ജീവിതശൈലിയും ഓർമക്കുറവും

അദ്‌നാൻ. കെ

2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനവധി ശീലങ്ങൾ നാം പിന്തുടരുന്നുണ്ട്. ഇത്തരം ദുശ്ശീലങ്ങളെ നിയന്ത്രിച്ചാൽ മാത്രമെ അകാലത്തിലുള്ള ഓർമനഷ്ടം തടയാനും മസ്തിഷ്‌കം ആരോഗ്യത്തോടെയിരിക്കാനും കഴിയൂ.

മൊബൈൽഫോണും ഓർമയും

മൊബൈൽ ഫോണിന്റെ അമിതോപയോഗം വ്യക്തികളുടെ ഓർമശക്തിയെ ബാധിക്കുന്നതായാണ് പഠനങ്ങൾ കാണിക്കുന്നത്. പരസ്പരം ബന്ധപ്പെടാനുള്ള മാർഗമായിരുന്നു ഒരുകാലത്ത് മൊബൈൽ ഫോൺ. എന്നാൽ ഇന്ന് അത് ഓർമശക്തി നശിപ്പിക്കുന്ന, യാതൊരു ബൗദ്ധികവ്യായാമവും നൽകാത്ത ഒരു ഉപകരണമായി മാറിയിരിക്കുന്നു.

മൊബൈൽഫോൺ വരുന്നതിന് മുമ്പുവരെ സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും അയൽക്കാരുടെയുമെല്ലാം േഫാൺ നമ്പറുകൾ മനഃപാഠമായിരുന്നു മിക്കവർക്കും. മൊബൈൽ ഫോൺ വന്നതോടെ കാര്യങ്ങൾ മാറി. സ്വന്തം നമ്പർ പോലും അറിയാത്ത അവസ്ഥയിലെത്തി!

ചെയ്തു തീർക്കാനുള്ള ജോലികളും മറ്റു കാര്യങ്ങളുമെല്ലാം മൊബൈൽ റിമൈൻഡറുകളായി മാറി. ചെറിയ കണക്കുകൂട്ടലുകൾ വരെ മൊബൈലിലായി. ഫലമോ? മസ്തിഷ്‌കത്തിന്റെ ജോലി കുറഞ്ഞു. പണി കൂടുന്തോറും പ്രവർത്തനം മെച്ചപ്പെടുത്തുന്ന സംവിധാനമാണ് തലച്ചോർ എന്ന കാര്യം നാം മറന്നു. ആരോഗ്യകരമായി മൊബൈൽ ഫോൺ ഉപയോഗിക്കുകയാണ് ഇതിനുള്ള പരിഹാരം.

എന്തിനും ഏതിനും മൊൈബൽഫോൺ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം.

മറവിയാണ് പ്രശ്‌നമെങ്കിൽ മൊബൈലിൽ റിമൈൻഡറാക്കി വയ്ക്കുന്നത് ഒഴിവാക്കണം.

ഒരു പേപ്പറിൽ അന്നന്നു ചെയ്യേണ്ട കാര്യങ്ങൾ, കാണേണ്ട ആളുകൾ, വീട്ടിലേക്ക് വാങ്ങേണ്ട വസ്തുക്കൾ എന്നിവയെല്ലാം എഴുതിവയ്ക്കണം.

ഓരോന്നും ചെയ്തു തീർക്കുമ്പോൾ ടിക് ചെയ്തു വയ്ക്കാം.

ഓരോ ദവിസവും രാത്രി ഈ കടലാസെടുത്ത് വായിച്ചു നോക്കുക. വിവിധ സമയങ്ങളിലായി ചെയ്ത കാര്യങ്ങളും സാഹചര്യവും ആളുകെളെയും സംഭാഷണങ്ങളെയും ഓർത്തെടുക്കാൻ ശ്രമിക്കുക.

അത്യാവശ്യം ചെയ്യേണ്ട കൂട്ടലും കിഴിക്കലും തലച്ചോറുപയോഗിച്ചു തന്നെ ചെയ്യണം.

അനാരോഗ്യകരമായ ഭക്ഷണശീലം

ശരിയായ ഭക്ഷണശീലം ഇല്ലാത്തതും ഓർമക്കുറവിന് കാരണമാകുന്നുണ്ട്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഊർജം ആവശ്യമാണ്. എന്നാൽ യാതൊരുവിധ പോഷണമൂല്യവും പ്രദാനം ചെയ്യാത്ത ജങ്ക് ഫുഡ്‌സ് മസ്തിഷ്‌കത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയിൽ ചേർക്കുന്ന പല രാസവസ്തുക്കളും അപകടകാരികളാണ്. എണ്ണയിൽ വറുത്തെടുത്ത മാംസം, ബേക്കറി പലഹാരങ്ങൾ, കൃത്രിമ മധുരങ്ങൾ, പായ്ക്കറ്റ്ഭക്ഷണങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

എല്ലാ പ്രായക്കാർക്കും ഇത് ബാധകമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. സ്‌കൂൾ വിട്ട് തിരിച്ചെത്തുന്ന കുട്ടികൾക്ക് കേടുവരാതെ സൂക്ഷിച്ച രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കിയോ, അവിൽ-ശർക്കര എന്നിവ ചേർത്തതോ, കടല, പയർ എന്നിവ പുഴുങ്ങിയതോ പഴച്ചാറുകളോ െകാടുക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. അത് ബുദ്ധിശക്തിയും ഓർമയും കുറക്കും. അന്നജം, മാംസ്യം, കൊഴുപ്പുകൾ, വിറ്റാമിൻ സി എന്നിവ ഉൾപ്പെടുന്നതായിരിക്കണം പ്രഭാതഭക്ഷണം.

ധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലിക്കണം.

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ദിവസം എട്ടു മുതൽ പത്ത് ഗ്ലാസുവരെ തിളപ്പിച്ചാറിയ വെളളം കുടിക്കണം.