വിഷാദ രോഗം; കാരണങ്ങളും ചികിത്സയും 2

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

2024 ജൂലായ് 27, 1446 മുഹർറം 21

(ഭാഗം:02)

ചികിത്സ വൈകിയാൽ!

1. ഡിപ്രഷൻ ഒരു രോഗാവസ്ഥയാണെങ്കിലും പൊതുവെ രോഗിയും രോഗിയുടെ അടുത്ത ബന്ധുക്കളും ഇത് പലപ്പോഴും തിരിച്ചറിയാതെപോകുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയപ്പെടാതെപോകുന്ന ഡിപ്രഷൻ കേസുകളിൽ രോഗിയുടെ പെരുമാറ്റവൈകല്യങ്ങൾ കാരണം അവരുടെ ദാമ്പത്യ, കുടുംബ, അയൽപക്ക ബന്ധങ്ങളിൽ വിള്ളലുകൾ സംഭവിക്കുന്നു. എന്നാൽ പ്രാരംഭ ഘട്ടത്തിൽതന്നെ ഇതൊരു രോഗാവസ്ഥയാണെന്ന് തിരിച്ചറിയുകയും നേരത്തെ പറഞ്ഞപോലുള്ള പ്രഥമശുശ്രൂഷകളോ ചികിത്സയോ നൽകുകയുമാണെങ്കിൽ ഇത്തരം അവസ്ഥകൾ വരാതിരിക്കുകയും ചെയ്യാം.

2. ആത്മഹത്യാപ്രവണത: വിഷാദരോഗികളിൽ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ശുഭാപ്തിവിശ്വാസം പാടെ നഷ്ടപ്പെട്ടുപോകും. താൻ ഈ സമൂഹത്തിന് ഒരു ബാധ്യതയാണെന്ന തെറ്റായ ചിന്ത അവരെ അലട്ടുകയും അങ്ങേയറ്റത്തെ നിരാശയിലകപ്പെടുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

3. Catatonia: വിഷാദരോഗത്തിന്റെ മറ്റൊരു കോംപ്ലിക്കേഷനാണ് ഇത്. ഈ അവസ്ഥയിൽ രോഗി സംസാരിക്കുകയോ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ ദിവസങ്ങളോളം ശില കണക്കെ ഇരിക്കും. ഇത് രോഗിയുടെ ശാരീരികാ രോഗ്യത്തെ പാടെ നശിപ്പിക്കുകയും മരണത്തിലേക്കുവരെ എത്താൻ വഴിയ്ക്കുകയും ചെയ്യുന്നു. ഇത്തരം ഘട്ടങ്ങളിലാണ് പൊതുവെ Electroconvulsive therapy കൊടുക്കുന്നത്.

4. രോഗപ്രതിരോധശേഷി കുറയുകയും തുടർന്ന് അനവധി ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യേണ്ടിവരുന്നു.

പ്രതിരോധ മാർഗങ്ങൾ

വിഷാദരോഗം പിടിപെടാതിരിക്കുവാനും ഒരിക്കൽ ചികിത്സിച്ചു മാറിയ രോഗം തിരികെ വരാതിരിക്കാനും ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ:

1. ജീവിതശൈലി ചിട്ടയായി ക്രമീകരിക്കുക:

സമയബന്ധിതമായി രാത്രി ഉറങ്ങുകയും രാവിലെ എഴുന്നേൽക്കുകയും ചെയ്യൽ പ്രധാനമാണ്. ഉറക്കക്കുറവ് തലച്ചോറിലെ രാസപ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ഇത് ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയാക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് ഗുണകരമായതും ഇഷ്ടപ്പെട്ടതുമായ ഭക്ഷണം കഴിക്കുകയും ചെയ്യുക.

വ്യായാമം പതിവാക്കുക. വ്യായാമം ചെയ്യുന്നതുവഴി dopamine, endorphin തുടങ്ങിയ രാസപദാർഥങ്ങൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുകയും ഇത് മാനസികാരോഗ്യത്തിന് സഹായകമാവുകയും ചെയ്യുന്നു.

2. വിവിധ ലക്ഷ്യങ്ങൾ ഉണ്ടാക്കിയെടുക്കുകയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ഇത്തരം മേഖലകളിൽ പ്രവർത്തനനിരതരാവുകയും ചെയ്യുക. ഇത് മനസ്സിന് കൂടുതൽ ശുഭാപ്തിവിശ്വാസം നൽകുകയും അനാവശ്യ ചിന്തകളിൽനിന്ന് മുക്തമാകാൻ സഹായിക്കുകയും ചെയ്യുന്നു.

3. വ്യക്തിബന്ധങ്ങൾ വിപുലമാക്കുക: അയൽപക്കങ്ങളിലും കുടുംബങ്ങളിലും ജോലിസ്ഥലത്തും തുടങ്ങി നാം ഇടപഴകുന്ന എല്ലാ മേഖലകളിലും നല്ല വ്യക്തികളുമായി സുഹൃദ്ബന്ധം ഉണ്ടാക്കിയെടുക്കുകയും അവ കാത്തുസൂക്ഷിക്കുകയും ചെയ്യുക. ഇത് മാനസിക സന്തോഷം നൽകുന്നു എന്നതിലുപരി പ്രതിസന്ധിഘട്ടങ്ങളിൽ സങ്കടങ്ങൾ പങ്കുവയ്ക്കാനും പ്രതിവിധികൾ തേടാനും കൂടി സഹായകമാണ്.

4. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക: ഓരോരുത്തർക്കും ഇഷ്ടപ്പെട്ട വിവിധ മേഖലകൾ ഉണ്ടായിരിക്കും. ഉദാഹരണമായി എഴുത്ത്, വായന, ഗാർഡനിങ്, കുക്കിംഗ് തുടങ്ങിയവ. ഇങ്ങനെ ഒഴിവുവേളകളിൽ തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളിൽ വ്യാപൃതരാകുന്നത് മനസ്സിന് കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകുന്നു.

5. ലഹരി വസ്തുക്കൾ പാടെ ഒഴിവാക്കുക.

ആത്മീയ പരിഹാരങ്ങൾ

അടിയുറച്ച വിശ്വാസം: ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴാണ് കൂടുതൽ ആളുകളും വിഷാദരോഗത്തിന് അടിമപ്പെടുന്നത്. പ്രവാചകന്മാരും അവരുടെ അനുയായികളുമെല്ലാം ഒരുപാട് പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയവരാണെന്നും പ്രതിസന്ധികൾ നേരിട്ടവരാണെന്നും അവരുടെ ചരിത്രം വ്യക്തമാക്കുന്നു. എന്നാൽ അവരാരും അവയ്ക്കു മുമ്പിൽ പകച്ചുനിന്നിട്ടില്ല.

അല്ലാഹു നമ്മോട് പറഞ്ഞിട്ടുള്ളത് അവൻ നമ്മെ പലവിധേന പരീക്ഷിക്കും എന്നാണ്.

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 2:155).

അടിസ്ഥാനപരമായി ഈ ജീവിതം ഒരു പരീക്ഷണമാണെന്നും ജീവിതത്തിൽ നേരിടുന്ന പരീക്ഷണങ്ങളിൽ ക്ഷമയും സഹനവും അനിവാര്യമാണെന്നും അതിന് പരലോകത്ത് മഹത്തായ പ്രതിഫലമാണ് സ്രഷ്ടാവ് വാഗ്ദാനം ചെയ്തുട്ടള്ളതെന്നും മനസ്സിലാക്കിയ ഒരു സത്യവിശ്വാസിക്ക് താൻ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുമെന്നതിൽ സംശയമില്ല.

ഒരുകാര്യം നാം മനസ്സിലാക്കണം. നമ്മൾ അനുഭവിക്കുന്ന പ്രതിസന്ധികൾ കൊണ്ട് നമ്മൾ കാണാത്ത ഗുണകരമായ മറ്റു തലങ്ങൾ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടാവാം. ഇതും ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാവഹമാണ്. ഇതൊന്നുമല്ലെങ്കിൽ, നാം ചെയ്തുവച്ച ഏതെങ്കിലും ഒരു പാപത്തിന്റെ ശിക്ഷ എന്നോണം ആയിരിക്കാം നാം നേരിടുന്ന പ്രതിസന്ധി. ഒരു സത്യവിശ്വാസിക്ക് തന്റെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനും ഒരു പുനർവിചിന്തനം നടത്താനും പാപങ്ങളിൽനിന്ന് പിന്മാറാനും പശ്ചാത്തപിക്കാനും ലഭിക്കുന്ന ഒരു സുവർണാവസരം തന്നെയാണ് ഇത്.

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്തുക

“ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായി ത്തീരുന്നത്’’ (ക്വുർആൻ 13:28).

അല്ലാഹുവിന്റെ നാമങ്ങൾ ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഒരാൾക്ക് ജീവിതത്തിൽ ആവലാതിപ്പെടേണ്ട ആവശ്യമേ വരുന്നില്ല .ഏത് പ്രശ്‌നത്തിനും പരിഹാരം കാണാൻ കഴിവുള്ള ഒരു നാഥൻ തനിക്കുള്ളപ്പോൾ എന്തിനാണ് അവൻ ആവലാതിപ്പെടുന്നത്.

പ്രഭാത പ്രദോഷങ്ങളിലെ അദ്കാറുകളും രാത്രി ഉറങ്ങുന്നതിന് മുൻപുള്ള അദ്കാറുകളും തുടങ്ങി ജീവിതത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രത്യേകം പഠിപ്പിച്ചിട്ടുള്ള ദിക്‌റുകളും പൊതുവായി പഠിപ്പിച്ചിട്ടുള്ള ദിക്‌റുകളും പതിവാക്കുകയാണെങ്കിൽ അതും ഒരു സത്യവിശ്വാസിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ സദാസമയം നിലനിർത്തുവാനും ജീവിതത്തിൽ പ്രതീക്ഷയും സമാധാനവും കണ്ടെത്തുവാനും സാധിക്കുന്നു.

പ്രാർഥന കൈവിടരുത്

ക്വുർആനും സ്ഥിരപ്പെട്ട ഹദീസുകളും പഠിപ്പിക്കുന്ന ധാരാളം പ്രാർഥനകളുണ്ട്. പൊതുവായി പഠിപ്പിക്കപ്പെട്ടിട്ടുള്ള പ്രാർഥനകൾക്ക് പുറമെ ജീവിതത്തിന്റെ വ്യത്യസ്ത അവസരങ്ങളിലുള്ള പ്രത്യേക പ്രാർഥനകളും നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. മാനസിക പ്രയാസങ്ങൾ നേരിടുമ്പോൾ ചൊല്ലേണ്ട പ്രാർഥനകളും ഹദീസുകളിൽ കാണാം. ഇവയെല്ലാം പ്രാവർത്തികമാക്കുവാൻ പരമാവധി ശ്രമിക്കുക. ആത്മാർഥമായി പ്രാർഥനകൾ നിർവഹിക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം ലഭിക്കുമെന്നതിൽ സംശയമില്ല.