എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 ഏപ്രിൽ 15, 1444 റമദാൻ 24

ബദ്‌രീങ്ങളെ വിളിച്ചു തേടുന്നവരോട്

-മുഹമ്മദ് ബിലാൽ, പയ്യന്നൂർ

പതിവുപോലെ ഈ വർഷവും നമ്മുടെ നാട്ടിൽ ബദ്‌രീങ്ങളുടെ ആണ്ട് ആഘോഷം കുശാലായി നടന്നു. ബദ്‌രീങ്ങളെ വിളിച്ചുതേടേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും വിശദീകരിക്കുന്ന പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കാൻ മുസ്‌ല്യാക്കൻമാർ കൂടുതൽ താൽപര്യം കാണിച്ചു. സമുദായം വിശ്വാസപരമായി നന്നാകരുത് എന്ന വാശി ഈ മുസ്‌ല്യാക്കൻമാർക്ക് ഉള്ളതായി വേണം മനസ്സിലാക്കാൻ. അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുക എന്ന ശുദ്ധ തൗഹീദിന്റെ വക്താക്കളായി ജീവിക്കുന്നതിൽനിന്ന് വിശ്വാസികളെ അകറ്റുന്നതിൽ ഇക്കൂട്ടർ ബദ്ധശ്രദ്ധരാണ്. പ്രാർഥന ഇബാദത്താണ് എന്നും ഇബാദത്ത് അല്ലാഹുവിന് മാത്രമെ പാടുള്ളൂ എന്നും അറിയാത്തവരല്ലല്ലോ മുസ്‌ല്യാക്കൻമാർ.

അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ഒന്നാണ് ഇബാദത്ത്. അതിന്നു വേണ്ടിയാണ് സൃഷ്ടികളെ അവൻ സൃഷ്ടിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (അദ്ദാരിയാത്ത് 56).

സർവ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടത് ഇത് ജനങ്ങളെ പഠിപ്പിക്കുവാനാണ്: “തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി).’’

അല്ലാഹുവിനല്ലാത്ത മറ്റാർക്കും കഴിയാത്ത കാര്യങ്ങളിൽ സൃഷ്ടികളോട് സഹായം തേടുക, അല്ലാഹുവല്ലാത്തവരുടെ തൃപ്തിയാഗ്രഹിച്ച് നേർച്ച നേരുകയും അറവ് നടത്തുകയും ചെയ്യുക, അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരെങ്കിലും ചെയ്താൽ അവൻ വലിയ ശിർക്ക് ചെയ്യുകയും തൗബകൊണ്ടല്ലാതെ പൊറുക്കപ്പെടാത്ത മഹാപാപം ചെയ്യുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ ചെയ്തത് ബിംബത്തോടോ മരത്തോടോ കല്ലിനോടോ ഏതെങ്കിലും ഒരു നബിയോടോ വലിയ്യിനോടോ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ആകട്ടെ, എല്ലാം സമമാണ്. തനിക്കുള്ള ആരാധനയിൽ മറ്റുള്ളവരെ പങ്കുചേർക്കുന്നത് അല്ലാഹു ഒരിക്കലും തൃപ്തിപ്പെടില്ല.

“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക’’ (അന്നിസാഅ് 36).

“പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാർഥിക്കരുത്’’ (അൽജിന്ന് 18).

‘അല്ലാഹുവിന്റെ റസൂലേ സഹായിക്കണേ,’ ‘ബദ്‌രീങ്ങളേ കാക്കണേ’ തുടങ്ങിയ വിളികളെല്ലാം ഇതിന്നുദാഹരണങ്ങളാണ്.

“അല്ലാഹുവിന് പുറമെ അവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ) പറയുക. ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായ അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന് അറിയിച്ച് കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനും ആയിരിക്കുന്നു’’ (യൂനുസ് 18).

ശിർക്കിനെ എതിർക്കലും ജനങ്ങൾക്ക് അതിന്റെ അപകടം ബോധ്യപ്പെടുത്തിക്കൊടുക്കലും പണ്ഡിതന്മാരുടെ നിർബന്ധ കടമയാണ്.