻ കേസുകളിൽ വിവിധ തെറാപ്പികൾവഴി അവരുടെ ചിന്താവൈകല്യങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തിക്കൊടുക്കുക, ജീവിത ചുറ്റുപാടുകളെ ഉൾക്കൊണ്ട് ജീവിക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് psychotherapy കൊണ്ട് സാധ്യമാകുന്നത്.
Cognitive therapy, behavioral therapy, dialectical behavioural therapy, interpersonal therapy എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
Medicine
Moderate to severe രോഗാവസ്ഥകളിൽ മരുന്നുകൾ കഴിക്കേണ്ടതായിവരുന്നു. തലച്ചോറിലുള്ള രാസപദാർഥങ്ങളുടെ ഏറ്റക്കുറച്ചിലുകളെ സന്തുലിതപ്പെടുത്തുകയാണ് ഈ മരുന്നുകൾ ചെയ്യുന്നധർമം. രോഗം ഭേദമാകുന്നതിനനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ഈ മരുന്നുകളുടെ അളവുകൾ കുറച്ചു വരികയും പിന്നീട് മുഴുവനായും നിർത്തുകയും ചെയ്യാവുന്നതാണ്.
(അവസാനിച്ചില്ല)

