മഴയെത്തും മുന്നേ...

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

2024 മെയ് 25, 1445 ദുൽഖഅദ് 17

കാഠിന്യമേറിയ വേനൽച്ചൂടിൽനിന്നും ആശ്വാസമായി മഴ ലഭിച്ചുതുടങ്ങിയ ആശ്വാസകരമായ അന്തരീക്ഷത്തിലാണ് നാമിപ്പോഴുള്ളത്. ചില മുന്നൊരുക്കങ്ങളോടുകൂടി കാലവർഷത്തെ സ്വീകരിക്കാൻ തയ്യാറെടുക്കാം. ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ട് മഴക്കാലത്തെ നമുക്ക് വരവേൽക്കാം.

പരിസരം വൃത്തിയാക്കാം

1. വീട്ടുമുറ്റവും പറമ്പും കാടുപിടിച്ചു കിടക്കാൻ ഇടവരുത്തരുത്. മഴക്കാലം ആരംഭിക്കുന്നതോടെ പുല്ലുകൾ കാടുപിടിച്ചു വളരാനും ഉപദ്രവകാരികളായ ജീവികളുടെ ശല്യം ഉണ്ടാവാനും സാധ്യതയുണ്ട്. പുല്ലും മറ്റും വെട്ടി വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാം.

2. വീടിനോട് ചേർന്നുനിൽക്കുന്നതും വഴിയോരത്തേക്ക് ചരിഞ്ഞുനിൽക്കുന്നതുമായ വൻ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റാം. ഇത് കാറ്റിലും മഴയിലും മരം കടപുഴകി വീണോ കൊമ്പുകൾ മുറിഞ്ഞ് വീണോ ഉണ്ടാകാനിടയുള്ള ആപത്തുകൾ വരാതിരിക്കാൻ സഹായിക്കുന്നു.

3. മുറ്റത്തും പറമ്പിലും മറ്റും കിടക്കുന്ന, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള കവുങ്ങിൻ പാളകൾ, ചിരട്ടകൾ, കവറുകൾ, പാത്രങ്ങൾ പോലുള്ള വസ്തുക്കൾ കണ്ടെത്തി ശരിയാംവിധം നിർമാർജനം ചെയ്യുക. ഇത്തരം വസ്തുക്കളിൽ മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുകയും കൊതുക് പെരുകാൻ അത് ഇടയാക്കുകയും ചെയ്യുന്നു.

4. അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ, പാത്രങ്ങൾ, ചെരുപ്പ്, ബാഗ് മുതലായവ പെറുക്കിയെടുത്ത് ആക്രി വിൽപനക്കാരെ ഏൽപിക്കുക. ഇത്തരം ജോലികൾ വീട്ടിലെ ചെറിയ കുട്ടികളെ ഏൽപിക്കുകയാണെങ്കിൽ അവർക്ക് അവധിക്കാലത്ത് ഉപകാരപ്രദമായ ഒരു പ്രവൃത്തി പരിശീലനമാകും. അവ വിറ്റു കിട്ടുന്ന ചെറിയ തുകയിൽനിന്ന് അൽപം അവർക്ക് നൽകിയാൽ അതവർക്ക് വലിയ പ്രോത്സാഹനവുമായിരിക്കും.

5. ഭക്ഷണ വേസ്റ്റുകളും ചപ്പുചവറുകളും മറ്റും ശരിയാവിധം നിർമാർജനം ചെയ്യാനായി സൗകര്യം ഒരുക്കുക. വീട്ടുമുറ്റത്തും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന വേസ്റ്റുകൾ ഈച്ച, എലി തുടങ്ങിയ പ്രാണികളും ക്ഷുദ്രജീവികളും പെരുകാനും അതുവഴി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനും ഇടയാകുന്നു.

6. ചെടികളും പച്ചക്കറികളും നട്ടുവളർത്തുന്നവർ ഓരോ ചെടിയുടെയും വെള്ളത്തിന്റെ ആവശ്യകത അനുസരിച്ച് അവയെ പരിപാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അൽപം മാത്രം വെള്ളം ആവശ്യമായി വരുന്നവ വെള്ളം അധികമായാൽ നശിച്ചുപോകും. മഴവെള്ളം ഏൽക്കാത്ത വിധത്തിൽ സ്ഥലം മാറ്റിവെച്ച് അവയെ സംരക്ഷിക്കാം.

7. വീടിനോടു ചേർന്ന് നിലവിൽ വറ്റിവരണ്ട് കിടക്കുന്ന കുളം, തോട്, ചാല് തുടങ്ങിയവയുണ്ടെങ്കിൽ അവയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചപ്പുചവറുകൾ നീക്കി വൃത്തിയാക്കി വെക്കുക.

8. മെയ് മാസം അവസാനമാകുമ്പോഴേക്കും വീട്ടുപറമ്പിൽ കായ്ച്ചുനിൽക്കുന്ന മാമ്പഴങ്ങൾ മുഴുവനായും പഴുക്കുകയും മഴ ശക്തമാകുന്നതോടുകൂടി അവ മുഴുവൻ താഴെ വീണു നശിച്ചു പോവുകയും ചെയ്യുന്നത് കാണാം. അവ ചീഞ്ഞളിഞ്ഞ് ഈച്ചയും കൊതുകും പെരുകാൻ കാരണമാകും. ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാൻ മഴ ശക്തമാകുന്നതിന് മുമ്പേ മാമ്പഴങ്ങളുടെ മൂപ്പനുസരിച്ച അവ മരത്തിൽ കയറി പറിക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും കുടുംബങ്ങളിലും അയൽപക്കങ്ങളിലും വിതരണം ചെയ്യുകയും ചെയ്യാം.

വീടിനെ ഒരുക്കാം

1. വീടിനകത്ത് ഉപയോഗിക്കാതിരിക്കുന്ന വസ്തുക്കൾ വല്ലതുമുണ്ടെങ്കിൽ അവ ഒഴിവാക്കുക. കുട്ടികളുടെ മുൻവർഷത്തെ പുസ്തകങ്ങളും ഉപയോഗശൂന്യമായ ബാഗുകളും പോലുള്ളവ ഉദാഹരണം. ഉപയോഗശൂന്യമായ ഇത്തരം വസ്തുക്കൾ ചിതൽശല്യം ഉണ്ടാവാൻ കാരണമാകുന്നു.

2. ടെറസിന് മുകളിലുള്ള ചപ്പുചവറുകൾ അടിച്ചുവാരുകയും ടെറസിൽനിന്ന് പുറത്തേക്കുള്ള ഡ്രെയിനേജ് അടഞ്ഞുപോയിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

3. കിടപ്പു മുറിയിലെയും പൂമുഖത്തെയും ജനൽ പാളികളിൽ കൊതുകുവല പിടിപ്പിക്കുകയാണെങ്കിൽ മഴക്കാലത്ത് കൊതുകിന്റെയോ മറ്റു ഇഴജന്തുക്കളുടെയോ ശല്യം പേടിക്കാതെ ശുദ്ധവായു ലഭിക്കാനായി ജനാലകൾ തുറന്നിടാനാവും. 4. ശുചിമുറികളിലെയും അടുക്കളയിലെയും ഡ്രെയിനേജ് ഹോളുകൾ പരിശോധിക്കുകയും അതുവഴി ഇഴജന്തുക്കൾ കയറാൻ സാധ്യതയില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

ഇങ്ങനെ ഓരോ വീടിനെയും പരിസരത്തെയും മഴയെത്തും മുന്നേ ഒന്ന് ഒരുക്കിയെടുക്കുകയാണെ ങ്കിൽ ഒരു പരിധിവരെ മഴക്കാലരോഗങ്ങളിൽനിന്നും നമുക്ക് രക്ഷനേടാം.