ഓർമയെക്കുറിച്ച് ഓർക്കാം
അബ്ദുൽ മുസ്വവ്വിർ
2024 ജൂൺ 01, 1445 ദുൽഖഅദ് 24

ഇന്ദ്രിയങ്ങളിലൂടെ തലച്ചോറിലെത്തി അവിടെ തിരിച്ചറിഞ്ഞ് ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓർമ. ശബ്ദമായി, കാഴ്ചയായി, രുചിയായി, ഗന്ധമായി... അങ്ങനെ പലതരത്തിൽ ഓർമകൾ ശേഖരിക്കപ്പെടുന്നുണ്ട്. പിന്നീട് വീണ്ടെടുക്കപ്പെടാവുന്ന വിധമാണ് തലച്ചോറിൽ അത് കോഡ് ചെയ്യപ്പെടുന്നത്. കണ്ണിലൂടെയും മൂക്കിലൂടെയും ചർമത്തിലൂടെയും നാക്കിലൂടെയും ചെവിയിലൂടെയുമെല്ലാം ഒട്ടേറെ സംവേദനങ്ങൾ നമ്മുടെ തലച്ചോറിൽ എത്തുന്നുണ്ട്. എന്നാൽ ഇത്തരം സംവേദനങ്ങളിൽ പലതും ഓർമകളായി മാറുന്നില്ല.
എന്തെല്ലാം ഓർക്കണം?
തലച്ചോറിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങളിൽ എന്തെല്ലാം ഓർക്കണം എന്ന് നമ്മൾ ഓരോരുത്തരുമാണ് തീരുമാനിക്കുന്നത്. ഓർമകൾ ശേഖരിക്കപ്പെടുന്നതു മുതൽ തിരിച്ചെടുക്കുന്നത് വരെയുള്ള കാര്യങ്ങൾ മസ്തിഷ്‌കത്തിലെ വിവിധ ഭാഗങ്ങളിലാണ് നടക്കുന്നത്. സങ്കീർണമായ ഒരു പ്രക്രിയയാണ് ഇത്. പ്രധാനമായി മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്:
ശേഖരണം
ഇന്ദ്രിയങ്ങളിലൂടെ എത്തുന്ന വിവരങ്ങൾ ആദ്യം തിരിച്ചറിയപ്പെടുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്നത് തലച്ചോറിലെ ഫ്രോണ്ടൽ ലോബിലാണ്.
ഉറപ്പിക്കൽ
ടെംപറൽലോബിൽ വെച്ചാണ് ഓർമകളുടെ എൻകോഡിംഗ് നടക്കുന്നത്. പ്രത്യേകിച്ച് ടെംപറൽ ലോബിലെ ഹിപ്പോ കാംപസ്, അമിഡ്ഗല എന്നിവിടങ്ങളിൽ. അടുത്തഘട്ടം വിവരങ്ങൾ ഉറപ്പിച്ചു നിർത്തുക എന്നതാണ്. ഇത് പ്രധാനമായും നടക്കുന്നത് ഹിപ്പോകാംപസിലാണ്.
വീണ്ടെടുക്കൽ
വിവരങ്ങളെ വീണ്ടെടുക്കുന്നതാണ് അടുത്ത ഘട്ടം. ഹിപ്പോകാംപസ്, അമിഡ്ഗല, ഓക്‌സിപിറ്റൽ ലോബ് തുടങ്ങിയ തലച്ചോറിന്റെ ഭാഗങ്ങൾ ഇതിൽ പങ്കാളികളാകുന്നുണ്ട്. ദീർഘകാല ഓർമകൾ തിരഞ്ഞെടുക്കപ്പെടുന്നത് ഹിപ്പോകാംപസിലൂടെയാണ്. ഇവിടെയുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ഓർമശക്തിയെ സ്വാധീനിക്കും. വൈകാരിക സ്വഭാവമുള്ള ഓർമകൾ തിരഞ്ഞെടുക്കപ്പെടുന്നത് അമിഡ്ഗലയിൽ നിന്നാണ്. കാഴ്ചയുമായി ബന്ധപ്പെട്ട ഓർമകൾ വീണ്ടെടുക്കുന്നതാകട്ടെ ഓക്‌സിപിറ്റൽ ലോബിലൂടെയും.
തലച്ചോറിലെ ഇടതും വലതും
തലച്ചോറിന്റെ ഇടതുഭാഗമാണ് യുക്തിപരവും ഗണിതപരവുമായ കാര്യങ്ങൾ കണക്കാക്കുന്നതും തീരുമാനമെടുക്കുന്നതും. കലാപരവും വൈകാരികവുമായ കാര്യങ്ങൾ സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും തലച്ചോറിന്റെ വലതുഭാഗമാണ്.
മറന്നുപോകുന്നത് എന്തുകൊണ്ട്?
ഓരോ സമയവും മസ്തിഷ്‌കത്തിലേക്ക് ഒരുപാട് കാര്യങ്ങൾ എത്തിച്ചേരുന്നുണ്ട്. അതുകൊണ്ടു തന്നെ പഴയ ഓർമകൾ സ്വാഭാവികമായി മാഞ്ഞുപോകുന്നതാണ് ഒരു കാരണം. വിവരങ്ങളൂശട കൂടിക്കുഴലാണ് മറ്റൊന്ന്. അതായത് മസ്തിഷ്‌കത്തിമലക്ക് എത്തുന്ന പുതിയ വിവരം പഴയൊരു ഓർമയുമായി കുടിക്കുഴയുന്നു. അതോടെ പഴയ കാര്യങ്ങൾ ഓർക്കാൻ കഴിയാതാവുന്നു. തലച്ചോറിലത്തുന്ന വിവരങ്ങൾ ശരിയായവിധം ശേഖരിക്കാൻ കഴിയാതിരിക്കുന്നതും മറവിയിലേക്ക് നയിക്കുന്നു.
ചില കാര്യങ്ങൾ മനസ്സിൽ അടക്കിയൊതുക്കിവയ്ക്കാനും മനഃപൂർവം മറക്കാനും നാം ശ്രമിക്കാറുണ്ട്; ഇഷ്ടമില്ലാത്ത സംഭവങ്ങൾ, ദൃശ്യങ്ങൾ തുടങ്ങിയവ. അപ്പോൾ മനഃസമ്മർദം കൂടുകയും ആവശ്യമുള്ള കാര്യങ്ങൾ പോലും മറന്നുപോവുയോ ഓർമിക്കാൻ സാധിക്കാതെ വരികയോ ചെയ്യും. വിഷാദം, മാനസിക സമ്മർദം, തൈറോയ്ഡ് രോഗങ്ങൾ, മദ്യപാനം തുടങ്ങിയവയും മറവിക്ക് കാരണമാകാറുണ്ട്.
(അവലംബം).

