എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

യുദ്ധത്തിൽ ഇങ്ങനെയൊക്കെയാണ്!

- -ഇബ്നു സലീം

‘തൂഫാനുൽ അക്വ്‌സ’ പ്രഖ്യാപിക്കപ്പെട്ട ശേഷം എക്‌സിലെ ഇസ്രയേൽ അനുകൂല ഹാൻഡിലുകൾ ശ്രദ്ധിക്കുകയായിരുന്നു. മരണപ്പെട്ട, പ്രയാസപ്പെടുന്ന, പരിക്കേറ്റവരുടെ ചിത്രങ്ങൾ ലോകത്തിന് മുന്നിൽ അവർ പ്രദർശിപ്പിക്കുന്നുണ്ട്. ഇതാ, ഇവരെ കൊന്നിരിക്കുന്നു, ഇനി മുതൽ ഇവർക്ക് അമ്മയില്ല, ഇനി മുതൽ ഇവർക്ക് സഹോദരനില്ല, ഈ റോഡുകൾ മുഴുവൻ നശിപ്പിച്ചിരിക്കുന്നു, വാഹനങ്ങൾക്ക് തീ വെച്ചിരിക്കുന്നു...എന്നിങ്ങനെ പോകുന്നു അവരുടെ ട്വീറ്റുകൾ.

എനിക്ക് തോന്നുന്നത് യുദ്ധത്തിൽ ഇങ്ങനെയൊക്കെയാണെന്ന് ഇവർ ആദ്യമായി അറിയുന്നതാണെന്നാണ്. അല്ലെങ്കിൽ 50 വർഷമായി തങ്ങളുടെ പട്ടാളം ഫിലസ്ത്വീനിൽ ചെയ്തുകൊണ്ടിരുന്നതിന്റെ ചെറിയൊരു ഭാഗം 2 ദിവസം അവർ അനുഭവിച്ചിരിക്കുന്നു! 50 വർഷത്തിൽ ആദ്യമായി ചെറിയൊരു തിരിച്ചടി കിട്ടിയപ്പോഴേക്ക് അതിന്റെ പ്രയാസം അവർക്ക് മനസ്സിലായിട്ടുണ്ട്. ഇനി ഇതിന് തിരിച്ചടിയായി ഗാസയിൽ അവർ ചെയ്യാൻ പോകുന്നതും ഇതേ കാര്യത്തിന്റെ നൂറിരട്ടിയായിരിക്കുകയും ചെയ്യും! അപ്പോഴത് ആഘോഷിക്കുന്നതും ‘ജീവന്റെ വിലയെ’ പറ്റി വാചാലരായ ഇവർ തന്നെയായിരിക്കും!

ഈ പ്രശ്‌നത്തിൽ സ്ത്രീകളും കുട്ടികളും പ്രയാസമനുഭവിക്കുന്നത് ഏത് ഭാഗത്താണെങ്കിലും അത് കണ്ടുനിൽക്കാൻ സാധിക്കാത്തതാണ്. പക്ഷേ, പതിറ്റാണ്ടുകളായി നടക്കുന്ന ഇതേ കാര്യം കണ്ടില്ലെന്ന് നടിച്ച്, 2 ദിവസത്തെ ചിത്രങ്ങൾ മാത്രം കാണുന്നവരുടെ പ്രശ്‌നം വേറെയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ആരുമറിയാതെ, ഒരു ബ്രേക്കിങ് ന്യൂസുമാവാതെ ഇസ്രയേൽ കൊന്നുതള്ളിയത് 2500 ഫിലസ്ത്വീനികളെയാണ്. അത് പ്രശ്‌നമാവാതിരിക്കുകയും ഇസ്രായേലിൽ ആളുകൾ മരിക്കുമ്പോൾ മാത്രം മനസ്സ് നീറുകയും ചെയ്യുന്ന രോഗമാണ് ചികിത്സക്ക് വിധേയമാക്കേണ്ടത്. ഫിലസ്ത്വീനികൾ ‘കുറഞ്ഞ മനുഷ്യരാ’ണെന്നും അവർ മരിച്ചു വീഴുന്നത് പോലെയല്ല ഇസ്രായേലികൾ മരിക്കുന്നതെന്നും അവരുടെ ജീവന്റെ വിലയല്ല ഇവർക്കുള്ളതെന്നുമുള്ള വംശീയ, വർഗീയ മനസ്സ് ആദ്യം നന്നാക്കട്ടെ. ശേഷം മാത്രമെ ബാക്കി ചർച്ചകൾക്ക് പ്രസക്തിയുള്ളൂ!