റമദാനിലെ ഭക്ഷണം

ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ

2024 മാർച്ച് 23, 1445 റമദാൻ 13

നോമ്പ് തുറക്കുമ്പോൾ

ഈത്തപ്പഴം കൊണ്ട് നോമ്പു തുറന്നതിന് ശേഷം വെള്ളമോ ജ്യൂസോ കുടിക്കുക. പഴവർഗങ്ങൾ ആവാം. മഗ്‌രിബ് നമസ്‌കാരാനന്തരം അരിപ്പൊടി ഭക്ഷണം കുറച്ച് കഴിച്ചതിനു ശേഷം ഇശാഅ് നമസ്‌കാരത്തിന് പോകുന്നതിന്ന് മുമ്പ് അൽപം ഫ്രൂട്‌സ് വേണമെങ്കിൽ ആവാം. ഇശാഉും തറാവീഹും കഴിഞ്ഞ ശേഷം പച്ചക്കറിക്കൂട്ടാൻ കൂട്ടി അൽപം കഞ്ഞി കുടിക്കൽ നല്ലതാണ്.

പെട്ടെന്ന് ദഹിക്കുന്നതും അന്നജസമൃദ്ധവുമായ അരിപ്പൊടി, ഗോതമ്പുപൊടി എന്നിവകൊണ്ടുണ്ടാക്കിയ നൂലപ്പം, പത്തിരി, അപ്പം, പുട്ട്, ചപ്പാത്തി എന്നിത്യാദി വിഭവങ്ങൾ പെട്ടെന്ന് ഊർജം നൽകുന്നു. എണ്ണയിൽ പൊരിച്ച പലഹാരങ്ങളും എരിവുള്ള വിഭവങ്ങളും കഴിയുന്നതും ഒഴിവാക്കുക. കാരണം അത് പുളിച്ചുതികട്ടൽ, ഗ്യാസ്ട്രബിൾ, ഛർദി, വയറുവേദന, ഏമ്പക്കം, ആമാശയവീക്കം എന്നിവക്ക് കാരണമാകും. മൈദകൊണ്ടുള്ള പൊറോട്ടയും ഖുബ്ബൂസും ഒഴിവാക്കുക.

വെള്ളം തന്നെ പ്രധാനം

ശരീരത്തിലെ എല്ലാ അവയവ പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമായ ജലം രക്തസമ്മർദ്ദത്തെയും രക്തചംക്രമണത്തെയും ഒരളവോളം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ധാരാളമായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഈ വർഷത്തെ നോമ്പ് വേനലിലായതുകൊണ്ട് പകലിൽ നിർജലീകരണ സാധ്യത കൂടുതലായതിനാൽ മൂത്രച്ചൂട് ഒഴിവാക്കാൻ രാത്രി കൂടുതൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ധാതുലവണങ്ങളും ജലാംശവുമുള്ള വത്തക്ക, പപ്പായ, പൈനാപ്പിൾ, വെള്ളരിക്ക, സപ്പോട്ട, നേന്ത്രപ്പഴം, ചെറുപഴം, ഈത്തപ്പഴം, മാങ്ങ എന്നീ പഴവർഗങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. നല്ല മധുരമുള്ള, പെട്ടെന്ന് ഷുഗർ കൂടുന്ന ഭക്ഷണം പ്രമേഹ രോഗികൾ ഒഴിവാക്കണം.

ഗ്യാസ്ട്രബിളും മലബന്ധവും

എരിവും പുളിയുമുള്ള ഭക്ഷണങ്ങളും എണ്ണക്കടികളുമൊക്കെ കാലിയായ വയറ്റിൽ കഴിക്കുന്നതു കൊണ്ടാണ് ഗ്യാസ്ട്രബിൽ കൂടുതലാകുന്നത്. ജലാംശവും നാരുമുള്ള ഭക്ഷണങ്ങൾ (പച്ചക്കറി) കുറയുന്നുതുകൊണ്ട് മലബന്ധം ഉണ്ടാകുന്നത് പതിവാണ്.

അൽപാൽപം ഇടവിട്ട് കഴിക്കുക

നോമ്പുതുറയോടെ തന്നെ വയറുനിറയെ തിന്നാൽ വയറുവീർക്കൽ, ഗ്യാസ്ട്രബിൾ, വയറുവേദന തുടങ്ങിയ പ്രയാസങ്ങൾ ഉണ്ടാകുമെന്ന് മാത്രമല്ല; രാത്രിയിലെ ആരാധനകളുടെ ചൈതന്യം നഷ്ടപ്പെടുമാറ് മനസ്സ് നിർജീവമാവുകയും ചെയ്യും.

ഭക്ഷണം സമീകൃതമാക്കാൻ ശ്രമിക്കുക

അരിപ്പൊടി വിഭവങ്ങൾക്കൊപ്പം ഇറച്ചി/മീൻ/കടല പോലുള്ളവ കഴിച്ചാൽ ആവശ്യമുള്ള പ്രോട്ടീൻ ലഭിക്കും. പച്ചക്കറി സലാഡുകളും ഉപ്പേരികളും ഉൾപ്പെടുത്തിയാൽ നാരുകളുള്ളതുകൊണ്ട് മലബന്ധം ഒഴിവാക്കാൻ കഴിയും.

അത്താഴം

അത്താഴം അരിഭക്ഷണത്തിൽ മാത്രം ഒതുക്കരുത്. പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കുക. പാലും പഴവും കഴിച്ചാൽ (ഇവ കുട്ടികൾക്ക് വള രെ നല്ലതാണ്) പ്രോട്ടീനും ജലാംശവും അന്നജവും കിട്ടും. അവിൽമിൽക് വളരെ അഭികാമ്യമാണ്. വെള്ളം ധാരാളം കുടിക്കണം. നല്ല എരിവു ള്ളതും പുളിയുള്ളതുമായവ കഴിയുന്നതും ഒഴിവാക്കുക. പഴവർഗങ്ങൾ ഉൾപെടുത്തി സമീകൃത മാക്കാൻ ശ്രമിക്കുക. ചുവന്ന മുളക് ഉപയോഗിക്കുന്നതിന്ന് പകരം കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുന്നത് ദഹനത്തിന് സഹായിക്കും, ഗ്യാസ്ട്രബിൾ കുറക്കും. അത്താഴം

ഒരിക്കലും ഒഴിവാക്കരുത്. റമദാനിൽ ഭക്ഷണം ഹോട്ടലുകളിൽനിന്ന് കഴിക്കാതിരിക്കലാണ് നല്ലത്. ബിരിയാണി, നെയ്ച്ചോർ ഉണ്ടാക്കുന്നുവെങ്കിൽ ധാരാളം പച്ചക്കറികൾ ചേർക്കുക. പച്ചക്കറി സലാഡ് ധാരാളമായി കൂടെ കഴിക്കുക.