കൊളസ്‌ട്രോൾ കൊലയാളിയോ?
ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ
2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

ശരീരത്തിൽ കൊളസ്‌ട്രോൾ എങ്ങനെ രൂപം പ്രാപിക്കുമെന്നും അത് രക്തക്കുഴലിൽ അടിഞ്ഞുകൂടി കാലക്രമേണ രക്തയോട്ടത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള കണ്ടെത്തലുകൾക്കാണ് 1985ൽ മിഷയേൽ ബ്രൗണിനും സാമുവൽ ഗോൾസ്റ്റിനിനും വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയാണെങ്കിൽ ഒരു പരിധിവരെ ഈ കൊഴുപ്പുകൊണ്ടുണ്ടാകുന്ന വിപത്തുകൾ ഒഴിവാക്കാനാകുമെന്ന് കൂടി ഇവർ തെളിയിച്ചു. ഇത് പ്രായോഗിക തലത്തിൽ നടപ്പിൽ വരുത്തിയപ്പോൾ ഹൃദയാഘാതം കൊണ്ടുളള മരണനിരക്ക് 56 ശതമാനം കുറയ്ക്കാൻ അമേരിക്കക്കാർക്ക് കഴിഞ്ഞു. രക്തസമ്മർദവും പ്രമേഹവും നിയന്ത്രിച്ച്, ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറച്ച്, തൂക്കം നിയന്ത്രിച്ച്, പുകയില വർജിക്കുകയും ചെയ്തുകൊണ്ടാണ് അവർ ഈ നേട്ടം കൈവരിച്ചത് എന്നതുകൂടി നാം ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
ശരീരത്തിലെ കൊളസ്‌ട്രോൾ പ്രധാനമായും ഉണ്ടാകുന്നത് കരളിലാണ്. ആവശ്യത്തിൽ കൂടുതൽനാം കഴിക്കുന്ന ആഹാര പദാർഥങ്ങളിലെ അന്നജവും കൊഴുപ്പിലുള്ള ഊർജവും കൊഴുപ്പായാണ് ശരീരത്തിൽ സൂക്ഷിക്കുന്നത്. ഇതിന്റെ ഒരു വകഭേദമാണ് കൊളസ്‌ട്രോൾ. ഇത് വെള്ളത്തിൽ ലയിക്കാത്തതിനാൽ ലൈപ്രോട്ടീൻ എന്ന പ്രോട്ടീൻ കണികകളുമായി ചേർന്നാണ് രക്തത്തിൽ ലയിക്കുന്നത്. നമ്മുടെ കുടലും കൊളസ്‌ട്രോൾ ഉദ്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ആഹാരത്തിലൂടെ നമ്മുടെ ഇഷ്ട ചേരുവകളായ എണ്ണയും വെണ്ണും നെയ്യും മുട്ടയും തേങ്ങയും പിന്നെ അമിതാഹാരവും കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ!
ശരീരത്തിനാവശ്യമായ ഒരു കൊഴുപ്പാണ് കൊളസ്‌ട്രോൾ. കോശഭിത്തി, പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങളുടെ കോശഭിത്തി ഈ കൊഴുപ്പുകൊണ്ടും കൂടിയാണ് നിർമിച്ചിരിക്കുന്നത്. നമ്മുടെ പല ഹോർമോണുകളുടെയും നിർമാണത്തിൽ കൊളസ്‌ട്രോളിന് സുപ്രധാന പങ്കുണ്ട്. ഇതിനു വേണ്ടിയാണ് കരളലും കുടലിലും കൊളസ്‌ട്രോൾ ഉദ്പാദിപ്പിക്കപ്പെടുന്നത്. പക്ഷേ, ആവശ്യത്തിൽ കൂടുതൽ ആഹാരത്തിലൂടെ തന്നെ ശരീരത്തിലെത്തുമ്പോൾ അത് രക്തക്കുഴലിൽ അടിഞ്ഞുകൂടി ഹൃദ്രോഗവും പക്ഷാഘാതവുമടക്കമുള്ള ധമനീ അസുഖങ്ങൾക്ക് കാരണമാകുന്നു.
എന്ത് കഴിക്കുന്നു എന്നതിനെക്കാളുപരി എത്ര കഴിക്കുന്നു എന്നതാണ് ്രപധാനം. അല്ലാഹു പറയുന്നു: “നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (ക്വുർആൻ 7:31).
നല്ലതും ചീത്തയും
കൊളസ്‌ട്രോൾ കൂടുതലാകുമ്പോൾ കോശങ്ങളിലടിഞ്ഞ കൊളസ്‌ട്രോളിനെ ശരീരം തന്നെ പുറംതള്ളാൻ വേണ്ടി HDL എന്ന പ്രോട്ടീനുമായി യോജിപ്പിച്ച് കുടലിലെത്തിച്ച് പിത്തരസത്തിലൂടെ പുറത്ത് കളയുന്നു. ഇതിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൂടുതൽ കൊളസ്‌ട്രോൾ കുടൽ മാർഗം പുറന്തള്ളപ്പെടും. ഹൃദ്രോഗം വരുന്ന പലർക്കും ഇതിന്റെ അളവ് കുറവാണ്. ഇതിന്റെ അളവ് കൂടുന്നത് നല്ല ലക്ഷണമാണ്. സ്ത്രീകളിൽ 45mgലും പുരുഷന്മാരിൽ 50mgലും കൂടാൻ പാടില്ല.
കൊളസ്‌ട്രോളിന്റെ ആകെ അളവ് 160 mg മുതൽ 200 mg വരെ ആകുന്നതാണ് നല്ലത്. ഹൃദ്രോഗം വന്നുകഴിഞ്ഞാൽ ഇതിനെ 160 mg ൽ താഴെ നിർത്തണം. ആഹാരത്തിലെ പഥ്യവും വ്യായാമവും കൊണ്ട് ഇത് സാധിക്കുനില്ലെങ്കിൽ ഗുളികകളെ ആശ്രയിക്കേണ്ടിവരും. LDL കൊളസ്‌ട്രോൾ ആണ് ഏറ്റവും ഹാനികരം. ഇതിന്റെ അളവ് 100mgനും 130mgനും ഇടക്ക് നിർത്തണം. ഹൃദ്രോഗമുള്ളവർ ഇതിന്റെ അളവും 70mgൽ താഴെ വരെ കുറക്കേണ്ടത് ആവശ്യമാണ്.

