എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

ശരീഅത്ത് തിരുത്തണമെന്നോ?

-യൂസുഫലി പി.കെ, ഇടപ്പള്ളി

നേർപഥം ലക്കം 325ൽ വന്ന ‘ശരീഅത്ത് തിരുത്തണമെന്നോ’ എന്ന കവർ സ്റ്റോറി പലരുടെയും തെറ്റുധാരണകൾ മാറ്റിയെടുക്കാൻ പര്യാപ്തമായ നിലയിലുള്ള അവതരണമായിരുന്നു.

ഇസ്‌ലാമിനെ അല്ലെങ്കിൽ ക്വുർആനിനെ പുനർവായനക്ക് വിധേയമാക്കണമെന്നും കാലോചിതമായ പരിഷ്‌കരണം ഇസ്‌ലാമിക നിയമങ്ങളിൽ നടപ്പിലാക്കമെന്നുമൊക്കെ ഇടയ്ക്കിടെ ചില ബുദ്ധിജീവി നാട്യക്കാർ പ്രസ്താവിക്കാറുണ്ട്. ആ പ്രസ്താവനകൾ പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടും; നവോത്ഥാന ചർച്ചകൾ കൊടുമ്പിരികൊള്ളുന്ന വർത്തമാന കാലത്ത് പ്രത്യേകിച്ചും.

എന്താണ് ഇസ്‌ലാം, എന്താണ് ക്വുർആൻ എന്ന് കൃത്യമായി മനസ്സിലാക്കിയവർക്ക് ഈ വാദത്തിന്റെ അപ്രസക്തി ബോധ്യപ്പെടാതിരിക്കില്ല. എം.ടിയുടെ ‘നാലുകെട്ടി’നെ അല്ലെങ്കിൽ അഴീക്കോടിന്റെ ‘തത്ത്വമസി’യെ അതുമല്ലെങ്കിൽ തകഴിയുടെ ‘കയറി’നെ പുനർവായിക്കണമെന്നു പറയുന്ന ലാഘവത്തോടെയാണ് ചില ബുദ്ധിജീവി നാട്യക്കാർ ഇസ്‌ലാമിനെ അല്ലെങ്കിൽ ക്വുർആനിനെ പുനർവായിക്കണമെന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്.

വിശുദ്ധ ക്വുർആൻ തകഴിയുടെ നോവൽ പോലെയുള്ള ഒരു ഗ്രന്ഥമല്ല. ഇസ്‌ലാം മാർക്‌സിന്റെയും എംഗൽസിന്റെയും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പോലുള്ള ഒരു മാനിഫെസ്‌റ്റോയുമല്ല. എങ്കിൽ പുനർവായനയും വേണ്ടിവന്നാൽ പൊളിച്ചെഴുത്തുമൊക്കെ നടത്താമായിരുന്നു. എന്നാൽ ഇസ്‌ലാം പ്രപഞ്ച സ്രഷ്ടാവിന്റെ മതമാണ്. വിശുദ്ധ ക്വുർആൻ ആ സ്രഷ്ടാവിന്റെ വപനങ്ങളും. ഇക്കാര്യം ആത്മാർഥമായി അംഗീകരിക്കുന്ന ഒരാൾക്കും ഇതിനെയൊക്കെ കാലത്തതിനനുസരിച്ച് വളച്ചും വിളക്കിയും ഒടിച്ചും മുറിച്ചും നേരെ പിടിച്ചും തലകുത്തനെ പിടിച്ചും കാലാനുസൃതമായി രൂപം മാറ്റുവാനും വായിക്കുവാനും ആവശ്യപ്പെടാൻ കഴിയില്ല.

അപ്രായോഗികവും അർഥശൂന്യവുമാണ് ഈ പുനർവായനാവാദം. ആരാണീ പുനർവായന നടത്തേണ്ടത്? അതിന്റെ ദൈവികതയിൽ ഒട്ടും വിശ്വാസമില്ലാത്ത ‘ദേശീയ മുസ്‌ലിം’ എന്ന ‘ഉന്നത സോപാന’ത്തിലിരിക്കുന്നവരോ? ഇസ്‌ലാമിക പണ്ഡിതന്മാരോ? ഒറ്റയ്‌ക്കൊറ്റയ്ക്കാണോ പുനർവായിക്കേണ്ടത് അഥവാ പുനർവ്യാഖ്യാനിക്കേണ്ടത്? അതോ കൂട്ടമായിട്ടോ? ഇതിനൊരുമ്പെട്ടാൽ ഇസ്‌ലാമിന്റെയും ക്വുർആനിന്റെയും എന്ത് അടയാളമാണ് ഭൂമുഖത്ത് ബാക്കിയുണ്ടാവുക?

മാതാപിതാക്കളുടെ സ്വത്തിൽ പുത്രന്മാർക്കും പുത്രിമാർക്കുമുള്ള അവകാശം ക്വുർആൻ അംഗീകരിക്കുന്നു. പുത്രന്മാർക്കും പുത്രിമാർക്കും മാത്രമല്ല, മാതാപിതാക്കൾക്കും ഭാര്യാഭർത്താക്കന്മാർക്കും സഹോദരീ സഹോദരന്മാർക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം എത്രയാണെന്നും എങ്ങനെയാണെന്നുമെല്ലാം ക്വുർആൻ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് പുത്രന്റെയും പുത്രിയുടെയും അവകാശം. അനന്തരാവകാശത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ക്വുർആൻ സൂക്തങ്ങളുടെ (4:11,12) തുടക്കം ഇങ്ങനെയാണ്: “നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദേശം നൽകുന്നു. ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്’’ (4:11). മരിച്ചയാളുടെ പുത്രന് പുത്രിക്കു ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത് അനന്തരമായി ലഭിക്കുമെന്ന് സാരം.

സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാർക്കും അതിൽ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ? അവൻ വിവാഹമൂല്യം നൽകണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവൾക്കും കുട്ടികൾക്കുമുള്ള ചെലവുകൾ വഹിക്കണം. എല്ലാം പുരുഷന്റെ ഉത്തരവാദിത്തം. അപ്പോൾ സ്ത്രീയെയാണോ പുരുഷനെയാണോ ക്വുർആൻ കൂടുതൽ പരിഗണിച്ചിരിക്കുന്നത്?