എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 സെപ്തംബർ 02 , 1445 സ്വഫർ 17

കൂട്ടുകെട്ടിലെ ശരിയും തെറ്റും

- സഹൽ മഷ്ഹൂർ ബിൻ അബ്ദുൽ മജീദ്

അൽഹിക്മ അറബിക് കോളേജ്, എടത്തനാട്ടുകര

യുവാക്കളും വിദ്യാർഥികളും പലവിധ തിന്മകളിൽ മുന്നേറുന്ന അവസ്ഥയാണ് സമകാലിക ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും ചീത്ത കൂട്ടുകെട്ടിൽ അകപ്പെട്ടാണ് മദ്യം, മയക്കുമരുന്ന് പോലുള്ളവ ഉപയോഗിച്ചു തുടങ്ങുന്നത് എന്നത് ഒരു യാഥാർഥ്യമാണ്. പിന്നീട് അവർ അവയ്ക്ക് അഡിക്റ്റാവുകയും കാശിനുവേണ്ടി വിൽപന നടത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ജീവിതത്തിൽ ഒരാളെ കൂടുതൽ സ്വാധീനിക്കുന്നത് കൂട്ടുകാരാണ്. ‘ഒരാൾ അവന്റെ കൂട്ടുകാരന്റെ ആദർശത്തിലായിരിക്കും’ എന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. കൂട്ടുകാരൻ തിന്മയുടെ വക്താവാണെങ്കിൽ ക്രമേണ നമ്മളും അവന്റെ കൂടെ കൂടി അങ്ങനെയായി മാറും; നന്മയുടെ മാർഗത്തിൽ ജീവിക്കുന്നവനാണെങ്കിൽ നമ്മളും നന്മയുള്ളവരായിത്തീരും. അധാർമികതയിൽ ജീവിക്കുന്ന ഒരുപറ്റം സുഹൃത്തുക്കളുണ്ടെങ്കിൽ അവരുടെ തിന്മയുടെ വലയത്തിൻനിന്ന് രക്ഷപ്പെടുക എന്നത് അത്ര എളുപ്പമല്ല.

അതുകൊണ്ടുതന്നെ താൻ ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് നോക്കാൻ നബിﷺ നമ്മെ ഉപദേശിച്ചിട്ടുണ്ട്. തിന്മ ചെയ്യുന്ന ഒരു ഒരാളാണ് കൂട്ടുകാരനെന്നു വ്യക്തമായാൽ അവനെ നേർവഴിയിലേക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണ്. കൗമാരക്കാരും യുവാക്കളും കൂടുതൽ അടുത്തിടപഴകുന്നതും ഉള്ളു തുറന്ന് സംസാരിക്കുന്നതും സ്വന്തം സുഹൃത്തുക്കളോടാണ്. അതുകൊണ്ട് കൂട്ടുകാർക്കിടയിൽ പരസ്പര സഹകരണവും വിശ്വാസ്യതയും ഉണ്ടായിരിക്കൽ അനിവാര്യമാണ്. സഹകരണം നന്മയിൽ മാത്രമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നന്മയിൽ പരസ്പരം സഹകരിക്കുമ്പോഴാണ് സുഹൃദ്ബന്ധം ഉപകാരപ്രദമാവുക. അശ്ലീല വാക്കുകൾ പറയൽ മുമ്പൊക്കെ സംസ്‌കാരശൂന്യതയുടെ അടയാളമായിരുന്നു. എന്നാൽ ഇന്നത് ഒരു സംസ്‌കാരമായി മാറിയിരിക്കുന്നു; വൃത്തികെട്ട ന്യൂജൻ സംസ്‌കാരം. അതൊന്നും വൃത്തികേടല്ല എന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുത നാം കാണാതിരുന്നുകൂടാ. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നു നിൽക്കലാണ് ഉത്തമം.

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ചൊല്ല് നിത്യ പ്രസക്തമാണ്. ഒരു നല്ല കൂട്ടുകാരൻ നമ്മുടെ കുറ്റങ്ങളും പോരായ്മകളും നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നവനാണ്. എന്നാൽ ഒരു നല്ല സുഹൃത്തല്ലയെങ്കിൽ നമ്മിൽനിന്ന് വന്നുപോകുന്ന തെറ്റുകൾക്ക് പ്രോൽസാഹനം നൽകുവാനാണ് ശ്രമിക്കുക. അവരത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും നമ്മുടെ അഭിമാനം വ്രണപ്പെടുവാൻ അത് കാരണമായിത്തീരുകയും ചെയ്യും.

വൃത്തികേടുകൾ ചെയ്തു മരിച്ച ഒരാൾ നാളെ പരലോകത്ത് വരുമത്രെ. അവന്റെ കൂടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്ന അവന്റെ ഉറ്റ സുഹൃത്തുക്കളെല്ലാം സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ അവൻ അല്ലാഹുവിനോട് പറയും: ‘അല്ലാഹുവേ, അവർ എന്റെ കൂടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നവരാണ്. അവർ എന്തുകൊണ്ടാണ് സ്വർഗത്തിൽ പ്രവേശിക്കുന്നത്?’ അപ്പോൾ അല്ലാഹു പറയും: ‘അവർ നിന്റെ മരണം കണ്ട.് മരണം യാഥാർഥ്യമാണല്ലോ, ഇതുപോലെ മരിച്ചുപോയാൽ നാളെ അല്ലാഹുവിന്റെ കത്തിയാളുന്ന നരകത്തിൽ അകപ്പെടുമല്ലോ എന്ന് ഭയന്ന് സകല വൃത്തികേടുകളിൽനിന്നും വിട്ടുനിന്നവരാണ്.’

അപ്പോൾ ഒന്നും പറയാൻ കഴിയാതെ അവൻ ഖേദിച്ചു നിൽക്കുകയും നരകത്തിലേക്ക് അവൻ എറിയപ്പെടുകയും ചെയ്യുന്നതാണ്. അത്തരം ദുരവസ്ഥ നമുക്ക് സംഭവിക്കാതിരിക്കാൻ സുഹൃദ്ബന്ധം നാം നന്നാക്കുക. പരസ്പരം കാണുമ്പോൾ സലാം പറയുന്നതിൽ മടികാണിക്കുന്ന സുഹൃത്തുക്കളുണ്ട്. സ്വന്തം വീട്ടിലുള്ളവരോടും അവർ സലാം പറയില്ല. അത് ഒരു കുറവായിട്ടാണ് അവർ കാണുന്നത്. സലാം പറയുന്നതിന്റെ മഹത്ത്വവും ഇഹപര നേട്ടവും മനസ്സിലാക്കാത്തതുകൊണ്ടാണിത്.