എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

വിട്ടുവീഴ്ചയുടെ മഹത്ത്വം

-സഹൽ മഷ്ഹൂർ ഇബ്‌നു അബ്ദുൽ മജീദ്

മറ്റുള്ളവരുടെ മുന്നിൽ താഴ്ന്നു കൊടുക്കുക എന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ്. ചെറിയ കാര്യങ്ങളുടെ പേരിൽ പോലും പിണങ്ങി മിണ്ടാതെ നടക്കുന്ന ഒരുപാടാളുകൾ നമുക്കിടയിലുണ്ട്. വിട്ടുവീഴ്ച കാണിക്കാനും മാപ്പു നൽകാനും പലരുടെയും അഹന്ത സമ്മതിക്കാറില്ല. തന്നെയും അനുയായികളെയും മക്കയിൽനിന്ന് പലായനം ചെയ്യിച്ച, അങ്ങേയറ്റം ഉപദ്രവിച്ച ആളുകൾക്ക് മക്കാവിജയ നാളിൽ മാപ്പു നൽകിയ പ്രവാചകനെ ﷺ യാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. അല്ലാഹു പറയുന്നു:

“നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും അവിവേകികളെ വിട്ടു തിരിഞ്ഞു കളയുകയും ചെയ്യുക’’ (ക്വുർആൻ 7:199).

വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ നമുക്ക് യാതൊരുവിധ കോട്ടവും സംഭവിക്കുകയില്ല; നേട്ടങ്ങളുണ്ട്താനും.

അനസുബ്‌നു മാലിക്(റ) പറഞ്ഞു: “ഒരു മനുഷ്യനെ അവന്റെ സഹോദരൻ ചീത്ത പറയുകയാണ്. അപ്പോൾ അവൻ പറയുന്നു; നീ പറഞ്ഞത് കളവാണെങ്കിൽ അല്ലാഹു നിനക്ക് പൊറുത്ത് തരട്ടെ. നീ പറഞ്ഞത് സത്യമാണെങ്കിൽ അല്ലാഹു എനിക്ക് വിട്ടുവീഴ്ച നൽകട്ടെ.’’

വിട്ടുവീഴ്ചകൊണ്ട് ലഭിക്കുന്ന ധാരാളം നേട്ടങ്ങൾ പണ്ഡിതന്മാർ എണ്ണിപ്പറഞ്ഞതായി കാണാം. അതിൽ ചിലത് കാണുക:

(1) ‘അല്ലാഹുവും അവന്റെ റസൂലും അവന്റെ മലക്കുകളും വിട്ടുവീഴ്ച ചെയ്യുന്ന ആളുകളെ ഇഷ്ടപ്പെടുന്നു.’ ഈ ഭൂമിയിലേക്ക് നാം വന്നത് അല്ലാഹുവിന്റെ ഇഷ്ടവും പ്രീതിയും സമ്പാദിക്കുവാനാണ്. സ്വർഗം ലഭിക്കണമെങ്കിൽ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ നാം ഉൾപ്പെടേണ്ടതുണ്ട്. വിട്ടുവീഴ്ച ചെയ്യൽ അതിനു നമ്മെ പ്രാപ്തരാക്കുന്നു.

(2) ‘അല്ലാഹു ഇഹലോകത്തും പരലോകത്തും അതിന്റെ ഒരു അടയാളം ഉണ്ടാക്കും.’ വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ ഈ ലോകത്തും പരലോകത്തും അല്ലാഹു സവിശേഷമായ മുഖപ്രസന്നത നൽകും.

(3) ‘സമൂഹത്തിലും കുടുംബത്തിലും വിട്ടുവീഴ്ച ചെയ്യുന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്.’ കുടുംബത്തിലും സമൂഹത്തിലും പെട്ട എല്ലാവരും തന്നെ ഇഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. ആ ഇഷ്ടം വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ കരസ്ഥമാക്കുവാൻ സാധിക്കുമെന്ന് തിരിച്ചറിയുക.

(4) ‘ക്രയവിക്രയങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ അല്ലാഹു ഉപജീവനത്തിൽ വർധനവ് നൽകും.’ വിൽപന നടത്തുമ്പോൾ അളവിലും തൂക്കത്തിലും കുറവുവരുത്താതിരിക്കുക, ഒരൽപം അധികം നൽകുക. വാങ്ങുമ്പോൾ അൽപം കുറഞ്ഞതിന്റെ പേരിൽ കച്ചവടക്കാരുമായി വാക്കു തർക്കങ്ങൾ ഉണ്ടാക്കാതെ വിട്ടുവീഴ്ച ചെയ്യുക.

(5) ‘എല്ലാ വിഷയത്തിലും വിട്ടുവീഴ്ചയുണ്ടെങ്കിൽ അവന്റെ കാര്യങ്ങൾ എളുപ്പമായിരിക്കും.’ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിറവേറ്റുവാൻ അല്ലാഹുവോട് പ്രാർഥിക്കുന്നവരും അതിനുവേണ്ടി പരിശ്രമിക്കുന്നവരുമാണ് നാം. വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ അല്ലാഹു അത് എളുപ്പമാക്കി തരും.

(6) ‘വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ മനുഷ്യൻ ജീവിതവിജയത്തിന്റെ ഉന്നതി നേടുന്നു.’ ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെയും തോൽവികളിലൂടെയും കടന്നുപോകുന്നവരാണ് മനുഷ്യർ. വിജയംനേടുക എന്നത് എല്ലാവരും ഇഷ്ടപ്പെടുന്നു. വിട്ടുവീഴ്ച ജീവിതത്തിൽ പുലർത്തുന്നതിലൂടെ വിജയം നേടുവാൻ സാധിക്കും. അതുകൊണ്ട് നാം ജീവിതത്തിലുടനീളം വിട്ടുവീഴ്ച ചെയ്തു ജീവിക്കുവാൻ ശ്രമിക്കുക.