എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

നബിദിനത്തിന്റെ തെളിവ് തല മറയ്ക്കലിലെത്തിയപ്പോൾ

- -ഹാഷിംകാക്കയങ്ങാട്

‘നേർപഥം’ ലക്കം 348ൽ “നബിദിനാഘോഷം: ബിദഈ ഫാക്ടറികളിൽ നിർമിച്ച ‘തെളിവുകൾ’ അപര്യാപ്തം തന്നെ!’’ എന്ന തലക്കെട്ടിൽ മാലിക് സലഫി എഴുതിയ ലേഖനം സരളവും ചിന്തോദ്ദീപകവുമായിരുന്നു. നബിദിനാഘോഷം വളരെ പ്രതിഫലാർഹമാണെന്ന് പറയുന്നവർ അതിനു തെളിവ് ചോദിക്കുമ്പോൾ ഉരുണ്ടുകളിക്കുകയാണ് പതിവ്!

ഒരു വിഷയം പൂർണമായി ചർച്ച ചെയ്യാനുള്ള ധൈര്യവും പ്രമാണവും തങ്ങളുടെ കൈയിലില്ലാതാകുമ്പോൾ അടുത്ത വിഷയത്തിലേക്ക് ചാടൽ പുത്തൻവാദികളുടെ പൊതുസ്വഭാവമാണ്. അല്ലാഹുവല്ലാത്തവരോടുള്ള പ്രാർഥന ചർച്ച ചെയ്യുമ്പോൾ തറാവീഹിലേക്ക് ചാടും, തറാവീഹ് ചർച്ച ചെയ്യുമ്പോൾ പെരുന്നാൾ നിസ്‌കാരത്തിലേക്ക് ചാടും, ക്വബ്‌റാരാധന ചർച്ച ചെയ്യുമ്പോൾ ഖുത്ബയുടെ ഭാഷയിലേക്ക് ചാടും, ഖുത്ബ ചർച്ച ചെയ്യുമ്പോൾ വേറൊന്നിലേക്ക് ചാടും... ഒന്നിലും ഉറച്ചുനിൽക്കില്ല.

നബിദിനം ചർച്ച ചെയ്ത് ഒരു തെളിവും കിട്ടാതായപ്പോൾ മെല്ലെ വിഷയം മാറ്റി തല മറയ്‌ക്കുന്നതിലേക്ക് കൊണ്ടുപോയ ഒന്നുരണ്ട് അനുഭവങ്ങളുണ്ടായി. ‘പ്രവാചകന്റെ സുന്നത്തിനെ കുറിച്ച് വാചാലരാകുന്ന നിങ്ങളെന്താ തല മറയ്‌ക്കാത്തത്’ എന്ന ‘വമ്പിച്ച’ ചോദ്യം വന്നു.

ഉത്തരം: “നിങ്ങൾ പിരടിയിൽ ഒന്നുമില്ലാതെ നിസ്‌കരിക്കരുത്’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. എന്നാൽ തല മറയ്‌ക്കാതെ നിസ്‌കരിക്കരുതെന്ന് പറഞ്ഞിട്ടില്ല. ഇനി നബിﷺ തല മറച്ചിട്ടിട്ടുണ്ടോ എന്നാണ് ചോദ്യമെങ്കിൽ  ഉത്തരം ‘ഉണ്ട്’ എന്നാണ്.’’

“അപ്പോൾ തല മറയ്ക്കൽ സുന്നത്തല്ലേ?’’

ഉത്തരം: “നബിﷺ തല മറച്ചിട്ടുണ്ട്, നീളക്കുപ്പായവും ഇട്ടിട്ടുണ്ട്. അപ്പോൾ അതും സുന്നത്തല്ലേ? പിന്നെ നബിﷺ നിസ്‌കരിക്കുമ്പോൾ മാത്രമല്ല തലമറച്ചത്, എല്ലാ സമയത്തും മറച്ചിട്ടുണ്ട്. പിന്നെങ്ങനെയാണ് നിസ്‌കാരത്തിൽ മാത്രമൊരു തല മറയ്ക്കൽ വരുന്നത്?’’

ഇത് പണ്ഡിതന്മാർ ചർച്ച ചെയ്ത വിഷയമാണ്. അതിനെ അവർ പെടുത്തിയത് നാട്ടുനടപ്പായ ചര്യ എന്നതിലാണ്. മതപരമായി അത് സുന്നത്താണെന്ന് പറയുകയാണെങ്കിൽ കന്തൂറയും (നീളക്കുപ്പായം) സുന്നത്താണെന്ന് പറയേണ്ടിവരും. ഇനി ഒരാൾ തലമറക്കുകയാണെങ്കിൽ യാതൊരു കുഴപ്പവുമില്ല. പക്ഷേ, നിസ്‌കാരത്തിൽ മാത്രമായി തൊപ്പിയിടലോ തല മറയ്ക്കലോ സുന്നത്താണെന്ന് പറയാൻ തെളിവില്ല. പിരടി മറയ്ക്കണമെന്ന് പറഞ്ഞ നബിﷺ തല മറയ്ക്കണമെന്ന് പറയാൻ മറന്നതായിരിക്കില്ലല്ലോ.

തിരിച്ച് അങ്ങോട്ട് ചോദിച്ചു: ‘നബി തങ്ങൾ തല മറച്ചിട്ടുണ്ടോ?’

നബിദിനക്കാരൻ: ‘ഉണ്ട്.’

‘അപ്പോൾ തല മറയ്ക്കൽ സുന്നത്താണോ?’

‘അതെ.’

‘നബിതങ്ങൾ കന്തൂറയിട്ടിട്ടുണ്ടോ?’

‘ഉണ്ട്.’

‘അപ്പോൾ കന്തൂറയിടൽ സുന്നത്തല്ലേ?’

‘അത്... കന്തൂറ സുന്നത്തല്ല, തൊപ്പി സുന്നത്താണ്...’

“അതു ശരി! ഒന്ന് സുന്നത്തും ഒന്ന് സുന്നത്തല്ലാതാവുകയും ചെയ്യുന്നതിന്റെ ലോജിക്കെന്താണ്? തല മറയ്ക്കാത്ത നിസ്‌കാരത്തിന് വല്ല അപൂർണതയുമുണ്ടെങ്കിൽ നീളക്കുപ്പായമില്ലാത്ത നിസ്‌കാരത്തിനും അതേ അപൂർണതയുണ്ടെന്ന് പറയേണ്ടിവരും. തൽക്കാലം വിഷയം മാറ്റി രക്ഷപ്പെടല്ല; നബിദിനത്തിനുള്ള പ്രാമാണികമായ തെളിവുണ്ടെങ്കിൽ കൊണ്ടുവരിക...എന്നിട്ട് നമുക്ക് തൊപ്പിയിടാം.’’